Wednesday, April 1, 2015

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍
ചുവപ്പന്‍ ഗ്രഹത്തിന്റെ & മൂലയും മംഗള്‍യാന്‍ അരിച്ചുപെറുക്കുകയാണ്... താഴ്വരകള്‍, അഗ്നിപര്‍വതങ്ങള്‍, മലനിരകള്‍... തുടങ്ങി എല്ലായിടങ്ങളും. ചൊവ്വയുടെ ചുരുളഴിക്കാന്‍ പഞ്ചേന്ദ്രീയങ്ങളുമായി കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി വലംവയ്ക്കുന്ന പേടകത്തിന്റെ ആയുസ്സ് നീളുമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങള്‍ മംഗള്‍യാന്‍ ഇതിനോടകം ശേഖരിച്ച് അയച്ചു. ചൊവ്വയുടെ ഉപരിതലത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങളും ലഭിച്ചു. ഒപ്പം ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും. ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പേടകം പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണിത്.
മംഗള്‍യാനിലെ അഞ്ച് ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ എടുത്ത നാലു ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത്. അത്ഭുതങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കുന്ന വാല്‍സ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്വരയുടെ ചിത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളില്‍ ഏഴു കിലോമീറ്റര്‍ ആഴവുമുണ്ട്. 24,000 കിലോമീറ്റര്‍ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാര്‍സ് കളര്‍ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളില്‍നിന്നാണ് ഇവ പകര്‍ത്തിയത്. അഗ്നിപര്‍വതങ്ങളില്‍നിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ്് നിഗമനം. ചില ഭാഗങ്ങളില്‍ ടണല്‍പോലെയുള്ള ഭാഗങ്ങളും കാണാം.
ചൊവ്വയുടെ &ഹറൂൗീ;ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.435 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഏര്‍ഷ്യമോണ്‍സ് എന്ന അഗ്നിപര്‍വതത്തിന്റെ ചിത്രമാണ് മറ്റൊന്ന്. തെക്കന്‍ മേഖലയിലുള്ള ഈ പര്‍വതത്തിന് 15 കിലോമീറ്ററിലധികമാണ് ഉയരം. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സിനു സമീപമാണിത്. പേടകത്തിലെ മറ്റൊരു ഉപകരണമായ മീഥൈന്‍ സെന്‍സര്‍ ശേഖരിച്ച പ്രഥമ വിവരങ്ങളും കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ അന്തരീക്ഷം, പ്രതലം എന്നിവയെ പ്പറ്റിയുള്ള സൂക്ഷ്മവിവരങ്ങളാണിവ.മാഴ്സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്നിവ കൂടാതെ ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിഷന്‍ അനലൈസര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യമായ മംഗള്‍യാന്‍ 2014 സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിഎക്സ് എല്‍സി-25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരുമാസത്തോളം നിലനിര്‍ത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയര്‍ത്തുകയും തുടര്‍ന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തില്‍ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മംഗയാന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആയുസ്സ് ഒരുവര്‍ഷംമുതല്‍ മുകളിലേക്കു നീളുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തല്‍. പേടകത്തില്‍ ഇന്ധനം കൂടുതല്‍ ബാക്കിയുള്ളതിനാലാണിത്.

ജീവന്‍ തേടുന്ന ചിത്രങ്ങള്‍ 
ഡോ. എ രാജഗോപാല്‍ കമ്മത്ത് 
ചൊവ്വയില്‍നിന്നുള്ള ചിത്രങ്ങള്‍ വലിയ അന്വേഷണങ്ങള്‍ക്ക് ചൂണ്ടുപലകയാകാം. ബുധന്‍, ശുക്രന്‍, ഭൂമി എന്നിവയോടൊപ്പം സിലിക്കേറ്റുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാണപ്പെടുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ പണ്ടുകാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചൊവ്വയിലെ സാഹചര്യങ്ങള്‍ വലിയ ജീവികള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതല്ല. എങ്കിലും പണ്ടുകാലത്ത് ഏതെങ്കിലും തരത്തിലുള്ള ജീവന്‍ നിലനിന്നിരുന്നു എന്നു കരുതാനാണ് ശാസ്ത്രലോകത്തിന് ഇഷ്ടം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് എന്ന ബഹിരാകാശയാനം ചൊവ്വയില്‍ മീഥേന്‍ വാതകസാന്നിധ്യം ഉറപ്പിച്ചിരുന്നു. ചൊവ്വയുടെ ചരിത്രം ഇതുവരെ നാം കരുതിയതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതുവരെ നമുക്ക് അറിയാന്‍കഴിയാത്ത ജൈവപ്രക്രിയയിലൂടെയാണ് ചൊവ്വയില്‍ മീഥേന്‍ ഉണ്ടാകന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഋതുക്കള്‍, ഭൂപ്രകൃതി എന്നിവയുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മീഥേന്‍ വാതക സാന്ദ്രതയിലുണ്ടാകുന്ന മാറ്റം പഠിക്കുക എന്നത് വളരെ പ്രധാനമാണ്.
ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനിലെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് എന്ന ഉപകരണം നല്‍കാന്‍പോകുന്ന വിവരം വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെയുള്ള ബഹിരാകാശ ദൗത്യങ്ങളെല്ലാംതന്നെ ചൊവ്വയുടെ ഉപരിതലത്തിലോ ചൊവ്വയുടെ അന്തരീക്ഷത്തിന് തൊട്ടുമുകളിലുള്ള ഭ്രമണപഥത്തിലോ ആണ് നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ ചൊവ്വാദൗത്യം ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായതിനാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിനു തൊട്ടുമുകളിലും അതിനുമപ്പുറത്തേക്കുമുള്ള അവസ്ഥകളെ പഠനവിധേയമാക്കുന്നു. ചൊവ്വയിലെ മീഥേന്റെ സാന്ദ്രതയിലെ ഏറ്റക്കുറച്ചിലുകള്‍ ഭൂവിജ്ഞാനീയപരമായ കാരണങ്ങളാലാണോ അതോ നിശ്ചിതമായ ജൈവപ്രക്രിയമൂലമാണോ എന്ന് അനുമാനിക്കാന്‍ ഇന്ത്യയുടെ മംഗള്‍യാന്‍ നല്‍കുന്ന വിവരം സഹായകമാകും. ജലകണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ബഹിരാകാശത്തിലേക്ക് നഷ്ടപ്പെടുന്നതിന്റെ തോതും പഠനവിധേയമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മംഗള്‍യാനിലെ മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിവരങ്ങള്‍ മുന്‍നിര ബഹിരാകാശ പര്യവേക്ഷണ ഏജന്‍സികളുടെ ദൗത്യങ്ങളുമായി ഏകീകരിച്ച് അനുമാനങ്ങളില്‍ എത്തിച്ചേരുന്നതാണ്.
വ്യക്തമായ ചിത്രങ്ങള്‍ സി രാമചന്ദ്രന്‍
മംഗള്‍യാനില്‍നിന്നുള്ള ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്. ചൊവ്വയില്‍ സമുദ്രങ്ങളല്ല, ചെറിയ കടലുകളാണ് ഉണ്ടായിരുന്നതെന്നു വിചാരിക്കത്തക്കവിധമുള്ള ചില വിവരങ്ങളുണ്ട്. ചില പാറകളെക്കുറിച്ചു പഠിക്കുമ്പോള്‍ ചൊവ്വയിലുണ്ടായിരുന്ന വലിയ അഗ്നിപര്‍വതങ്ങളുടെ സ്വരൂപങ്ങളെന്നു തോന്നിക്കുന്ന ചിത്രങ്ങളും ലഭിക്കുന്നുണ്ട്. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്പേസ് സൊസൈറ്റി 2015ലെ സ്പേസ് പയനിയര്‍ അവാര്‍ഡ് ഐഎസ്ആര്‍ഒക്കാണ് നല്‍കുന്നത്. ആദ്യ ചൊവ്വാദൗത്യം വിജയിപ്പിച്ചതിനും ഏറ്റവും വ്യക്തതയുള്ള ചൊവ്വയുടെ വിദൂരചിത്രം ലഭ്യമാക്കിയതിനുമാണ് അവാര്‍ഡ്. പത്തുവര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ നാസയ്ക്കു പദ്ധതിയുണ്ട്. അതിനായി ഒരു പരീക്ഷണവാഹനവും തയ്യാറായിവരുന്നു. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) എന്ന ഈ വാഹനത്തില്‍ ബഹിരാകാശനിലയത്തിലേക്ക് 130 ടണ്‍ ഭാരം എത്തിക്കാന്‍ കഴിയും. സ്പേസ് ഷട്ടിലുകള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതിന്റെ നാലിരട്ടി ഭാരമാണിത്. ഇതേ വാഹനംതന്നെയാകും ഭാവിയിലെ അമേരിക്കയുടെ ചൊവ്വാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുക.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-448595.html#sthash.J0bOBnrc.dpuf

