Wednesday, September 10, 2014

സൗരയൂഥത്തിന് വെളിയില്‍ ആദ്യമായി മേഘങ്ങളില്‍ ജലസാന്നിധ്യം കണ്ടെത്തി

സൗരയൂഥത്തിന് വെളിയില്‍ ആദ്യമായി മേഘങ്ങളില്‍ ജലസാന്നിധ്യം കണ്ടെത്തി 


സൗരയൂഥത്തിന് വെളിയില്‍ മേഘങ്ങളിലെ ജലസാന്നിധ്യത്തിന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ആദ്യതെളിവ് ലഭിച്ചു.

ഭൂമിയില്‍നിന്ന് 7.3 പ്രകാശവര്‍ഷം അകലെ ഒരു തവിട്ട് കുള്ളന് ( brown dwarf ) സമീപമാണ് ജലസാന്നിധ്യമുള്ള മേഘങ്ങള്‍ നിരീക്ഷിച്ചത്. നക്ഷത്രങ്ങളാകാന്‍ വലിപ്പമില്ലാത്ത, എന്നാല്‍ ഗ്രഹങ്ങളെക്കാള്‍ വലിപ്പം കൂടിയ പ്രാപഞ്ചിക വസ്തുക്കളെയാണ് തവിട്ട് കുള്ളന്‍മാര്‍ എന്ന് വിളിക്കുന്നത്.

'കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഫോര്‍ സയന്‍സി'ലെ ജാക്വിലിന്‍ ഫാഹെര്‍ട്ടിയും സംഘവും നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തില്‍ പഠനവിവരം പ്രസിദ്ധീകരിച്ചു.

നിരീക്ഷണവിധേയമായ തവിട്ട് കുള്ളന്‍ W0855 എന്ന പേരിലാണ് സാങ്കേതികമായി അറിയപ്പെടുന്നത്. ആ ആകാശഗോളത്തെ ഫാഹെര്‍ട്ടിയും സംഘവും ചിലിയിലെ മഗല്ലന്‍ ബാഡ് ടെലസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് ചെയ്തത്.

നിരീക്ഷണഫലം വിശകലനം ചെയ്തപ്പോള്‍ അതിന്റെ അന്തരീക്ഷത്തില്‍ 50 ശതമാനവും മേഘങ്ങളാണെന്ന് കണ്ടു. കമ്പ്യൂട്ടര്‍ മാതൃകാപഠനം അവലംബിച്ചപ്പോഴാണ്, അന്തരീക്ഷ മേഘങ്ങള്‍ സള്‍ഫൈഡിന്റെയും മഞ്ഞുകട്ടകളുടെയും മിശ്രിതമാണെന്ന് സൂചന ലഭിച്ചത്.

W0855 തവിട്ട് കുള്ളനെ തിരിച്ചറിഞ്ഞത് അടുത്തയിടെയാണ്. പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ കെവിന്‍ ലുഹ്മാന്‍ ഈ തവിട്ട് കുള്ളനെ കണ്ടെത്തിയ വിവരം കഴഞ്ഞ ഏപ്രിലിലാണ് ലോകമറിഞ്ഞത്.

മഞ്ഞിന്റെ രൂപത്തില്‍ ജലസാന്നിധ്യമുള്ള മേഘങ്ങള്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ സാധാരണമാണ്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ഇത്തരം മേഘങ്ങളുടെ സാന്നിധ്യമുണ്ട്.

എന്നാല്‍, സൗരുയൂഥത്തിന് വെളിയില്‍ ഇങ്ങനെ ജലസാന്നിധ്യമുള്ള മേഘസാന്നിധ്യം കണ്ടെത്തിയതിന് വലിയ പ്രധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം മേഘങ്ങള്‍ അന്യഗ്രഹങ്ങളിലും ആകാശഗോളങ്ങളിലും വ്യാപകമായി ഉണ്ടോ എന്ന അന്വേഷണത്തിന് ഈ കണ്ടെത്തല്‍ വഴിതെളിച്ചേക്കും. (ചിത്രം കടപ്പാട്: Rob Gizis (CUNY BMCC). 

 

No comments:

Post a Comment