Saturday, April 25, 2015

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25


കാല്‍നൂറ്റാണ്ടിനിടെ വെറും കണ്ടുപിടിത്തങ്ങള്‍ നടത്തുകയല്ല ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ചെയ്തത്, ജ്യോതിശാസ്ത്രത്തിന്റെ ഭാവി കണ്ടെത്തുകയായിരുന്നു ആ ടെലിസ്‌കോപ്പ്

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ നവീകരിക്കാന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനോളം സഹായിച്ച ഉപകരണങ്ങള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ആ ടെലിസ്‌കോപ്പ്. ഹബ്ബിള്‍ പകര്‍ത്തിയ നൂറുകണക്കിന് പ്രപഞ്ചദൃശ്യങ്ങള്‍, പുതിയ തലമുറകളുടെ ദൃശ്യബോധത്തെ പോലും മാറ്റിമറിച്ചു. ജ്യോതിശാസ്ത്രത്തിന് ആധുനിക കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ ആ ഉപകരണത്തിന് ഇപ്പോള്‍ 25 വയസ്സ് തികയുന്നു.

1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകളുടെ പ്രളയം തന്നെയുണ്ടായി. പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങള്‍ തേടിപ്പിടിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്!
ലിമാന്‍ സ്പിറ്റ്‌സര്‍

പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമാണ് ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പ്. എന്നുവെച്ചാല്‍ 1970 കളില്‍ ആരംഭിച്ച ആലോചനകളാണ് 1990 ല്‍ യാഥാര്‍ഥ്യമായതെന്നര്‍ഥം.

പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ആ സ്‌പേസ് ടെലിസ്‌കോപ്പിന് നല്‍കി. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു.

നക്ഷത്രക്കൂട്ടമായ വെസ്റ്റര്‍ലുന്‍ഡ് 2 (Westerlund 2 ), വാതകമേഘ മേഖലയായ ഗം 29 ( Gum 29 ) എന്നിവയുടെ ഹബ്ബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യം. ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ 25 ാം പിറന്നാള്‍ പ്രമാണിച്ച് നാസ പുറത്തുവിട്ട ദൃശ്യമാണിത്. കടപ്പാട്: NASA, ESA, the Hubble Heritage Team


ഹബ്ബിള്‍ ഇതിനകം ഭൂമിയെ ചുറ്റി 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തി. 2.4 മീറ്റര്‍ വ്യസമുള്ള ദര്‍പ്പണത്തിന്റെ സഹായത്തോടെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നിങ്ങനെ) പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഹബ്ബിളിന് സാധിക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പ്. പക്ഷേ, 1990 ല്‍ വിക്ഷേപിച്ചപ്പോള്‍ കഥ മറ്റൊന്നായിരുന്നു. ഹബ്ബിളിനെ ബഹിരാകാശത്തെത്തിച്ച ശേഷമാണ് അതിന്റെ മുഖ്യദര്‍പ്പണത്തിന് തകരാറുള്ള കാര്യം മനസിലായത്. ഹബ്ബിള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളൊന്നും വ്യക്തതയുള്ളതല്ല! ആ പ്രശ്‌നം പരിഹരിക്കാന്‍ അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു രക്ഷാദൗത്യത്തിന് നാസ തയ്യാറായി. 1993 ല്‍ എന്‍ഡവര്‍ പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളെ ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പിലയച്ച് അതിന്റെ തകരാര്‍ പരിഹരിച്ചു!

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് ചുറ്റും പായുന്ന ഹബ്ബിളിനൊപ്പം അതേ വേഗത്തില്‍ സഞ്ചരിച്ച് തകരാര്‍ പരിഹരിച്ചുവെന്നത് അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ!

ഹബ്ബിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്ന ആദ്യ സര്‍വീസ് ദൗത്യമായിരുന്നു 1993 ലേത്. അതൊരു തുടക്കമായിരുന്നു. ഹബ്ബിളില്‍ അറ്റകുറ്റപണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ് അതിന് ഉപയോഗിച്ചത്. സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് പോലുള്ള ചില നിര്‍ണായക ഉപകരണങ്ങള്‍ അന്ന് മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ് ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ് നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത് മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം -സോളാര്‍ പാനലുകളും ക്യാമറയും മാറ്റി സ്ഥാപിച്ചു; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേയ്‌സ്' ഹബ്ബളില്‍ സ്ഥാപിച്ചു.
എഡ്വിന്‍ ഹബ്ബിള്‍ 

2003 ഫിബ്രവരി ഒന്നിന് നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ് ബഹിരാകാശയാത്രികര്‍ മരിച്ച ദുരന്തം) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ് ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. പക്ഷേ, നാസക്ക് അതിന് മനസ് വന്നില്ല. ശാസ്ത്രലോകം അപ്പോഴേക്കും ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!

