Friday, December 19, 2014

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം...

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം

സാബു ജോസ് - ദേശാഭിമാനി കിളിവാതില്‍



ഇനി സ്പേസ് പ്ലെയിനുകളുടെ കാലമാണ്. ആദ്യത്തെ ബഹിരാകാശ വിമാനം-സ്കൈലോണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ (1700ാ/െ) സഞ്ചരിക്കുന്ന യാത്രാ വിമാനമായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് സ്പേസ് പ്ലെയിനുകള്‍ക്കു പിന്നിലുള്ളത്. 2012 ഏപ്രിലില്‍ പദ്ധതിയുടെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വാഹനം നിര്‍മിക്കുന്നതിനുള്ള അനുമതി ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കടമ്പകള്‍ മറികടന്ന് സ്പേസ് പ്ലെയിന്‍ പദ്ധതി അങ്ങനെ യാഥാര്‍ഥ്യമാവുകയാണ്.

സ്കൈലോണ്‍
സ്കൈലോണ്‍ ഒരു റോക്കറ്റോ വിമാനമോ അല്ല. അല്ലെങ്കില്‍ അത് രണ്ടുമാണുതാനും. പകുതി റോക്കറ്റെന്നും പകുതി വിമാനമെന്നും വേണമെങ്കില്‍ സ്കൈലോണിനെ വിളിക്കാം. ബ്രിട്ടനിലെ റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് ആണ് സ്കൈലോണിന്റെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചതും ഡിസൈനിങ് നടത്തിയതും. 200 തവണ പുനരുപയോഗശേഷിയുള്ള സ്പേസ് ഷട്ടിലായും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമായും സ്കൈലോണിന് പ്രവര്‍ത്തിക്കാന്‍കഴിയും. സാധാരണ വിമാനങ്ങളെപ്പോലെത്തന്നെ സ്കൈലോണിന് പറന്നുയരുന്നതിനും തിരിച്ചിറങ്ങുന്നതിനും റണ്‍വേ ആവശ്യമാണ്.

ശീതീകരിച്ച, ദ്രാവകാവസ്ഥയിലുള്ള ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വിമാനമായി പറക്കുമ്പോള്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ ഇന്ധനമായി സ്വീകരിക്കുകയും 26 കിലോമീറ്ററിനു മുകളിലേക്ക് റോക്കറ്റായി സഞ്ചരിക്കുമ്പോള്‍ ഇന്ധനടാങ്കിലെ ദ്രാവക ഓക്സിജന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സ്കൈലോണ്‍ പ്രവര്‍ത്തിക്കുന്നത്.സ്കൈലോണില്‍ ഉപയോഗിക്കുന്ന സാബര്‍ എന്‍ജിന്‍ നിരവധി സവിശേഷതകളുള്ളതാണ്. സാധാരണയായി റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹോട്ടോള്‍ എന്‍ജിനെക്കാള്‍ പ്രവര്‍ത്തനമികവും ഭാരക്കുറവുമുള്ളതുമാണ് സാബര്‍. റോക്കറ്റുകളില്‍നിന്നു വിഭിന്നമായി സ്കൈലോണിന്റെ മധ്യഭാഗത്താണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനംപോലെ റണ്‍വേയില്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും ഇതു സഹായിക്കും.

ബ്രിട്ടീഷ് നാഷണല്‍ സ്പേസ് സെന്ററും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് സ്കൈലോണിന്റെ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നത്. 1200 കോടി ഡോളറാണ് പദ്ധതിയുടെ ചെലവു പ്രതീക്ഷിക്കുന്നത്. ഒരു സ്പേസ് പ്ലെയിനിന്റെ നിര്‍മാണച്ചെലവ് 21 കോടി ഡോളറും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സ്കൈലോണിന്റെ ഫ്രെയിം ഭാരക്കുറവുള്ളതും അതേസമയം ദൃഢവുമാകും. അലൂമിനിയം ഉയോഗിച്ചാണ് ഇന്ധനടാങ്ക് നിര്‍മിക്കുന്നത്. പേടകത്തിന്റെ റീ-എന്‍ട്രി (ബഹിരാകാശ യാത്രയ്ക്കുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അന്തരീക്ഷ വായുവിന്റെ ഘര്‍ഷണം കാരണം അതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പുറംപാളികള്‍ സാധാരണയായി 20000 സെല്‍ഷ്യസ്വരെ ചൂടാകാറുണ്ട്) സമയത്ത് ഘര്‍ഷണംവഴി ഉണ്ടാകുന്ന താപവര്‍ധന തടയാന്‍ പേടകമൊന്നാകെ സെറാമിക് സ്കിന്‍ ആവരണവും സ്കൈലോണിനുണ്ട്.

ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന സ്പേസ് വിമാനമായ സ്കൈലോണ്‍- സി 2 മോഡല്‍ വലിയൊരു വാഹനമാണ്. 82 മീറ്റര്‍ നീളവും 6.3 മീറ്റര്‍ വ്യാസവുമുള്ള ഈ മോഡലിന്റെ വിങ് സ്പാന്‍ 25.4 മീറ്ററാണ്. 53 ടണ്‍ ആണ് സ്കൈലോണിന്റെ ഭാരം. 15 ടണ്‍വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളെ 300 കിലോമീറ്ററും 11 ടണ്‍വരെ ഭാരമുള്ളവയെ 800 കിലോമീറ്റര്‍ ഉയരത്തിലും എത്തിക്കുന്നതിന് സ്കൈലോണിനു സാധിക്കും. അതുകൂടാതെ 30 ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം യാത്രചെയ്യുന്നതിനും ഈ വാഹനത്തില്‍ സൗകര്യമുണ്ടാകും.

ബ്രിട്ടീഷ് ഗവണ്‍മെന്റിനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും മാത്രമല്ല, നാസയ്ക്കും സ്കൈലോണ്‍ പദ്ധതിയില്‍ താല്‍പ്പര്യമുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതുതന്നെ കാര്യം. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോഗ്രാമിന് 20,000 ഡോളര്‍ എന്ന നിരക്കിലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ ചെലവ്. സ്കൈലോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് കേവലം 900 ഡോളറായി കുറയും. പൂര്‍ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഈ വാഹനത്തിന് പൈലറ്റിന്റെ ആവശ്യമില്ല. ഗ്രൗണ്ട് സ്റ്റേഷനില്‍നിന്നുതന്നെയാണ് വാഹനത്തിന്റെ എല്ലാ നിയന്ത്രണവും നിര്‍വഹിക്കുന്നത്. സ്കൈലോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിസര്‍ച്ച് പേപ്പറും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സാങ്കേതിക വിശദീകരണം ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

http://en.wikipedia.org/wiki/Skylon_spacecraft

http://www.deshabhimani.com/news-special-kilivathil-latest_news-425961.html

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു



ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ച പേടകം ഐസിജിഎസ് സമുദ്രയാണ് വീണ്ടെടുത്തത്. 

കപ്പലിലുണ്ടായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പേടകം വീണ്ടെടുത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ജി.എസ്.എല്‍.വി മാര്‍ക്ക്3 കുതിച്ചുയര്‍ന്നത്. 

ഭൂമിയില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ആളില്ലാപേടകം (ക്രൂ മൊഡ്യൂള്‍) വിക്ഷേപണിയില്‍നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴുള്ള വെല്ലുവിളി അതിജീവിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്. 

വിക്ഷേപിച്ച് 20 മിനിറ്റിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തെക്കേയറ്റത്ത് നേരത്തേ നിശ്ചയിച്ചതുപോലെ പേടകം പതിച്ചു. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ ലാബില്‍ തയ്യാറാക്കിയ പാരച്യൂട്ട് വഴിയാണ് പേടകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിപ്പിച്ചത്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508786

Thursday, December 18, 2014

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം




ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു വിക്ഷേപണം. 

പരീക്ഷണ വിക്ഷേപണമായതിനാല്‍ ദ്രവ, ഖര എന്‍ജിനുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമായില്ല. ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിന് സജ്ജമായ മൊഡുള്‍ ക്രൂ വഹിച്ചുകൊണ്ടാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയര്‍ന്നത്. മൂന്നു പേരെ ഉള്‍ക്കൊള്ളാവുന്ന മൊഡൂള്‍ ക്രൂവിന് 3.65 ടണ്‍ ഭാരമാണുള്ളത്. ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെ മുന്നോടിയായാണ് ഈ പരീക്ഷണപ്പറക്കലിനെ കാണുന്നത്. 

126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് വിക്ഷേപണ വാഹനത്തില്‍ നിന്ന് മൊഡുള്‍ ക്രൂ വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡുള്‍ ക്രൂ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ തീരദേശ സേന മൊഡുള്‍ ക്രൂ വീണ്ടെടുത്ത് ചെന്നൈയ്ക്കടുത്ത് എന്നൂര്‍ തുറമുഖത്തെത്തിച്ച ശേഷം ശ്രീഹരിക്കോട്ടയ്ക്ക് കൊണ്ടു പോകും. പിന്നീട് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തിക്കും.

155 കോടി രൂപയാണ് ഈ ദൗത്യത്തിനായുള്ള ചെലവ്. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ യെ സഹായിക്കും. നാലര ടണ്‍ മുതല്‍ അഞ്ച് ടണ്‍ വരെയുള്ള ഇന്‍സാറ്റ് - 4 വിഭാഗം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508442

Thursday, December 11, 2014

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍!

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍


 
(സാബു ജോസ്, ദേശാഭിമാനി)

മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്കുള്ള വലിയൊരു ചുവടുവയ്പുകൂടി നാസ വിജയകരമായി പൂര്‍ത്തിയാക്കി. നാസയുടെ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍ (മനുഷ്യന് യാത്ര ചെയ്യാന്‍ കഴിയുന്ന ബഹിരാകാശ പേടകം), ഒറിയണ്‍ ഈ മാസം അഞ്ചിന് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറിലുള്ള വിക്ഷേപണത്തറയില്‍നിന്ന് ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ചിറകില്‍ പറന്നുയര്‍ന്ന ഒറിയണ്‍, 5800 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ രണ്ടുവട്ടം വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 15 മടങ്ങ് ഉയരമുള്ള ഭ്രമണപഥമാണിത്. നാലരമണിക്കൂര്‍ നീണ്ട പരീക്ഷണ പക്കലിനുശേഷം പസഫിക് സമുദ്രത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയ പേടകത്തെ യുഎസ് നേവിയുടെ കപ്പലുകള്‍ പൊക്കിയെടുത്തു. ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ക്ഷമതാ പരിശോധനയായിരുന്നു ഈ പരീക്ഷണപ്പറക്കല്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.