വരുന്നൂ... പുതിയ ബഹിരാകാശനിലയം

വരുന്നൂ... പുതിയ ബഹിരാകാശനിലയം



റഷ്യ സ്വന്തമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നതാണ് ആ വാര്‍ത്ത. റഷ്യന്‍നഗരമായ ഉഫയില്‍, വരുന്ന ജൂലൈയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയില്‍ ഇതു സംബന്ധിച്ചുള്ള പദ്ധതിരൂപരേഖ റഷ്യ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. റഷ്യയുടെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കമീഷനാണ് ഇത്തരത്തിലുള്ള തീരുമാനം ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ പ്രസിഡന്റായ വ്ളാദിമര്‍ പുടിന്‍ കമീഷന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സാങ്കേതികമായ സഹകരണം ഉറപ്പിക്കുന്നതിലൂടെ ബഹിരാകാശരംഗത്ത് പുതുസാന്നിധ്യം ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ നിലവിലുള്ള രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ കാലാവധി 2020ന് അവസാനിക്കുകയാണ്. രാജ്യാന്തര സഹകരണത്തോടെ ഇത് 2024 വരെ നീട്ടാമെന്നതായിരുന്നു അമേരിക്കയുടെ ചിന്ത. എന്നാല്‍, ഉക്രയിനും റഷ്യയുമായുള്ള പ്രശ്നങ്ങള്‍ ഇത്തരമൊരു സാധ്യതയ്ക്ക് വിലങ്ങുതടിയാവുകയാണ്. ഇക്കാരണത്താലാണ് റഷ്യ സ്വന്തം നിലയില്‍ ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നത്.
ബഹിരാകാശത്തേക്ക് സ്വന്തം നിലയില്‍ ആളുകളെ എത്തിക്കാനുള്ള സാങ്കേതികശേഷിയും ചൈന കൈവരിച്ചിട്ടുണ്ട്. ചൈനയുമായി ഭൂമിശാസ്ത്രപരമായി അടുത്തുനില്‍ക്കുന്ന ഒരു വിക്ഷേപണനിലയം  (Vostochny Cosmodrome) റഷ്യക്കുള്ളതും ഇത്തരത്തിലുള്ള സഹകരണത്തെ എളുപ്പമാക്കുന്നുണ്ട്. ബ്രസീലിന്് ബഹിരാകാശ പദ്ധതികളുണ്ടെങ്കിലും നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണത്തില്‍ മാത്രമാണ് അവര്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ, സ്വന്തമായ റോക്കറ്റ് വിക്ഷേപണസൗകര്യവും സാങ്കേതികതയും ഇപ്പോഴുമില്ല. ഇക്കാരണത്താല്‍, ചാന്ദ്രയാനും മംഗല്‍യാനും വിജയത്തിലെത്തിച്ച ഇന്ത്യക്കാണ് ചൈന പിന്മാറിയാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഏറെ സാധ്യത.
ബഹിരാകാശനിലയങ്ങളുടെ കഥ
ലോകത്ത് ആദ്യമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കുന്നത് സോവിയറ്റ് യൂണിയനാണ്. സല്യൂട്ട് (Salyut) എന്നു പേരിട്ട ഇത് 1971 ഏപ്രില്‍ 19നാണ് വിക്ഷേപിച്ചത്. സല്യൂട്ട് പരമ്പരയില്‍പ്പെട്ട മറ്റു ബഹിരാകാശനിലയങ്ങള്‍ (Salyut-2, Salyut-3) സൈനികാവശ്യങ്ങള്‍ക്കുള്ളവയായിരുന്നു. അങ്ങനെയുള്ളവ പുതിയൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്: അല്‍മാസ് (Almaz). ഈ പരമ്പര സല്യൂട്ട്-7വരെ നീണ്ടിരുന്നു. ബഹിരാകാശത്ത് എത്തിക്കുന്ന ഒരു മുഖ്യഭാഗത്തിനു തുടര്‍ച്ചയായി അനുബന്ധഭാഗങ്ങള്‍ ചേര്‍ത്ത് പതുക്കിനിര്‍മിക്കുന്ന തരത്തിലുള്ള ബഹിരാകാശനിലയമായിരുന്നു ലോകപ്രസിദ്ധമായിത്തീര്‍ന്ന മിര്‍ (Mir). 1986ല്‍ വിക്ഷേപിച്ച ഇത് 2001 വരെ പ്രയോജനക്ഷമമായി നിലനിന്നിരുന്നു. ഇതേ മാത്യകയില്‍ പിന്നീട് നിര്‍മിച്ചതായിരുന്നു ഭഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (International Space Station-ISS).
രണ്ട് പ്രധാന പ്രവര്‍ത്തന പങ്കാളികള്‍ക്കായി രണ്ടു ഭാഗങ്ങള്‍ നീക്കിവയ്ക്കപ്പെട്ട തരത്തിലായിരുന്നു ഇത് നിര്‍മിച്ചത്. ഒന്നാം ഭാഗം റഷ്യയും രണ്ടാം ഭാഗം അമേരിക്കയുമാണ് നിയന്ത്രിച്ചത്്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കും സ്പേസ് സ്റ്റേഷനില്‍ താമസിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇക്കാരണത്താലാണ് അത് രാജ്യാന്തര ബഹിരാകാശനിലയം എന്ന് അറിയപ്പെട്ടത്. 1998ലാണ് രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ ആദ്യഭാഗം വിക്ഷേപിച്ചത്. അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്കോമോസ്, യൂറോപ്യന്‍ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നിവയാണ് പ്രവര്‍ത്തനത്തില്‍ ഇന്ന് പങ്കുകൊള്ളുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍.പുതിയ നിലയംമിര്‍ എന്നതുപോലെയുള്ള ചുരുക്കപ്പേര് റഷ്യ നിര്‍മിക്കാനിരിക്കുന്ന പുതിയ ബഹിരാകാശനിലയത്തിന് നിര്‍ദേശിച്ചെങ്കിലും മിറിന് ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാനുള്ള പദ്ധതി റഷ്യക്ക് നേരത്തെ ഉണ്ടായിരുന്നു. മിര്‍-2 എന്നു പേരിട്ട ഈ പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് ഒരിക്കലും നടപ്പായില്ല. നിലവില്‍ ഒരു നീണ്ട പേരാണ് പുതിയ റഷ്യന്‍ ബഹിരാകാശ നിലയത്തിനായി നല്‍കിയിരിക്കുന്നത്:
ഓര്‍ബിറ്റല്‍ പൈലറ്റഡ് അസംബ്ലി ആന്‍ഡ് ടെക്നിക്കല്‍ കോംപ്ലക്സ് (Orbital Piloted Assembly and Experiment Complex). എന്നാല്‍ ഇത് സാങ്കേതികമായ പേരാണ്. പുതിയൊരു വിളിപ്പേര് നിശ്ചയിക്കുന്നതോടെ ഇത് ഔദ്യോഗിക നാമമായി മാറും. ഇപ്പോഴുള്ള രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്ന് അടര്‍ത്തിമാറ്റുന്ന റഷ്യന്‍നിര്‍മിത ഭാഗങ്ങളാകും പുതിയ നിലയത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുകയെന്നും പദ്ധതിരേഖകളില്‍ പറയുന്നു.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-450428.html#sthash.YX2IXKks.dpuf

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍, ഉപരിതലത്തിലെ മഞ്ഞുപാളിക്കടിയില്‍ സമുദ്രമുണ്ട് എന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്

വ്യാഴഗ്രഹവും ഉപഗ്രഹമായ ഗാനിമീഡും -ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/ESA 


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍ ( Ganymede ) സമുദ്രമുണ്ട് എന്ന നിഗമനത്തിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ഗവേഷകര്‍.

വ്യാഴത്തിന്റെ ആ ഉപഗ്രഹത്തില്‍ മഞ്ഞുറഞ്ഞ പുറന്തോടിനുള്ളില്‍ സമുദ്രമുണ്ടെന്നതിന്, ഹബ്ബില്‍ സ്‌പേസ് ടെലസ്‌കോപ്പില്‍ നിന്നാണ് കുടുതല്‍ തെളിവെത്തിയത്. വാസയോഗ്യമായ ഒരു ലോകമാണോ ഗാനിമീഡിലേതെന്ന ആകാംക്ഷയുണര്‍ത്തുന്നതാണ് പുതിയ വിവരങ്ങള്‍.

ഗാനിമീഡിനെ അടുത്തു ചെന്ന് നിരീക്ഷിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'ജൂസ് പേടകം' ( Juice probe ) 2022 ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്.

നാസയുടെ 'ഗലീലിയോ ദൗത്യം' 2000 ത്തിന്റെ തുടക്കത്തില്‍ ഗാനിമീഡ് ഉപഗ്രഹത്തെ നിരീക്ഷിച്ചിരുന്നു. 5300 കിലോമീറ്റര്‍ വിസ്താരമുള്ള ആ ഉപഗ്രഹത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സമുദ്രമുണ്ടെന്ന സൂചനയും ഗലീലിയോ നല്‍കുകയുണ്ടായി.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം എന്നത് മാത്രമല്ല ഗാനിമീഡിന്റെ സവിശേഷത. സ്വന്തമായി കാന്തികമണ്ഡലമുണ്ട് അതിന്.

