Wednesday, April 1, 2015

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍
ചുവപ്പന്‍ ഗ്രഹത്തിന്റെ & മൂലയും മംഗള്‍യാന്‍ അരിച്ചുപെറുക്കുകയാണ്... താഴ്വരകള്‍, അഗ്നിപര്‍വതങ്ങള്‍, മലനിരകള്‍... തുടങ്ങി എല്ലായിടങ്ങളും. ചൊവ്വയുടെ ചുരുളഴിക്കാന്‍ പഞ്ചേന്ദ്രീയങ്ങളുമായി കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി വലംവയ്ക്കുന്ന പേടകത്തിന്റെ ആയുസ്സ് നീളുമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങള്‍ മംഗള്‍യാന്‍ ഇതിനോടകം ശേഖരിച്ച് അയച്ചു. ചൊവ്വയുടെ ഉപരിതലത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങളും ലഭിച്ചു. ഒപ്പം ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും. ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പേടകം പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണിത്.
മംഗള്‍യാനിലെ അഞ്ച് ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ എടുത്ത നാലു ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത്. അത്ഭുതങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കുന്ന വാല്‍സ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്വരയുടെ ചിത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളില്‍ ഏഴു കിലോമീറ്റര്‍ ആഴവുമുണ്ട്. 24,000 കിലോമീറ്റര്‍ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാര്‍സ് കളര്‍ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളില്‍നിന്നാണ് ഇവ പകര്‍ത്തിയത്. അഗ്നിപര്‍വതങ്ങളില്‍നിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ്് നിഗമനം. ചില ഭാഗങ്ങളില്‍ ടണല്‍പോലെയുള്ള ഭാഗങ്ങളും കാണാം.
ചൊവ്വയുടെ &ഹറൂൗീ;ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.435 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഏര്‍ഷ്യമോണ്‍സ് എന്ന അഗ്നിപര്‍വതത്തിന്റെ ചിത്രമാണ് മറ്റൊന്ന്. തെക്കന്‍ മേഖലയിലുള്ള ഈ പര്‍വതത്തിന് 15 കിലോമീറ്ററിലധികമാണ് ഉയരം. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സിനു സമീപമാണിത്. പേടകത്തിലെ മറ്റൊരു ഉപകരണമായ മീഥൈന്‍ സെന്‍സര്‍ ശേഖരിച്ച പ്രഥമ വിവരങ്ങളും കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ അന്തരീക്ഷം, പ്രതലം എന്നിവയെ പ്പറ്റിയുള്ള സൂക്ഷ്മവിവരങ്ങളാണിവ.മാഴ്സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്നിവ കൂടാതെ ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിഷന്‍ അനലൈസര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യമായ മംഗള്‍യാന്‍ 2014 സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിഎക്സ് എല്‍സി-25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരുമാസത്തോളം നിലനിര്‍ത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയര്‍ത്തുകയും തുടര്‍ന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തില്‍ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മംഗയാന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആയുസ്സ് ഒരുവര്‍ഷംമുതല്‍ മുകളിലേക്കു നീളുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തല്‍. പേടകത്തില്‍ ഇന്ധനം കൂടുതല്‍ ബാക്കിയുള്ളതിനാലാണിത്.