2020ല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യയാത്ര ആരംഭിക്കുന്ന ഒറിയണ്‍ 2025ല്‍ ഒരു ഛിന്നഗ്രഹത്തിലും, തുടര്‍ന്ന് 2030ല്‍ ചൊവ്വയിലും ബഹിരാകാശ സഞ്ചാരികളെ എത്തിക്കും.നാലരമണിക്കൂര്‍ പരീക്ഷണപ്പറക്കലിനുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുപ്രവേശിച്ചപ്പേള്‍ (റീ-എന്‍ട്രി) പേടകത്തിന്റെ വേഗം മണിക്കൂറില്‍ 32,180 കിലോമീറ്ററായിരുന്നു. ഇത്രയും ഉയര്‍ന്ന വേഗത്തിലും പേടകം ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അനായാസം തരണംചെയ്യുന്നതിനും ശാസ്ത്രലോകം സാക്ഷ്യംവഹിച്ചു. ഈ സമയം പേടകത്തിന്റെ പുറംഭാഗത്തെ താപനില 2200 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

1960കളില്‍ മനുഷ്യന്റെ ആദ്യ ചാന്ദ്ര സന്ദര്‍ശത്തിനു മുന്നോടിയായി നടത്തിയ ക്യാപ്സ്യൂള്‍ പരീക്ഷണങ്ങളുമായാണ് ഒറിയണ്‍ പരീക്ഷണവിക്ഷേപണത്തെ നാസ താരതമ്യം ചെയ്യുന്നത്. അപ്പോളോ കമാന്‍സ് മൊഡ്യൂളുമായി ആകൃതിയിലും സാദൃശ്യമുണ്ട് ഒറിയണിന്. ഈ രണ്ടു ബഹിരാകാശ യാനങ്ങളും യാത്രയ്ക്കൊടുവില്‍ പാരച്യൂട്ട് ഉപയോഗിച്ച് സമുദ്രത്തില്‍ ഇറങ്ങുന്നതിനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇപ്പോഴുള്ള അവസ്ഥയില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് 21 ദിവസം കഴിയാനുള്ള സൗകര്യമാണ് ഒറിയണിലുള്ളത്. ഇന്നത്തെ പരിമിതികള്‍ഒറിയണ്‍ സ്പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് താമസിക്കാന്‍കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍, ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍കഴിയും. മാത്രമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടാകണം. ഇപ്പോള്‍ ഒറിയണ്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ഡെല്‍റ്റ കഢ ഹെവി റോക്കറ്റിന്റെ ഭാരവാഹക ശേഷി 130 ടണ്‍ മാത്രമാണ്.

സ്പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്നം, ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതികവിദ്യയില്‍ ഇത് തരണംചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റയ്ക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്കൊരു യാത്ര അവരാരുംതന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

എന്താണ് ഒറിയണ്‍?

 
നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കുന്നതിന് രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കോര്‍പറേഷനാണ് സര്‍വീസ് മൊഡ്യൂളിന്റെ നിര്‍മാതാക്കള്‍. 2011 മേയ് 24നാണ് നാസ ഒറിയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറിയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യംവയ്ക്കുന്നത്. ഈ മാസം അഞ്ചിന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികര്‍ ആരുമുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2020ലാണ്.

ഇരുപത്തിമൂന്നു ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്ട്രോങ്ങും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രാ പേടകമായ അപ്പോളോ സ്പേസ്ക്രാഫ്റ്റിനെക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറിയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറിയണിലാണ് കൂടുതല്‍ എന്നര്‍ഥം. മൊഡ്യൂളിന്റെ വ്യാസം അഞ്ചു മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ഥം ഒറിയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണെന്നാണ്.

ദ്രാവക മീഥെയ്ന്‍ ആണ് ഒറിയണില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാല്‍, മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോള്‍ ശൈശവദശയിലാണ്. ഒറിയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് വൃത്തസ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിന്‍ഡറിന്റെ ആകൃതിയാണ് സര്‍വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരം ഉപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശപേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക് ചെയ്യുന്നതിന് ഒറിയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്പേസ് ഷട്ടില്‍ ദൗത്യങ്ങളെക്കാള്‍ 10 മടങ്ങ് സുരക്ഷിതമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗശേഷിയും ഇതിനുണ്ട്.ഇനി ചൊവ്വാ യാത്ര സ്വപ്നംകണ്ടു തുടങ്ങാം. ഒറിയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്നഗ്രഹത്തില്‍ കാലുകുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നരപ്പതിറ്റാണ്ട് കാത്തിരിപ്പു മതി.


- See more at: http://www.deshabhimani.com/news-special-kilivathil-latest_news-423912.html#sthash.Hqy59G8M.dpuf

Monday, December 8, 2014

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


പേടകത്തില്‍ നിദ്രാവസ്ഥയിലായിരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമായി
പേടകത്തില്‍നിന്ന് ഭൂമിയില്‍ വിവരങ്ങളെത്താന്‍ നാലു മണിക്കൂര്‍ 25 മിനിറ്റ് സമയം
പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ ഗ്രഹം; ഇപ്പോള്‍ കുള്ളന്‍ ഗ്രഹം


വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകം 'ന്യൂ ഹൊറൈസണ്‍സ്' ( New Horizons ) ഒമ്പതുവര്‍ഷം നീണ്ട യാത്രയ്ക്കുശേഷം സൗരയൂഥത്തിലെ കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തി.

നിദ്രാവസ്ഥയിലായിരുന്ന പേടകം ശനിയാഴ്ചയാണ് കണ്‍തുറന്നത്. സൗരയൂഥത്തിലെ അറിയപ്പെടാത്ത വിദൂര മേഖലയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ആ കൊച്ചുഗോളത്തെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ ന്യൂ ഹൊറിസൈണ്‍സ് ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എസിലെ കേപ്പ് കാനവറാലില്‍നിന്ന് 2006 ജനവരി 19 നാണ് ന്യൂ ഹൊറിസൈണ്‍സ് പേടകം വിക്ഷേപിച്ചത്. 480 കോടി കിലോമീറ്റര്‍ പിന്നിട്ട് 1873 ദിവസത്തെ യാത്രയ്ക്കുശേഷമാണ് പേടകം സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റിയൂണിനെയും പിന്നിട്ട് പ്ലൂട്ടോയുടെ ഭ്രമണമേഖലയായ കിയ്പ്പര്‍ മേഖലയിലെത്തിയത്.

2015 ജൂലായ് 14 ന് ന്യൂ ഹൊറിസൈണ്‍സ് പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തും.

ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാനായി നിദ്രാവസ്ഥയിലായിരുന്നു പേടകത്തിന്റെ യാത്ര. ശനിയാഴ്ചയാണ് പേടകത്തിലെ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. ന്യൂ ഹൊറിസൈണ്‍സില്‍ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ നാലുമണിക്കൂര്‍ 25 മിനിറ്റ് സമയം വേണം.

1930 ല്‍ കണ്ടെത്തിയ പ്ലൂട്ടോ ഇപ്പോഴും ഗവേഷകര്‍ക്ക് ഒരു നിഗൂഢവസ്തുവാണ്. ന്യൂ ഹൊറിസൈണ്‍സ് യാത്ര തുടങ്ങുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. 2008 ല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി ഒഴിവാക്കി അതിനെ കുള്ളന്‍ഗ്രഹ (Dwarf planet) ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

വെറും 1190 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള പ്ലൂട്ടോ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കപ്പുറം എങ്ങനെ നിലനില്‍ക്കുന്നു എന്നത് വിശദീകരിക്കാന്‍ ഗവേഷകര്‍ ബുദ്ധിമുട്ടുകയാണ് (ചിത്രം കടപ്പാട്: Johns Hopkins University/APL ).


http://www.mathrubhumi.com/technology/science/new-horizons-pluto-solar-system-astronomy-science-space-mission-nasa-spacecraft-dwarf-planet-505748/

Saturday, December 6, 2014

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി


കേപ് കനാവരാല്‍:
 അമേരിക്ക ബഹിരാകാശ ഏജന്‍സി നാസയുടെ മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള ബഹിരാകാശപേടകം ഓറിയോണ്‍ പരീക്ഷണ വിക്ഷേപണം നടത്തി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിക്ഷേപണം ഒരുദിവസം നീട്ടിവെച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിക്കാണ് ഓറിയോണിനെ വഹിച്ച് ഏലിയന്‍സ് ഡെല്‍റ്റ നാല് റോക്കറ്റ് ഫ്ലോറിഡ തീരത്തുനിന്ന് കുതിച്ചുയര്‍ന്നത്. കാല്‍ലക്ഷത്തിലേറെപ്പേര്‍ വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയിരുന്നു. ചന്ദ്രനില്‍ ആളെയിറക്കിയശേഷം 40 വര്‍ഷത്തിനുശേഷമാണ് നാസ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.

നാലരമണിക്കൂര്‍ നീളുന്ന പരീക്ഷണപ്പറക്കലില്‍ പേടകത്തിലെ ഊഷ്മകവചവും പാരച്യൂട്ടുകളും പരീക്ഷിക്കപ്പെടും. ആദ്യഘട്ടത്തില്‍ ഭൂമിക്കുമുകളില്‍ 270 മൈലും രണ്ടാംഘട്ടത്തില്‍ 3600 മൈലും ഉയരം റോക്കറ്റ് പിന്നിടും. തുടര്‍ന്ന് പേടകം സാന്റിയാഗോ കടലില്‍ പതിക്കും.
വാല്‍നക്ഷത്രത്തിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനാണ് നാസ ലക്ഷ്യം വെക്കുന്നത്. ഓറിയോണില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും. ചൊവ്വായാത്ര 2030-ലാവും നടക്കുക. ഓറിയോണിനും കരുത്തേറിയ റോക്കറ്റിനുമായി ഇതിനകം 900 കോടി ഡോളര്‍(ഏകദേശം 56,800 കോടിരൂപ) നാസ ചെലവഴിച്ചുകഴിഞ്ഞു. പരീക്ഷണവിക്ഷേപണത്തിന് 37 കോടി ഡോളറാണ് ചെലവ്. അടുത്ത പരീക്ഷണ വിക്ഷേപണം 2018-ലാണ്.

http://www.mathrubhumi.com/story.php?id=505117

ഏകദിന ജ്യോതിശാസ്ത്ര പഠനക്യാമ്പ്

Saturday, November 15, 2014

വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ പേടകം കൂടുതല്‍ ഡേറ്റ അയച്ചു

വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ പേടകം കൂടുതല്‍ ഡേറ്റ അയച്ചു



കഴിഞ്ഞ ദിവസം വാല്‍നക്ഷത്രത്തിലിറങ്ങിയ ഫിലേ പേടകം വെള്ളിയാഴ്ച രാത്രി കൂടുതല്‍ ഡേറ്റ ഭൂമിയിലേക്ക് അയച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു. 

പേടകത്തിലെ ബാറ്ററി തീരുകയും അത് സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറുകയും ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഡേറ്റ അയച്ചത്. പേടകം അയയ്ക്കുമെന്ന് കരുതിയ മുഴുവന്‍ വിവരങ്ങളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

2004 നവംബര്‍ 12 നാണ് ചുര്യമോവ്- ഗെരാസിമെങ്കൊ വാല്‍നക്ഷത്രത്തിന്റെ ( 67P വാല്‍നക്ഷത്രം) പ്രതലത്തില്‍ ഫിലേ ഇറങ്ങിയത്. ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തെ ചുറ്റുന്ന റോസറ്റ പേടകത്തില്‍നിന്നാണ് ഫിലേ പേടകം വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിത പേടകം വാല്‍നക്ഷത്രത്തില്‍ വിജയകരമായി ഇറങ്ങിയത്.

ഫിലേ ഇറങ്ങിയത് പക്ഷേ, കിഴുക്കാംതൂക്കായ ഒരു പാറയുടെ ചെരുവിലായതിനാല്‍ അതിന്റെ സോളാര്‍ പാനലുകള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാതെ വന്നതാണ് ബാറ്ററി തീരാന്‍ കാരണം. 