ഗാനിമീഡിന്റെ കാന്തികമണ്ഡലത്തെയാണ് ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സസൂക്ഷ്മം നിരീക്ഷിച്ചത്. ആ നീരീക്ഷണ ഡേറ്റയില്‍നിന്ന് ഉപഗ്രഹത്തിന്റെ ആന്തരഘടന നിരൂപിച്ചെടുക്കാന്‍ ഗവേഷകര്‍ക്കായി. ലണംശമുള്ള സമുദ്രം ഉപഗ്രഹത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത് അങ്ങനെയാണ്.

ഗാനിമീഡിലെ സമുദ്രത്തിന് 330 കിലോമീറ്ററില്‍ കൂടുതല്‍ ആഴമുണ്ടാകാന്‍ സാധ്യതയില്ലെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ കൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോഹിം സൗര്‍ പറഞ്ഞു.

ജീവന്റെ നിലനില്‍പ്പില്‍ ഏറ്റവും പ്രധാനഘടകമാണ് ജലസാന്നിധ്യം. ഗാനിമീഡില്‍ സമുദ്രമുണ്ടെന്ന സൂചന അതുകൊണ്ട് തന്നെ ഗവേഷകരെ ആവേശംകൊള്ളിക്കുന്നു.

http://www.mathrubhumi.com/technology/science/ganymede-solar-system-subsurface-ocean-jupiter-moon-hubble-space-telescope-astronomy-juice-probe-530481/

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം


ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടാംഘട്ടം പരീക്ഷണം ആരംഭിക്കുകയാണ്. ഭൗതികശാസ്ത്രത്തിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുമെന്ന് കരുതുന്ന കണികാപരീക്ഷണത്തിന്റെ പുതിയ ഘട്ടത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്

ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ഒരു ഭാഗം 

ലോകത്തെ ഏറ്റവും ശക്തിയേറിയ യന്ത്രം കൂടുതല്‍ കരുത്തോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരും നിരീക്ഷിക്കാത്ത കണങ്ങളോ? സ്ഥലകാലങ്ങളില്‍നിന്ന് ഭിന്നമായ പുതിയ ഡൈമന്‍ഷനുകളോ? അതോ, പുതിയ പ്രപഞ്ചസിദ്ധാന്തങ്ങളോ? അത്യന്തം ആകാംക്ഷയിലാണ് ശാസ്ത്രലോകം.

ജനീവയില്‍ സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ( LHC ) 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നവീകരണത്തിനായി 2013 ആദ്യം നിര്‍ത്തിവെച്ച എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനം ഈ മാര്‍ച്ച് അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ്, പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ( CERN ) അറിയിച്ചിട്ടുള്ളത്.

ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിക്ക് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ചിതറിച്ച്, അതില്‍നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് മനസിലാക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുന്നത്.

ഏതാണ്ട് 43,000 കോടി രൂപ ചെലവിട്ട് പത്തുവര്‍ഷംകൊണ്ട് നിര്‍മിച്ച കണികാത്വരക ( particle accelerator ) മാണ് എല്‍.എച്ച്.സി. ഇന്ത്യയുള്‍പ്പടെ 113 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ സഹകരിക്കുന്നു.

എല്‍.എച്ച്.സിയുടെ ആദ്യഘട്ടത്തില്‍ വമ്പനൊരു ഇര കുടുങ്ങിയിരുന്നു-'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍. 2012 ലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം കണികാപരീക്ഷണത്തില്‍ സ്ഥിരീകരിച്ചത്. പ്രപഞ്ചത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഭൗതികശാസ്ത്രരംഗത്തുണ്ടായ ഏറ്റവും പ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

ഹിഗ്ഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്തുക എന്നത് മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു എങ്കിലും, ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന മറ്റ് പല സമസ്യകള്‍ക്കും ഉത്തരം തേടാന്‍ ലക്ഷ്യമിട്ടാണ് എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

അത്യുന്നത ഊര്‍ജനിലയില്‍ പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍, ഊര്‍ജവും പദാര്‍ഥവും കൂടിക്കുഴഞ്ഞ ആദിമ പ്രപഞ്ചത്തിന്റെ ചെറിയൊരു രൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടും. മഹാവിസ്‌ഫോടനം ( Big Bang ) വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളുടെ ചെറിയൊരു പതിപ്പാണത്. എന്തുകൊണ്ട് പ്രപഞ്ചം ഇന്നത്തെ നിലയില്‍ കാണപ്പെടുന്നു എന്നറിയണമെങ്കില്‍ ഈ ദിശയിലുള്ള അന്വേഷണം കൂടിയേ തീരൂ. 

ചെമ്പുരുക്കുന്ന ശക്തി 

ശരിക്കുപറഞ്ഞാല്‍, രണ്ടുവര്‍ഷംമുമ്പ് അടച്ചിട്ട എല്‍.എച്ച്.സിയല്ല ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിമുടി പരിഷ്‌ക്കരിച്ച് ആ യന്ത്രത്തെ ഏതാണ്ട് ഇരട്ടി ശേഷിയുള്ളതാക്കി മാറ്റിയിരിക്കുന്നു.

'ഫലത്തില്‍ ഇതിപ്പോള്‍ പുതിയ യന്ത്രമാണ്'-സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹുയര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളത്തില്‍ പറയുകയുണ്ടായി. 'അടച്ചിട്ടിരുന്ന സമയത്ത് യന്ത്രത്തിന്റെ ഓരോ 20 മീറ്റര്‍ ഇടവിട്ട് ഞങ്ങള്‍ തുറക്കുകയുണ്ടായി'. 

എല്‍.എച്ച്.സിയിലെ കോംപാക്ട് മ്യുവോണ്‍ സോളിനോയിഡിന്റെ ( CMS ) ഭാഗം

ബാഹ്യപ്രപഞ്ചത്തില്‍പോലും കാണാത്തത്ര താഴ്ന്ന താപനിലയില്‍, മൈനസ് 273 ഡിഗ്രി സെല്‍സിയസില്‍, സ്ഥിതിചെയ്യുന്ന ഏതാണ്ട് പതിനായിരത്തോളം അതിചാലക വൈദ്യുതകാന്തങ്ങളാണ് 27 കിലോമീറ്റര്‍ നീളമുള്ള എല്‍.എച്ച്.സി.ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ കൃത്യമായ ദിശയില്‍ ചരിപ്പിക്കുന്നത്. 'അതിശീതാവസ്ഥയിലുള്ള പതിനായിരത്തോളം കാന്തങ്ങളിലെയും കണക്ഷനുകള്‍ പരിശോധിച്ച് പരിഷ്‌ക്കരിച്ചു' - ഹുയര്‍ അറിയിച്ചു.

2013 ല്‍ അടച്ചിടുമ്പോള്‍ 8 TeV (ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്) ആയിരുന്നു എല്‍.എച്ച്.സിയുടെ ശേഷിയെങ്കില്‍, രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍ അത് 13 TeV ആയിരിക്കുന്നു. മുമ്പത്തെക്കാള്‍ 60 ശതമാനം കൂടുതല്‍ ശക്തിയോടെയാണ് കണികകള്‍ കൂട്ടിയിടിക്കുക. ഒരു കണികാത്വരകം ഇത്ര വലിയ ഊര്‍ജനില കൈവരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളുടെ തീവ്രതയും ( luminosity ) രണ്ടാംഘട്ടത്തില്‍ കൂടും. ഇതിനര്‍ഥം ഒരോ സെക്കന്‍ഡിലും സംഭവിക്കുന്ന കണികാകൂട്ടിയിടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ്. മുമ്പ് സെക്കന്‍ഡില്‍ 36 കോടി കണികാകൂട്ടിയിടികള്‍ നടന്നിടത്ത്, ഇനി സെക്കന്‍ഡില്‍ 70 കോടി കൂട്ടിയിടികളാകും സംഭവിക്കുക.

ഇതിന്റെ ഫലമായി, പുതിയ കണങ്ങളും പ്രതിഭാസങ്ങളും പ്രത്യക്ഷപ്പെടുന്നതിനൊപ്പം കൂടുതല്‍ ഡേറ്റയും എല്‍.എച്ച്.സിയില്‍ സൃഷ്ടിക്കപ്പെടും. സ്വാഭാവികമായും ഡേറ്റാവിശകലനത്തിനുള്ള സംവിധാനങ്ങള്‍ വിപുലമാക്കേണ്ടിവരും.

