ഇന്ത്യയുടെ ആദ്യ
ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ സപ്തംബര്‍ 24 ബുധനാഴ്ച ചുവപ്പ്
ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തുന്നു. ഇന്ത്യന്‍ ബഹിരാകാശരംഗം
ആകാംക്ഷയോടെയും ആത്മവിശ്വാസത്തോടെയും ആ വിജയക്കുതിപ്പിനുള്ള അവസാനവട്ട
ഒരുക്കത്തിലാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററിന്റെ വിക്ഷേപണത്തറയില്‍നിന്ന് മംഗള്‍യാനിനൊപ്പം ഉയര്‍ന്ന പൊടിപടലങ്ങളും കാതടപ്പിക്കുന്ന സ്‌ഫോടനത്തിന്റെ അലയൊലികളും അഭിമാനത്തിന്റെയും ആകാംക്ഷയുടെയും പത്തുമാസങ്ങള്‍ ബാക്കിവെച്ചാണ് കെട്ടടങ്ങിയത്. ചുവന്നഗ്രഹത്തിനു മീതെ വിജയക്കൊടിപാറിക്കാനൊരുങ്ങുന്ന മംഗള്‍യാനിനുവേണ്ടി ലോകംകേള്‍ക്കേ ഉയരേണ്ട ആരവത്തിനൊരുങ്ങുകയാണ് ഭാരതം.
സൗരയൂഥത്തിലെ ഒരു ഗ്രഹത്തിലേക്ക് ഇന്ത്യ അയക്കുന്ന ആദ്യ ഗോളാന്തരപേടകമായ മംഗള്‍യാന്‍ എന്ന 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തുന്നതോടെ അമേരിക്കക്കും റഷ്യക്കും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിക്കും പിന്നാലെ നമ്മുടെ രാജ്യം കൈവരിക്കുന്ന വിജയം ചരിത്രം രചിക്കും. ചൊവ്വയിലേക്ക് വിജയകരമായി പരീക്ഷണപേടകം അയക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യം എന്ന ബഹുമതിയും അതോടെ ഇന്ത്യയെത്തേടിയെത്തും. ജപ്പാന്‍ 1998 ലും ചൈന 2011 ലും ചൊവ്വയിലേക്ക് ദൗത്യങ്ങളയച്ചെങ്കിലും പരാജയമടയുകയാണുണ്ടായത്.
ചൊവ്വയിലേക്ക് അയക്കപ്പെട്ട ദൗത്യങ്ങളില്‍ പകുതിയിലേറെയും പരാജയമായിരുന്നു. മാത്രവുമല്ല, ഒരു രാജ്യത്തിനും അതിന്റെ ആദ്യദൗത്യം വിജയത്തിലെത്തിക്കാനുമായിട്ടില്ല. അതുകൊണ്ടുതന്നെ ചെറുതല്ലാത്ത ഒരു സാങ്കേതികനേട്ടത്തിലേക്കുള്ള ഓട്ടത്തിലാണ് ഇന്ത്യയുടെ മംഗള്‍യാന്‍.
എന്തുകൊണ്ട് ചൊവ്വയിലേക്ക്
ജലത്തിന്റെയും ജീവന്റെയും അടയാളങ്ങള്‍ക്കായി മനുഷ്യന്‍ ഉറ്റുനോക്കുന്ന ഗ്രഹമാണ് ചൊവ്വ. ഇന്നത്തെ ചൊവ്വ തണുത്തതും വന്ധ്യവുമാണെങ്കിലും ഒരു കാലത്ത് ഈ ഗ്രഹം അങ്ങനെയായിരുന്നില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വയില്‍ ജീവന്റെ നിലനില്‍പിന് അനുയോജ്യമായ ചുറ്റുപാടുകള്‍ നിലനിന്നിരുന്നെന്നും ഇനിയും അത്തരം ചുറ്റുപാടുകളുടെ വീണ്ടെടുപ്പ് സാധ്യമായേക്കാമെന്നുമുള്ള വാദം ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ സജീവമാണ്. ചൊവ്വയില്‍ ഒരു ജൈവമണ്ഡലം യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്നോയെന്ന് ഇനിയും അന്വേഷിച്ചുറപ്പിക്കേണ്ട കാര്യമാണ്. ചൊവ്വയിലേക്കുള്ള ആധുനികദൗത്യങ്ങളൊക്കെയും തേടുന്നത് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്.
ചൊവ്വയും ഭൂമിയും തമ്മില്‍ സാമ്യങ്ങളേറെയാണ്. അളവില്‍ ഏറെ വ്യത്യാസമുണ്ടെങ്കിലും, ജീവന്റെ നിലനില്‍പ്പിനുള്ള അവശ്യചേരുവകളായ കാര്‍ബണും ഓക്‌സിജനും നൈട്രജനും ചൊവ്വയിലുമുണ്ട്. ചൊവ്വയിലെ ദിനരാത്രങ്ങള്‍ ഏതാണ്ട് ഭൂമിയുടേതിന് സമാനമാണ്. 24 മണിക്കൂര്‍ 37 മിനുട്ട് നീളുന്നതാണ് ചൊവ്വയിലെ ഒരു ദിനം അഥവാ ഒരു സോള്‍ ( sol ). ഭൂമിയുടെ അച്ചുതണ്ടിന്റെ (എല്ലാ അച്ചുതണ്ടുകളും സാങ്കല്പികമാണ്) ചരിവ് 23.5 ഡിഗ്രിയാണെങ്കില്‍ ചൊവ്വയുടേത് 25 ഡിഗ്രിയാണ്. ഇത് ചൊവ്വയിലും ഋതുഭേദങ്ങള്‍ക്ക് കാരണമാകുന്നു.