അതുകൊണ്ടാണ്, ഹബ്ബിളിനെ നവീകരിക്കാനും അതിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അഞ്ചാമത്ത ദൗത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ചെയ്തത്. 2009 മെയ് മാസത്തില്‍ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ പോയ സഞ്ചാരികളാണ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതുക്കി. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. അങ്ങനെ ഹബ്ബിളിനെ അടിമുടി നവീകരിച്ചു.

അഞ്ചുവര്‍ഷത്തേക്ക് കൂടി ഹബ്ബിളിന്റെ ആയുസ്സ് നീട്ടുന്ന സുപ്രധാന ദൗത്യമായിരുന്നു 2009 ലേത്. പക്ഷേ, ആ കാലയളവ് കഴിഞ്ഞിട്ടും ഹബ്ബിളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന്, ഏറ്റവുമൊടുവില്‍ (2015 ല്‍) പുറത്തുവന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡില്‍ പ്രതലത്തിന് കീഴെ സമുദ്രമുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഹബ്ബിള്‍ നടത്തിയ അത്ഭുതകരമായ കണ്ടെത്തലുകളില്‍ ഒന്ന് മാത്രമാണിത്. ലോകത്തെ എത്രയോ ഗവേഷണഗ്രൂപ്പുകള്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഹബ്ബിളിന്റെ നിരീക്ഷണം വഴി നടത്തിയിരിക്കുന്നു.

ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. 

ഈഗിള്‍ നെബുല (M16) യിലെ 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലയുടെ ഹബ്ബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യം. 1995 ലും 2014 ലും ഹബ്ബിള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ചിത്രത്തില്‍. കടപ്പാട്: NASA/ESA/Hubble Heritage Team

ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം. പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഹബ്ബിളില്‍നിന്നുള്ള നിരീക്ഷണഫലങ്ങളുടെ സഹായത്തോടെ 6000 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുവന്നു.

ഹബ്ബിളില്‍ നിന്നുണ്ടായ കണ്ടുപിടിത്തങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന് വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം.

1993 ല്‍ തകരാര്‍ പരിഹരിച്ചുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഹബ്ബിള്‍ ആദ്യത്തെ പ്രധാന നിരീക്ഷണം നടത്തി. ഷൂമാക്കര്‍-ലെവി 9 എ വാല്‍നക്ഷത്രം വ്യാഴഗ്രഹത്തില്‍ ഇടിച്ചുതകരുന്നതിന്റെ സ്‌തോഭജനകമായ ദൃശ്യങ്ങള്‍ ഹബ്ബിള്‍ പകര്‍ത്തി. ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുന്നതിന്റെ പ്രതാഘാതങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിനും ആഴത്തില്‍ വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകത്തിന് ആദ്യമായി അവസരം ലഭിച്ചു.

അതായിരുന്നു ഹബ്ബിളിന്റെ യഥാര്‍ഥ തുടക്കം. പിന്നീട് ഹബ്ബിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1996 ലാണ്, ആകാശഗംഗയിലെ ഒരു 'സുക്ഷിര'ത്തിലൂടെ ബാഹ്യപ്രപഞ്ചത്തിലേക്ക് ഹബ്ബിള്‍ വിസ്തരിച്ചൊന്ന് 'നോക്കി'. ഗ്രേറ്റ് ബിയര്‍ നക്ഷത്രഗണത്തിന്റെ ദിശയിലായിരുന്നു ആ നിരീക്ഷണം. 10 ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം അതിശയിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങളായി പുറത്തുവന്നു. നൂറുകണക്കിന് വിദൂര ഗാലക്‌സികളായിരുന്നു ആ ദൃശ്യത്തിലുള്ളത്. അതില്‍ ചിലത് പ്രപഞ്ചമുണ്ടായി ഏതാണ്ട് നൂറുകോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടത്. ഗാലക്‌സികളില്‍ നക്ഷത്രങ്ങളുടെ പിറവി ആദ്യം എത്ര ഊര്‍ജിതമായിരുന്നുവെന്നും, പിന്നീട് നക്ഷത്രപിറവിയുടെ ആവേഗം കുറഞ്ഞെന്നും ആ നിരീക്ഷണഫലം വ്യക്തമാക്കി.