പുതുക്കിയ എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനശേഷി കാര്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, രണ്ടാംഘട്ടം തുടങ്ങിയ ഉടന്‍ ഇത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള പരീക്ഷണം പ്രതീക്ഷിക്കേണ്ടതില്ലെന്ന് 'സേണ്‍' അധികൃതര്‍ പറയുന്നു. തുടക്കത്തില്‍ എല്‍.എച്ച്.സിയിലൂടെ കണികാധാരകള്‍ കടത്തിവിട്ട് നോക്കുക മാത്രമാണ് ചെയ്യുക. കൂട്ടിയിടികള്‍ ആരംഭിക്കുക രണ്ടുമാസമെങ്കിലും കഴിഞ്ഞായിരിക്കുമെന്ന് ഹുയര്‍ അറിയിച്ചു.

തീവ്രത വര്‍ധിച്ചതിനാല്‍ കണികാധാരകള്‍ അത്യുന്നത താപനിലയിലായിരിക്കും. 'അത്തരത്തില്‍ ശക്തിയേറിയ കണകാധാരകള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. കാരണം, ഓരോ കണികാധാരയ്ക്കും 500 കിലോഗ്രാം ചെമ്പ് ഉരുക്കാനുള്ളത്ര ശക്തിയും താപനിലയുമുണ്ടായിരിക്കും. രണ്ട് കണികാധാരകളും ഒരുമിച്ചായാല്‍ ഒരു ടണ്‍ ചെമ്പുരുകും' - ഹുയര്‍ പറഞ്ഞു. 


'സ്റ്റാന്‍ഡേര്‍ഡ് മോഡലി'നപ്പുറത്തേക്ക്

വര്‍ധിതശക്തിയോടെ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, ഗവേഷകരുടെ ആദ്യ ശ്രദ്ധ ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാകും.

പ്രപഞ്ചസാരം സംബന്ധിച്ച് 1970 കളില്‍ നിലവില്‍വന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ( Standard Model ) വന്‍വിജയമായാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രപഞ്ചത്തില്‍ മൗലികതലത്തില്‍ പദാര്‍ഥവും ബലങ്ങളും എങ്ങനെ ബന്ധപ്പെടുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. 12 പദാര്‍ഥകണങ്ങളും നാല് അടിസ്ഥാനബലങ്ങളുമാണ് പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മുന്നോട്ടു വെയ്ക്കുന്നത്. 

എല്‍.എസ്.സിയിലെ സി.എം.എസ്.എക്‌സ്‌പെരിമെന്റില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ പ്രത്യക്ഷപ്പെട്ട ഒരു കണികാകൂട്ടിയിടി 

ഗുരുത്വബലം, വൈദ്യുതകാന്തികബലം, അതിബലം ( Strong force ), ക്ഷീണബലം ( weak force ) എന്നിവയാണ് നാല് അടിസ്ഥാനബലങ്ങള്‍. ഇതില്‍ ഗുരുത്വബലം സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ പരിധിയില്‍ വരുന്നില്ല. സൂക്ഷ്മപ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടംഭൗതികത്തെയും, സ്ഥൂലപ്രപഞ്ചത്തെ വിശദീകരിക്കുന്ന ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയും ഏകീകരിച്ച് ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഭൗതികശാസ്ത്രത്തിന് കഴിയാത്തതാണ്, ഗുരുത്വബലം ഇപ്പോഴും കളത്തിന് പുറത്തുനില്‍ക്കാന്‍ കാരണം.

മാത്രമല്ല, ഗാലക്‌സികളെ നിലനിര്‍ത്തുന്ന തമോദ്രവ്യ (Dark Matter) മെന്ന നിഗൂഢപദാര്‍ഥത്തെ സംബന്ധിച്ചും സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിശബ്ദമാണ്. ശ്യാമദ്രവ്യത്തെ വിശദീകരിക്കാന്‍ 'സൂപ്പര്‍സിമട്രി' ( supersymmetry ) എന്നൊരു സൈദ്ധാന്തിക സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വിപുലീകരണമായാണ് സുപ്പര്‍സിമട്രി കടന്നുവരുന്നത് (SUSY എന്നിതിനെ ഓമനപ്പേരിട്ട് വിളിക്കാറുണ്ട്). സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെടുന്ന ഓരോ കണത്തിനും, ഇനിയും കണ്ടെത്താത്ത ഒരോ 'സൂപ്പര്‍പങ്കാളി' ( superpartner ) വീതം ഉണ്ടെന്ന് ഈ സിദ്ധാന്തം പറയുന്നു. ഇലക്ട്രോണിന് 'സിലക്ട്രോണ്‍' ( selectron ), ഫോട്ടോണിന് 'ഫോട്ടിനോ' ( photino ) എന്നിങ്ങനെ.

സൂപ്പര്‍സിമട്രി പ്രകാരം 'ന്യൂട്രാലിനോകള്‍' ( Neutralinos ) എന്ന സൂപ്പര്‍സിമട്രിക് കണങ്ങളാലാണ് ശ്യാമദ്രവ്യം രൂപപ്പെടുന്നത്. കൂടുതല്‍ ശക്തിയോടെ എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണം നടക്കുമ്പോള്‍ ന്യൂട്രാലിനോകള്‍ കണ്ടെത്താനായാല്‍, അത് വന്‍മുന്നേറ്റമാകും. സൂപ്പര്‍സിമട്രി സിദ്ധാന്തത്തിന്റെ വിജയം മാത്രമാകില്ല അത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനപ്പുറത്തേക്ക് ഭൗതികശാസ്ത്രത്തിന് ചുവടുവെയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യും ആ കണ്ടെത്തല്‍.

സൂപ്പര്‍സിമട്രി ശരിയെന്ന് തെളിഞ്ഞാല്‍, ഭൗതികശാസ്ത്രം മറ്റൊരു വിപ്ലവത്തിനാകും സാക്ഷിയാവുക. എന്തുകൊണ്ട്, പദാര്‍ഥ കണങ്ങള്‍ക്ക് ദ്രവ്യമാനം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ദ്രവ്യമാനം ഇത്ര കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു, ശ്യാമദ്രവ്യത്തിന്റെ രഹസ്യം - ഇതൊക്കെ അനാവരണം ചെയ്യപ്പെടും. 

പുതിയ ഡൈമന്‍ഷനുകള്‍ 

സൂപ്പര്‍സിമട്രി സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല, മറ്റൊരു കൂട്ടരും എല്‍.എച്ച്.സിയില്‍ നടക്കുന്ന രണ്ടാംഘട്ടം പരീക്ഷണം പ്രതീക്ഷയോടെ കാക്കുന്നുണ്ട്. ഭൗതികശാസ്ത്രത്തില്‍ ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്ട്രിങ് തിയറിയുടെ വക്താക്കളാണവര്‍.

നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന് ഡൈമന്‍ഷനുകളുടെ (മാനങ്ങളുടെ) സ്വാധീനമേ നേരിട്ട് അനുഭവിക്കാറുള്ളു; നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം ( space-time ) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന് ആപേക്ഷികതാസിദ്ധാന്തം നമുക്ക് മനസിലാക്കിത്തരുന്നു. 

എല്‍.എച്ച്.സിയിലെ അറ്റ്‌ലസ് ( ATLAS ) കലോമീറി മീറ്റര്‍ 2005 ല്‍ സ്ഥാപിക്കുന്ന വേളയിലെടുത്ത ചിത്രം

വേറെ ഏഴ് ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ് സ്ട്രിങ് തിയറി പറയുന്നത്. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന് ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന് സ്ട്രിങ് തിയറി പറയുന്നു.

സ്ട്രിങ് തിയറി അനുസരിച്ച് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന സൂക്ഷ്മ തന്ത്രികള്‍ കൊണ്ടാണ്. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത കമ്പനങ്ങളാണ് പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികള്‍ക്ക് നിദാനം.

ഗുരുത്വബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സ്ട്രിങ്തിയറിയില്‍ മറുപടിയുണ്ട്. സ്‌പേസില്‍ മറഞ്ഞിരിക്കുന്ന മറ്റ് ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വബലത്തെ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്, നമുക്ക് ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്.

ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ കണികാപരീക്ഷണത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സ്ട്രിങ് തിയറിക്കാരുടെ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ അത് രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന് തെളിവായി കാണാം എന്നവര്‍ കരുതുന്നു.

സൂപ്പര്‍സിമട്രി കണ്ടെത്തിയാല്‍, അത് സ്ട്രിങ് തിയറിയിലേക്കുള്ള ഒരു പാതയൊരുക്കലാകും. കാരണം സ്ട്രിങ് തിയറി സാധ്യമാകണമെങ്കില്‍ സൂപ്പര്‍സിമട്രിയുടെ ചില വകഭേദങ്ങള്‍ ഉണ്ടായേ തീരൂ.