ഭൂമിയുടേതിനെ തട്ടിച്ചു നോക്കുമ്പോള്‍ നേരിയതെങ്കിലും സൂര്യനില്‍നിന്നും പ്രഭവിക്കുന്ന ഹാനികരങ്ങളായ വികിരണങ്ങളെ തടയാന്‍ പ്രാപ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. ഭൂമിയുടേതുപോലെ ഇരു ധ്രുവങ്ങളിലും മഞ്ഞുതൊപ്പികളുമുണ്ട് ( Polar ice caps ) ചൊവ്വയ്ക്ക്. ഇതില്‍ ഉത്തരധ്രുവത്തൊപ്പി ഏതാണ്ട് പൂര്‍ണ്ണമായും ജലമുറത്തുണ്ടായതാണ്. ദക്ഷിണധ്രുവത്തിലെ മഞ്ഞുതൊപ്പി ജലവും കാര്‍ബണ്‍ഡയോക്‌സൈഡും ഖനീഭവിച്ചുണ്ടായതും.
ചൊവ്വയില്‍ ജീവന്റെ അടയാളങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ ജീവന്റെ നിലനില്‍പിന് അനിവാര്യഘട്ടങ്ങളില്‍ ജലം ഏറ്റവും പ്രധാനമാണ് താനും. ചൊവ്വയുടെ മണ്ണിലിറങ്ങിയ 'ക്യൂരിയോസിറ്റി' ( Curiosity ) ദൗത്യം അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ ശാസ്ത്രലോകത്ത് ഉയര്‍ന്നുകേട്ട സുവിശേഷമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിലെ ഓരോ ക്യുബിക് അടിമണ്ണിലും രണ്ടു ശതമാനം വെള്ളമാണെന്നാണ് ക്യൂരിയോസിറ്റി വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ചൊവ്വയിലെ ജലം അവിടുത്തെ താഴ്ന്ന ഊഷ്മാവിലും അന്തരീക്ഷമര്‍ദ്ദത്തിലും ദ്രാവകരൂപത്തില്‍ നിലനില്‍ക്കില്ല എന്നു നമുക്കറിയാം. എങ്കിലും ജലസമ്പുഷ്ടമായ ചൊവ്വയിലെ മണ്ണ് 'ചൊവ്വയുടെ ഭൗമവത്കരണം' ( Terraforming of Mars ) എന്ന ആശയത്തെ കൂടുതല്‍ യുക്തി സഹമാക്കുന്നു.
ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള അകലം ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ ചുറ്റുപാടൊരുക്കുന്ന തരത്തിലാണുള്ളത്. ജീവന്റെ നിലനില്‍പില്‍ ഇത് വളരെ പ്രധാനമാണ്. ഒരു നക്ഷത്രത്തിന് ചുറ്റും ജീവന്‍ സാധ്യമാകുന്ന വിധത്തില്‍ മിതമായ താപനില അനുഭവപ്പെടുന്ന മേഖലയെ 'ഗോള്‍ഡിലോക്‌സ് മേഖല' ( Goldilocks Zone ) എന്നാണ് വിളിക്കുന്നത്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമെ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഒരേയൊരു ഗ്രഹം ചൊവ്വ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രസക്തിയേറുന്നതും.
മംഗള്‍യാന്‍ ചൊവ്വയില്‍ തേടുന്നത്
മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5 നാണ് പിഎസ്എല്‍വി - സി25 റോക്കറ്റിലേറി ചൊവ്വയുടെ വഴിതേടിപ്പോയത്. 1337 കിലോഗ്രാം ഭാരമുള്ള ഈ പേടകത്തില്‍ അഞ്ച് ശാസ്ത്രീയ ഉപകരണങ്ങളാണ് വിവിധ പരീക്ഷണങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്.
323 ദിവസം നീളുന്ന യാത്രക്കൊടുവില്‍ സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടക്കും. തുടര്‍ന്ന് ചൊവ്വയില്‍നിന്ന് ഏറ്റവും കൂടിയ ദൂരം 80,000 കിലോമീറ്ററും കുറഞ്ഞ ദൂരം 366 കിലോമീറ്ററുമുള്ള അന്തിമദീര്‍ഘവൃത്ത ഭ്രമണപഥം മംഗള്‍യാന്‍ സ്വന്തമാക്കും. ഭ്രമണപഥത്തിന്റെ ചരിവ് 150 ഡിഗ്രിയായിരിക്കും. മംഗള്‍യാനിലെ പേലോഡുകള്‍ക്ക് (പരീക്ഷണോപകരണങ്ങള്‍ക്ക്) ചൊവ്വയുടെ ഉപരിതലം മികച്ചരീതിയില്‍ ചിത്രീകരിക്കുന്നതിനാവശ്യമായ സൂര്യപ്രകാശം ലഭിക്കാന്‍ ഈ ചരിവ് സഹായകമാകും. തുടര്‍ന്നങ്ങോട്ട് ദൗത്യാന്ത്യം വരെ ഈ ഭ്രമണപഥത്തിലൂടെയായിരിക്കും മംഗള്‍യാന്‍ ചൊവ്വയെ വലംവയ്ക്കുക.
ഇന്ത്യയുടെ ചൊവ്വയിലേക്കുള്ള പ്രഥമദൗത്യമെന്ന നിലയില്‍, അതിവിദൂരതയിലുള്ള ഒരു ഗ്രഹത്തിലേക്ക് കൃത്യതയോടെ ഒരന്വേഷണപേടകത്തെ അയച്ച്, പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശേഷി ആര്‍ജിക്കുകയും, അത് ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് മംഗള്‍യാന്‍ ദൗത്യത്തിന്റെ ഏറ്റവും പ്രധാന സാങ്കേതിക ലക്ഷ്യം. ചൊവ്വയിലെ ധാതുക്കളെ തിരിച്ചറിയാനും ഉപരിതലഘടന വിശകലനം ചെയ്യാനുമുതകുന്ന ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ( LAP ), മാര്‍സ് കളര്‍ ക്യാമറ ( MCC ), മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ( MSM ), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപൊസിഷന്‍ അനലൈസര്‍ ( MENCA ), തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ ( TIS ) എന്നിങ്ങനെ അഞ്ച് ഉപകരണങ്ങളാണ് പേടകത്തിന്റെ കരുത്ത്.