വാല്‍നക്ഷത്രം തുരന്നുള്ള പരിശോധനകളുടെ ഫലം ബാറ്ററി നിശ്ചലമായാല്‍ ഭൂമിയിലേക്ക് അയയ്ക്കാനാവില്ല എന്ന് ആശങ്കയുണ്ടായിരുന്നു. വാല്‍നക്ഷത്രം തുരന്ന് ഭാഗങ്ങള്‍ ശേഖരിക്കാന്‍ ഫിലേക്ക് കഴിഞ്ഞതായി ഫിലേ ലാന്‍ഡര്‍ മാനേജര്‍ സ്റ്റീഫന്‍ ഉല്‍മാക്ക് വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ച വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കിയത്. 

http://www.mathrubhumi.com/technology/science/rosetta-mission-churyumov-garasimento-comet-astronomy-science-european-space-agency-esa-67p-comet-space-mission-philae-499838/

Friday, November 14, 2014

ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം

ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം


മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത “ഇന്റര്‍സ്റ്റെല്ലാര്‍” എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു. തമോദ്വാരം, വിരനാളി (worm hole), സ്ഥലകാലങ്ങള്‍, സമയയാത്ര തുടങ്ങിയ ശാസ്ത്രസങ്കല്പങ്ങള്‍ പ്രമേയമായിവരുന്ന ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനം

Interstellar-

മുതലാളിത്താനന്തര ഐക്യനാടുകളിലാണ് കഥ ആരംഭിയ്ക്കുന്നത്. രാജ്യത്തിനു പഴയ പ്രതാപം  നഷ്ടപ്പെട്ടിരിക്കുന്നു. സൈന്യം  ഇന്നില്ല. നാസ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു, അഥവാ അങ്ങനെ പൊതുജനത്തെ വിശ്വസിപ്പിച്ചിരിക്കുന്നു. അന്തരീക്ഷത്തിന്റെ പുറം  പാളികളില്‍ നിന്നും  ദരിദ്ര്യരാജ്യങ്ങളിലേക്ക് ബോംബ് വര്‍ഷിക്കാന്‍ സൈന്യത്തെ സഹായിച്ചു എന്നതിനാല്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നതിനാലത്രെ നാസയ്ക്ക് പ്രവര്‍ത്തനം  നിര്‍ത്തേണ്ടി വന്നത്. ഇടയ്ക്കെപ്പോഴോ ഇന്ത്യയായിരുന്നു ലോകത്തെ പ്രധാനശക്തി എന്ന് സൂചനകളുണ്ട്.
രാജ്യത്തെ പാഠപുസ്തകങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ (അമേരിക്ക എന്ന് വായിക്കുക) ചന്ദ്രനിലിറങ്ങി എന്ന് ഇന്ന് ഭൂരിപക്ഷവും  വിശ്വസിക്കുന്നില്ല. സോവിയറ്റ് യൂണിയനെ തെറ്റിദ്ധരിപ്പിച്ച് ബഹിരാകാശപദ്ധതികള്‍ക്ക് പിറകെ ഓടിക്കാനായി നാസയും  ഭരണകൂടവും  ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു അപ്പോളോ യാത്രകള്‍. അഥവാ അങ്ങിനെയാണിപ്പോള്‍ ഔദ്യോഗികഭാഷ്യം.

“2001 എ സ്പേസ് ഒഡീസി” പ്രവചിച്ചത് ആഗോളമുതലാളിത്തത്തിന്റെ വളര്‍ച്ചയായിരുന്നു. രണ്ടായിരത്തിന് ശേ‍ഷം അത് ഒട്ടൊക്കെ യാഥാര്‍ത്ഥ്യമായി. പ്രതാപം നഷ്ടപ്പെട്ട് തകര്‍ന്ന അമേരിക്കയെയും പിരിച്ചുവിടപ്പെട്ട നാസയെയും അന്തമില്ലാത്ത ചരക്കുവല്‍കരണവും ഭൂമി ചൂഷണവും മൂലം വാസയോഗ്യമല്ലാതായ ഭൂമിയെയും ഇതേ പ്രവചന സ്വഭാവത്തോടെ ഇന്റര്‍സ്റ്റെല്ലാര്‍ സൂചിപ്പിക്കുന്നുണ്ട്.
Interstellar_ALT_Artowrk1968 -ല്‍ പുറത്തിറങ്ങിയ സ്റ്റാന്‍ലി കുബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസി (2001 A Space Odyssey) എന്ന  വിഖ്യാതസിനിമ നിര്‍ത്തിയേടത്തു നിന്നുമാണ് ഇന്റര്‍സ്റ്റെല്ലാര്‍  തുടങ്ങുന്നത് എന്ന് ആലങ്കാരികമായി പറയാം.  സ്പേയ്സ് ഒഡീസി ശാസ്ത്രകല്പിത ചലച്ചിത്രം എന്നതിലുപരി ഒരു ആശയപ്രചരണം ആയിരുന്നുവെന്ന് കാണണം. ചരക്കുവല്‍കൃതമായ ഒരു ഭാവിയെയാണ് കുബ്രിക്കിന്റെ സിനിമ വര്‍ണാഭമായി അവതരിപ്പിച്ചത്. മുതലാളിത്തമാണ് ഭാവി എന്ന് സിനിമ പ്രവചനപരമായി അവകാശപ്പെട്ടിരുന്നു. 2001 പിന്നിട്ട് നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അത്രയും  നേരെന്ന് സമ്മതിക്കാതെ വയ്യ. ആഗോളമുതലാളിത്തം  രണ്ടായിരാമാണ്ടോടുകൂടി അതിന്റെ സര്‍വപ്രതാപത്തിലേക്കെത്തുന്നത് നാം  കണ്ടു. പക്ഷെ സിനിമയില്‍ വിഭാവനം  ചെയ്ത വമ്പന്‍ ബഹിരാകാശയാത്രകള്‍ ഇനിയും  സാര്‍ത്ഥകമായില്ലെന്ന് മാത്രം. അതെന്തായാലും  ആ സിനിമ അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിച്ചു കഴിഞ്ഞു.
ഇന്റര്‍റ്റെല്ലാറിലേയ്ക്ക് തന്നെ തിരിച്ചു വരാം. സിനിമ ആരംഭിക്കുന്ന കാലത്തോളം,  എന്തുകൊണ്ട് സ്പേയ്സ് ഒഡീസി വിഭാവനം  ചെയ്ത ബഹിരാകാശപര്യവേഷണങ്ങള്‍ നടക്കാതെ പോയി എന്നതിന്റെ സൂചനകള്‍ പടത്തിലങ്ങിങ്ങായി ഉണ്ട്. ദാരിദ്ര്യമോ കൃഷിനാശമോ‌ പ്രധാനപ്രശ്നങ്ങളായി കാണാതെ, വമ്പന്‍ ചിലവു വരുന്ന ബഹിരാകാശപദ്ധതികള്‍ക്കായി പണം  മുടക്കുന്നതില്‍ നികുതിദായകര്‍ അത്ര സന്തുഷ്ടരായിരുന്നില്ല. ഒരു  ഹോളിവുഡ്‌ സിനിമയുടെ ബജറ്റിലും  ചുരുങ്ങിയ പണം  കൊണ്ട് ചൊവ്വായാത്ര നടത്താന്‍ സാധിച്ചു എന്ന ഐ.എസ്.ആര്‍.ഓ യുടെ അവകാശവാദത്തിനു അമേരിക്കയിലും  ധാരാളം  ആരാധകരുണ്ടായിരുന്നുവല്ലോ. അതെന്തായാലും  ഇപ്പോള്‍ (കഥ നടക്കുമ്പോള്‍)  അമേരിക്ക പ്രധാനമായും  കാര്‍ഷികമേഖലയില്‍ ഊന്നല്‍ കൊടുത്തു ജീവിയ്ക്കുന്ന ഒരു സമൂഹമാണ്. സൈന്യത്തെ മാത്രമല്ല ഔപചാരിക വിദ്യാഭ്യാസത്തെപ്പോലും  പ്രധാനമായിക്കാണുന്നില്ല. നായകനായ കൂപ്പറിന്റെ തന്നെ വാക്കുകളില്‍ വിദ്യാരഹിതരായ കര്‍ഷകരായി ഭൂരിഭാഗത്തെ വാര്‍ത്തെടുക്കാനാണ് അധികാരികള്‍ക്ക് താല്‍പര്യം.
ശനിഗ്രഹത്തിനരികില്‍ രൂപപ്പെട്ട ഒരു വേംഹോളിലൂടെ (Worm Hole) സഞ്ചരിച്ച് മറ്റൊരു നക്ഷത്രസമൂഹത്തിലേയ്ക്കെത്തുന്ന കൂപ്പറുടെയും  കൂട്ടരുടെയും  ലക്ഷ്യം  ഗാര്‍ഗാന്റുവാ എന്ന തമോഗര്‍ത്തത്തിന്റെ ചുറ്റും  കറങ്ങുന്ന രണ്ട് ഗ്രഹങ്ങള്‍, കൂടാതെ സമീപസ്ഥമായ മറ്റൊരു ഗ്രഹം,  ഇവയിലെ ജീവന്റെ വാസക്ഷമത പരിശോധിക്കലാണ്.
Christopher Nolan, London, 2013 (crop)
ക്രസ്റ്റഫര്‍ നോളന്‍ (കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്)
എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്ലാതെ കൃഷിയ്ക്കോ കൃഷിക്കാര്‍ക്കോ ഭാവിയില്ലെന്നാണ് കൂപ്പര്‍ ചിന്തിക്കുന്നത്. അതിനാല്‍ ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന നാസയുടെ ഏറ്റവും  പുതിയ ബഹിരാകാശപദ്ധതിയുടെ പ്രധാനനാവികനാവാന്‍ ഉള്ള ക്ഷണം  കൂപ്പര്‍ സ്വീകരിക്കുന്നു, ഏറ്റവും  പ്രിയപ്പെട്ട മകളുടെ എതിര്‍പ്പിനെപ്പോലും  വകവെയ്ക്കാതെ. ലക്ഷ്യം  മനുഷ്യരാശിയ്ക്ക് നിലനില്‍പിനായി മറ്റൊരു വാസഗൃഹം  കണ്ടുപിടിയ്ക്കുക എന്നതാണ്. അന്തമില്ലാത്ത ചരക്കുവല്‍കരണവും  ഭൂമിയെ ചൂഷണം  ചെയ്യലും  യുദ്ധവും  മൂലം  ഭൂമി എന്നേ വാസയോഗ്യമല്ലാതായിക്കഴിഞ്ഞു. ഇത് പ്രധാനമാണ്. 2001 സ്പേയ്സ് ഒഡീസിയ്ക്ക് ഒരു തുടര്‍ച്ചയായി ഇന്റര്‍സ്റ്റെല്ലാര്‍ മാറുന്നതിവിടെ വെച്ചാണ്.
കൂപ്പറും  കൂട്ടരും  നടത്തുന്ന പര്യവേഷണം  നമുക്കിന്നറിയാവുന്ന ഭൗതികശാസ്ത്രം  മുന്നോട്ട് വെയ്ക്കുന്ന തെളിയിക്കപ്പെട്ടതോ ഭാവനാത്മകമോ ആയ പ്രപഞ്ച പ്രതിഭാസങ്ങളിലൂടെയുള്ള  ഒരു സാഹസികയാത്രയായി മാറുന്നു. ശനിഗ്രഹത്തിനരികില്‍ രൂപപ്പെട്ട ഒരു വേംഹോളിലൂടെ (Worm Hole) സഞ്ചരിച്ച് മറ്റൊരു നക്ഷത്രസമൂഹത്തിലേയ്ക്കെത്തുന്ന കൂപ്പറുടെയും  കൂട്ടരുടെയും  ലക്ഷ്യം ഗാര്‍ഗാന്റുവാ  എന്ന തമോഗര്‍ത്തത്തിന്റെ ചുറ്റും  കറങ്ങുന്ന രണ്ട് ഗ്രഹങ്ങള്‍, കൂടാതെ സമീപസ്ഥമായ മറ്റൊരു ഗ്രഹം,  ഇവയിലെ ജീവന്റെ വാസക്ഷമത പരിശോധിക്കലാണ്. ആദ്യഗ്രഹങ്ങളിലെ പരിശോധന നിരാശജനകമാണ്. പിന്നീട് ‘ഡോകര്‍ മന്‍ ‘ എന്ന നാസ നേരത്തെ അയച്ച ശാസ്ത്രജ്ഞന്‍ പര്യവേഷണം  നടത്തിക്കൊണ്ടിരിക്കുന്ന മൂന്നാം  ഗ്രഹത്തിലേയ്ക്കും  പോകുന്നു. ഇവിടെ നോളന്‍ ചതി എന്ന വഴിത്തിരിവ്  സ്വയം  ആവര്‍ത്തിക്കുന്നുണ്ട് (Memento, The Prestige, Dark Knight Rises). സ്പീഷീസിന്റെ നിലനില്പാണോ അതോ സ്വയം  നിലനില്പാണോ ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം  പ്രധാനമാവുക.

തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷ‍ിതമായ സംഭവങ്ങളെത്തുടര്‍ന്ന് കൂപ്പര്‍ക്ക് തമോദ്വാരത്തിനകത്തേക്ക് യാത്ര ചെയ്ത് സ്വയം ബലിയാവുക എന്ന ദുരന്തത്തെ അഭിമുഖീകരിയ്ക്കേണ്ടിവരുന്നു. അവിടെ സിനിമ തീര്‍ത്തും ഭൗതികശാസ്ത്രം മുന്നോട്ട് വെയ്ക്കുന്ന വന്യമായ ചില ഭാവനാത്മകതകളെ ചിത്രീകരിക്കുന്നു.
തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷ‍ിതമായ സംഭവങ്ങളെത്തുടര്‍ന്ന് കൂപ്പര്‍ക്ക് തമോദ്വാരത്തിനകത്തേക്ക് യാത്ര ചെയ്ത് സ്വയം  ബലിയാവുക എന്ന ദുരന്തത്തെ അഭിമുഖീകരിയ്ക്കേണ്ടിവരുന്നു. അവിടെ സിനിമ തീര്‍ത്തും  ഭൗതികശാസ്ത്രം  മുന്നോട്ട് വെയ്ക്കുന്ന വന്യമായ ചില ഭാവനാത്മകതകളെ ചിത്രീകരിക്കുന്നു. ഇന്നും  തമോഗര്‍ത്തങ്ങള്‍ക്കകത്തെ ഭൗതികരഹസ്യങ്ങള്‍ എന്തായിരിക്കാം  എന്ന് നമുക്കറിവില്ല. ക്വാണ്ടം  തിയറി മുന്നോട്ട് വെയ്ക്കുന്ന പല ആശയങ്ങളും  സാമാന്യബുദ്ധിയ്ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവ അല്ലല്ലോ. അനേകം  പ്രപഞ്ചങ്ങളുടെ ഒരു കൂട്ടമായ ബഹുപ്രപഞ്ചസിദ്ധാന്തം  അത്തരത്തിലുള്ള ഒന്നാണ്. ക്വാണ്ടം  നിയമങ്ങളുടെ രസകരമായ ഭാഷ്യങ്ങളിലൊന്നാണ് അത്. തമോഗര്‍ത്തങ്ങളെക്കുറിച്ചും  ചിന്തയില്‍ മനോഹരങ്ങളായ അനേകം  സിദ്ധാന്തങ്ങളുണ്ട്. അവയിലൊന്നാണ് അനന്തമായ ഭൂതകാലത്തിലേക്കുള്ള വാതിലുകള്‍ തമോഗര്‍ത്തങ്ങളിലൂടെ സാധ്യമാണെന്നത്. നമ്മള്‍ ത്രിമാനജീവികളാണല്ലോ. മൂന്നിലധികം മാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും സമയത്തെ മൂര്‍ത്തമായ ഒരു സത്തയായി ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോൾ അനന്തമായതും ഏകധ്രുവീയവുമായ കാലത്തെ, തീര്‍ത്തും വ്യത്യസ്തമായി മറ്റൊരു രീതിയില്‍ അനുഭവവേദ്യമാകാം എന്നതാണ് മറ്റൊന്ന്. ഇത്തരം സാധ്യതകളെയാണ് സിനിമയുടെ അവസാനഭാഗം പരിശോധിക്കുന്നത്. ശാസ്ത്രകുതുകികളെ സംബന്ധിച്ച് അങ്ങേയറ്റം  ആസ്വാദ്യകരമായ ഒരു അനുഭവമാകുന്നു അത്.

ഇന്റര്‍സ്റ്റെല്ലാറില്‍ ചിത്രീകരിക്കുന്ന ശാസ്ത്രസങ്കല്പങ്ങളുടെ വിശദീകരണം
മറ്റു നോളന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ലളിതമായ ആഖ്യാനപദ്ധതിയാണ് ഇന്റര്‍സ്റ്റെല്ലാര്‍ പിന്‍പറ്റുന്നത്. അവസാനരംഗമടക്കമുള്ള കഥാസാരത്തിനു മതപരമായതടക്കം രസകരമായ പല വ്യാഖ്യാനസാധ്യതകളും  തുറന്നിടുമ്പോള്‍ പോലും  പ്രകൃത്യതീതമായ എന്തെങ്കിലും  കാര്യകാരണങ്ങള്‍ ഒരു അവസാനവ്യാഖ്യാനത്തിനു നിര്‍ബന്ധമാണെന്ന് സിനിമ ശഠിക്കുന്നില്ല. സിനിമയുടെ പ്രധാന വിദഗ്ധോപദേശകനും  ശാസ്ത്രജ്ഞനുമായ കിപ് തോണിനോട് ഇതിനു നന്ദി പറയേണ്ടതുണ്ട്. തിരക്കഥാകൃത്തിന്റെ അനന്തമായ ഭാവനയ്ക്കായി കഥയെ വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറപ്പിന്മേലാണത്രെ അദ്ദേഹം  സിനിമയുമായി സഹകരിയ്ക്കാം  എന്നേറ്റത്.
‘ഗ്രാവിറ്റി’ പോലെ ബഹിരാകാശപര്യവേഷണത്തിന്റെ അനുഭവം  തിയേറ്ററില്‍ എത്തികാനുള്ള ശ്രമമല്ല ഇന്റര്‍സ്റ്റെല്ലാര്‍. ഇത് പ്രധാനമായും  ഒരു കഥാചിത്രമാണ്. എങ്കില്‍ക്കൂടെ ശാസ്ത്രകുതുകികള്‍ക്ക് ആഹ്ലാദകരമായ ഒരു സിനിമാ അനുഭവം  ഇന്റര്‍സ്റ്റെല്ലാര്‍ പ്രധാനം  ചെയ്യുന്നുണ്ട്.

ശ്രീഹരി ശ്രീധരന്‍ (കാല്‍വിന്‍)
- See more at: http://luca.co.in/interstellar_review/#sthash.7ldZEANy.dpuf


2014 നവംബറിലെ ആകാശം

2014 നവംബറിലെ ആകാശം



ബഹിരാകാശ സംഭവങ്ങളില്‍ ഈ മാസത്തെ പ്രധാനപ്പെട്ടത് ഫിലെ പേടകം  67പി/സി-ജി എന്ന ധൂമകേതുവിലിറങ്ങുന്നത് തന്നെയായിരിക്കും. എന്നാല്‍ ഈ മാസത്തെ പ്രധാനപ്പെട്ട ആകാശക്കാഴ്ച ചിങ്ങക്കൊള്ളി എന്ന് കേരളീയര്‍ വിളിച്ചിരുന്ന ലിയോണിഡ് ഉല്‍ക്കാവര്‍ഷമാണ്. മഞ്ഞു തൂങ്ങി നില്‍ക്കുന്ന നവംബറിലെ ഇരുണ്ട രാത്രികളില്‍ ചിങ്ങം നക്ഷത്രക്കൂട്ടത്തിനിടയില്‍ നിന്നും കൊള്ളിമീനുകള്‍ ഊര്‍ന്നിറങ്ങി വരുന്നതു കാണാന്‍ എന്തു രസമായിരിക്കും. 17,18 തിയ്യതികളിലാണ് ഇതു കൂടുതല്‍ ശക്തമാകുക. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ അമ്പതിലേറെ ഉല്‍ക്കകള്‍ വീഴുമെന്നാണ് കണക്ക്. രാത്രി രണ്ടുമണിക്കു മുമ്പായി ചന്ദ്രക്കലയുമായായിരിക്കും ചിങ്ങത്തിന്റെ വരവ്. അത്താഴസമയത്ത് ആകാശത്ത് ധനു, മകരം, കുംഭം, മീനം, മേടം എന്നീ സൗരരാശികള്‍ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് നിരന്നു കിടക്കുന്നുണ്ടായിരിക്കും. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മേടം രാശിയിലെ അശ്വതി നക്ഷത്രത്തിനടുത്തേക്ക് സൂര്യന്‍ കടക്കുന്ന ദിവസമായിരുന്നത്രെ സമരാത്ര ദിവസങ്ങളായി അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ട് അന്നതിനെ പൂര്‍വ്വവിഷുവമായി കണക്കാക്കി. എന്നാല്‍ ഇന്ന് ഇതനുഭവപ്പെടുന്നത് മീനത്തിലെ രേവതി നക്ഷത്രത്തിനടുത്താണ്. എങ്കിലും വിഷു നമുക്ക് ഇപ്പോഴും മേടം ഒന്നിനു തന്നെയാണ്. ബുധനെ കാണാന്‍ പറ്റിയ മാസമാണിത്. നവംബറിലെ ആദ്യനാളുകളില്‍ സൂര്യോദയത്തിനു മുമ്പായി കന്നി രാശിയില്‍ ബുധനെ കാണാം. നവംബര്‍ ഒന്നിന് 5.04ന് ഉദിക്കുന്ന ബുധന്‍ 15ന് 5.29നും 30ന് 6.11ന് സൂര്യോദയത്തിനു തൊട്ടു മുമ്പായും ഉദിക്കും. ശുക്രന്‍, ശനി എന്നിവ തുലാം രാശിയില്‍ സൂര്യനോടൊപ്പം സഞ്ചരിക്കുന്നതു കൊണ്ട് കണ്ടെത്തുക വിഷമകരമായിരിക്കും. ചൊവ്വയെ സൂര്യാസ്തനമത്തിനു ശേഷം ധനു രാശിയില്‍ കാണാന്‍ കഴിയുമെങ്കിലും ഭൂമിയില്‍ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്നതുകൊണ്ട് തിളക്കം വളരെ കുറവായിരിക്കും. രാത്രി ഒമ്പതരയോടു കൂടി അസ്തമിക്കും. ഈ മാസം ഏറ്റവും നന്നായി കാണാന്‍ കഴിയുന്ന ഗ്രഹം വ്യാഴം തന്നെയാണ്. രാത്രി പന്ത്രണ്ടരയോടെ ചിങ്ങം രാശിയോടൊപ്പം വ്യാഴം ഉദിച്ചു വരും. ഒരു ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉണ്ടെങ്കില്‍ വ്യാഴത്തിനു ചുറ്റും നൃത്തം ചെയ്യുന്ന നാലു ഗലീലിയന്‍ ഉപഗ്രഹങ്ങളെയും കാണാം. - 


