Tuesday, September 23, 2014

അമേരിക്കയുടെ 'മേവന്‍ പേടകം' ചൊവ്വയുടെ ഭ്രമണപഥത്തില്‍

അമേരിക്കയുടെ 'മേവന്‍ പേടകം' ചൊവ്വയുടെ ഭ്രമണപഥത്തില്‍അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'മേവന്‍ പര്യവേക്ഷണ പേടകം' ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി. ചൊവ്വായുടെ ഗ്രഹാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച പേടകം പത്തുമാസത്തെ യാത്രയ്‌ക്കൊടുവിലാണ് ചൊവ്വയിലെത്തിയത്.

ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ( Mars Orbiter Mission ) എന്ന 'മംഗള്‍യാന്‍' ബുധനാഴ്ച ചൊവ്വായുടെ ഭ്രമണപഥത്തില്‍എത്താനിരിക്കെയാണ്, നാസയുടെ പേടകം വിജയകരമായി അവിടെ എത്തിയത്.

'മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍' ( Mars Atmosphere and Volatile Evolution ) എന്നതിന്റെ ചുരുക്കപ്പേരാണ് 'മേവന്‍' ( MAVEN ). 2013 നവംബര്‍ 18 ന് ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റിലാണ് മേവന്‍ പേടകം വിക്ഷേപിച്ചത . ഇന്ത്യയുടെ മംഗള്‍യാന്‍ വിക്ഷേപിച്ച് 13 ദിവസം കഴിഞ്ഞായിരുന്നു അത്.

പത്തുമാസംകൊണ്ട് 71.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് മേവന്‍ ഇപ്പോള്‍ ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ചൊവ്വായ്ക്കുചുറ്റുമുള്ള വാര്‍ത്തുള ഭ്രമണപഥത്തിലേക്ക് മേവനെ എത്തിക്കാന്‍ നാസയ്ക്കായി. 33 മിനിട്ട് നീണ്ട ജ്വലനം വേണ്ടിവന്നു പേടകത്തിന് ചൊവ്വയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ കടക്കാന്‍.

35 മണിക്കൂര്‍കൊണ്ട് ഒരു തവണ ചൊവ്വയെ ഭ്രമണം ചെയ്യുന്ന തരത്തിലുള്ള പഥത്തിലാണ് ഇപ്പോള്‍ മേവന്‍. വരുംദിവസങ്ങളില്‍ അത് 4.30 മണിക്കൂര്‍ ഭ്രമണപഥമാക്കി ചുരുക്കും. ചൊവ്വായില്‍നിന്ന് ഏറ്റവും കുറഞ്ഞ അകലം 150 കിലോമീറ്ററും കൂടിയ അകലം 6,200 കിലോമീറ്ററുമുള്ളതാകും ആ ഭ്രമണപഥം.

ഏതാനും ആഴ്ച്ചക്കാലം പേടകത്തിലെ പരീക്ഷണോപകരണങ്ങള്‍ (പേലോഡുകള്‍) പ്രവര്‍ത്തിച്ചുനോക്കാനുള്ള സമയമാണ്. അതുകഴിഞ്ഞാകും ഗ്രഹാന്തരീക്ഷത്തെക്കുറിച്ച് ശരിക്കുള്ള പഠനം മേവന്‍ ആരംഭിക്കുക.

ചൊവ്വയുടെ അന്തരീക്ഷത്തേക്കുറിച്ച് പഠിക്കാന്‍ വേണ്ടി മാത്രമായി അയച്ച ആദ്യ പേടകമാണ് മേവന്‍. സൂര്യനോടും സൗരവാതത്തോടും ചൊവ്വയുടെ അന്തരീക്ഷം പ്രതികരിക്കുന്നത് എങ്ങിനെയാണെന്ന് മേവന്‍ വിവരങ്ങള്‍ നല്‍കും - ദൗത്യത്തിന്റെ പ്രധാന നിരീക്ഷകന്‍ ബ്രൂസ് ജാകോസ്‌കി പറഞ്ഞു. 

മേവന്‍ അന്വേഷിക്കുന്നത് 

ശാസ്ത്രലോകത്തിന് ഇതിനകം ലഭിച്ച തെളിവുകള്‍ പ്രകാരം ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വാതകങ്ങളുണ്ടായിരുന്നു. ഗ്രഹപ്രതലത്തില്‍ വെള്ളവുമുണ്ടായിരുന്നു. വാതകസാന്ദ്രത കുറഞ്ഞ് ഗ്രഹാന്തരീക്ഷം ശോഷിച്ചതോടെ, ഗ്രഹപ്രതലത്തിലെ ജലം മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടമായി.

