ജ്വലനം മംഗളം, മംഗള്‍യാന്റെ പഥപ്രവേശം നാളെ

ബാംഗ്ലൂര്‍ : മംഗളമുഹൂര്‍ത്തം അരികെയെത്തി. തിങ്കളാഴ്ച മംഗള്‍യാനില്‍ നടത്തിയ പരീക്ഷണജ്വലനം വിജയം; ദ്രവഇന്ധനയന്ത്രം 'ലാം' പത്തുമാസത്തെ വിശ്രമം വിട്ടുണര്‍ന്നു. മംഗള്‍യാന്‍ ബുധനാഴ്ച ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ ചൊവ്വാദൗത്യംതന്നെ വിജയിച്ച രാജ്യമാകാന്‍ ഇന്ത്യക്കിനി ഒരുദിവസമേ കാത്തിരിക്കേണ്ടൂ.
ചൊവ്വയെ ലക്ഷ്യമിട്ട് ഇപ്പോള്‍ മംഗള്‍യാന്‍ പായുന്ന പഥത്തിന്റെ ക്രമപ്പെടുത്തലും തിങ്കളാഴ്ച നടന്നു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) പ്രധാന യന്ത്രമാണ് ലാം (ലിക്വിഡ് അപ്പോജീ മോട്ടോര്‍). ബുധനാഴ്ച രാവിലെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചൊവ്വയെ ചുറ്റാനുള്ള പഥത്തിലാക്കേണ്ടത്.
നീണ്ട വിശ്രമത്തിലിരുന്ന 'ലാം' മടിച്ചിരിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അതിനെ കഷ്ടിച്ച് നാലു സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചതോടെ ആശങ്ക വഴിമാറി. പ്രധാന ദ്രവഇന്ധനയന്ത്രത്തിന്റെ ജ്വലനപ്പരീക്ഷണം വിജയമായെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. നിശ്ചയിച്ചിരുന്നതുപോലെ കൃത്യമായി നാലു സെക്കന്‍ഡ് യന്ത്രം ജ്വലിച്ചു. പഥം ക്രമപ്പെടുത്തലും നടന്നു. ചൊവ്വാപഥപ്രവേശത്തിനായി മുന്‍ പദ്ധതിപ്രകാരം മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ മുന്നേറുകയാണെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
തിങ്കളാഴ്ച നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും ബുധനാഴ്ചത്തെ പഥപ്രവേശത്തിനുമുള്ള നിര്‍ദേശങ്ങള്‍ ഒരാഴ്ചമുമ്പേ പേടകത്തില്‍ ഐ.എസ്.ആര്‍.ഒ. അപ്ലോഡ് ചെയ്തിരുന്നു. പേടകം അത് സ്വയം തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിച്ചത്; ഇനി ബുധനാഴ്ച പ്രവര്‍ത്തിക്കുന്നതും.
2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ചതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വലുതാക്കിയത് ലാം പ്രവര്‍ത്തിപ്പിച്ചാണ്. നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനുമാണ് ഈ യന്ത്രം അതിനായി പ്രവര്‍ത്തിപ്പിച്ചത്. പേടകം ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഇതിനെ ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്. അതില്‍പ്പിന്നെ, വിശ്രമത്തിലായിരുന്ന യന്ത്രത്തെയാണ് തിങ്കളാഴ്ച ഉണര്‍ത്തിയത്.
പേടകം ചൊവ്വാഗ്രഹത്തോട് കൂടുതല്‍ അടുത്തെത്താനാണ് തിങ്കളാഴ്ച പഥം ക്രമപ്പെടുത്തിയത്. ചൊവ്വയില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ എത്തുമായിരുന്ന പേടകത്തെ 512 കിലോമീറ്റര്‍മാത്രം അകലെ എത്തുംവിധമാക്കി. ഡിസംബറിലും ജൂണിലുമാണ് ഇതിനുമുമ്പ് പഥം തിരുത്തിയത്.
കെ.എസ് വിപിനചന്ദ്രന്‍ | Sep 23, 2014
http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-486502/
No comments:
Post a Comment