തയ്യാറാക്കിയത്: ഷാജി അരിക്കാട്

See more at: http://luca.co.in/sky-in-november/#sthash.1Q7sdUj9.dpuf

ഫിലേ പേടകം വാല്‍നക്ഷത്രത്തിലിറങ്ങി



ഫിലേ പേടകം വാല്‍നക്ഷത്രത്തിലിറങ്ങി

ബെര്‍ലിന്‍: ബഹിരാകാശപര്യവേക്ഷണചരിത്രത്തില്‍ ആദ്യമായി മനുഷ്യനിര്‍മിത പര്യവേക്ഷണവാഹനം വാല്‍നക്ഷത്രത്തില്‍ ഇറങ്ങി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റോസറ്റ പേടകത്തില്‍നിന്ന് ഫിലേ എന്ന ചെറുപേടകം വേര്‍പെട്ട് വാല്‍നക്ഷത്രത്തിന്റെ പ്രതലത്തില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതിന് സ്ഥിരീകരണം ലഭിച്ചെന്ന് ജര്‍മനിയിലെ നിയന്ത്രണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന, ഐസും പൊടിപടലങ്ങളും മൂടിക്കിടക്കുന്ന 67പി/ചൂര്യമോവ്-ഗരാസിമെങ്കോ എന്ന വാല്‍നക്ഷത്രത്തിലാണ് ഫിലേ പേടകം നിര്‍ണായക ലാന്‍ഡിങ് നടത്തിയത്.
മാതൃപേടകത്തില്‍നിന്ന് വിജയകരമായി വേര്‍പെട്ട പേടകം വാല്‍നക്ഷത്രത്തെ ഏഴുമണിക്കൂര്‍ ഭ്രമണം നടത്തിയശേഷമാണ് ലാന്‍ഡിങ് നടത്തിയത്. പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച പേടകം 600 കോടി കിലോമീറ്ററോളം സഞ്ചരിച്ചാണ് വാല്‍നക്ഷത്രത്തില്‍ എത്തിയത്. പേടകത്തിന്റെ സഞ്ചാരം അതീവശ്രദ്ധയോടെയാണ് ബഹിരാകാശശാസ്ത്രലോകം വീക്ഷിക്കുന്നത്.നാലു കിലോമീറ്റര്‍ വരെ വീതിയുള്ള മഞ്ഞുപര്‍വതമായ വാല്‍ നക്ഷത്രത്തില്‍ ഗുരുത്വാകര്‍ഷണം വളരെ കുറവാണ് എന്നത് ഫിലേയുടെ ലാന്‍ഡിങ്ങിനെ വിഷമകരമാക്കി. വാല്‍നക്ഷത്രത്തിന്റെ സമതലപ്രതലത്തില്‍ തന്നെ പേടകം ഇറങ്ങണമെന്നതും ദൗത്യത്തെ നിര്‍ണായകമാക്കി.
വാല്‍നക്ഷത്രത്തിന്റെ പ്രതലത്തിന്റെ ചിത്രങ്ങളും രാസഘടനയും പേടകം ശേഖരിക്കും. മനുഷ്യരാശി വലിയ ചുവടുവയ്പാണ് നടത്തിയതെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജീന്‍-ജാക്വസ് ദോര്‍ഡായിന്‍ പ്രതികരിച്ചു.സൗരയൂഥത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള നിര്‍ണായകവിവരങ്ങള്‍ ലഭിക്കാന്‍ ദൗത്യത്തിലൂടെ കഴിയും. ജലവും ജൈവതന്മാത്രകളും ആദിമകാലത്ത് ഭൂമിയില്‍ എത്തിയത് വാല്‍നക്ഷത്രങ്ങളില്‍ നിന്നാണോ എന്ന് ദൗത്യത്തിലൂടെ വ്യക്തമാകും. 2004ലാണ് വാല്‍നക്ഷത്ര ദൗത്യത്തിനായി യൂറോപ്യന്‍ യൂണിയന്‍ ബഹിരാകാശ ഏജന്‍സി റോസറ്റ പേടകം വിക്ഷേപിച്ചത്. 100 കോടി പൗണ്ടാണ് ദൗത്യത്തിന്റെ ചെലവ്.
- See more at: http://www.deshabhimani.com/news-special-all-latest_news-415940.html#sthash.SaTuY8mI.dpuf


ഫിലേ വാല്‍നക്ഷത്രത്തില്‍

ഫിലേ വാല്‍നക്ഷത്രത്തില്‍


ബെര്‍ലിന്‍: ബഹിരാകാശ ഗവേഷണരംഗത്ത് ചരിത്രംകുറിച്ച് ഭൂമിയില്‍നിന്ന് കോടാനുകോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍ മനുഷ്യനിര്‍മിത പേടകം ഇറങ്ങി. വാല്‍നക്ഷത്രം ചുര്യമോവ്ഗരാസിമെങ്കൊയിലാണ് (67.പി) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസറ്റ മാതൃപേടകത്തില്‍നിന്ന് വേര്‍പെട്ട് ഫിലേ ലാന്‍ഡര്‍ പേടകം ഇറങ്ങിയത്.

ഇന്ത്യന്‍സമയം പകല്‍ രണ്ടരയോടെയാണ് വാല്‍നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍നിന്ന് 22.5 കിലോമീറ്റര്‍ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങിയത്. ലക്ഷ്യത്തിലേക്കുള്ള ഫിലേയുടെ യാത്ര ഏതാണ്ട് ഏഴുമണിക്കൂര്‍ നീണ്ടു.

സൗരയൂഥത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഈ ചരിത്രദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ജര്‍മനിയിലെ ദാംസ്റ്റാഡിലുള്ള ദൗത്യനിയന്ത്രണകേന്ദ്രത്തില്‍ മാതൃപേടകത്തില്‍നിന്ന് പരീക്ഷണ ഉപകരണങ്ങളടങ്ങിയ ഫിലേ വേര്‍പെട്ടെന്ന സന്ദേശം ലഭിച്ചതോടെ ശാസ്ത്രജ്ഞരുടെ ആഹ്ലാദം അണപൊട്ടി.

ഫിലേയുടെ മാതൃപേടകത്തില്‍നിന്നുള്ള വേര്‍പെടല്‍ കുറ്റമറ്റതായിരുന്നെന്ന് റോസറ്റ ഫ്ലൈറ്റ് ഡയറക്ടര്‍ ആന്‍ഡ്രിയ അക്കൊമാസൊ പറഞ്ഞു. വേര്‍പെടലിന് രണ്ടുമണിക്കൂറിനുശേഷം ഫിലേയുമായുള്ള ബന്ധം ശാസ്ത്രജ്ഞര്‍ പുനഃസ്ഥാപിച്ചു. അലക്കുയന്ത്രത്തിന്റെ വലിപ്പമുള്ള ഫിലേക്ക് നൂറുകിലോ ഭാരമുണ്ട്. വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശപേടകമാണ് ഫിലേ.


2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ച വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കുന്നത്.

മാതൃപേടകത്തില്‍നിന്ന് വേര്‍പെട്ടുകഴിഞ്ഞശേഷം പേടകത്തിനുള്ളിലെ ഗതിനിയന്ത്രണ സംവിധാനങ്ങളാണ് അതിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറക്കിയത്. ദാംസ്റ്റാഡിലുള്ള ഇസയുടെ ദൗത്യനിയന്ത്രണകേന്ദ്രം ഫിലേയുടെ സഞ്ചാരപഥം നിരീക്ഷിച്ചു.

വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങിക്കഴിഞ്ഞാല്‍ ഫിലേ ജോലി ആരംഭിക്കും. പേടകത്തില്‍ സജ്ജീകരിച്ച മൈക്രോ ക്യാമറകള്‍ ഉപയോഗിച്ച് പേടകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ വിശദമായി പകര്‍ത്തിയെടുക്കും. തുടര്‍ന്നുള്ള ദിനങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ നടത്തേണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ളതാണ്. ഇതിനായി വൈവിധ്യമുള്ള പത്ത് ഉപകരണങ്ങളാണ് ഫിലേയില്‍ ക്രമീകരിച്ചിട്ടുള്ളത്. റോസറ്റ പേടകത്തിലെ 11 ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെയാണിത്.

മാതൃപേടകവും ഫിലേയും വാല്‍നക്ഷത്രത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന സമയത്ത് ഫിലേയില്‍നിന്ന് റോസറ്റയിലേക്കയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ആന്തരികഘടന മനസ്സിലാക്കാന്‍ സഹായിക്കും.


റോസറ്റ പിന്നിട്ട വഴികള്‍

2004 മാര്‍ച്ച് രണ്ട്ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് റോസറ്റ വിക്ഷേപിച്ചു

2007 ഫിബ്രവരി 25പേടകം ചൊവ്വയുടെ വലയത്തില്‍. പേടകത്തില്‍ നിന്നുള്ള റേഡിയോ സന്ദേശം നിലച്ചു. 15 മിനിറ്റ് നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ റോസറ്റ ചൊവ്വയുടെ ഭീഷണി മറികടന്നു

2008 സപ്തംബര്‍ 5പേടകം ഭൂമിയില്‍ നിന്ന് 25 കോടി മൈല്‍ അകലെ വെച്ച് 'സ്റ്റെയ്ന്‍സ്' എന്ന ഛിന്നഗ്രഹത്തെ മറികടന്നു. ഒന്നരമണിക്കൂര്‍ നേരം പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

2010 ജൂലായ് 10 വ്യാഴം, ചൊവ്വ എന്നിവയുടെ ഇടയില്‍ വെച്ച് 'ലുറ്റേഷ്യ; എന്ന ഛിന്നഗ്രഹത്തിന്റെ അപൂര്‍വ ചിത്രം പകര്‍ത്തി.

2014 ജനവരി 20 മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഭൂമിയിലേക്ക് സിഗ്‌നല്‍ അയച്ചു. ഇന്ധനനഷ്ടം കുറയ്ക്കാന്‍ 31 മാസം പേടകത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

2014 ആഗസ്ത് ആറ്67 പി എന്നറിയപ്പെടുന്ന ചുര്യമോവ്ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിന് സമീപത്തെത്തി

2014 നവംബര്‍ 12റോസറ്റയിലെ ഫിലേ പേടകം വാല്‍നക്ഷത്രം വിജയകരമായി ഇറങ്ങി

http://www.mathrubhumi.com/technology/science/rosetta-mission-churyumov-garasimento-comet-astronomy-science-european-space-agency-esa-67p-comet-space-mission-philae-499287/


Thursday, November 6, 2014

'മംഗള്‍യാന്‍' യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം

'മംഗള്‍യാന്‍' യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം


Full disc image of Mars, taken by the Mars Color Camera, from an altitude of 66,543 km. 