ജീവന്‍ തേടുന്ന ചിത്രങ്ങള്‍ 
ഡോ. എ രാജഗോപാല്‍ കമ്മത്ത് 
ചൊവ്വയില്‍നിന്നുള്ള ചിത്രങ്ങള്‍ വലിയ അന്വേഷണങ്ങള്‍ക്ക് ചൂണ്ടുപലകയാകാം. ബുധന്‍, ശുക്രന്‍, ഭൂമി എന്നിവയോടൊപ്പം സിലിക്കേറ്റുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാണപ്പെടുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ പണ്ടുകാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചൊവ്വയിലെ സാഹചര്യങ്ങള്‍ വലിയ ജീവികള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതല്ല. എങ്കിലും പണ്ടുകാലത്ത് ഏതെങ്കിലും തരത്തിലുള്ള ജീവന്‍ നിലനിന്നിരുന്നു എന്നു കരുതാനാണ് ശാസ്ത്രലോകത്തിന് ഇഷ്ടം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് എന്ന ബഹിരാകാശയാനം ചൊവ്വയില്‍ മീഥേന്‍ വാതകസാന്നിധ്യം ഉറപ്പിച്ചിരുന്നു. ചൊവ്വയുടെ ചരിത്രം ഇതുവരെ നാം കരുതിയതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതുവരെ നമുക്ക് അറിയാന്‍കഴിയാത്ത ജൈവപ്രക്രിയയിലൂടെയാണ് ചൊവ്വയില്‍ മീഥേന്‍ ഉണ്ടാകന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഋതുക്കള്‍, ഭൂപ്രകൃതി എന്നിവയുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മീഥേന്‍ വാതക സാന്ദ്രതയിലുണ്ടാകുന്ന മാറ്റം പഠിക്കുക എന്നത് വളരെ പ്രധാനമാണ്.
ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനിലെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് എന്ന ഉപകരണം നല്‍കാന്‍പോകുന്ന വിവരം വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെയുള്ള ബഹിരാകാശ ദൗത്യങ്ങളെല്ലാംതന്നെ ചൊവ്വയുടെ ഉപരിതലത്തിലോ ചൊവ്വയുടെ അന്തരീക്ഷത്തിന് തൊട്ടുമുകളിലുള്ള ഭ്രമണപഥത്തിലോ ആണ് നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ ചൊവ്വാദൗത്യം ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായതിനാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിനു തൊട്ടുമുകളിലും അതിനുമപ്പുറത്തേക്കുമുള്ള അവസ്ഥകളെ പഠനവിധേയമാക്കുന്നു. ചൊവ്വയിലെ മീഥേന്റെ സാന്ദ്രതയിലെ ഏറ്റക്കുറച്ചിലുകള്‍ ഭൂവിജ്ഞാനീയപരമായ കാരണങ്ങളാലാണോ അതോ നിശ്ചിതമായ ജൈവപ്രക്രിയമൂലമാണോ എന്ന് അനുമാനിക്കാന്‍ ഇന്ത്യയുടെ മംഗള്‍യാന്‍ നല്‍കുന്ന വിവരം സഹായകമാകും. ജലകണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ബഹിരാകാശത്തിലേക്ക് നഷ്ടപ്പെടുന്നതിന്റെ തോതും പഠനവിധേയമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മംഗള്‍യാനിലെ മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിവരങ്ങള്‍ മുന്‍നിര ബഹിരാകാശ പര്യവേക്ഷണ ഏജന്‍സികളുടെ ദൗത്യങ്ങളുമായി ഏകീകരിച്ച് അനുമാനങ്ങളില്‍ എത്തിച്ചേരുന്നതാണ്.
വ്യക്തമായ ചിത്രങ്ങള്‍ സി രാമചന്ദ്രന്‍
മംഗള്‍യാനില്‍നിന്നുള്ള ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്. ചൊവ്വയില്‍ സമുദ്രങ്ങളല്ല, ചെറിയ കടലുകളാണ് ഉണ്ടായിരുന്നതെന്നു വിചാരിക്കത്തക്കവിധമുള്ള ചില വിവരങ്ങളുണ്ട്. ചില പാറകളെക്കുറിച്ചു പഠിക്കുമ്പോള്‍ ചൊവ്വയിലുണ്ടായിരുന്ന വലിയ അഗ്നിപര്‍വതങ്ങളുടെ സ്വരൂപങ്ങളെന്നു തോന്നിക്കുന്ന ചിത്രങ്ങളും ലഭിക്കുന്നുണ്ട്. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്പേസ് സൊസൈറ്റി 2015ലെ സ്പേസ് പയനിയര്‍ അവാര്‍ഡ് ഐഎസ്ആര്‍ഒക്കാണ് നല്‍കുന്നത്. ആദ്യ ചൊവ്വാദൗത്യം വിജയിപ്പിച്ചതിനും ഏറ്റവും വ്യക്തതയുള്ള ചൊവ്വയുടെ വിദൂരചിത്രം ലഭ്യമാക്കിയതിനുമാണ് അവാര്‍ഡ്. പത്തുവര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ നാസയ്ക്കു പദ്ധതിയുണ്ട്. അതിനായി ഒരു പരീക്ഷണവാഹനവും തയ്യാറായിവരുന്നു. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) എന്ന ഈ വാഹനത്തില്‍ ബഹിരാകാശനിലയത്തിലേക്ക് 130 ടണ്‍ ഭാരം എത്തിക്കാന്‍ കഴിയും. സ്പേസ് ഷട്ടിലുകള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതിന്റെ നാലിരട്ടി ഭാരമാണിത്. ഇതേ വാഹനംതന്നെയാകും ഭാവിയിലെ അമേരിക്കയുടെ ചൊവ്വാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുക.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-448595.html#sthash.J0bOBnrc.dpuf

No comments:

Post a Comment