Wednesday, September 24, 2014

ചൊവ്വയിലെ പുതിയ സന്ദര്‍ശകര്‍ (ഡോ. ജീവന്‍ ജോബ് തോമസ്)

ചൊവ്വയിലെ പുതിയ സന്ദര്‍ശകര്‍

(ഡോ. ജീവന്‍ ജോബ് തോമസ്)പുരാതന റോമാക്കാര്‍ക്ക് ചൊവ്വ യുദ്ധദേവനായിരുന്നു. ഇരുമ്പിന്റെ കരുത്ത് കൊണ്ട് ചുവന്നു തുടുത്ത കരുത്തിന്റെ പ്രതീകം. പൗരുഷത്തിന്റെ മാനത്തെ പ്രതിനിധാനം. ഭൂമിയിലെ ആണുങ്ങള്‍ മുഴുവന്‍ വന്നത് ചൊവ്വയില്‍ നിന്നാണെന്നു പറയുന്നത് അതുകൊണ്ടാണ്. ഇരുമ്പും ആണും തമ്മിലുള്ള തീവ്ര ബന്ധം കൊണ്ട്. വെട്ടിമരിക്കാനും കുത്തി കൊല്ലാനും പിടിച്ചടക്കാനും പൗരുഷത്തിന്റെ അട്ടഹാസങ്ങള്‍ മുഴക്കാനും ഇരുമ്പിനെ പോലെ മനുഷ്യനെ സഹായിച്ച മറ്റൊരു ലോഹമില്ല. ചൊവ്വയുടെ പ്രതലമാകെ ഇരുമ്പാണ്. ഇരുമ്പ് പുതച്ച ചുവപ്പ്. പുരാതന സംസ്‌കാരങ്ങള്‍ മുഴുവനും ചൊവ്വയെ ഇങ്ങനെ പലവിധത്തില്‍ കരുത്തിന്റെ രൂപാന്തരീകണങ്ങളായി ഉള്‍ക്കൊണ്ടു.

ഗ്രീക്ക് ദേവന്‍ മാര്‍സിന് രണ്ടു ആണ്മക്കളാണ്. ആഫ്രോഡിറ്റിയില്‍ ഉണ്ടായ ഇരട്ടകള്‍, ഫോബോസും ഡൈമൊസും. രണ്ടും ഭീതിതമായ മനുഷ്യഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍. ഒന്ന് സംഭ്രമത്തിന്റെയും മറ്റൊന്ന് ബീഭല്‍സത്തിന്റെയും. ജാതകത്തില്‍ അതിന്റെ അപഗ്രഹം മനുഷ്യനെ സംഭീതനാക്കി. സമയ ദോഷങ്ങള്‍ ഗണിക്കപ്പെട്ടതുകൊണ്ട് ജീവിതം തന്നെ നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മിത്തിക്കല്‍ തലത്തില്‍ വളര്‍ന്ന് മനുഷ്യ ജീവിതത്തെ തന്നെ വഴിതിരിച്ചു വിടുന്ന ശക്തിയായി മാറി ചൊവ്വ എന്ന സൗരയൂഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രഹം. ചൊവ്വ അങ്ങനെ മനുഷ്യജീവിതത്തെ തലമുറ തലമുറകളായി വിചിത്രങ്ങളായ രീതികളില്‍ ഇടപെട്ടുകൊണ്ടിരുന്നു. ആ ചൊവ്വയുടെ അന്തരീക്ഷത്തിലെക്കാണ് മനുഷ്യന്‍ തൊടുത്തുവിട്ട രണ്ടു പുതിയ സന്ദര്‍ശകര്‍ ചെന്ന് കയറുന്നത്. അമേരിക്കയില്‍ നിന്നും പോയ മാവെനും ഇന്ത്യയില്‍ നിന്നും പോയ മംഗള്‍യാനും. ചൊവ്വ എങ്ങനെ ജീവിക്കുന്നു?, അതില്‍ ജീവന്‍ നിലനില്‍ക്കുമോ തുടങ്ങി, പലവിധ കാര്യങ്ങള്‍ അന്വേഷിക്കുന്നു ഇവര്‍ രണ്ടും. എങ്കിലും ഇത്തരം ഗോളാന്തരയാത്രകളുടെ പുതിയ ട്രെന്‍ഡ് രൂപപ്പെട്ടു വരുന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗോളാന്തര യാത്രകളുടെ പുതുയുഗമാണ് ഈ രണ്ടു പേടകങ്ങള്‍ ഒരുമിച്ചു ചെന്ന്! ചോവ്വാന്തരീക്ഷത്തില്‍ കയറുമ്പോള്‍ പിറന്നു വീഴുന്നത്. ഇനി വരാനിരിക്കുന്ന ഗോളാന്തര യാത്രകളില്‍ ഇന്ത്യ എന്ന രാജ്യത്തിനുള്ള പങ്കെന്തായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ യുഗപ്പിറവി.


അന്‍പത്തെഴു കോടി ഡോളറിന്റെ അമേരിക്കന്‍ പേടകവും ഏഴു കോടി ഡോളറിന്റെ ഇന്ത്യന്‍ പേടകവും തമ്മില്‍ താരതമ്യങ്ങള്‍ കേവലം ശാസ്ത്ര സത്യങ്ങള്‍ ഉല്പാദിപ്പിക്കുന്നതിന്റെ കണക്ക് കൂട്ടലുകളില്‍ അല്ല നിലനില്‍ക്കുന്നത്. മറിച്ച് ഭാവിയിലേക്ക് നമുക്ക് എത്ര ചുവടു വെയ്ക്കാനായി എന്നതിലാണ്. ആകണക്കിന് ഇന്ത്യ വച്ച ചുവട് വളരെ വലുതാണ്. ഭാവിയിലേക്കുള്ള അനേകം വാതായനനങ്ങള്‍ തുറന്നിടുന്ന സാങ്കേതിക വിദ്യയെയാണ് ഈ ചുവടിലൂടെ ഒരു ചെറിയ സാമ്പത്തിക ശക്തി ഭൗതികവല്ക്കരിക്കുന്നത്. പുതിയ ഊര്‍ജ്ജ സാധ്യതകളെയും ഒരു പക്ഷെ പുതിയ ജീവിത ഭൂമികകളെ പോലും തിരയേണ്ടി വരുന്ന കാലത്തിലേക്കുള്ള ഒരു മുന്നൊരുക്കമാണിത്. ഭീതിയുടെ നിഴലുകളായി മനുഷ്യന്റെ ജീവിതത്തെ പിന്തുടര്‍ന്ന് പോന്ന മിത്തില്‍ നിന്നും ഒരു പക്ഷെ പുതിയ വാഗ്ദത്ത ദേശത്തെ സംബന്ധിച്ച സങ്കല്പ്പത്തിലെക്കാന് ചൊവ്വ ഇതിലൂടെ പരിണമിക്കുന്നത്.

http://www.indiavisiontv.com/2014/09/23/355091.html

No comments:

Post a Comment