Dark region towards south of the cloud formation is Elysium - the second largest volcanic province on Mars.


ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ 'മംഗള്‍യാന്‍' എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എം.ഒ.എം) പേടകം വിക്ഷേപിച്ചിട്ട് ബുധനാഴ്ച ഒരു കൊല്ലം പിന്നിട്ടു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനായിരുന്നു ഈ ബഹിരാകാശപേടകത്തിന്റെ വിക്ഷേപണം.

പി.എസ്.എല്‍.വി.-സി 25 റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത് ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ്. ഐ.എസ്.ആര്‍.ഒ. ആ പഥം പടിപടിയായി വികസിപ്പിക്കുകയും ഡിസംബര്‍ ഒന്നിന് പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യന് ചുറ്റുമുള്ള പഥത്തിലാക്കുകയും ചെയ്തു. സൂര്യനെ പകുതി വലംവെച്ചപ്പോഴേക്കും സപ്തംബര്‍ 24-ന് ചൊവ്വയെ ചുറ്റാനുള്ള ദീര്‍ഘവൃത്തപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിട്ട് ഐ.എസ്.ആര്‍.ഒ. ചരിത്രവിജയം നേടി. ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകം 72 മണിക്കൂര്‍കൊണ്ടാണ് ഒരു വലയം പൂര്‍ത്തിയാക്കുന്നത്.

ചൊവ്വയെപ്പറ്റി പഠിക്കാന്‍ പേടകത്തില്‍ അഞ്ച് ഉപകരണങ്ങളുണ്ട്. അവയിലൊന്നായ കളര്‍ ക്യാമറ എടുത്തയച്ച ഏതാനും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ. പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ചൊവ്വാദൗത്യം വിജയിപ്പിച്ച നാലാം ശക്തിയാണ് ഇന്ത്യ. അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും ദൗത്യങ്ങളാണ് മുമ്പ് ജയിച്ചിട്ടുള്ളത്. ആദ്യ ചൊവ്വാദൗത്യംതന്നെ വിജയിപ്പിച്ചെന്ന പ്രശസ്തിയും ഇന്ത്യ നേടി. ചൊവ്വാദൗത്യം വിജയിപ്പിക്കാനായ ഏഷ്യന്‍ രാജ്യവും ഇന്ത്യമാത്രമാണ്. ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018ല്‍ നടത്താനാണ് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്. ചൊവ്വയില്‍ ഇറങ്ങുന്നതായിരിക്കും ഈ ദൗത്യം.

http://www.mathrubhumi.com/story.php?id=497289

Saturday, November 1, 2014

ഫെര്‍മിയുടെ പ്രഹേളിക : മറ്റുള്ളവരൊക്കെ എവിടെയാണ് ?

ഫെര്‍മിയുടെ പ്രഹേളിക : മറ്റുള്ളവരൊക്കെ എവിടെയാണ് ?

Fermi_2തന്റെ സഹപ്രവര്‍ത്തകരോടൊപ്പമിരുന്ന എന്‍റിക്കോ ഫെര്‍മി എന്ന പ്രശസ്ത ഭൗതികജ്ഞന്‍ ഭൗമേതര ജീവനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യമാണ് “മറ്റുള്ളവരൊക്കെ എവിടെയാണ് ?” എന്നത് .  നാളിതുവരെയുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും ഗണിതശാസ്ത്ര വിശകലനങ്ങളും  മുന്നോട്ടുവെയ്കുന്നത് ഭൗമേതരജീവന്റെ ശക്തമായ സാദ്ധ്യതകളാണ്. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും – അവരില്‍ നിന്നുമുള്ള സന്ദേശങ്ങളൊന്നും –  കാര്യമായി ലഭിച്ചിട്ടുമില്ല. കണക്കുകൂട്ടലുകളെ കുഴപ്പിക്കുന്ന ഈ സാഹചര്യത്തിലാണ്  ഈ ചോദ്യം ഫെര്‍മി ഉയര്‍ത്തുന്നത്. Where Is Everybody എന്ന Fermi Paradox – ന് ഉത്തരം നല്‍കുവാന്‍ അനവധിയാളുകള്‍ ശ്രമിച്ചിട്ടുണ്ട്. ആ ഉത്തരങ്ങളില്‍ ചിലതിലൂടെയുള്ള യാത്ര…
Enrico Fermi 1943-49
എന്‍റിക്കോ ഫെര്‍മി (1901 – 1949) 
കടപ്പാട് : commons.wikimedia.org
സുന്ദരമായ ഒരു രാത്രിയില്‍ പുറത്തിറങ്ങി ആകാശത്തേയ്ക്ക് നോക്കിയിട്ടുണ്ടോ? നക്ഷത്രം നിറഞ്ഞു നില്‍ക്കുന്ന ആകാശം കണ്ടു അത്ഭുതപെട്ടിട്ടുണ്ടോ? അപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സിലേയ്ക്ക് കടന്നു വരുന്ന ചിന്ത? പ്രപഞ്ചത്തിന്റെ അപാരത ആലോചിച്ചു നിങ്ങള്‍ക്ക് അത്ഭുതം തോന്നാറില്ലേ? എനിക്ക് സ്വന്തം അസ്തിത്വത്തിന്റെ തന്നെ തകര്ച്ച അനുഭവപെടും, അടുത്ത നിമിഷങ്ങളില്‍ ചെറിയ ഭ്രാന്തുള്ള മനുഷ്യന്‍ ആയി തീരും. ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ആയ എന്‍റിക്കോ ഫെര്‍മി ഒരു ദിനം മുകളിലേയ്ക്ക് നോക്കി ഇങ്ങനെ ആലോചിച്ചു “എവിടെ മറ്റുള്ളവര്‍?, ഇവിടെ അടുത്തു തന്നെ ഉണ്ടാവേണ്ടതാണല്ലോ”. ആ ചിന്ത ആണ് ഫെര്‍മി പാരഡോക്സ്.
സുന്ദരമായ ഒരു രാത്രിയില്‍ നിങ്ങള്‍ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണം പരമാവധി 2500 ആണ്  (മൊത്തം നക്ഷത്രങ്ങളുടെ പത്തുകോടിയില്‍ ഒരംശം) അതും പരമാവധി 1000 പ്രകാശ വര്‍ഷം  (ആകാശഗംഗയുടെ വ്യാസത്തിന്റെ ഒരു ശതമാനം) അകലെ മാത്രം ഉള്ളത്. അപ്പോള്‍ നിങ്ങള്‍ കാണുന്നത് പ്രപഞ്ചത്തിന്റെ അപാരതയില്‍ ഒന്നുമില്ലാത്ത ഒരു ബിന്ദു മാത്രമാണ്. പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മള്‍  പണ്ട് മുതല്‍ ചോദിക്കുന്നതും ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ചോദ്യമാണ് അന്യഗ്രഹ ജീവികള്‍ ഉണ്ടോ?, മറ്റൊരു ഭൂമിയുണ്ടോ?, അതോ നമ്മള്‍ ഈ മഹാ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ?
നമുക്കൊരു കണക്കു കൂട്ടല്‍ നടത്തി നോക്കാം. വളരെ രസകരമാണ് ഇതിലെ കണ്ടെത്തലുകള്‍. എന്നാല്‍ പേടിപ്പെടുത്തുന്നതും പരസ്പരവിരുദ്ധവും ആയ ചില കാര്യങ്ങളുമുണ്ട്.
നമ്മുടെ ഗാലക്സി ആയ ആകാശഗംഗയില്‍ മാത്രം 100-400 ബില്ല്യന്‍ നക്ഷത്രങ്ങള്‍ ഉണ്ടാവും. പക്ഷെ അത്രയും തന്നെ ഗാലക്സികളും ഉണ്ടാവും. മൊത്തത്തില്‍ നമ്മള്‍ കണ്ട പ്രപഞ്ചത്തില്‍ 1022 - 1024  (100000000000000000000000!!!!!!!!!) നക്ഷത്രങ്ങള്‍ ഉണ്ടെന്നു കണക്കാക്കുന്നു. ഭൂമിയിലെ കടല്‍തീരത്തുള്ള മൊത്തം മണല്‍തരികളുടെ ആയിരം ഇരട്ടി വരുമിത്‌. (മണല്‍ത്തരികളുടെ എണ്ണത്തിന് ഏകദേശം ഒരു കണക്കുണ്ട്, അത് വേറെ കഥ)
അതില്‍ എത്ര എണ്ണം സൂര്യന്റെ അതെ വലുപ്പത്തിലും പ്രകാശത്തിലും ഉണ്ട് എന്നുള്ള കാര്യത്തില്‍ ശാസ്ത്രം ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല എന്നാലും 5%-20% വരെ ഉണ്ടാവും എന്നാണു ഒരു ഏകദേശ കണക്ക്. നമ്മള്‍ക്കു 5% എന്നെടുക്കാം. ഇനി അതിനോട് ചേര്ന്നുള്ള ഗ്രഹങ്ങളില്‍ ഭൂമിയുടെ അതെ അവസ്ഥകള്‍ ഉള്ള, ജീവന്‍ ഉണ്ടാവാന്‍ സാധ്യതയുള്ള, ഗ്രഹങ്ങള്‍ എത്ര ഉണ്ടാവും എന്ന് നോക്കാം. ഈയിടെ നടന്ന ഒരു പഠനത്തില്‍ അത്  22% എന്നാണു കാണിക്കുന്നത്.
അപ്പൊ 5 x 22/100 = 1%. മൊത്തം ഭൂമി പോലുള്ള ഗ്രഹങ്ങള്‍ ഏതാണ്ട് 1022 x 1/100 = 1020 ആണ്. (10 ക്വാഡ്രില്യണ്‍ അഥവാ 10 മില്യണ്‍ ബില്യണ്‍)!!!!!!
ഇനി അങ്ങോട്ട്‌ മൊത്തം അനുമാനങ്ങള്‍ ആണ്. ജീവന്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ഗ്രഹങ്ങളില്‍ ഒരു ശതമാനം ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടായി എന്ന് കരുതുക. അതിലും ഒരു ശതമാനം ഗ്രഹങ്ങളില്‍ മനുഷ്യന്റെ നിലവാരത്തില്‍ ജീവന്‍ പരിണമിച്ചു എന്ന് കരുതുക. അതായത് 1022 x 1/10000 = 1018 ഗ്രഹങ്ങള്‍ എങ്കിലും മനുഷ്യരുടെ അതെ നിലവാരത്തില്‍ പരിണമിച്ച ജീവന്‍ ഉള്ളവയാണ്. അതായത് ഭൂമിയില്‍ എത്ര മണല്‍ തരിയുണ്ടോ അത്രയും ഭൂമികള്‍ വേറെയുണ്ടെന്നു കണക്കുകള്‍ പറയുന്നു. ഇനി മൊത്തം പ്രപഞ്ചം എടുക്കണ്ട. നമ്മുടെ ആകാശഗംഗയിലെ മാത്രം നക്ഷത്രങ്ങള്‍ എടുത്തു ഈ കണക്കു കൂട്ടിയാല്‍ ഒരു ബില്യന്‍ ജീവകണം ഉള്ള ഗ്രഹങ്ങളും ഒരു ലക്ഷം ഭൂമികളും (മനുഷ്യന്‍റെ അളവ് വരെ പരിണാമം പുരോഗമിച്ച ഗ്രഹം) കിട്ടും.
Earth's Location in the Universe SMALLER (JPEG)
ഭൂമി മുതല്‍ ദൃശ്യ പ്രഞ്ചംവരെ താരതമ്യം കടപ്പാട് : Andrew Z. Colvin, വിക്കിമീഡിയ കോമണ്‍സ്
നമ്മുടെ ഗാലക്സിയില്‍ മാത്രം ഒരു ലക്ഷത്തില്‍ അധികം ഭൂമികളും അവിടങ്ങളില്‍ ഒക്കെ മനുഷ്യരും ഉണ്ടെങ്കില്‍ അവയില്‍ ഒരു ശതമാനം എങ്കിലും സന്ദേശങ്ങള്‍ അയക്കുന്നുണ്ടാവില്ലേ? അവരുടെ സാന്നിധ്യം എങ്ങനെയെങ്കിലും നമുക്ക് സംവേദനകരം ആകില്ലേ? പക്ഷെ ഇന്നേ വരെ വിശ്വസനീയമായ ഒരു തെളിവ് അതിനു ലഭിച്ചിട്ടില്ല. അപ്പൊ ഫെര്‍മി ചോദിച്ചത് ശരിയല്ലേ? എവിടെ ഇവരെല്ലാം?, ഇവിടെ എവിടെയൊക്കെയോ തന്നെ ഉണ്ടാവേണ്ടാതാണല്ലോ. കാണുന്നില്ല.
ഇനി ഇതല്ല രസം. സൂര്യന്‍ താരതമ്യേന ചെറുപ്പക്കാരന്‍ ആണ്. സൂര്യനെക്കാള്‍ പ്രായം ഏറിയ ഒരുപാട് നക്ഷത്രങ്ങള്‍ ഉണ്ട്. അവയുടെ ഒക്കെ ഗ്രഹങ്ങളില്‍ ഉള്ള മനുഷ്യര്‍ എത്ര പുരോഗമിച്ചിരിക്കും. നമ്മള്‍ തന്നെ ആയിരം വര്‍ഷം കഴിഞ്ഞാലുള്ള പുരോഗമനം എത്ര ആയിരിക്കും? അക്കാലത്തെ ടെക്നോളജി എന്തായിരിക്കും? അപ്പൊ സൗരയൂഥത്തേക്കാള്‍ പത്തും ഇരുപതും ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള അവസ്ഥയില്‍ ഇരിക്കുന്ന ഒരു ഗ്രഹത്തിന്റെ പുരോഗതി ചിന്തിച്ചു നോക്കൂ. എന്നിട്ടും അവരുടെ ഒന്നും ഒരു പൊടി പോലുമില്ല കണ്ടുപിടിക്കാന്‍…