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ ഡ്യൂറ്റീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക സാന്നിധ്യമളക്കുകയെന്ന ധര്‍മ്മമാണ് ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്ററിനുള്ളത്. ഘനഹൈഡ്രജനാണ് ( Heavy Hydrogen )ഡ്യൂട്ടീരിയം. ഹൈഡ്രജന്റെയും ഡ്യൂറ്റീരിയത്തിന്റെയും അനുപാതം കണക്കാക്കുന്നതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ചൊവ്വയ്ക്ക് അന്തരീക്ഷം എങ്ങനെ നഷ്ടമായി എന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയും ചെയ്യും.
മാര്‍സ് കളര്‍ ക്യാമറ ഗ്രഹോപരിതലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രാസഘടനയെക്കുറിച്ചുമുള്ള ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കും. ചൊവ്വാഗ്രഹത്തിലെ കാലാവസ്ഥാനിരീക്ഷിക്കാനും ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിനെയും ( Phobos ) ടീമോസിനെയും ( Deimos ) കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും മാര്‍സ് കളര്‍ ക്യാമറയുടെ പ്രവര്‍ത്തനം സഹായകമാകും. മറ്റു ശാസ്ത്രീയ ഉപകരണങ്ങള്‍ക്കുവേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുകയെന്നതും മാര്‍സ് കളര്‍ക്യാമറയുടെ ചുമതലയാണ്.
മംഗള്‍യാനിലെ ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനം മീഥെയ്ന്‍ സെന്‍സര്‍ ആണ്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യമളക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളെ മാപ്പ് ചെയ്യുകയെന്നതുമാണ് മീഥെയ്ന്‍ സെന്‍സറിന് നിര്‍വഹിക്കാനുള്ള ധര്‍മ്മം. ഇതുവഴി മുന്‍കാലങ്ങളില്‍ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ( Microbes ) ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാകും. മെഥനോജെന്‍ ( Methanogens ) എന്ന സൂക്ഷ്മജീവികളാണ് മീഥൈന്‍ പുറപ്പെടുവിക്കുക.
മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍ എന്ന ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്‌സോസ്ഫിയറിനെ വിശകലനം ചെയ്യാനുള്ള സ്‌പെക്ട്രോമീറ്ററാണ്. ചൊവ്വയുടെ ഉപരിതലത്തില്‍നിന്നും 372 കിലോമീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തിന്റെ സാന്ദ്രതയും ഘടനയും ഈ ഉപകരണം പഠനവിധേയമാക്കും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലുള്ള മാറ്റങ്ങള്‍, രാവിലും പകലിലും അവിടെയുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഋതുഭേദങ്ങള്‍ക്കനുസൃതമായി അന്തരീക്ഷത്തില്‍ സംജാതമാകുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഉപകരണത്തിന്റെ നിരീക്ഷണത്തില്‍ പെടും.
പേടകത്തിലെ തെര്‍മല്‍ ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍, ചൊവ്വയിലെ താപവികിരണം അളക്കുന്നതോടൊപ്പം ഉപരിതലത്തിന്റെ രാസഘടനയും ധാതുക്കളുടെ വ്യാപനവും തിരിച്ചറിയാനും ശ്രമിക്കും.
മംഗള്‍യാനിന്റെ യാത്ര
ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ) രീതി അവലംബിച്ചാണ് മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ വിക്ഷേപണരീതിയാണിത്. ചെലവ് പരമാവധി നിയന്ത്രിച്ചുകൊണ്ടുതന്നെ ശാസ്ത്രീയവും സാങ്കേതികവുമായ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ് മംഗള്‍യാന്‍. ചെലവുകുറയുമ്പോള്‍ സമയം കൂടുതല്‍ വേണ്ടിവരുമെന്നതും യാഥാര്‍ത്ഥ്യമാണ്. സമയം കുറഞ്ഞരീതി സ്വീകരിക്കുമ്പോള്‍ സഞ്ചാരപഥത്തിന് തുടര്‍ച്ചയായ മാറ്റങ്ങളും ക്രമീകരണങ്ങളും അനിവാര്യമായി വരും. ഇന്ധനച്ചെലവ് വലിയ അളവില്‍ കൂടുകയും ചെയ്യും.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍നിന്നും 2013 ഡിസംബര്‍ ഒന്നാം തീയതി പുലര്‍ച്ചെയാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടന്നത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയത്. പേടകത്തിലെ ദ്രവയിന്ധന എഞ്ചിന്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തല്‍ സാധ്യമാക്കിയത്. 250 കിലോമീറ്റര്‍ പെരിജിയും 23550 കിലോമീറ്റര്‍ അപോജിയുമുള്ള പ്രാഥമിക ഭ്രമണപഥത്തില്‍ നിന്നും 192874 കിലോമീറ്റര്‍ അപോജിയിലേക്ക് ഭ്രമണപഥമുയര്‍ത്തിയ ശേഷമായിരുന്നു സൗരകേന്ദ്രപഥത്തിലേക്കുള്ള കുതിപ്പ്. ഭൂഭ്രമണപഥത്തിന്റെ അവസാനഘട്ടത്തില്‍നിന്ന് സൗരപഥത്തിലേക്ക് കടക്കാന്‍ 23 മിനുട്ട് സമയം ദ്രവഇന്ധന എഞ്ചിന്‍ പ്രവര്‍ത്തിച്ചു.
മംഗള്‍യാന്‍ അതിന്റെ ഏറ്റവും നിര്‍ണായകഘട്ടത്തിലേക്ക് ഇപ്പോള്‍ കടക്കുകയാണ്. പത്ത് മാസത്തിനുശേഷം 440N ദ്രവഎഞ്ചിന്‍ ( Liquid Apogee Motor ) വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതിന്റെ പ്രതികരണം ഏറെ നിര്‍ണായകമാണ്. പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സപ്തംബര്‍ 22 ന് ദ്രവഎഞ്ചിന്‍ ഐഎസ്ആര്‍ഒ പ്രവര്‍ത്തിപ്പിച്ച് പരീക്ഷിക്കും.
ചൊവ്വപരിവേഷണം ഇതുവരെ
ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.
അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ്, സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
ചൊവ്വാദൗത്യങ്ങളുടെ നാള്‍വഴി -
1964 - അമേരിക്ക അയച്ച മാറിനര്‍ ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ് 1965 ല്‍ ചൊവ്വയ്ക്ക് സമീപത്തുകൂടി പറന്നു. ചൊവ്വയുടെയും അതിന്റെ ഉപരിതലത്തിലെ ഗര്‍ത്തങ്ങളുടെയും ചിത്രങ്ങള്‍ പേടകം അയച്ചുതന്നു.
1971 - സോവിയറ്റ് യൂണിയന്റെ മാര്‍സ്-3 പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ആദ്യപേടകമായി. ഏതാണ്ട് 15 സെക്കന്റുകള്‍ മാത്രം ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളയച്ചതോടെ അതിലേക്കുള്ള ആശയവിനിമയം നിലച്ചു. അമേരിക്കയുടെ മാറിനര്‍ 9 ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ അയച്ചുതന്നു. ഗ്രഹോപരിതലത്തില്‍ ഇന്നും സജീവമായിട്ടുള്ള 'ഒളിമ്പസ് മോണ്‍സ്' ( Olympus Mons ) എന്ന അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ അദ്യമായി അയച്ചുതന്നത് മാറിനര്‍-9 ആയിരുന്നു. എവറസ്റ്റിന്റെ ഏതാണ്ട് മൂന്നിരട്ടി ഉയരമുണ്ട് ഈ കൊടുമുടിക്ക്. 4000 കിലോമീറ്റര്‍ നീളമുള്ള ഒരു വലിയ കിടങ്ങും മാറിനര്‍9 കണ്ടെത്തുകയായി 'വാലീസ് മാറിനറീസ്' ( Valles Marineris ) എന്ന് ഇതറിയപ്പെടുന്നു.
1975 - നാസയുടെ വൈക്കിംഗ് - 1 ആഗസ്ത് 20 നും വൈക്കിംഗ് - 2 സപ്തംബര്‍ 9 നും ചൊവ്വയിലേക്ക് പുറുപ്പെട്ടു. 1976 ജൂലായ് 20 ന് വൈക്കിംഗ് - 1 പേടകവും സപ്തംബര്‍ 3 ന് വൈക്കിംഗ് - 2 ഉം ചൊവ്വയില്‍ വിജയകരമായി ഇറങ്ങി. ഗ്രഹത്തിന്റെ ഉപരിതലചിത്രങ്ങളും മറ്റ് ശാസ്ത്രീയവിവരങ്ങളും ശേഖരിക്കുന്നതിനു പുറമേ രണ്ട് ലാന്ററുകളും ചില ജീവശാസ്ത്ര പരീക്ഷണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തുകയുമുണ്ടായി. ജീവന്റെ അടയാളങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു പരീക്ഷണങ്ങളുടെ ഉള്ളടക്കം. ഈ പരീക്ഷണങ്ങള്‍ അപ്രതീക്ഷിതവും നിഗൂഢമായ ചില രാസപ്രവര്‍ത്തനങ്ങള്‍ ചൊവ്വയുടെ മണ്ണില്‍ കണ്ടെത്തിയെങ്കിലും, ജീവന്റെ ലക്ഷണങ്ങള്‍ സാധൂകരിക്കത്തക്കതായി തെളിവുകളൊന്നും ശേഖരിക്കാനായില്ല.
1988 - സോവിയറ്റ് യൂണിയന്‍ ഫോബോസ് - 1, ഫോബോസ് - 2 പേടകങ്ങള്‍ അയച്ചെങ്കിലും ചൊവ്വയിലേക്കുള്ള മാര്‍ഗമധ്യേ അവ രണ്ടും പരാജപ്പെട്ടു.
1992 - വൈക്കിംഗ് ദൗത്യത്തിനുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് നാസ ചൊവ്വയിലേക്ക് മാര്‍സ് ഒബ്‌സര്‍വര്‍ പേടകമയച്ചത്. പേടകത്തിന് ചൊവ്വയിലെത്താന്‍ കഴിഞ്ഞില്ല.
1996 - നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ ചൊവ്വ പര്യവേഷണചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ദൗത്യമായിരുന്നു. ഒമ്പത് വര്‍ഷവും 52 ദിവസവും ചൊവ്വയെ വലംവച്ച പേടകത്തിന് ഗ്രഹത്തിന്റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഒട്ടേറെ വിവരങ്ങളും കൈമാറാന്‍ കഴിഞ്ഞു.
* അതേ വര്‍ഷം തന്നെ സൊജേണര്‍ ( Sojourner ) എന്ന റോബോട്ടിക് റോവയുമായി നാസയുടെ പാത്ത് ഫൈന്‍ഡര്‍ ചൊവ്വയുടെ മണ്ണിലിറങ്ങി. ചൊവ്വയെ സംബന്ധിക്കുന്ന വിവരങ്ങളുടെയും ചിത്രങ്ങളുടെയും ഒരു ഖനിതന്നെ അത് തുറന്നിട്ടു.
* റഷ്യ ചൊവ്വയിലേക്കൊരു പേടകം ഇതേവര്‍ഷം തന്നെ അയച്ചെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കാന്‍ അതിന് കഴിഞ്ഞില്ല.
1998 - ജപ്പാന്‍ 'നൊസേമി' ( Nozomi ) പേടകത്തെ ചൊവ്വയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ 2003 ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചു.
1999 - നാസ അയച്ച മാഴ്‌സ് ക്ലൈമറ്റ് ഓര്‍ബിറ്ററിന്റെ ഭൂമിയുമായുള്ള ആശയവിനിമയബന്ധം നിലച്ചുപോയതിനാല്‍ വിജയം കാണാനായില്ല. അതുപോലെതന്നെ, മാര്‍സ് പോളാര്‍ ലാന്റര്‍ ചൊവ്വയിലിറങ്ങുന്നതിനുമുമ്പേ തകരുകയും ചെയ്തു.
2001 - അമേരിക്ക മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ വിക്ഷേപിച്ചു. ഇന്നും അത് പ്രവര്‍ത്തനനിരതമാണ്.
2002 - യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ( ESA ) മാര്‍സ് എക്‌സ്പ്രസ് അയച്ചു. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ - 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം ഇന്നും ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു.
