Wednesday, April 1, 2015

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി
-മാതൃഭൂമി വെബ്
ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മംഗള്‍യാന്‍' ആറുമാസം കൂടി ചൊവ്വയെ ഭ്രമണംചെയ്യും. പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവശിച്ച് ആറുമാസം തികയുന്ന ദിവസമാണ് ഐ.എസ്.ആര്‍.ഒ. ഇക്കാര്യം അറിയിച്ചത്.


ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ത്രിമാനദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 

മംഗള്‍യാന്‍ പേടകത്തിന്റെ ദൗത്യകാലയളവ് ആറുമാസം കൂടി നീട്ടി. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' ( MOM ) എന്ന മംഗള്‍യാന്‍പേടകത്തിന്റെ മുന്‍നിശ്ചയപ്രകാരമുള്ള പ്രവര്‍ത്തനപരിധി ആറുമാസമായിരുന്നു. ആ കാലാവധി തികയുന്ന ചൊവ്വാഴ്ചയാണ് ദൗത്യം ആറുമാസം കൂടി നീട്ടിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്.

'1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തെ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ട്. അതിനാല്‍ ദൗത്യം ആറുമാസത്തേക്ക് കൂടി നീട്ടുകയാണ്' - ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് അറിയിച്ചു. 


ചൊവ്വഗ്രഹത്തിലെ ആര്‍സിയ മോണ്‍സ് മേഖലയുടെ ദൃശ്യം, മംഗള്‍യാന്‍ പകര്‍ത്തിയത്. ഗ്രഹപ്രതലത്തില്‍നിന്ന് 10707 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ചിത്രമാണിത്.

450 കോടി രൂപ ചെലവുള്ള മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5 നാണ്ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തെ ആദ്യരാജ്യവും ഇന്ത്യയായി.

'പേടകത്തിലുള്ള അഞ്ച് പരീക്ഷണോപകരണങ്ങളും (പേലോഡ്‌സ്) ഡേറ്റ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നത് അടുത്ത ആറുമാസവും തുടരുമെന്ന്, കാര്‍ണിക് പറഞ്ഞു. അഞ്ച് പേലോഡുകളില്‍ 'മാഴ്‌സ് കളര്‍ ക്യാമറ ( MCC ) ആണ് ഏറ്റവും പ്രവര്‍ത്തനക്ഷമം. ചൊവ്വാപ്രതലത്തിന്റെ ഒട്ടേറെ വ്യത്യസ്ത ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞു.


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വാപ്രതലത്തിന്റെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 366 കിലോമീറ്റര്‍ അകലെ നിന്നെടുത്തത്. 

മംഗള്‍യാന്‍ പേടകത്തിലെ മറ്റ് നാല് ഉപകരണങ്ങള്‍ ഗ്രഹപ്രതലത്തിലെ സമ്പുഷ്ടമായ ധാതുഘടകങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും, ഒപ്പം അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം സ്‌കാന്‍ ചെയ്യുകയും ചെയ്യും. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ നിലനില്‍പ്പിന് സാധ്യതയുണ്ടോ എന്നറിയാനാണ് മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം തേടുന്നത്.

'മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്‌സ്' ( MSM ), 'ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍' ( LAP ), 'മാഴ്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍' ( MENCA ), 'തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍' ( TIS ) എന്നിവയാണ് മാഴ്‌സ് കളര്‍ ക്യാമറ കൂടാതെയുള്ള മറ്റ് നാല് പേലോഡുകള്‍.

ആറുമാസം ദൗത്യകാലയളവ് പൂര്‍ത്തിയാക്കിയ മംഗള്‍യാന്‍, ഇന്ധനം മിച്ചമുള്ളതിനാല്‍ പ്രവര്‍ത്തനം തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറുമാസം കൂടി ദൗത്യം നീളുമെന്ന് ഐ.എസ്.ആര്‍.ഒ.കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് ഇപ്പോഴാണ്. (ഫെയ്‌സ്ബുക്കില്‍ ഐ.എസ്.ആര്‍.ഒ. പോസ്റ്റ് ചെയ്ത പുതിയ ചൊവ്വാചിത്രങ്ങളാണ് ഇതോടൊപ്പം. കടപ്പാട്: ISRO )


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 5797 കി.മീ.അകലെ നിന്നുള്ളത്.


ചൊവ്വാപ്രതലത്തിലെ കിന്‍കോര ഗര്‍ത്തത്തിന്റെ ദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 2238 കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്. 

http://www.mathrubhumi.com/technology/science/mars-orbiter-mission-mom-mangalyaan-mars-red-planet-isro-interplanetary-mission-indian-space-research-organisation-533449/

No comments:

Post a Comment