സൂപ്പര്‍സിമട്രിയും അധിക ഡൈമന്‍ഷനുകളും കണ്ടെത്താനായാല്‍ സ്ട്രീങ് തിയറിക്ക് സാധൂകരണത്തിന് വഴിതെളിയുമെന്നര്‍ഥം. അതുവഴി, പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും, നിലവിലെ പ്രതിസന്ധി മറികടക്കാനും സാധിക്കും. ഒരു ഏകീകൃതസിദ്ധാന്തം എന്ന ശാസ്ത്രലോകത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം സഫലമാകാന്‍ സ്ട്രിങ് തിയറി വഴിതുറക്കും.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെങ്കിലും, ആകാംക്ഷയ്‌ക്കോ പ്രതീക്ഷകള്‍ക്കോ തെല്ലും കുറവില്ലെന്ന് സാരം.

(അവലംബം: 1. Massive: The Hunt for the God Particle (2010), by Ian Sample; 2. Collider: The Search for the World's Smallest Particles (2009) by Paul Halpern; 3. 'പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം' (2008), കുറിഞ്ഞി ഓണ്‍ലൈന്‍; 4. സേണിന്റെ വാര്‍ത്താക്കുറിപ്പ; ചിത്രങ്ങള്‍ കടപ്പാട്: CERN)


http://www.mathrubhumi.com/technology/science/particle-physics-large-hadron-collider-lhc-particle-experiment-cern-higgs-boson-god-particle-universe-533152/

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി
-മാതൃഭൂമി വെബ്
ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മംഗള്‍യാന്‍' ആറുമാസം കൂടി ചൊവ്വയെ ഭ്രമണംചെയ്യും. പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവശിച്ച് ആറുമാസം തികയുന്ന ദിവസമാണ് ഐ.എസ്.ആര്‍.ഒ. ഇക്കാര്യം അറിയിച്ചത്.


ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ത്രിമാനദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 

മംഗള്‍യാന്‍ പേടകത്തിന്റെ ദൗത്യകാലയളവ് ആറുമാസം കൂടി നീട്ടി. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' ( MOM ) എന്ന മംഗള്‍യാന്‍പേടകത്തിന്റെ മുന്‍നിശ്ചയപ്രകാരമുള്ള പ്രവര്‍ത്തനപരിധി ആറുമാസമായിരുന്നു. ആ കാലാവധി തികയുന്ന ചൊവ്വാഴ്ചയാണ് ദൗത്യം ആറുമാസം കൂടി നീട്ടിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്.

'1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തെ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ട്. അതിനാല്‍ ദൗത്യം ആറുമാസത്തേക്ക് കൂടി നീട്ടുകയാണ്' - ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് അറിയിച്ചു. 


ചൊവ്വഗ്രഹത്തിലെ ആര്‍സിയ മോണ്‍സ് മേഖലയുടെ ദൃശ്യം, മംഗള്‍യാന്‍ പകര്‍ത്തിയത്. ഗ്രഹപ്രതലത്തില്‍നിന്ന് 10707 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ചിത്രമാണിത്.

450 കോടി രൂപ ചെലവുള്ള മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5 നാണ്ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തെ ആദ്യരാജ്യവും ഇന്ത്യയായി.

'പേടകത്തിലുള്ള അഞ്ച് പരീക്ഷണോപകരണങ്ങളും (പേലോഡ്‌സ്) ഡേറ്റ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നത് അടുത്ത ആറുമാസവും തുടരുമെന്ന്, കാര്‍ണിക് പറഞ്ഞു. അഞ്ച് പേലോഡുകളില്‍ 'മാഴ്‌സ് കളര്‍ ക്യാമറ ( MCC ) ആണ് ഏറ്റവും പ്രവര്‍ത്തനക്ഷമം. ചൊവ്വാപ്രതലത്തിന്റെ ഒട്ടേറെ വ്യത്യസ്ത ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞു.


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വാപ്രതലത്തിന്റെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 366 കിലോമീറ്റര്‍ അകലെ നിന്നെടുത്തത്. 

മംഗള്‍യാന്‍ പേടകത്തിലെ മറ്റ് നാല് ഉപകരണങ്ങള്‍ ഗ്രഹപ്രതലത്തിലെ സമ്പുഷ്ടമായ ധാതുഘടകങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും, ഒപ്പം അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം സ്‌കാന്‍ ചെയ്യുകയും ചെയ്യും. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ നിലനില്‍പ്പിന് സാധ്യതയുണ്ടോ എന്നറിയാനാണ് മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം തേടുന്നത്.

'മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്‌സ്' ( MSM ), 'ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍' ( LAP ), 'മാഴ്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍' ( MENCA ), 'തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍' ( TIS ) എന്നിവയാണ് മാഴ്‌സ് കളര്‍ ക്യാമറ കൂടാതെയുള്ള മറ്റ് നാല് പേലോഡുകള്‍.

ആറുമാസം ദൗത്യകാലയളവ് പൂര്‍ത്തിയാക്കിയ മംഗള്‍യാന്‍, ഇന്ധനം മിച്ചമുള്ളതിനാല്‍ പ്രവര്‍ത്തനം തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറുമാസം കൂടി ദൗത്യം നീളുമെന്ന് ഐ.എസ്.ആര്‍.ഒ.കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് ഇപ്പോഴാണ്. (ഫെയ്‌സ്ബുക്കില്‍ ഐ.എസ്.ആര്‍.ഒ. പോസ്റ്റ് ചെയ്ത പുതിയ ചൊവ്വാചിത്രങ്ങളാണ് ഇതോടൊപ്പം. കടപ്പാട്: ISRO )


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 5797 കി.മീ.അകലെ നിന്നുള്ളത്.


ചൊവ്വാപ്രതലത്തിലെ കിന്‍കോര ഗര്‍ത്തത്തിന്റെ ദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 2238 കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്. 

http://www.mathrubhumi.com/technology/science/mars-orbiter-mission-mom-mangalyaan-mars-red-planet-isro-interplanetary-mission-indian-space-research-organisation-533449/

Friday, January 16, 2015

സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി സൂചന

സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി സൂചന



സൗരയൂഥത്തില്‍ നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി സൂചന. സൗരയൂഥത്തിന്റെ ബാഹ്യവിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ ഭ്രമണപഥത്തിന്റെ സവിശേഷതകള്‍ പഠിച്ച യൂറോപ്യന്‍ ഗവേഷകരാണ് ഇക്കാര്യം പറയുന്നത്. 

സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തുനിന്ന് നെപ്ട്യൂണിനിപ്പുറത്തേക്ക് ഇടയ്ക്ക് അതിര്‍ത്തി ലംഘിച്ചെത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങളുടെ ചെരിവ് പഠിച്ചപ്പോഴാണ്, രണ്ടോ അതിലധികമോ വലിയ ഗ്രഹങ്ങള്‍ സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ ഉണ്ടാകാമെന്ന് സൂചന ലഭിച്ചത്.

മാഡ്രിഡ് കംപ്ലൂട്ടന്‍സ് സര്‍വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷകസംഘത്തിന്റെ നിഗമനങ്ങള്‍ രണ്ട് വ്യത്യസ്ത പേപ്പറുകളായി ( പേപ്പര്‍ 1പേപ്പര്‍ 2 ) 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറം പ്ലൂട്ടോ സ്ഥിതിചെയ്യുന്ന മേഖലയില്‍ മാത്രം മഞ്ഞുകട്ടകള്‍ നിറഞ്ഞ 1500 ലേറെ ചെറുവസ്തുക്കള്‍ ഉള്ളതായി ഗവേഷകര്‍ക്കറിയാം. എന്നാല്‍, ഇരുളും ശൈത്യവും നിറഞ്ഞ ബാഹ്യമേഖലയില്‍ വലിയ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന് ഇതുവരെ സൂചന ലഭിച്ചിരുന്നില്ല.

രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് വന്നാല്‍, സൗരയൂഥത്തിന്റെ ഘടന തന്നെ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ഗവേഷകര്‍ കരുതുന്നു. 

നെപ്ട്യൂണിന്റെ പരിക്രമണപഥം കടന്നെത്തുന്ന വസ്തുക്കളെ ( extreme trans-Neptunian objects - ETNO ) സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തം പറയുന്നത്, അത്തരം വസ്തുക്കള്‍ 150 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ( AU ) അകലെ വരെയുള്ള ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും, അവ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥതലത്തില്‍ തന്നെയാകും സ്ഥിതിചെയ്യുക എന്നുമാണ്. 

എന്നാല്‍, അത്തരം വസ്തുക്കളുടെ ഭ്രമണപഥങ്ങള്‍ പരിശോധിച്ചപ്പോള്‍ അവയുടെ ചായ്‌വ് പ്രതീക്ഷിച്ചതിലും 20 ഡിഗ്രി വ്യത്യാസപ്പെടുന്നതായി ഗവേഷകര്‍ കണ്ടു. 'ആ വസ്തുക്കളുടെ ഭ്രമണപഥത്തിലെ വ്യത്യാസം സൂചിപ്പിക്കുന്നത്, അദൃശ്യമായ ഏതോ വസ്തുക്കളുടെ ആര്‍ഷണം അവയ്ക്ക് മേല്‍ എല്‍ക്കുന്നുണ്ടെന്നാണ്' -ഗവേഷണസംഘത്തിലെ കാര്‍ലോസ് ഡി ലാ ഫ്യുവെന്റെ മാര്‍കോസ് പറഞ്ഞു. 

'നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറം നമ്മള്‍ ഇനിയും കണ്ടെത്താത്ത വലിയ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട് എന്നതാണ് ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം' - മാര്‍കോസ് അറിയിച്ചു. എത്ര വലിയ ഗ്രഹങ്ങള്‍ ഉണ്ടാകാം എന്ന് വ്യക്തമല്ല. എന്നാല്‍, ലഭ്യമായ ഡേറ്റ പ്രകാരം 'കുറഞ്ഞത് രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി, ഒരുപക്ഷേ അതില്‍ കൂടുതല്‍ എണ്ണം, സൗരയൂഥത്തില്‍ ഉണ്ടാകാം'-അദ്ദേഹം അറിയിച്ചു.

പക്ഷേ, തങ്ങളുടെ നിഗമനങ്ങളെ ചോദ്യം ചെയ്യുന്ന രണ്ട് സംഗതികള്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൗരയൂഥത്തിന്റെ രൂപീകരണം സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് പുതിയ നിഗമനം. നെപ്ട്യൂണിനപ്പുറം വാര്‍ത്തുള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹവും ഉണ്ടാകില്ല എന്നണ് നിലവിലുള്ള സിദ്ധാന്തം പറയുന്നത്. 

എന്നാല്‍, എച്ച്.എല്‍.ടൗറി എന്ന നക്ഷത്രത്തില്‍നിന്ന് 100 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെ ഗ്രഹരൂപീകരണം നടക്കുന്നത് അടുത്തയിടെ അല്‍മ ( ALMA ) റേഡിയോ ടെലസ്‌കോപ്പ് കണ്ടെത്തിയിരുന്നു. ഒരു ഗ്രഹസംവിധാനത്തില്‍ മാതൃനക്ഷത്രത്തില്‍നിന്ന് വളരെ അകലെ ഗ്രഹങ്ങള്‍ രൂപപ്പെടാമെന്നതിന് തെളിവായി ഗവേഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. 

പുതിയ നിഗമനത്തിന് വെല്ലുവിളിയാകുന്ന രണ്ടാമത്തെ ഘടകം, ചെറിയ തോതിലുള്ള ഡേറ്റയുടെ സഹായത്തോടെയുള്ളതാണ് ആ നിഗമനം എന്നതാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടക്കുന്നതോടെ ആ പരിമിതി മറികടക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. 

'ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ച് അത് തികച്ചും വിപ്ലവകരമായിരിക്കും' - മാര്‍കോസ് പറഞ്ഞു (ചിത്രം കടപ്പാട്: NASA/JPL-Caltech).

http://www.mathrubhumi.com/technology/science/astronomy-science-solar-system-planets-trans-neptunian-objects-515807/

ജീവന് സാധ്യതയുള്ള എട്ട് ഗ്രഹങ്ങള്‍ കെപ്ലര്‍ കണ്ടെത്തി

ജീവന് സാധ്യതയുള്ള എട്ട് ഗ്രഹങ്ങള്‍ കെപ്ലര്‍ കണ്ടെത്തി



മിയാമി: ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങള്‍കൂടി നാസയുടെ 'കെപ്ലര്‍' ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. 

ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കെപ്ലര്‍ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു. അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി യോഗത്തിലാണ് കണ്ടുപിടിത്തം പ്രഖ്യാപിക്കപ്പെട്ടത്.

പുതുതായി കണ്ടെത്തിയ എട്ട് ഗ്രഹങ്ങളില്‍ രണ്ടെണ്ണം ഭൂമിയോട് ഏറ്റവുമധികം സാദൃശ്യമുള്ളതാണ്. കടുത്ത ചൂടോ തണുപ്പോ ഇല്ലാത്തവിധം മാതൃനക്ഷത്രത്തില്‍നിന്ന് നിശ്ചിത അകലത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണിവ. 

ഇതുവരെ കണ്ടെത്തിയവയില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന അന്യഗ്രഹങ്ങളാണിവയെന്ന് കെപ്ലര്‍ ഗവേഷകന്‍ ഫെര്‍ഗല്‍ മുല്ലാലി അഭിപ്രായപ്പെട്ടു.

ഭൂമിയില്‍നിന്ന് 470 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 438 ബി, ആയിരം പ്രകാശവര്‍ഷം അകലെയുള്ള 442 ബി എന്നിവയാണ് ജീവനുണ്ടാവാന്‍ കൂടുതല്‍ സാധ്യതയുള്ള ഗ്രഹങ്ങളെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഭൂമിയേക്കാള്‍ 12 ശതമാനം അധികം വ്യാസമുള്ള ഗ്രഹമാണ് 438 ബി. ഗ്രഹത്തില്‍ പാറക്കൂട്ടങ്ങളുണ്ടാവാന്‍ 70 ശതമാനം സാധ്യതയുണ്ട്. 442 ബി ക്ക് ഭൂമിയേക്കാള്‍ മൂന്നിലൊന്ന് വലിപ്പം കൂടുതലുണ്ട്. ഇവിടെ പാറകളുണ്ടാവാനുള്ള സാധ്യത അഞ്ചിലൊന്നാണ്.

സൗരയൂഥത്തിന് പുറത്ത് ജീവസാന്നിധ്യത്തിന് സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസ 2009 ലാണ് കെപ്ലര്‍ വിക്ഷേപിച്ചത്. (ചിത്രം കടപ്പാട്: David A Aguilar/CfA)

http://www.mathrubhumi.com/technology/science/kepler-438b-exoplanet-kepler-space-telescope-astronomy-science-earth-like-planet-513687/

Friday, December 19, 2014

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം...

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം

സാബു ജോസ് - ദേശാഭിമാനി കിളിവാതില്‍



ഇനി സ്പേസ് പ്ലെയിനുകളുടെ കാലമാണ്. ആദ്യത്തെ ബഹിരാകാശ വിമാനം-സ്കൈലോണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ (1700ാ/െ) സഞ്ചരിക്കുന്ന യാത്രാ വിമാനമായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് സ്പേസ് പ്ലെയിനുകള്‍ക്കു പിന്നിലുള്ളത്. 2012 ഏപ്രിലില്‍ പദ്ധതിയുടെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വാഹനം നിര്‍മിക്കുന്നതിനുള്ള അനുമതി ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കടമ്പകള്‍ മറികടന്ന് സ്പേസ് പ്ലെയിന്‍ പദ്ധതി അങ്ങനെ യാഥാര്‍ഥ്യമാവുകയാണ്.

സ്കൈലോണ്‍
സ്കൈലോണ്‍ ഒരു റോക്കറ്റോ വിമാനമോ അല്ല. അല്ലെങ്കില്‍ അത് രണ്ടുമാണുതാനും. പകുതി റോക്കറ്റെന്നും പകുതി വിമാനമെന്നും വേണമെങ്കില്‍ സ്കൈലോണിനെ വിളിക്കാം. ബ്രിട്ടനിലെ റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് ആണ് സ്കൈലോണിന്റെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചതും ഡിസൈനിങ് നടത്തിയതും. 200 തവണ പുനരുപയോഗശേഷിയുള്ള സ്പേസ് ഷട്ടിലായും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമായും സ്കൈലോണിന് പ്രവര്‍ത്തിക്കാന്‍കഴിയും. സാധാരണ വിമാനങ്ങളെപ്പോലെത്തന്നെ സ്കൈലോണിന് പറന്നുയരുന്നതിനും തിരിച്ചിറങ്ങുന്നതിനും റണ്‍വേ ആവശ്യമാണ്.

ശീതീകരിച്ച, ദ്രാവകാവസ്ഥയിലുള്ള ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വിമാനമായി പറക്കുമ്പോള്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ ഇന്ധനമായി സ്വീകരിക്കുകയും 26 കിലോമീറ്ററിനു മുകളിലേക്ക് റോക്കറ്റായി സഞ്ചരിക്കുമ്പോള്‍ ഇന്ധനടാങ്കിലെ ദ്രാവക ഓക്സിജന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സ്കൈലോണ്‍ പ്രവര്‍ത്തിക്കുന്നത്.സ്കൈലോണില്‍ ഉപയോഗിക്കുന്ന സാബര്‍ എന്‍ജിന്‍ നിരവധി സവിശേഷതകളുള്ളതാണ്. സാധാരണയായി റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹോട്ടോള്‍ എന്‍ജിനെക്കാള്‍ പ്രവര്‍ത്തനമികവും ഭാരക്കുറവുമുള്ളതുമാണ് സാബര്‍. റോക്കറ്റുകളില്‍നിന്നു വിഭിന്നമായി സ്കൈലോണിന്റെ മധ്യഭാഗത്താണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനംപോലെ റണ്‍വേയില്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും ഇതു സഹായിക്കും.

