Wednesday, September 24, 2014

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍

മംഗള്‍യാന്‍ പഥപ്രവേശം ഉടന്‍


ബാംഗ്ലൂര്‍:
 പത്തുമാസത്തിലേറെ രാജ്യം കാത്തിരുന്ന ദൗത്യം സഫലമാകുന്നത് ഇന്ന്. അഭിമാനദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെ ചൊവ്വാ ഗ്രഹത്തെ വലംവെച്ചുതുടങ്ങവെ ഇന്ത്യയ്ക്കത് ചരിത്രനേട്ടമാകും. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. നിലയത്തില്‍ ദൗത്യഫലം തെളിയുന്നത് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വൈകിട്ട് ബാംഗ്ലൂരിലെത്തി.

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ഈ ബഹിരാകാശപേടകം പുതിയ പഥത്തില്‍ കയറുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അതിന്റെ സൂചന രാവിലെ എട്ടുമണി കഴിഞ്ഞാവും കിട്ടുക.

ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാംശക്തിയാകും ഈ പഥപ്രവേശത്തോടെ ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമാകും; ഒപ്പം ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം.

ബുധനാഴ്ച പേടകം പുതിയ പഥത്തില്‍ കയറുമ്പോഴുള്ള സംഭവങ്ങള്‍ ഇങ്ങനെയാണ്.

പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കും. 6.56നുശേഷം പേടകം തനിയെ പുറംതിരിയും.
7.12നുശേഷം പേടകം ചൊവ്വയുടെ നിഴലിലാകും. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലാകുന്നതാണ് കാരണം.
7.17മുതല്‍ 7.41വരെ പേടകത്തിലെ പ്രധാന ദ്രവഇന്ധനയന്ത്രവും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിക്കും. പുറംതിരിഞ്ഞശേഷം നടക്കുന്ന ഈ ജ്വലനത്തിന്റെ ഫലമായി പേടകത്തിന് പിന്നിലേക്കാണ് തള്ളല്‍ കിട്ടുക. അതിനാല്‍, അതിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറയും. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങും.

ഭൂമിയില്‍നിന്ന് 22 കോടി കിലോമീറ്റര്‍ അകലെ നടക്കുന്ന ഈ സംഭവങ്ങള്‍ ഓരോന്നും പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞേ ഭൂമിയില്‍ അറിയൂ.
ചൊവ്വയെ വലംവെച്ച് പഠനം നടത്താനുള്ള അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് തെളിയുന്നതാണ് കൂടുതല്‍ പ്രധാനകാര്യം.

മംഗള്‍യാന്റെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍വരവേല്പ് ലഭിച്ചു. അദ്ദേഹം ബുധനാഴ്ച രാവിലെ ആറരയോടെ പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ എത്തും. 

http://www.mathrubhumi.com/story.php?id=486624

No comments:

Post a Comment