2004 - നാസയുടെ സ്പിരിറ്റ്, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകള്‍ ചൊവ്വാപ്രതലത്തിലെത്തി. സ്പിരിറ്റ് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി എട്ടുവര്‍ഷക്കാലം ചൊവ്വയില്‍നിന്ന് ചിത്രങ്ങളയച്ചുകൊണ്ടിരുന്നു. ഓപ്പര്‍ച്യുണിറ്റി ഇന്നും പ്രവര്‍ത്തനനിരതമാണ്.
2005 - മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെത്തി. ഇന്നും അത് പ്രവര്‍ത്തിക്കുന്നു.
2008 - ഫീനിക്‌സ് ചൊവ്വയുടെ ഉത്തരധ്രുവത്തിലിറങ്ങി.
2011 - റഷ്യന്‍ ദൗത്യമായ ഫോബോസ്-ഗ്രണ്ട് ( Phobos-Grunt ) സാങ്കേതികത്തകരാറുകള്‍ മൂലം വിജയം കണ്ടില്ല. റഷ്യന്‍ ദൗത്യത്തോടൊപ്പം ഒരു ചൈനീസ് പേലോഡുകൂടിയുണ്ടായിരുന്നു.
* ഇതേ വര്‍ഷംതന്നെ നാസ അയച്ച മാര്‍സ് സയന്‍സ് ലബോറട്ടറിയും അതിന്റെ റോവറായ ക്യൂരിയോസിറ്റിയും ചൊവ്വയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഏറെ വിജയകരമാവുകയും ചെയ്തു.
പദസൂചിക -
സോള്‍ ( Sol ): ചൊവ്വയിലെ ഒരു ദിനം ഭൂമിയിലെ 24 മണിക്കൂറും 37 മിനുട്ടും വേണം ചൊവ്വയ്ക്ക് ഒരു സ്വയം ഭ്രമണത്തിന്.
ഭൗമവത്കരണം ( Terraforming of Mars ): ചൊവ്വയിലെ ചുറ്റുപാടുകളെ വാസയോഗ്യമായ വിധത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന സങ്കല്പം.
ഗോള്‍ഡിലോക്‌സ് മേഖല ( Goldilocks Zone ): നമ്മുടെ ഭൂമിയിലെന്നപോലെ മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന ഗ്രഹങ്ങള്‍ക്കായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ഈ മിതകാലാവസ്ഥ സംജാതമാകുന്നതില്‍ മുഖ്യഘടകമാകുന്നു. വാസയോഗ്യമായ ഈ മേഖല ഗോള്‍ഡിലോക്‌സ് മേഖല എന്നറിയപ്പെടുന്നു. 'ഗോള്‍ഡിലോക്കും മൂന്ന് കരടികളും' ( Goldilock and three bears ) എന്ന നാടോടിക്കഥയില്‍ നിന്നാണ് ഈ പേര് കടംകൊണ്ടിരിക്കുന്നത്. വിദൂരനക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവയിലേതെങ്കിലും ഗോള്‍ഡിലോക്‌സ് മേഖലയില്‍ വരുന്നവയാണോയെന്ന് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ): ഒരേ തലത്തില്‍ സ്ഥിതിചെയ്യുന്ന, രണ്ട് വ്യത്യസ്ത ആരങ്ങളുള്ള വൃത്താകാരഭ്രമണപഥങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കാന്‍ മറ്റൊരു ദീര്‍ഘവൃത്താകാരഭ്രമണപഥം ഉപയോഗിക്കുന്ന രീതിയാണിത്. 1925 ല്‍ The Accessibility of Celestial Bodies എന്ന പുസ്തകത്തിലൂടെ വാള്‍ട്ടര്‍ ഹോമാന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ വിദ്യ അവതരിപ്പിച്ചത്.
ഘനഹൈഡ്രജന്‍ ( Deuterium ): ഹൈഡ്രജന്റെ സ്ഥിരതയുള്ള ഐസോടോപ്പുകളിലൊന്ന്. ഇതിന്റെ ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുണ്ട്. (ചിത്രങ്ങള്‍ക്ക് കടപ്പാട് : ISRO, NASA )

ചൊവ്വാഗ്രഹ പ്രതലം - ക്യൂരിയോസിറ്റി റോവര്‍ എടുത്ത ചിത്രം |

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് 2013 നവംബര്‍ 5 ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചപ്പോള്‍ |
323 ദിവസം നീളുന്ന യാത്രക്കൊടുവില്‍ സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടക്കും. തുടര്‍ന്ന് ചൊവ്വയില്‍നിന്ന് ഏറ്റവും കൂടിയ ദൂരം 80,000 കിലോമീറ്ററും കുറഞ്ഞ ദൂരം 366 കിലോമീറ്ററുമുള്ള അന്തിമദീര്‍ഘവൃത്ത ഭ്രമണപഥം മംഗള്‍യാന്‍ സ്വന്തമാക്കും. ഭ്രമണപഥത്തിന്റെ ചരിവ് 150 ഡിഗ്രിയായിരിക്കും. മംഗള്‍യാനിലെ പേലോഡുകള്‍ക്ക് (പരീക്ഷണോപകരണങ്ങള്‍ക്ക്) ചൊവ്വയുടെ ഉപരിതലം മികച്ചരീതിയില്‍ ചിത്രീകരിക്കുന്നതിനാവശ്യമായ സൂര്യപ്രകാശം ലഭിക്കാന്‍ ഈ ചരിവ് സഹായകമാകും. തുടര്‍ന്നങ്ങോട്ട് ദൗത്യാന്ത്യം വരെ ഈ ഭ്രമണപഥത്തിലൂടെയായിരിക്കും മംഗള്‍യാന്‍ ചൊവ്വയെ വലംവയ്ക്കുക.
