ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018 ല്‍
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം ദൗത്യമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു.
'2018-ല്‍ ഈ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷ. ലാന്‍ഡര്‍ ആന്‍ഡ് റോവര്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യം. ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പേക്കണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍ 24-നാണ് ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തിന് ശേഷമായിരിക്കും രണ്ടാം ചൊവ്വാദൗത്യം. ചന്ദ്രയാന്‍ രണ്ട് 2016-ലാണ് വിക്ഷേപിക്കുക. ചന്ദ്രന്റെ ഉപരിതലത്തില്‍ പേടകത്തെ ഇറക്കിയുള്ള പരീക്ഷണമാണ് ചന്ദ്രയാന്‍ രണ്ടിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന സാങ്കേതികനേട്ടം ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു.
ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിന് ശക്തമായ വിക്ഷേപണവാഹനം ആവശ്യമാണ്. ആദ്യ ദൗത്യത്തിന് ഉപയോഗിച്ചത് പി.എസ്.എല്‍.വി. റോക്കറ്റാണ്. രണ്ടാം ദൗത്യത്തിനായി ജി.എസ്.എല്‍.വി. വിക്ഷേപണ വാഹനം സജ്ജമാക്കണം.
കൂടതല്‍ പേ ലോഡുകളുമായുള്ള പര്യവേക്ഷണപേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കണമെങ്കില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആവശ്യമാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജി.എസ്.എല്‍.വി. ഇതിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ.
രണ്ടു മുതല്‍ മൂന്നു വരെ ടണ്‍ ഭാരമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹം വിക്ഷേപിക്കാനും ഇത്തരം റോക്കറ്റ് ആവശ്യമാണ്. ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയുടെ 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജിനിക് എന്‍ജിനുള്ള ജി.എസ്.എല്‍.വിക്ക് കഴിയുമെന്നും ശിവകുമാര്‍ പറഞ്ഞു.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ ജനവരിയില്‍ നടന്ന ജി.എസ്.എല്‍.വി. വിക്ഷേപണം വിജയമായിരുന്നു. ഇതിന്റെ പരിഷ്‌കരിച്ച ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് ഡിസംബറില്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
http://www.mathrubhumi.com/technology/science/mars-mission-isro-mars-red-planet-mangalyaan-mars-orbiter-mission-mom-indian-space-research-organisation-chandrayaan-2-495909/
No comments:
Post a Comment