ബ്രിട്ടീഷ് നാഷണല്‍ സ്പേസ് സെന്ററും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് സ്കൈലോണിന്റെ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നത്. 1200 കോടി ഡോളറാണ് പദ്ധതിയുടെ ചെലവു പ്രതീക്ഷിക്കുന്നത്. ഒരു സ്പേസ് പ്ലെയിനിന്റെ നിര്‍മാണച്ചെലവ് 21 കോടി ഡോളറും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സ്കൈലോണിന്റെ ഫ്രെയിം ഭാരക്കുറവുള്ളതും അതേസമയം ദൃഢവുമാകും. അലൂമിനിയം ഉയോഗിച്ചാണ് ഇന്ധനടാങ്ക് നിര്‍മിക്കുന്നത്. പേടകത്തിന്റെ റീ-എന്‍ട്രി (ബഹിരാകാശ യാത്രയ്ക്കുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അന്തരീക്ഷ വായുവിന്റെ ഘര്‍ഷണം കാരണം അതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പുറംപാളികള്‍ സാധാരണയായി 20000 സെല്‍ഷ്യസ്വരെ ചൂടാകാറുണ്ട്) സമയത്ത് ഘര്‍ഷണംവഴി ഉണ്ടാകുന്ന താപവര്‍ധന തടയാന്‍ പേടകമൊന്നാകെ സെറാമിക് സ്കിന്‍ ആവരണവും സ്കൈലോണിനുണ്ട്.

ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന സ്പേസ് വിമാനമായ സ്കൈലോണ്‍- സി 2 മോഡല്‍ വലിയൊരു വാഹനമാണ്. 82 മീറ്റര്‍ നീളവും 6.3 മീറ്റര്‍ വ്യാസവുമുള്ള ഈ മോഡലിന്റെ വിങ് സ്പാന്‍ 25.4 മീറ്ററാണ്. 53 ടണ്‍ ആണ് സ്കൈലോണിന്റെ ഭാരം. 15 ടണ്‍വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളെ 300 കിലോമീറ്ററും 11 ടണ്‍വരെ ഭാരമുള്ളവയെ 800 കിലോമീറ്റര്‍ ഉയരത്തിലും എത്തിക്കുന്നതിന് സ്കൈലോണിനു സാധിക്കും. അതുകൂടാതെ 30 ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം യാത്രചെയ്യുന്നതിനും ഈ വാഹനത്തില്‍ സൗകര്യമുണ്ടാകും.

ബ്രിട്ടീഷ് ഗവണ്‍മെന്റിനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും മാത്രമല്ല, നാസയ്ക്കും സ്കൈലോണ്‍ പദ്ധതിയില്‍ താല്‍പ്പര്യമുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതുതന്നെ കാര്യം. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോഗ്രാമിന് 20,000 ഡോളര്‍ എന്ന നിരക്കിലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ ചെലവ്. സ്കൈലോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് കേവലം 900 ഡോളറായി കുറയും. പൂര്‍ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഈ വാഹനത്തിന് പൈലറ്റിന്റെ ആവശ്യമില്ല. ഗ്രൗണ്ട് സ്റ്റേഷനില്‍നിന്നുതന്നെയാണ് വാഹനത്തിന്റെ എല്ലാ നിയന്ത്രണവും നിര്‍വഹിക്കുന്നത്. സ്കൈലോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിസര്‍ച്ച് പേപ്പറും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സാങ്കേതിക വിശദീകരണം ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

http://en.wikipedia.org/wiki/Skylon_spacecraft

http://www.deshabhimani.com/news-special-kilivathil-latest_news-425961.html

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു



ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ച പേടകം ഐസിജിഎസ് സമുദ്രയാണ് വീണ്ടെടുത്തത്. 

കപ്പലിലുണ്ടായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പേടകം വീണ്ടെടുത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ജി.എസ്.എല്‍.വി മാര്‍ക്ക്3 കുതിച്ചുയര്‍ന്നത്. 

ഭൂമിയില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ആളില്ലാപേടകം (ക്രൂ മൊഡ്യൂള്‍) വിക്ഷേപണിയില്‍നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴുള്ള വെല്ലുവിളി അതിജീവിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്. 

വിക്ഷേപിച്ച് 20 മിനിറ്റിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തെക്കേയറ്റത്ത് നേരത്തേ നിശ്ചയിച്ചതുപോലെ പേടകം പതിച്ചു. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ ലാബില്‍ തയ്യാറാക്കിയ പാരച്യൂട്ട് വഴിയാണ് പേടകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിപ്പിച്ചത്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508786

Thursday, December 18, 2014

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം




ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു വിക്ഷേപണം. 

പരീക്ഷണ വിക്ഷേപണമായതിനാല്‍ ദ്രവ, ഖര എന്‍ജിനുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമായില്ല. ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിന് സജ്ജമായ മൊഡുള്‍ ക്രൂ വഹിച്ചുകൊണ്ടാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയര്‍ന്നത്. മൂന്നു പേരെ ഉള്‍ക്കൊള്ളാവുന്ന മൊഡൂള്‍ ക്രൂവിന് 3.65 ടണ്‍ ഭാരമാണുള്ളത്. ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെ മുന്നോടിയായാണ് ഈ പരീക്ഷണപ്പറക്കലിനെ കാണുന്നത്. 

126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് വിക്ഷേപണ വാഹനത്തില്‍ നിന്ന് മൊഡുള്‍ ക്രൂ വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡുള്‍ ക്രൂ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ തീരദേശ സേന മൊഡുള്‍ ക്രൂ വീണ്ടെടുത്ത് ചെന്നൈയ്ക്കടുത്ത് എന്നൂര്‍ തുറമുഖത്തെത്തിച്ച ശേഷം ശ്രീഹരിക്കോട്ടയ്ക്ക് കൊണ്ടു പോകും. പിന്നീട് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തിക്കും.

155 കോടി രൂപയാണ് ഈ ദൗത്യത്തിനായുള്ള ചെലവ്. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ യെ സഹായിക്കും. നാലര ടണ്‍ മുതല്‍ അഞ്ച് ടണ്‍ വരെയുള്ള ഇന്‍സാറ്റ് - 4 വിഭാഗം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508442

Thursday, December 11, 2014

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍!

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍


 
(സാബു ജോസ്, ദേശാഭിമാനി)

മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്കുള്ള വലിയൊരു ചുവടുവയ്പുകൂടി നാസ വിജയകരമായി പൂര്‍ത്തിയാക്കി. നാസയുടെ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍ (മനുഷ്യന് യാത്ര ചെയ്യാന്‍ കഴിയുന്ന ബഹിരാകാശ പേടകം), ഒറിയണ്‍ ഈ മാസം അഞ്ചിന് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറിലുള്ള വിക്ഷേപണത്തറയില്‍നിന്ന് ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ചിറകില്‍ പറന്നുയര്‍ന്ന ഒറിയണ്‍, 5800 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ രണ്ടുവട്ടം വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 15 മടങ്ങ് ഉയരമുള്ള ഭ്രമണപഥമാണിത്. നാലരമണിക്കൂര്‍ നീണ്ട പരീക്ഷണ പക്കലിനുശേഷം പസഫിക് സമുദ്രത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയ പേടകത്തെ യുഎസ് നേവിയുടെ കപ്പലുകള്‍ പൊക്കിയെടുത്തു. ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ക്ഷമതാ പരിശോധനയായിരുന്നു ഈ പരീക്ഷണപ്പറക്കല്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.

2020ല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യയാത്ര ആരംഭിക്കുന്ന ഒറിയണ്‍ 2025ല്‍ ഒരു ഛിന്നഗ്രഹത്തിലും, തുടര്‍ന്ന് 2030ല്‍ ചൊവ്വയിലും ബഹിരാകാശ സഞ്ചാരികളെ എത്തിക്കും.നാലരമണിക്കൂര്‍ പരീക്ഷണപ്പറക്കലിനുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുപ്രവേശിച്ചപ്പേള്‍ (റീ-എന്‍ട്രി) പേടകത്തിന്റെ വേഗം മണിക്കൂറില്‍ 32,180 കിലോമീറ്ററായിരുന്നു. ഇത്രയും ഉയര്‍ന്ന വേഗത്തിലും പേടകം ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അനായാസം തരണംചെയ്യുന്നതിനും ശാസ്ത്രലോകം സാക്ഷ്യംവഹിച്ചു. ഈ സമയം പേടകത്തിന്റെ പുറംഭാഗത്തെ താപനില 2200 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

1960കളില്‍ മനുഷ്യന്റെ ആദ്യ ചാന്ദ്ര സന്ദര്‍ശത്തിനു മുന്നോടിയായി നടത്തിയ ക്യാപ്സ്യൂള്‍ പരീക്ഷണങ്ങളുമായാണ് ഒറിയണ്‍ പരീക്ഷണവിക്ഷേപണത്തെ നാസ താരതമ്യം ചെയ്യുന്നത്. അപ്പോളോ കമാന്‍സ് മൊഡ്യൂളുമായി ആകൃതിയിലും സാദൃശ്യമുണ്ട് ഒറിയണിന്. ഈ രണ്ടു ബഹിരാകാശ യാനങ്ങളും യാത്രയ്ക്കൊടുവില്‍ പാരച്യൂട്ട് ഉപയോഗിച്ച് സമുദ്രത്തില്‍ ഇറങ്ങുന്നതിനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇപ്പോഴുള്ള അവസ്ഥയില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് 21 ദിവസം കഴിയാനുള്ള സൗകര്യമാണ് ഒറിയണിലുള്ളത്. ഇന്നത്തെ പരിമിതികള്‍ഒറിയണ്‍ സ്പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് താമസിക്കാന്‍കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍, ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍കഴിയും. മാത്രമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടാകണം. ഇപ്പോള്‍ ഒറിയണ്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ഡെല്‍റ്റ കഢ ഹെവി റോക്കറ്റിന്റെ ഭാരവാഹക ശേഷി 130 ടണ്‍ മാത്രമാണ്.