ഇന്ത്യയുടെ ചൊവ്വയിലേക്കുള്ള പ്രഥമദൗത്യമെന്ന നിലയില്‍, അതിവിദൂരതയിലുള്ള ഒരു ഗ്രഹത്തിലേക്ക് കൃത്യതയോടെ ഒരന്വേഷണപേടകത്തെ അയച്ച്, പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശേഷി ആര്‍ജിക്കുകയും, അത് ലോകസമക്ഷം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് മംഗള്‍യാന്‍ ദൗത്യത്തിന്റെ ഏറ്റവും പ്രധാന സാങ്കേതിക ലക്ഷ്യം. ചൊവ്വയിലെ ധാതുക്കളെ തിരിച്ചറിയാനും ഉപരിതലഘടന വിശകലനം ചെയ്യാനുമുതകുന്ന ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ( LAP ), മാര്‍സ് കളര്‍ ക്യാമറ ( MCC ), മീഥേയ്ന്‍ സെര്‍സര്‍ ഫോര്‍ മാഴ്‌സ് ( MSM ), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപൊസിഷന്‍ അനലൈസര്‍ ( MENCA ), തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ ( TIS ) എന്നിങ്ങനെ അഞ്ച് ഉപകരണങ്ങളാണ് പേടകത്തിന്റെ കരുത്ത്.
മംഗള്‍യാന്‍ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയ്ക്കിടെ |
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ ഡ്യൂറ്റീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക സാന്നിധ്യമളക്കുകയെന്ന ധര്‍മ്മമാണ് ലിമാന്‍ ആല്‍ഫാ ഫോട്ടോമീറ്ററിനുള്ളത്. ഘനഹൈഡ്രജനാണ് ( Heavy Hydrogen )ഡ്യൂട്ടീരിയം. ഹൈഡ്രജന്റെയും ഡ്യൂറ്റീരിയത്തിന്റെയും അനുപാതം കണക്കാക്കുന്നതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല, ചൊവ്വയ്ക്ക് അന്തരീക്ഷം എങ്ങനെ നഷ്ടമായി എന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരികയും ചെയ്യും.
മാര്‍സ് കളര്‍ ക്യാമറ ഗ്രഹോപരിതലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും രാസഘടനയെക്കുറിച്ചുമുള്ള ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കും. ചൊവ്വാഗ്രഹത്തിലെ കാലാവസ്ഥാനിരീക്ഷിക്കാനും ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിനെയും ( Phobos ) ടീമോസിനെയും ( Deimos ) കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും മാര്‍സ് കളര്‍ ക്യാമറയുടെ പ്രവര്‍ത്തനം സഹായകമാകും. മറ്റു ശാസ്ത്രീയ ഉപകരണങ്ങള്‍ക്കുവേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുകയെന്നതും മാര്‍സ് കളര്‍ക്യാമറയുടെ ചുമതലയാണ്.
മംഗള്‍യാനിലെ ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനം മീഥെയ്ന്‍ സെന്‍സര്‍ ആണ്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യമളക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളെ മാപ്പ് ചെയ്യുകയെന്നതുമാണ് മീഥെയ്ന്‍ സെന്‍സറിന് നിര്‍വഹിക്കാനുള്ള ധര്‍മ്മം. ഇതുവഴി മുന്‍കാലങ്ങളില്‍ ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ( Microbes ) ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാകും. മെഥനോജെന്‍ ( Methanogens ) എന്ന സൂക്ഷ്മജീവികളാണ് മീഥൈന്‍ പുറപ്പെടുവിക്കുക.
മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍ എന്ന ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്‌സോസ്ഫിയറിനെ വിശകലനം ചെയ്യാനുള്ള സ്‌പെക്ട്രോമീറ്ററാണ്. ചൊവ്വയുടെ ഉപരിതലത്തില്‍നിന്നും 372 കിലോമീറ്റര്‍ ഉയരം മുതലുള്ള അന്തരീക്ഷത്തിന്റെ സാന്ദ്രതയും ഘടനയും ഈ ഉപകരണം പഠനവിധേയമാക്കും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലുള്ള മാറ്റങ്ങള്‍, രാവിലും പകലിലും അവിടെയുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഋതുഭേദങ്ങള്‍ക്കനുസൃതമായി അന്തരീക്ഷത്തില്‍ സംജാതമാകുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഉപകരണത്തിന്റെ നിരീക്ഷണത്തില്‍ പെടും.
പേടകത്തിലെ തെര്‍മല്‍ ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍, ചൊവ്വയിലെ താപവികിരണം അളക്കുന്നതോടൊപ്പം ഉപരിതലത്തിന്റെ രാസഘടനയും ധാതുക്കളുടെ വ്യാപനവും തിരിച്ചറിയാനും ശ്രമിക്കും.
മംഗള്‍യാനിന്റെ യാത്ര
ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ) രീതി അവലംബിച്ചാണ് മംഗള്‍യാന്റെ ചൊവ്വയിലേക്കുള്ള യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ വിക്ഷേപണരീതിയാണിത്. ചെലവ് പരമാവധി നിയന്ത്രിച്ചുകൊണ്ടുതന്നെ ശാസ്ത്രീയവും സാങ്കേതികവുമായ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തിലാണ് മംഗള്‍യാന്‍. ചെലവുകുറയുമ്പോള്‍ സമയം കൂടുതല്‍ വേണ്ടിവരുമെന്നതും യാഥാര്‍ത്ഥ്യമാണ്. സമയം കുറഞ്ഞരീതി സ്വീകരിക്കുമ്പോള്‍ സഞ്ചാരപഥത്തിന് തുടര്‍ച്ചയായ മാറ്റങ്ങളും ക്രമീകരണങ്ങളും അനിവാര്യമായി വരും. ഇന്ധനച്ചെലവ് വലിയ അളവില്‍ കൂടുകയും ചെയ്യും.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍നിന്നും 2013 ഡിസംബര്‍ ഒന്നാം തീയതി പുലര്‍ച്ചെയാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ കടന്നത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് സൗരകേന്ദ്രഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയത്. പേടകത്തിലെ ദ്രവയിന്ധന എഞ്ചിന്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമുയര്‍ത്തല്‍ സാധ്യമാക്കിയത്. 250 കിലോമീറ്റര്‍ പെരിജിയും 23550 കിലോമീറ്റര്‍ അപോജിയുമുള്ള പ്രാഥമിക ഭ്രമണപഥത്തില്‍ നിന്നും 192874 കിലോമീറ്റര്‍ അപോജിയിലേക്ക് ഭ്രമണപഥമുയര്‍ത്തിയ ശേഷമായിരുന്നു സൗരകേന്ദ്രപഥത്തിലേക്കുള്ള കുതിപ്പ്. ഭൂഭ്രമണപഥത്തിന്റെ അവസാനഘട്ടത്തില്‍നിന്ന് സൗരപഥത്തിലേക്ക് കടക്കാന്‍ 23 മിനുട്ട് സമയം ദ്രവഇന്ധന എഞ്ചിന്‍ പ്രവര്‍ത്തിച്ചു.
