മംഗല്‍യാന്‍ - "തൊട്ടു...തൊട്ടില്ല..."
on 23-September-2014
മംഗല്‍യാന്‍ ചൊവ്വക്കരികെ ആഹ്ലാദം "വലിയമല'യോളം
തിരു: വലിയമല എല്‍പിഎസ്സിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഉദ്വേഗംമാത്രമായിരുന്നു നിറഞ്ഞുനിന്നത്. അനന്ത വിഹായസില്‍ തങ്ങളുടെ സ്വന്തം എന്‍ജിന്‍ ജ്വലിച്ചപ്പോള്‍ ഉദ്വേഗം ആഹ്ലാദത്തിന് വഴിമാറി. ചുവപ്പന്‍ ഗ്രഹത്തിലേക്ക് പാഞ്ഞുകയറുന്ന മംഗള്‍യാനെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ലിക്വിഡ് അപോജി എന്‍ജിന്‍(ലാം) വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയാണ്. മോട്ടോറിന്റെ ക്ഷമതാപരിശോധന ദിവസമായ തിങ്കളാഴ്ച മറ്റ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളെപ്പോലെ എല്‍പിഎസ്സിയിലും ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു. 300 ദിവസമായി പ്രവര്‍ത്തിക്കാതിരുന്ന മോട്ടോര്‍ വീണ്ടും ജ്വലിപ്പിക്കുക എന്നത് സങ്കീര്‍ണമായ പ്രവര്‍ത്തനമായിരുന്നു.
ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും ആദ്യ അനുഭവം. എന്നാല്‍, എല്‍പിഎസ്സിയുടെ വിശ്വാസ്യത ഒരിക്കല്‍ക്കൂടി തെളിയിച്ച് മോട്ടോര്‍ നാല് സെക്കന്‍ഡ് ജ്വലിച്ച വിവരം അറിഞ്ഞതോടെ മറ്റ് കേന്ദ്രങ്ങള്‍ക്കൊപ്പം എല്‍പിഎസ്സിയിലും ആഹ്ലാദം നിറഞ്ഞു. ബുധനാഴ്ച മോട്ടോര്‍ വീണ്ടും കരുത്തുകാട്ടി ദൗത്യം വിജയകരമാക്കുമെന്ന് പൂര്‍ണ വിശ്വാസത്തിലാണ് എല്‍പിഎസ്സി.ദീര്‍ഘമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മോട്ടോര്‍ വികസിപ്പിച്ചത്. ബഹിരാകാശ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് മഹേന്ദ്രഗിരിയിലെ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. മംഗള്‍യാനിലുള്ളതിന്റെ അതേരീതിയിലുള്ള മറ്റൊരു മോട്ടോര്‍ പരീക്ഷണശാലയില്‍ പ്രവര്‍ത്തിപ്പിച്ച് നിരീക്ഷിക്കുന്നുണ്ട്. തനതു സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ലിക്വിഡ് മോട്ടോര്‍ ഭാവി ദൗത്യങ്ങള്‍ക്ക് കരുത്താകുമെന്ന് വിഎസ്എസ്സി ഡയറക്ടറും മുന്‍ എല്‍പിഎസ്സി ഡയറക്ടറുമായ എം സി ദത്തന്‍ പറഞ്ഞു.
