Friday, September 19, 2014

ചൊവ്വാദൗത്യം: വരുന്ന തിങ്കള്‍ നിര്‍ണായകം

ബാംഗ്ലൂര്‍: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണായകദിനമാണ് അടുത്ത തിങ്കളാഴ്ച.

'മംഗള്‍യാന്‍' എന്ന് അനൗപചാരികമായി അറിയപ്പെടുന്ന പേടകത്തെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-എം.ഒ.എം) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുന്നതിനുമുമ്പുളള അവസാനവട്ട പഥക്രമീകരണം നടത്തുന്നതും പ്രധാനയന്ത്രം പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിക്കുന്നതും 22 നാണ്. ഇത് വിജയിച്ചാല്‍ 24 ന് പേടകത്തെ ചൊവ്വയുടെ ആകര്‍ഷണവലയത്തിലേക്ക് ബുദ്ധിമുട്ടില്ലാതെ കടത്തിവിടാനാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.)യിലെ പ്രൊജക്ട് ഡയറകടര്‍ എസ്. അരുണന്‍ പറഞ്ഞു.

പേടകത്തെ ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രധാന യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ഇത് വിജയമായിരുന്നു. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയാണ് 22-ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എന്‍ജിന്‍ നാല് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാല്‍ എളുപ്പത്തില്‍ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും.

സഞ്ചാരപഥത്തിലെ തിരുത്തലും അന്ന് നടത്തും. കഴിഞ്ഞ ഞായറാഴ്ച പഥക്രമീകരണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാല്‍ 22-ലേക്ക് മാറ്റുകയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ബാംഗ്ലൂരിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലും ബൈലാലുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. നൂറോളം ശാസത്രജ്ഞരാണ് രാവും പകലും പേടകത്തെ നിരീക്ഷിക്കുന്നത്. 'മംഗള്‍യാ'ന്റെ 300 ദിവസത്തെ യാത്രയില്‍ 98 ശതമാനം പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. സയന്റിഫിക്ക് സെക്രട്ടറി വി. കോടേശ്വരറാവു പറഞ്ഞു.


http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-484630/

No comments:

Post a Comment