നക്ഷത്രങ്ങളുടെ പിറവി എങ്ങനെയാണെന്നത് ജ്യോതിശാസ്ത്രജ്ഞരെ എക്കാലവും ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. ഗാലക്‌സികളില്‍ ധൂളിപടലങ്ങളുടെ മറയത്ത് നടക്കുന്ന നക്ഷത്രജനനങ്ങള്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷിക്കാന്‍ ഹബ്ബിളിന് കഴിഞ്ഞു. എത്ര നാടകീയമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് നക്ഷത്രങ്ങള്‍ പിറക്കുന്നതെന്ന് ആ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ഹബ്ബിളില്‍നിന്ന് ലഭിച്ച ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളില്‍ ചിലത് 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' (Pillars of Creation)എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലകളുടേതാണ്.

ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് ശരിയായി നിര്‍ണയിക്കുക എന്നതായിരുന്നു. ആ തോത് നിര്‍ണയിക്കുക വഴി പ്രപഞ്ചത്തിന്റെ പ്രായമെത്രയാണെന്ന് കണക്കാന്‍ ഹബ്ബിളില്‍നിന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തെ സഹായിച്ചു.

പ്രപഞ്ചത്തിലെ വിദൂര ഗാലക്‌സികളിലേക്കുള്ള അകലം നിശ്ചയിക്കാന്‍ പ്രമാണദീപ്തികളായി ഉപയോഗിക്കുന്ന വിദൂര സൂപ്പര്‍നോവകളെ നിര്‍ണയിക്കാനും ജ്യോതിശാസ്ത്രജ്ഞരെ ഹബ്ബിള്‍ സഹായിച്ചു. വിദൂരഗാലക്‌സികളിലേക്കുള്ള അകലമറിയാന്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ പ്രാചീനകാലത്തേക്ക് ദൃഷ്ടിപായിക്കാനും അത് സഹായിച്ചു. ഒപ്പം, ആ നിരീക്ഷണങ്ങള്‍ അത്ഭുതകരമായ മറ്റൊരു തിരിച്ചറിവിലേക്ക് ശാസ്ത്രത്തെ നയിക്കുകയും ചെയ്തു. പ്രപഞ്ചം വെറുതെ വികസിക്കുകയല്ല, ആ വികാസത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ആ തിരിച്ചറിവ്. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണം ശ്യാമോര്‍ജമെന്ന നിഗൂഢ ഊര്‍ജരൂപം ചെലുത്തുന്ന വിപരീതബലമാണെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി. ശരിക്കുപറഞ്ഞാല്‍, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെ ഇതുവഴി ഹബ്ബിള്‍ ടെലസ്‌കോപ്പ് പുനര്‍നിര്‍ണയം നടത്തുകയായിരുന്നു. 

8.6 കോടി പ്രകാശവര്‍ഷമകലെ ഹൈഡ്ര നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന NGC 3081 എന്ന വാര്‍ത്തുള ഗാലക്‌സിയുടെ ഹബ്ബില്‍ പകര്‍ത്തിയ ദൃശ്യം. ചിത്രം കടപ്പാട്: ESA/Hubble & NASA

ഏതാണ്ടെല്ലാ ഗാലക്‌സികളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നതാണ് ഹബ്ബിള്‍ നടത്തിയ പ്രസിദ്ധമായ മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല, ആ തമോഗര്‍ത്തങ്ങള്‍ക്ക് ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനവുമായി (ദ്രവ്യമാനം = mass) ബന്ധമുണ്ടെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. ആദ്യം തമോഗര്‍ത്തം രൂപപ്പെട്ട ശേഷം, ഗാലക്‌സിയുടെ ദ്രവ്യമാനം നിശ്ചയിക്കപ്പെടുകയായിരുന്നോ, അതോ തിരിച്ചാണോ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഈ കണ്ടെത്തല്‍ അവശേഷിപ്പിക്കുന്നത്. അതുമല്ലെങ്കില്‍, ഗാലക്‌സിയും തമോഗര്‍ത്തവും ഒരേസമയം രൂപപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നു.

കണ്ടെത്തലുകള്‍ നടത്തുക മാത്രമല്ല, പുതിയ കണ്ടെത്തലുകള്‍ക്ക് ഭാവിസാധ്യതകള്‍ തുറന്നിടുകകൂടിയാണ് ഹബ്ബിള്‍ ചെയ്യുന്നത്. പിന്‍ഗാമികള്‍ക്കുള്ള വഴിയൊരുക്കുക കൂടിയാണ് കാല്‍നൂറ്റാണ്ടുകാലം ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ചെയ്തത് (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).

http://www.mathrubhumi.com/technology/science/nasa-hubble-space-telescope-space-telescope-science-institute-european-space-agency-astronomy-science-universe-cosmology-540988/

No comments:

Post a Comment