Saturday, November 1, 2014

ബഹിരാകാശത്തേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ. ദൗത്യം ഡിസംബറില്‍ തുടങ്ങും

ബഹിരാകാശത്തേക്ക് മനുഷ്യന്‍; ഐ.എസ്.ആര്‍.ഒ. ദൗത്യം ഡിസംബറില്‍ തുടങ്ങും

ബംഗളൂരു: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിന്റെ മുന്നോടിയായുള്ള പേടകം (മൊഡ്യൂള്‍) ഡിസംബറില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

''നേരത്തെതന്നെ ഈ പദ്ധതിയുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ ചൊവ്വാ ദൗത്യത്തിന് മുന്‍ഗണന നല്‍കിയതിനാലാണ് പദ്ധതി വൈകിയത്''- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന് ഇനി കാലതാമസം വരില്ല. ഇതിന് മുന്നോടിയായി മനുഷ്യനില്ലാത്ത പേടകത്തെ പരീക്ഷിക്കേണ്ടതുണ്ട്. ഈ വിക്ഷേപണമാണ് ഡിസംബര്‍ പകുതിയോടെ നടക്കുക. പേടകത്തിന് 3.6 ടണ്‍ ഭാരം വരും. ഈ ശ്രേണിയില്‍പ്പെട്ട പേടകത്തെ ബഹിരാകാശത്ത് എത്തിക്കണമെങ്കില്‍ ശക്തിയേറിയ വിക്ഷേപണവാഹനം ആവശ്യമാണ്. ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനം ഉപയോഗിച്ചായിരിക്കും വിക്ഷേപണം. 

ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. മൊഡ്യൂളില്‍ രണ്ട് സഞ്ചാരികള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന പേടകത്തെ തിരിച്ച് ഭൂമിയിലിറക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ ശക്തികൊണ്ട് തീപിടിക്കാനുള്ള സാധ്യത കാണേണ്ടതുണ്ട്. പാരച്യൂട്ട് ഘടിപ്പിച്ച വാഹനം ഉപയോഗിക്കാനാണ് തീരുമാനം. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് തിരിച്ച് ഭൂമിയിലേക്ക് സാവധാനം വാഹനത്തെ ഇറക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. 

ഇതിലൂടെ അന്തരീക്ഷ ഘര്‍ഷണം ഒഴിവാക്കാന്‍ കഴിയും. ദൗത്യത്തിനുശേഷം പേടകത്തെ കടലില്‍ ഇറുക്കുകയാണ് ലക്ഷ്യം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് സജ്ജമാക്കിയതിന് ശേഷമായിരിക്കും ചന്ദ്രയാന്‍ രണ്ട്, രണ്ടാം ചൊവ്വാ ദൗത്യം, മൊഡ്യൂള്‍ വിക്ഷേപണം എന്നിവയെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്- 16 ഡിസംബര്‍ നാലിന് വിക്ഷേപിക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

പി. സുനില്‍കുമാര്‍ @ മാതൃഭൂമി

http://www.mathrubhumi.com/story.php?id=496015

No comments:

Post a Comment