സ്പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്നം, ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതികവിദ്യയില്‍ ഇത് തരണംചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റയ്ക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്കൊരു യാത്ര അവരാരുംതന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

എന്താണ് ഒറിയണ്‍?

 
നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കുന്നതിന് രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കോര്‍പറേഷനാണ് സര്‍വീസ് മൊഡ്യൂളിന്റെ നിര്‍മാതാക്കള്‍. 2011 മേയ് 24നാണ് നാസ ഒറിയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറിയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യംവയ്ക്കുന്നത്. ഈ മാസം അഞ്ചിന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികര്‍ ആരുമുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2020ലാണ്.

ഇരുപത്തിമൂന്നു ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്ട്രോങ്ങും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രാ പേടകമായ അപ്പോളോ സ്പേസ്ക്രാഫ്റ്റിനെക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറിയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറിയണിലാണ് കൂടുതല്‍ എന്നര്‍ഥം. മൊഡ്യൂളിന്റെ വ്യാസം അഞ്ചു മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ഥം ഒറിയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണെന്നാണ്.

ദ്രാവക മീഥെയ്ന്‍ ആണ് ഒറിയണില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാല്‍, മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോള്‍ ശൈശവദശയിലാണ്. ഒറിയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് വൃത്തസ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിന്‍ഡറിന്റെ ആകൃതിയാണ് സര്‍വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരം ഉപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശപേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക് ചെയ്യുന്നതിന് ഒറിയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്പേസ് ഷട്ടില്‍ ദൗത്യങ്ങളെക്കാള്‍ 10 മടങ്ങ് സുരക്ഷിതമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗശേഷിയും ഇതിനുണ്ട്.ഇനി ചൊവ്വാ യാത്ര സ്വപ്നംകണ്ടു തുടങ്ങാം. ഒറിയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്നഗ്രഹത്തില്‍ കാലുകുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നരപ്പതിറ്റാണ്ട് കാത്തിരിപ്പു മതി.


- See more at: http://www.deshabhimani.com/news-special-kilivathil-latest_news-423912.html#sthash.Hqy59G8M.dpuf

Monday, December 8, 2014

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


പേടകത്തില്‍ നിദ്രാവസ്ഥയിലായിരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമായി
പേടകത്തില്‍നിന്ന് ഭൂമിയില്‍ വിവരങ്ങളെത്താന്‍ നാലു മണിക്കൂര്‍ 25 മിനിറ്റ് സമയം
പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ ഗ്രഹം; ഇപ്പോള്‍ കുള്ളന്‍ ഗ്രഹം


വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകം 'ന്യൂ ഹൊറൈസണ്‍സ്' ( New Horizons ) ഒമ്പതുവര്‍ഷം നീണ്ട യാത്രയ്ക്കുശേഷം സൗരയൂഥത്തിലെ കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തി.

നിദ്രാവസ്ഥയിലായിരുന്ന പേടകം ശനിയാഴ്ചയാണ് കണ്‍തുറന്നത്. സൗരയൂഥത്തിലെ അറിയപ്പെടാത്ത വിദൂര മേഖലയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ആ കൊച്ചുഗോളത്തെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ ന്യൂ ഹൊറിസൈണ്‍സ് ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എസിലെ കേപ്പ് കാനവറാലില്‍നിന്ന് 2006 ജനവരി 19 നാണ് ന്യൂ ഹൊറിസൈണ്‍സ് പേടകം വിക്ഷേപിച്ചത്. 480 കോടി കിലോമീറ്റര്‍ പിന്നിട്ട് 1873 ദിവസത്തെ യാത്രയ്ക്കുശേഷമാണ് പേടകം സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റിയൂണിനെയും പിന്നിട്ട് പ്ലൂട്ടോയുടെ ഭ്രമണമേഖലയായ കിയ്പ്പര്‍ മേഖലയിലെത്തിയത്.

2015 ജൂലായ് 14 ന് ന്യൂ ഹൊറിസൈണ്‍സ് പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തും.

ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാനായി നിദ്രാവസ്ഥയിലായിരുന്നു പേടകത്തിന്റെ യാത്ര. ശനിയാഴ്ചയാണ് പേടകത്തിലെ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. ന്യൂ ഹൊറിസൈണ്‍സില്‍ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ നാലുമണിക്കൂര്‍ 25 മിനിറ്റ് സമയം വേണം.

1930 ല്‍ കണ്ടെത്തിയ പ്ലൂട്ടോ ഇപ്പോഴും ഗവേഷകര്‍ക്ക് ഒരു നിഗൂഢവസ്തുവാണ്. ന്യൂ ഹൊറിസൈണ്‍സ് യാത്ര തുടങ്ങുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. 2008 ല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി ഒഴിവാക്കി അതിനെ കുള്ളന്‍ഗ്രഹ (Dwarf planet) ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

വെറും 1190 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള പ്ലൂട്ടോ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കപ്പുറം എങ്ങനെ നിലനില്‍ക്കുന്നു എന്നത് വിശദീകരിക്കാന്‍ ഗവേഷകര്‍ ബുദ്ധിമുട്ടുകയാണ് (ചിത്രം കടപ്പാട്: Johns Hopkins University/APL ).


http://www.mathrubhumi.com/technology/science/new-horizons-pluto-solar-system-astronomy-science-space-mission-nasa-spacecraft-dwarf-planet-505748/

Saturday, December 6, 2014

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി


കേപ് കനാവരാല്‍:
 അമേരിക്ക ബഹിരാകാശ ഏജന്‍സി നാസയുടെ മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള ബഹിരാകാശപേടകം ഓറിയോണ്‍ പരീക്ഷണ വിക്ഷേപണം നടത്തി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിക്ഷേപണം ഒരുദിവസം നീട്ടിവെച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിക്കാണ് ഓറിയോണിനെ വഹിച്ച് ഏലിയന്‍സ് ഡെല്‍റ്റ നാല് റോക്കറ്റ് ഫ്ലോറിഡ തീരത്തുനിന്ന് കുതിച്ചുയര്‍ന്നത്. കാല്‍ലക്ഷത്തിലേറെപ്പേര്‍ വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയിരുന്നു. ചന്ദ്രനില്‍ ആളെയിറക്കിയശേഷം 40 വര്‍ഷത്തിനുശേഷമാണ് നാസ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.

നാലരമണിക്കൂര്‍ നീളുന്ന പരീക്ഷണപ്പറക്കലില്‍ പേടകത്തിലെ ഊഷ്മകവചവും പാരച്യൂട്ടുകളും പരീക്ഷിക്കപ്പെടും. ആദ്യഘട്ടത്തില്‍ ഭൂമിക്കുമുകളില്‍ 270 മൈലും രണ്ടാംഘട്ടത്തില്‍ 3600 മൈലും ഉയരം റോക്കറ്റ് പിന്നിടും. തുടര്‍ന്ന് പേടകം സാന്റിയാഗോ കടലില്‍ പതിക്കും.
വാല്‍നക്ഷത്രത്തിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനാണ് നാസ ലക്ഷ്യം വെക്കുന്നത്. ഓറിയോണില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും. ചൊവ്വായാത്ര 2030-ലാവും നടക്കുക. ഓറിയോണിനും കരുത്തേറിയ റോക്കറ്റിനുമായി ഇതിനകം 900 കോടി ഡോളര്‍(ഏകദേശം 56,800 കോടിരൂപ) നാസ ചെലവഴിച്ചുകഴിഞ്ഞു. പരീക്ഷണവിക്ഷേപണത്തിന് 37 കോടി ഡോളറാണ് ചെലവ്. അടുത്ത പരീക്ഷണ വിക്ഷേപണം 2018-ലാണ്.

http://www.mathrubhumi.com/story.php?id=505117

ഏകദിന ജ്യോതിശാസ്ത്ര പഠനക്യാമ്പ്