മംഗള്‍യാന്‍ അതിന്റെ ഏറ്റവും നിര്‍ണായകഘട്ടത്തിലേക്ക് ഇപ്പോള്‍ കടക്കുകയാണ്. പത്ത് മാസത്തിനുശേഷം 440N ദ്രവഎഞ്ചിന്‍ ( Liquid Apogee Motor ) വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതിന്റെ പ്രതികരണം ഏറെ നിര്‍ണായകമാണ്. പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സപ്തംബര്‍ 22 ന് ദ്രവഎഞ്ചിന്‍ ഐഎസ്ആര്‍ഒ പ്രവര്‍ത്തിപ്പിച്ച് പരീക്ഷിക്കും.
ചൊവ്വപരിവേഷണം ഇതുവരെ
ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.
ആദ്യ ചൊവ്വാദൗത്യമായ മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ് |
അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ്, സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
ചൊവ്വാദൗത്യങ്ങളുടെ നാള്‍വഴി -
1964 - അമേരിക്ക അയച്ച മാറിനര്‍ ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ് 1965 ല്‍ ചൊവ്വയ്ക്ക് സമീപത്തുകൂടി പറന്നു. ചൊവ്വയുടെയും അതിന്റെ ഉപരിതലത്തിലെ ഗര്‍ത്തങ്ങളുടെയും ചിത്രങ്ങള്‍ പേടകം അയച്ചുതന്നു.
1971 - സോവിയറ്റ് യൂണിയന്റെ മാര്‍സ്-3 പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ആദ്യപേടകമായി. ഏതാണ്ട് 15 സെക്കന്റുകള്‍ മാത്രം ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളയച്ചതോടെ അതിലേക്കുള്ള ആശയവിനിമയം നിലച്ചു. അമേരിക്കയുടെ മാറിനര്‍ 9 ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ അയച്ചുതന്നു. ഗ്രഹോപരിതലത്തില്‍ ഇന്നും സജീവമായിട്ടുള്ള 'ഒളിമ്പസ് മോണ്‍സ്' ( Olympus Mons ) എന്ന അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ അദ്യമായി അയച്ചുതന്നത് മാറിനര്‍-9 ആയിരുന്നു. എവറസ്റ്റിന്റെ ഏതാണ്ട് മൂന്നിരട്ടി ഉയരമുണ്ട് ഈ കൊടുമുടിക്ക്. 4000 കിലോമീറ്റര്‍ നീളമുള്ള ഒരു വലിയ കിടങ്ങും മാറിനര്‍9 കണ്ടെത്തുകയായി 'വാലീസ് മാറിനറീസ്' ( Valles Marineris ) എന്ന് ഇതറിയപ്പെടുന്നു.
1975 - നാസയുടെ വൈക്കിംഗ് - 1 ആഗസ്ത് 20 നും വൈക്കിംഗ് - 2 സപ്തംബര്‍ 9 നും ചൊവ്വയിലേക്ക് പുറുപ്പെട്ടു. 1976 ജൂലായ് 20 ന് വൈക്കിംഗ് - 1 പേടകവും സപ്തംബര്‍ 3 ന് വൈക്കിംഗ് - 2 ഉം ചൊവ്വയില്‍ വിജയകരമായി ഇറങ്ങി. ഗ്രഹത്തിന്റെ ഉപരിതലചിത്രങ്ങളും മറ്റ് ശാസ്ത്രീയവിവരങ്ങളും ശേഖരിക്കുന്നതിനു പുറമേ രണ്ട് ലാന്ററുകളും ചില ജീവശാസ്ത്ര പരീക്ഷണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തുകയുമുണ്ടായി. ജീവന്റെ അടയാളങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു പരീക്ഷണങ്ങളുടെ ഉള്ളടക്കം. ഈ പരീക്ഷണങ്ങള്‍ അപ്രതീക്ഷിതവും നിഗൂഢമായ ചില രാസപ്രവര്‍ത്തനങ്ങള്‍ ചൊവ്വയുടെ മണ്ണില്‍ കണ്ടെത്തിയെങ്കിലും, ജീവന്റെ ലക്ഷണങ്ങള്‍ സാധൂകരിക്കത്തക്കതായി തെളിവുകളൊന്നും ശേഖരിക്കാനായില്ല.
1988 - സോവിയറ്റ് യൂണിയന്‍ ഫോബോസ് - 1, ഫോബോസ് - 2 പേടകങ്ങള്‍ അയച്ചെങ്കിലും ചൊവ്വയിലേക്കുള്ള മാര്‍ഗമധ്യേ അവ രണ്ടും പരാജപ്പെട്ടു.
1992 - വൈക്കിംഗ് ദൗത്യത്തിനുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് നാസ ചൊവ്വയിലേക്ക് മാര്‍സ് ഒബ്‌സര്‍വര്‍ പേടകമയച്ചത്. പേടകത്തിന് ചൊവ്വയിലെത്താന്‍ കഴിഞ്ഞില്ല.
1996 - നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ ചൊവ്വ പര്യവേഷണചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ദൗത്യമായിരുന്നു. ഒമ്പത് വര്‍ഷവും 52 ദിവസവും ചൊവ്വയെ വലംവച്ച പേടകത്തിന് ഗ്രഹത്തിന്റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഒട്ടേറെ വിവരങ്ങളും കൈമാറാന്‍ കഴിഞ്ഞു.
