Saturday, November 15, 2014

വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ പേടകം കൂടുതല്‍ ഡേറ്റ അയച്ചു

വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ പേടകം കൂടുതല്‍ ഡേറ്റ അയച്ചു



കഴിഞ്ഞ ദിവസം വാല്‍നക്ഷത്രത്തിലിറങ്ങിയ ഫിലേ പേടകം വെള്ളിയാഴ്ച രാത്രി കൂടുതല്‍ ഡേറ്റ ഭൂമിയിലേക്ക് അയച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു. 

പേടകത്തിലെ ബാറ്ററി തീരുകയും അത് സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറുകയും ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഡേറ്റ അയച്ചത്. പേടകം അയയ്ക്കുമെന്ന് കരുതിയ മുഴുവന്‍ വിവരങ്ങളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

2004 നവംബര്‍ 12 നാണ് ചുര്യമോവ്- ഗെരാസിമെങ്കൊ വാല്‍നക്ഷത്രത്തിന്റെ ( 67P വാല്‍നക്ഷത്രം) പ്രതലത്തില്‍ ഫിലേ ഇറങ്ങിയത്. ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തെ ചുറ്റുന്ന റോസറ്റ പേടകത്തില്‍നിന്നാണ് ഫിലേ പേടകം വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിത പേടകം വാല്‍നക്ഷത്രത്തില്‍ വിജയകരമായി ഇറങ്ങിയത്.

ഫിലേ ഇറങ്ങിയത് പക്ഷേ, കിഴുക്കാംതൂക്കായ ഒരു പാറയുടെ ചെരുവിലായതിനാല്‍ അതിന്റെ സോളാര്‍ പാനലുകള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാതെ വന്നതാണ് ബാറ്ററി തീരാന്‍ കാരണം. 

വാല്‍നക്ഷത്രം തുരന്നുള്ള പരിശോധനകളുടെ ഫലം ബാറ്ററി നിശ്ചലമായാല്‍ ഭൂമിയിലേക്ക് അയയ്ക്കാനാവില്ല എന്ന് ആശങ്കയുണ്ടായിരുന്നു. വാല്‍നക്ഷത്രം തുരന്ന് ഭാഗങ്ങള്‍ ശേഖരിക്കാന്‍ ഫിലേക്ക് കഴിഞ്ഞതായി ഫിലേ ലാന്‍ഡര്‍ മാനേജര്‍ സ്റ്റീഫന്‍ ഉല്‍മാക്ക് വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ച വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കിയത്. 

http://www.mathrubhumi.com/technology/science/rosetta-mission-churyumov-garasimento-comet-astronomy-science-european-space-agency-esa-67p-comet-space-mission-philae-499838/

No comments:

Post a Comment