ഇവരൊക്കെ എവിടെ പോയിരിക്കുന്നു.??

Kardashev Scale എന്നൊരു അളവുകോല്‍ ഉപയോഗിച്ച് ഗ്രഹങ്ങളുടെ പുരോഗമന ഘട്ടങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
തരം 1: സ്വന്തം ഗ്രഹത്തിലെ മുഴുവന്‍ ഊര്‍ജവും ഉപയോഗിക്കാന്‍ കഴിവുള്ളവര്‍. നമ്മള്‍ മനുഷ്യര് ഏതാണ്ട് ഈ തരക്കാര്‍ ആണ്. എങ്കിലും മുഴുവനല്ല. കാള്‍ സാഗന്‍ ഒരു സമവാക്യം ഉപയോഗിച്ച് നമ്മള്‍ ഏതാണ്ട്  0.7 തരക്കാര്‍ ആണെന്ന് പറയുന്നു
തരം 2: സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജം മുഴുവന്‍ ഉപയോഗിക്കാന്‍ പഠിച്ചവര്‍. ഇതെങ്ങനെ സാധിക്കും എന്ന് നമ്മള്‍ തരം 1 ജാതിക്കാര്‍ക്ക് മനസിലാവില്ല. പക്ഷെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നു പറയാന്‍ പറ്റും.
തരം 3: ഇവര്‍ വന്‍ ടീമുകള്‍ ആണ്, ഒരു ഗാലക്സി മുഴുവന്‍ കയ്യടക്കി ഭരിക്കാന്‍ കഴിവുള്ളവര്‍ ആണ്. ഇന്റര്‍സ്റ്റെല്ലാര്‍ ട്രാവല്‍ ഒക്കെ ഇവര്‍ക്ക് പിടിത്തമുണ്ട്.
ഒരു അനുമാനത്തില്‍, നമ്മുടെ ഗാലക്സിയില്‍ ഉള്ള ഒരു ലക്ഷം ഭൂമികളില്‍ “തരം 3 സംസ്കാരം” ഉള്ള ഗ്രഹങ്ങള്‍ 0.5% ഉണ്ടെന്നു കണക്കാക്കിയാല്‍ പോലും നമ്മുടെ ഗാലക്സിയില്‍ മാത്രം ഇത്തരം ഒരു 500  സമൂഹങ്ങള്‍ കാണണം. ഇവരുടെ സാന്നിധ്യം എങ്ങനെ പോയാലും നമ്മള്‍ അറിയാതെ വരില്ല. എന്നിട്ടും ഒന്നും കാണുന്നില്ല. എവിടെപോയി ഇവരെല്ലാം ? ഇതാണ് ഫെര്‍മി പാരഡോക്സ്.
സാമാന്യ ഗണിതവും ഇതുവരെ ഉള്ള അറിവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അനുമാനവും വച്ച് നോക്കുമ്പോ കണക്കു ശരിയാണ്. പക്ഷേ അതിനെ സാധൂകരിക്കാന്‍ ഉള്ള തെളിവുകള്‍ കിട്ടുന്നില്ല.
ഇതിനു പല ഉത്തരങ്ങള പലരും നല്കുന്നുണ്ട്. പ്രധാനമായും രണ്ടു അഭിപ്രായക്കാര്‍ ആണുള്ളത്.
അഭിപ്രായം ഒന്ന്: നമ്മള്‍ക്ക് ആരുടേയും തെളിവുകള്‍ ലഭിക്കാത്തത് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് തന്നെയാണ്. (മിക്കവാറും എല്ലാവരും ഇത് പറയും). അപ്പൊ കണക്കും, ഇത് വരെ ഉള്ള അറിവുകളും അനുമാനങ്ങളും ഒക്കെ തെറ്റാണോ? അല്ല, മറ്റെന്തോ നടക്കുന്നുണ്ട് ഇതിന്റെ ഇടയില്‍, ആ മറ്റെന്തോ ആണ് നിര്‍ണായക ഘട്ടം  (Great  Filter ). പരിണാമത്തിന്റെ പാതയില്‍ എല്ലാ ജീവി സംസ്ക്കാരങ്ങള്‍ക്കും ഒരു നിര്‍ണായക ഘട്ടം തരണം ചെയ്യാനുണ്ടാവും. ആ നിര്‍ണായക ഘട്ടം മറികടക്കുന്ന ചുരുക്കം ചില ജീവി വര്‍ഗങ്ങളേ കാണൂ. ചിലപ്പോള്‍ ജീവന്‍ തന്നെ ഗ്രഹത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടേക്കാം. എല്ലാ ഗ്രഹങ്ങളിലും അതുണ്ടാവും. അത് മറികടക്കുന്നവര്‍ക്കേ തരം മൂന്ന് സംസ്കാരത്തിന്റെ അവസ്ഥയില്‍ എത്തിച്ചേരാന്‍ സാധിക്കൂ. അങ്ങനെയെങ്കില്‍ ഭൂമിയുടെ ആ ഘട്ടം കഴിഞ്ഞോ? അതിനു മൂന്നു സാധ്യതയാണ് ഉള്ളത്.
Milky_Way
വിശാലമായ ആകാശഗംഗയിലെ ചുവന്ന പൊട്ടുപോല കാണുന്ന സൗരയൂഥത്തിനുള്ളിലെ ഒരു കഞ്ഞു സ്ഥലമാണ് നമ്മുടെ ഭൂമി !
ഒന്ന്: ആ ഘട്ടം കഴിഞ്ഞു, അത് നമ്മള്‍ മറികടന്നു. അത് മറികടന്നു വന്ന ഒരേ ഒരു സമൂഹം ആണ് നമ്മള്‍. നമ്മള്‍ തരം 3 സംസ്കാരത്തിലെയ്ക്ക് കുതിച്ചു കൊണ്ടിരിക്കുക ആണ്. അങ്ങനെ എങ്കില്‍ ഇതിനെല്ലാം ഒരു ഉത്തരം ആയി. പക്ഷേ അപ്പൊ നമ്മുടെ പരിണാമ പാതയില്‍ ആ ഘട്ടം ഏതായിരുന്നു?
വീണ്ടും മൂന്നു സാധ്യത
  1. ജീവന്‍ ഉണ്ടായതാണ് ആ നിര്‍ണായകമായ ചാട്ടം. അങ്ങനെ ഭൂമിയില്‍ മാത്രമേ സംഭവിച്ചുള്ളൂ. അങ്ങനെയെങ്കില്‍ വേറെ മനുഷ്യര്‍ എന്നല്ല ജീവന്‍ തന്നെ കാണില്ല
  2. ഏക കോശ ജീവികളില്‍ നിന്ന് ബഹുകോശ ജീവികളിലെയ്ക്കുള്ള ചാട്ടം. സാധ്യത വളരെ കുറവാണ്. കാരണം ഇന്നും അത് നടക്കുന്നുണ്ട്.
  3. ബുദ്ധിയുള്ള മനുഷ്യര്‍ ഉണ്ടാവുക എന്നത് ഒരു വലിയ ചാട്ടം ആണ്. മൃഗങ്ങളില്‍ നിന്ന് ബോധവും ഇന്റലിജന്‍സും ഉള്ള മനുഷ്യര് പരിണമിച്ചു എന്നത്. അങ്ങനെയെങ്കില്‍ മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാവാം. പക്ഷേ പ്രാകൃത സംസ്കാരം ആയിരിക്കും. ചിലപ്പോ മൃഗങ്ങള്‍ മാത്രം ആയിരിക്കും. ഏതെങ്കിലും ഗ്രഹങ്ങളില്‍ ഡിനോസറും മാമത്തും ഒക്കെ വാഴുന്നുണ്ടാവും.
തിരിച്ചു നിര്‍ണായക ഘട്ടത്തിന്റെ രണ്ടാമത്തെ ഒപ്ഷനിലെയ്ക്ക് വരാം.
രണ്ട്: നമ്മള്‍ ആണ് ആദ്യം. നിര്‍ണായക ഘട്ടം ഇല്ല. ബിഗ്‌ ബാങ്ങിനു ശേഷം ആദ്യമായാണ് ജീവന്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത ഉണ്ടായത്. അത് നമ്മളാണ്. നമ്മള്‍ ആയിരിക്കും പ്രപഞ്ചം കീഴടക്കാന്‍ ആദ്യം പോകുന്നത്. ‌
മൂന്ന്: അപകടം കാത്തിരിക്കുന്നു. നിര്‍ണായക ഘട്ടം വരാന്‍ പോകുന്നതെ ഉള്ളൂ. ഒരു കാലത്ത് വലിയ പ്രളയം വന്നു നമ്മളെല്ലാം മരിക്കും. വീണ്ടും ജീവന്‍ ഉണ്ടായി വരും. വീണ്ടും മരിക്കും. അങ്ങനെ അങ്ങനെ കടന്നു പോകും. ഒന്നാലോചിച്ചു നോക്കൂ, നാളെ “മാര്‍സി”ല്‍ ഫോസിലുകള്‍ കണ്ടെത്തി എന്നോ മറ്റോ വാര്‍ത്ത വന്നാലുള്ള അവസ്ഥ. അതിന്റെ അര്‍ഥം എന്താണ്? അവിടെ മനുഷ്യര്‍ ഉണ്ടായിരുന്നു എന്നോ? അവരൊക്കെ എങ്ങനെയോ മരിച്ചു പോയി?, പേടിപെടുത്തുന്ന ഒരു വാര്‍ത്ത ആയിരിക്കുമത്. നിര്‍ണായക ഘട്ടം വരാനിരിക്കുന്നതെ ഉള്ളൂ എന്ന സത്യം നമ്മെ അതോര്‍മിപ്പിക്കും
അഭിപ്രായം രണ്ട്: ജീവന്‍ വേറെയും ഉണ്ട്, അവരെ നമ്മള്‍ അറിയാത്തത് വേറെ പല കാരണങ്ങള്‍ കൊണ്ടാണ്. അതില്‍ കുറെ കാരണങ്ങള്‍ ഉണ്ട്. കുറച്ചെണ്ണം ഇവിടെ പറയാം
ഒന്ന്: സൂപ്പര് ഇന്റലിജന്റ് ആള്‍ക്കാര്‍ ഭൂമിയില്‍ വന്ന കാലത്ത് മനുഷ്യര്‍ ഇല്ലായിരുന്നിരിക്കാം.
രണ്ട്: ഈ ഗാലക്സി ഒരു സമൂഹം പിടിച്ചടക്കി ഇരിക്കുകയാണ്. പക്ഷേ അതിന്റെ ഏതോ ഒരു മൂലയില്‍ ഒറ്റപെട്ടു കിടക്കുകയാണ്. അവരുടെ അനക്കങ്ങള്‍ ഒന്നും നമ്മുടെ ഭാഗത്ത് എത്തുന്നില്ല ആരും ഈ ഭാഗത്തേയ്ക്ക് വരുന്നുമില്ല.
മൂന്ന്: സന്ദേശങ്ങള്‍ അയക്കുന്നത് അപകടകരം ആണ്, വേറെ ആള്‍ക്കാര്‍ അറിഞ്ഞു നമ്മെ അപകടപെടുത്താന്‍ അത് സഹായിക്കും എന്ന അറിവില്ലാത്ത മണ്ടന്മാര്‍ ആയിരിക്കും നമ്മള്‍. മറ്റുള്ളവര്ക്ക് ആ ബോധ്യം ഉള്ളത് കൊണ്ട് അവര്‍ ഒതുങ്ങി കൂടി കഴിയുന്നു.
നാല്: ആകെ ഒരു സൂപ്പര് ഇന്റലിജന്റ് സമൂഹം മാത്രമേ ഉള്ളൂ. ഉയര്ന്നു വരുന്ന എല്ലാ സമൂഹത്തിനെയും അവര്‍ തകര്ക്കും. നമ്മളെയും അവര്‍ക്കൊരു ഇര ആവുന്ന കാലം വരെ കാത്തു നില്ക്കുന്നു എന്നെ ഉള്ളൂ. അവര്‍ക്കൊരു വെല്ലുവിളി ആവും എന്ന് തോന്നിയാല്‍ എടുത്തു വലിച്ചെറിയും അവര്.
അഞ്ചു: നമ്മുടെ ടെക്നോളജി കൊണ്ട് മനസിലാക്കാവുന്ന സംഗതികള്‍ അല്ല അവരുടേത്. ഒരു മാളില്‍ വാക്കി ടാക്കി കൊണ്ട് പോയിട്ട് എന്തെങ്കിലും സന്ദേശം കിട്ടുന്നുണ്ടോ എന്ന് നോക്കുക. ഒന്നും കിട്ടില്ല, കാരണം അവിടെ എല്ലാവരും മൊബൈല്‍ ഫോണ്‍ അല്ലെ ഉപയോഗിക്കുന്നത്. അപ്പൊ അവിടെ ആരും ഇല്ല എന്നര്‍ത്ഥമില്ലല്ലൊ.
സംഗതി സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ കാര്യങ്ങള്‍ പോലെ തോന്നുന്നുണ്ട് അല്ലെ?. ഏതാണ്ട് അത് പോലൊക്കെ തന്നാണ് കാര്യങ്ങള്‍. പക്ഷേ ഒരു കാര്യം ആലോചിക്കൂ. ഇപ്പൊ നമ്മള്‍ പണ്ടത്തെ ആളുകള് ഭൂമി പരന്നതാണെന്നും ആകാശം സ്വര്‍ഗത്തിന്റെ അടി ഭാഗം ആണെന്നും,  ഒക്കെ വിചാരിചിരുന്നവര്‍ ആയിരുന്നല്ലോ എന്ന് പറഞ്ഞു ചിരിക്കാറുണ്ട്. അത് പോലെ വേറെ എവിടെയെങ്കിലും ഇരുന്നു കുറെ മനുഷ്യര്‍ ചിരിക്കുന്നുണ്ടാവും. ഇവര്‍ക്കൊന്നും അറിയില്ലല്ലോ. എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ധാരണ പോലും ഇല്ലല്ലോ എന്നോര്‍ത്തുകൊണ്ട് !
പ്രപഞ്ചത്തിന്റെ ആയുസ്സ് ഒരു കൊല്ലത്തില്‍ അളന്നാല്‍ മൂന്നോ നാലോ സെക്കണ്ട് മുന്‍പ് മാത്രം ജന്മം കൊണ്ട ഒരു പ്രാകൃത സംസ്ക്കാരമാണ് മനുഷ്യ സംസ്കാരം. നമ്മള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത സംസ്കാരങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അതിനീ പറഞ്ഞതെല്ലാം സാധ്യമാണ്.
- ശ്രീജിത്ത് പരിപ്പായി
- See more at: http://luca.co.in/fermi-paradox-review/#sthash.plO9IVS5.dpuf