* അതേ വര്‍ഷം തന്നെ സൊജേണര്‍ ( Sojourner ) എന്ന റോബോട്ടിക് റോവയുമായി നാസയുടെ പാത്ത് ഫൈന്‍ഡര്‍ ചൊവ്വയുടെ മണ്ണിലിറങ്ങി. ചൊവ്വയെ സംബന്ധിക്കുന്ന വിവരങ്ങളുടെയും ചിത്രങ്ങളുടെയും ഒരു ഖനിതന്നെ അത് തുറന്നിട്ടു.
* റഷ്യ ചൊവ്വയിലേക്കൊരു പേടകം ഇതേവര്‍ഷം തന്നെ അയച്ചെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കാന്‍ അതിന് കഴിഞ്ഞില്ല.
1998 - ജപ്പാന്‍ 'നൊസേമി' ( Nozomi ) പേടകത്തെ ചൊവ്വയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ 2003 ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചു.
1999 - നാസ അയച്ച മാഴ്‌സ് ക്ലൈമറ്റ് ഓര്‍ബിറ്ററിന്റെ ഭൂമിയുമായുള്ള ആശയവിനിമയബന്ധം നിലച്ചുപോയതിനാല്‍ വിജയം കാണാനായില്ല. അതുപോലെതന്നെ, മാര്‍സ് പോളാര്‍ ലാന്റര്‍ ചൊവ്വയിലിറങ്ങുന്നതിനുമുമ്പേ തകരുകയും ചെയ്തു.
2001 - അമേരിക്ക മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ വിക്ഷേപിച്ചു. ഇന്നും അത് പ്രവര്‍ത്തനനിരതമാണ്.
2002 - യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ( ESA ) മാര്‍സ് എക്‌സ്പ്രസ് അയച്ചു. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ - 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം ഇന്നും ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു.
2004 - നാസയുടെ സ്പിരിറ്റ്, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകള്‍ ചൊവ്വാപ്രതലത്തിലെത്തി. സ്പിരിറ്റ് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി എട്ടുവര്‍ഷക്കാലം ചൊവ്വയില്‍നിന്ന് ചിത്രങ്ങളയച്ചുകൊണ്ടിരുന്നു. ഓപ്പര്‍ച്യുണിറ്റി ഇന്നും പ്രവര്‍ത്തനനിരതമാണ്.
2005 - മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെത്തി. ഇന്നും അത് പ്രവര്‍ത്തിക്കുന്നു.
2008 - ഫീനിക്‌സ് ചൊവ്വയുടെ ഉത്തരധ്രുവത്തിലിറങ്ങി.
2011 - റഷ്യന്‍ ദൗത്യമായ ഫോബോസ്-ഗ്രണ്ട് ( Phobos-Grunt ) സാങ്കേതികത്തകരാറുകള്‍ മൂലം വിജയം കണ്ടില്ല. റഷ്യന്‍ ദൗത്യത്തോടൊപ്പം ഒരു ചൈനീസ് പേലോഡുകൂടിയുണ്ടായിരുന്നു.
* ഇതേ വര്‍ഷംതന്നെ നാസ അയച്ച മാര്‍സ് സയന്‍സ് ലബോറട്ടറിയും അതിന്റെ റോവറായ ക്യൂരിയോസിറ്റിയും ചൊവ്വയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഏറെ വിജയകരമാവുകയും ചെയ്തു.
പദസൂചിക -
സോള്‍ ( Sol ): ചൊവ്വയിലെ ഒരു ദിനം ഭൂമിയിലെ 24 മണിക്കൂറും 37 മിനുട്ടും വേണം ചൊവ്വയ്ക്ക് ഒരു സ്വയം ഭ്രമണത്തിന്.
ഭൗമവത്കരണം ( Terraforming of Mars ): ചൊവ്വയിലെ ചുറ്റുപാടുകളെ വാസയോഗ്യമായ വിധത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന സങ്കല്പം.
ഗോള്‍ഡിലോക്‌സ് മേഖല ( Goldilocks Zone ): നമ്മുടെ ഭൂമിയിലെന്നപോലെ മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന ഗ്രഹങ്ങള്‍ക്കായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ദൂരം ഈ മിതകാലാവസ്ഥ സംജാതമാകുന്നതില്‍ മുഖ്യഘടകമാകുന്നു. വാസയോഗ്യമായ ഈ മേഖല ഗോള്‍ഡിലോക്‌സ് മേഖല എന്നറിയപ്പെടുന്നു. 'ഗോള്‍ഡിലോക്കും മൂന്ന് കരടികളും' ( Goldilock and three bears ) എന്ന നാടോടിക്കഥയില്‍ നിന്നാണ് ഈ പേര് കടംകൊണ്ടിരിക്കുന്നത്. വിദൂരനക്ഷത്രങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവയിലേതെങ്കിലും ഗോള്‍ഡിലോക്‌സ് മേഖലയില്‍ വരുന്നവയാണോയെന്ന് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
ഹോമാന്‍ ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റ് ( Hohmann Transfer Orbit ): ഒരേ തലത്തില്‍ സ്ഥിതിചെയ്യുന്ന, രണ്ട് വ്യത്യസ്ത ആരങ്ങളുള്ള വൃത്താകാരഭ്രമണപഥങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കാന്‍ മറ്റൊരു ദീര്‍ഘവൃത്താകാരഭ്രമണപഥം ഉപയോഗിക്കുന്ന രീതിയാണിത്. 1925 ല്‍ The Accessibility of Celestial Bodies എന്ന പുസ്തകത്തിലൂടെ വാള്‍ട്ടര്‍ ഹോമാന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ വിദ്യ അവതരിപ്പിച്ചത്.
ഘനഹൈഡ്രജന്‍ ( Deuterium ): ഹൈഡ്രജന്റെ സ്ഥിരതയുള്ള ഐസോടോപ്പുകളിലൊന്ന്. ഇതിന്റെ ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുണ്ട്. (ചിത്രങ്ങള്‍ക്ക് കടപ്പാട് : ISRO, NASA )
http://www.mathrubhumi.com/technology/science/red-planet-mars-interplanetary-mission-mars-orbiter-mission-mom-isro-mangalyaan-indian-space-research-organisation-484661/
No comments:
Post a Comment