"ലാം' മംഗള്‍യാന്റെ "ബ്രേക്ക് '
തിരു: മംഗള്‍യാനെ വഴിതെറ്റാതെ നയിക്കുന്ന ലിക്വിഡ് അപോജി മോട്ടോര്‍ (ലാം) പേടകത്തെ ബ്രേക്കിട്ട് നിയന്ത്രിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിവേഗം ചൊവ്വാപഥത്തിലേക്ക് കടക്കുന്ന പേടകത്തെ എതിര്‍ദിശയില്‍ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്ന സംവിധാനം. ബഹിരാകാശത്തെത്തുന്ന പേടകങ്ങളെ ആഗ്രഹിക്കുന്ന വേഗത്തില്‍ പഥത്തിലേക്ക് എത്തിക്കാനും വേഗം കുറച്ച് നിയന്ത്രിക്കാനും ലാം ഉപയോഗിക്കുന്നു. നിശ്ചിത ഭ്രമണപഥത്തില്‍ പേടകത്തിലുറപ്പിക്കാനും ഇത് അനിവാര്യമാണ്.ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ഘട്ടം ഘട്ടമായി പഥം ഉയര്‍ത്തുന്നതിന് മംഗള്‍യാനില്‍ ഒന്നിലേറെ തവണ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. വ്യത്യസ്ത ടാങ്കുകളിലുള്ള ഇന്ധനവും ഓക്സൈഡറും ആവശ്യമനുസരിച്ച് പ്രധാന എന്‍ജിനിലെത്തിച്ച് ജ്വലിപ്പിച്ച് തള്ളല്‍ശേഷി സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ലാമിന്റേത്. മംഗള്‍യാനിലെ ലിക്വിഡ് മോട്ടോറിന് 440 ന്യൂട്ടന്‍ തള്ളല്‍ശേഷിയാണുള്ളത്. സൂക്ഷ്മമായ വാല്‍വുകളും.ലാം കൂടാതെ 22 ന്യൂട്ടന്‍ ശേഷിയുള്ള എട്ട് ത്രസ്റ്ററുകള്‍കൂടി മംഗള്‍യാനില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിര്‍മിച്ചത് വലിയമല എല്‍പിഎസ്സിയാണ്. 825 കിലോഗ്രാം ഇന്ധനമാണ് മംഗള്‍യാനില്‍ ഉണ്ടായിരുന്നത്. 295 കിലോഗ്രാം ശേഷിക്കുന്നു.
മംഗള്‍യാനൊപ്പം"സെല്‍ഫി' എടുക്കാം
ഹൈദരാബാദ്: പ്രതീതി യാഥാര്‍ഥ്യത്തിന്റെ സഹായത്തോടെ മംഗള്‍യാനൊപ്പം നിന്ന് സ്വന്തം ചിത്രമെടുക്കാന്‍ (സെല്‍ഫി) അവസരമൊരുങ്ങുന്നു. ഹൈദരാബാദിലെ "സ്മാര്‍ട്ടര്‍' കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികസംവിധാനത്തിലൂടെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മംഗള്‍യാനൊപ്പം സെല്‍ഫിയെടുക്കാം. മംഗള്‍യാന്റെ ത്രിമാന (ത്രീഡി) മാതൃകയാണ് സ്മാര്‍ട്ടര്‍ കമ്പനി തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ മംഗള്‍യാനെ വെല്ലുന്നതാണ് ത്രീഡി മാതൃകയെന്ന് കമ്പനിയുടെ പ്രതിനിധികള്‍ അവകാശപ്പെട്ടു. സ്മാര്‍ട്ടര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉപയോക്താക്കള്‍ക്ക് അവരുടെ കൈയില്‍നിന്നോ കാറില്‍നിന്നോ ഒക്കെ മംഗള്‍യാന്‍ വിക്ഷേപിക്കുന്നതരത്തില്‍ ചിത്രങ്ങള്‍ തയ്യാറാക്കാമെന്ന സൗകര്യവുമുണ്ട്. സൗജന്യമായി സെല്‍ഫി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ആത്മവിശ്വാസം വര്‍ധിച്ചു: ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ബംഗളൂരു: ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കാനായത് ഐഎസ്ആര്‍ഒയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍. ബുധനാഴ്ച നടക്കുന്ന ചൊവ്വാ പഥ പ്രവേശനവും ലക്ഷ്യം കാണുമെന്ന് ഇതോടെ ഉറപ്പാക്കാനാവുമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മുന്‍ നിശ്ചയപ്രകാരം എല്ലാ പ്രവര്‍ത്തനവും പുരോഗമിക്കുന്നു. ജ്വലന ശേഷം പേടകത്തിലെ എല്ലാ ഉപകരണങ്ങളും സജ്ജമാണ്. ഇനിയുള്ള മണിക്കൂറുകളും നിര്‍ണായകമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ലിക്വിഡ് മോട്ടോര്‍ പ്രവര്‍ത്തിച്ച് പാത തിരുത്തല്‍ പ്രതീക്ഷിച്ചതിലും കൃത്യതയോടെ നിര്‍വഹിക്കാനായെന്ന് പ്രൊജക്ട് ഡയറക്ടര്‍ എസ് അരുണന്‍ പറഞ്ഞു.
Courtesy : Desabhimani Daily
- See more at: http://www.deshabhimani.com/news-special-all-latest_news-401932.html#sthash.m61aWX2F.dpuf
No comments:
Post a Comment