നിലവില്‍ വളരെ ചെറിയ സാന്ദ്രതയില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ളത്. ഭൂമിയിലേതിന്റെ 0.6 ശതമാനം മാത്രമാണ് ചൊവ്വാപ്രതലത്തിലെ അന്തരീക്ഷ മര്‍ദ്ദം.

ഭൂമിയെ സൗരവാതകങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് ഭൗമകാന്തികമണ്ഡലമാണ്. എന്നാല്‍, ചൊവ്വായ്ക്ക് അത്തരമൊരു കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ സൗരവാതക പ്രഹരമേറ്റ് കാലക്രമത്തില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്കായി എന്നാണ് കരുതുന്നത്.

ഇക്കാര്യം ശരിയാണോ എന്നാണ് മാവെന്‍ പരിശോധിക്കുക. അതിനായി എട്ട് ശാസ്ത്ര ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. സൂര്യന്റെ ചൊവ്വയ്ക്ക് മേലുള്ള സ്വാധീനമാണ് അതില്‍ ചില ഉപകരണങ്ങള്‍ പരിശോധിക്കുക. ഗ്രഹാന്തരീക്ഷത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മറ്റ് ചില ഉപകരണങ്ങള്‍ സഹായിക്കും.

മാവെന്‍ പേടകം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വായുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനാകും.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ അവിടെ ജീവന്‍ ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരിക്കാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ മാവെന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും.

ഇന്ത്യയുടെ സഹകരണം തേടി നാസ 

മേവന്‍ എത്തി 48 മണിക്കൂര്‍ കഴിയുമ്പോഴാണ് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകം ചൊവ്വയിലെത്തുക. 1337 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. അതില്‍ മൂന്ന് ഉപകരണങ്ങളുടെ ലക്ഷ്യം മേവന്റേതുമായി സാമ്യമുള്ളതാണ്.

മംഗള്‍യാനിലെ ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ( LAP ), മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ( MSM ), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപൊസിഷന്‍ അനലൈസര്‍ ( MENCA ) എന്നീ ഉപകരണങ്ങളാണ് ചൊവ്വായുടെ അന്തീക്ഷത്തെക്കുറിച്ച് പഠിക്കുക.

അതില്‍ ഏറ്റവും പ്രധാനം മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ആണ്. ചൊവ്വായുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യമളക്കുകയാണ് അതിന്റെ ലക്ഷ്യം. പ്രാചീനകാലത്ത് ചൊവ്വയില്‍ ഏതെങ്കിലും രൂപത്തില്‍ ജീവന്‍ നിലനിന്നിരുന്നോ എന്ന് കണ്ടെത്താന്‍ മീഥൈന്‍ പഠനം സഹായിക്കും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയുമായി സഹകരിക്കാനും വിവരങ്ങള്‍ ഒത്തുനോക്കാനും നാസയ്ക്ക് അതിയായ താത്പര്യമുണ്ടെന്ന്, നാസയുടെ പ്ലാനെറ്ററി സയന്‍സ് ഡയറക്ടര്‍ ഡോ ജിം ഗ്രീന്‍ പറഞ്ഞു.

രണ്ട് പേടകങ്ങളും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നതോടെ, അവയില്‍നിന്നുള്ള ഡേറ്റ വിശകലനം ചെയ്യാന്‍ ഗവേഷകര്‍ക്കാകുമെന്ന് ഡോ ഗ്രീന്‍ ചൂണ്ടിക്കാട്ടി.

നാസയുടെ മേവന്‍ കുഴപ്പമൊന്നുമില്ലാതെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത് ശുഭസൂചനയാണെന്ന് ഇന്ത്യന്‍ ബഹിരാകാശ അധികൃതര്‍ പറഞ്ഞു. മംഗള്‍യാനും ആ പാത പിന്തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 


http://www.mathrubhumi.com/technology/science/nasa-mars-space-mars-atmosphere-and-volatile-evolution-maven-solar-system-red-planet-mars-mission-mangalyaan-science-486252/

No comments:

Post a Comment