ബഹിരാകാശത്തേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ. ദൗത്യം ഡിസംബറില്‍ തുടങ്ങും

ബഹിരാകാശത്തേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ. ദൗത്യം ഡിസംബറില്‍ തുടങ്ങും

ബംഗളൂരു: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിന്റെ മുന്നോടിയായുള്ള പേടകം (മൊഡ്യൂള്‍) ഡിസംബറില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

''നേരത്തെതന്നെ ഈ പദ്ധതിയുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ ചൊവ്വാ ദൗത്യത്തിന് മുന്‍ഗണന നല്‍കിയതിനാലാണ് പദ്ധതി വൈകിയത്''- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന് ഇനി കാലതാമസം വരില്ല. ഇതിന് മുന്നോടിയായി മനുഷ്യനില്ലാത്ത പേടകത്തെ പരീക്ഷിക്കേണ്ടതുണ്ട്. ഈ വിക്ഷേപണമാണ് ഡിസംബര്‍ പകുതിയോടെ നടക്കുക. പേടകത്തിന് 3.6 ടണ്‍ ഭാരം വരും. ഈ ശ്രേണിയില്‍പ്പെട്ട പേടകത്തെ ബഹിരാകാശത്ത് എത്തിക്കണമെങ്കില്‍ ശക്തിയേറിയ വിക്ഷേപണവാഹനം ആവശ്യമാണ്. ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനം ഉപയോഗിച്ചായിരിക്കും വിക്ഷേപണം. 

ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. മൊഡ്യൂളില്‍ രണ്ട് സഞ്ചാരികള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന പേടകത്തെ തിരിച്ച് ഭൂമിയിലിറക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ ശക്തികൊണ്ട് തീപിടിക്കാനുള്ള സാധ്യത കാണേണ്ടതുണ്ട്. പാരച്യൂട്ട് ഘടിപ്പിച്ച വാഹനം ഉപയോഗിക്കാനാണ് തീരുമാനം. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് തിരിച്ച് ഭൂമിയിലേക്ക് സാവധാനം വാഹനത്തെ ഇറക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. 

ഇതിലൂടെ അന്തരീക്ഷ ഘര്‍ഷണം ഒഴിവാക്കാന്‍ കഴിയും. ദൗത്യത്തിനുശേഷം പേടകത്തെ കടലില്‍ ഇറുക്കുകയാണ് ലക്ഷ്യം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് സജ്ജമാക്കിയതിന് ശേഷമായിരിക്കും ചന്ദ്രയാന്‍ രണ്ട്, രണ്ടാം ചൊവ്വാ ദൗത്യം, മൊഡ്യൂള്‍ വിക്ഷേപണം എന്നിവയെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്- 16 ഡിസംബര്‍ നാലിന് വിക്ഷേപിക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

പി. സുനില്‍കുമാര്‍ @ മാതൃഭൂമി

http://www.mathrubhumi.com/story.php?id=496015

ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018 ല്‍

ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018 ല്‍



ബെംഗളൂരു:
 രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം ദൗത്യമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. 

'2018-ല്‍ ഈ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷ. ലാന്‍ഡര്‍ ആന്‍ഡ് റോവര്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യം. ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പേക്കണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബര്‍ 24-നാണ് ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. 

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തിന് ശേഷമായിരിക്കും രണ്ടാം ചൊവ്വാദൗത്യം. ചന്ദ്രയാന്‍ രണ്ട് 2016-ലാണ് വിക്ഷേപിക്കുക. ചന്ദ്രന്റെ ഉപരിതലത്തില്‍ പേടകത്തെ ഇറക്കിയുള്ള പരീക്ഷണമാണ് ചന്ദ്രയാന്‍ രണ്ടിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന സാങ്കേതികനേട്ടം ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് ശക്തമായ വിക്ഷേപണവാഹനം ആവശ്യമാണ്. ആദ്യ ദൗത്യത്തിന് ഉപയോഗിച്ചത് പി.എസ്.എല്‍.വി. റോക്കറ്റാണ്. രണ്ടാം ദൗത്യത്തിനായി ജി.എസ്.എല്‍.വി. വിക്ഷേപണ വാഹനം സജ്ജമാക്കണം. 

കൂടതല്‍ പേ ലോഡുകളുമായുള്ള പര്യവേക്ഷണപേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കണമെങ്കില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആവശ്യമാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജി.എസ്.എല്‍.വി. ഇതിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ. 

രണ്ടു മുതല്‍ മൂന്നു വരെ ടണ്‍ ഭാരമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാനും ഇത്തരം റോക്കറ്റ് ആവശ്യമാണ്. ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയുടെ 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജിനിക് എന്‍ജിനുള്ള ജി.എസ്.എല്‍.വിക്ക് കഴിയുമെന്നും ശിവകുമാര്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ ജനവരിയില്‍ നടന്ന ജി.എസ്.എല്‍.വി. വിക്ഷേപണം വിജയമായിരുന്നു. ഇതിന്റെ പരിഷ്‌കരിച്ച ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് ഡിസംബറില്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

http://www.mathrubhumi.com/technology/science/mars-mission-isro-mars-red-planet-mangalyaan-mars-orbiter-mission-mom-indian-space-research-organisation-chandrayaan-2-495909/