Tuesday, April 21, 2015

മെസഞ്ചര്‍ ദൗത്യം അവസാനിക്കുന്നു; പേടകം ബുധനില്‍ പതിക്കും

മെസഞ്ചര്‍ ദൗത്യം അവസാനിക്കുന്നു; പേടകം ബുധനില്‍ പതിക്കും


മെസഞ്ചര്‍ പേടകം ബുധന്റെ ഭ്രമണപഥത്തില്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA


സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗ്രഹമായ ബുധനെക്കുറിച്ച് പഠിക്കാന്‍ 11 വര്‍ഷംമുമ്പ് നാസ അയച്ച മെസഞ്ചര്‍ പേടകം ദൗത്യം അവസാനിപ്പിക്കുന്നു. താമസിയാതെ പേടകം ബുധന്റെ പ്രതലത്തില്‍ പതിക്കും.

മിക്കവാറും ഏപ്രില്‍ 30 ഓടെ പേടകം ഗ്രഹപ്രതലത്തില്‍ പതിക്കുമെന്ന് നാസ അറിയിച്ചു. മണിക്കൂറില്‍ 14,000 കിലോമീറ്റര്‍ വേഗത്തില്‍ നടക്കുന്ന ആ പതനം പക്ഷേ, നമുക്ക് നിരീക്ഷിക്കാനാവില്ല. കാരണം, ഭൂമിക്ക് എതിര്‍വശത്തുള്ള ഗ്രഹപ്രതലത്തിലാകും മെസഞ്ചര്‍ പേടകം പതിക്കുക.

അതോടെ പേടകത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇന്ധനമായ ഹീലിയം വാതകം പൂര്‍ണമായും തീര്‍ന്നതായി നാസ പ്രഖ്യാപിക്കുമെന്ന്, മെസഞ്ചര്‍ മിഷന്‍ സിസ്റ്റംസ് എഞ്ചിനിയര്‍ ദാനിയേല്‍ ഒ'ഷാനെസി പ്രസ്താവനയില്‍ പറഞ്ഞു.

2004 ല്‍ വിക്ഷേപിച്ച മെസഞ്ചര്‍, നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ദൗത്യങ്ങളിലൊന്നാണ്. ആറര വര്‍ഷം യാത്രചെയ്ത് 2011 മാര്‍ച്ച് 18 നാണ് പേടകം ബുധന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നുമുതല്‍ പേടകം ബുധന്‍ ഗ്രഹത്തെ നിരീക്ഷിച്ച് ഡാറ്റ ഭൂമിയിലേക്ക് അയച്ചു.

മെസഞ്ചര്‍ പേടകത്തില്‍നിന്നുള്ള വിവരങ്ങളുപയോഗിച്ച് സൃഷ്ടിച്ച ബുധന്റെ രാസഘടന വെളിവാക്കുന്ന ദൃശ്യങ്ങള്‍. കടപ്പാട്: NASA/JPL


യഥാര്‍ഥ ദൗത്യകാലയളവായി നിശ്ചയിച്ചിരുന്നത് ഒരു വര്‍ഷമാണ്. അതിന് ശേഷം രണ്ടുതവണ കാലയളവ് നാസ നീട്ടി. ഏതാണ്ട് നാലുവര്‍ഷം മുഴുവന്‍ ബുധനെ നിരീക്ഷിക്കാന്‍ മെസഞ്ചറിനായി. 

ബുധന്‍ ഗ്രഹത്തിന്റെ ധ്രുവമേഖലയില്‍ ഏതാണ്ട് 3.2 കിലോമീറ്റര്‍ കനത്തില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ ജലമുണ്ട് എന്നതാണ് മെസഞ്ചര്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. മാത്രമല്ല ബുധന്റെ രാസഘടന മാപ്പ് ചെയ്യാനും പേടകത്തിനായി. മെസഞ്ചറിലെ എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (XRS), മെര്‍ക്കുറി ഡ്യുവല്‍ ഇമേജിങ് സിസ്റ്റം (MDIS) എന്നീ ഉപകരണങ്ങളാണ് കണ്ടുപിടുത്തങ്ങള്‍ക്ക് സഹായിച്ചത്. 

സൗരയൂഥത്തിലെ ആന്തരഗ്രഹങ്ങള്‍ രൂപപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ മെസഞ്ചര്‍ നടത്തിയ കണ്ടെത്തലുകള്‍ സഹായിക്കും. മാത്രമല്ല, 2013 ല്‍ മെസഞ്ചര്‍ ഭൂമിയുടെ ഫോട്ടോകളുമെടുത്തു. 

ബഹിരാകാശ ദൗത്യപേടകങ്ങള്‍ക്ക് എങ്ങനെ കഠിനമായ ചൂടില്‍നിന്ന് സംരക്ഷണം നല്‍കാമെന്ന പ്രശ്‌നത്തിനുള്ള പ്രായോഗിക പരീക്ഷണം കൂടിയായിരുന്നു മെസഞ്ചര്‍ ദൗത്യം. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമായതിനാല്‍ 500 ഡിഗ്രി ഫാരന്‍ഹെയ്റ്റ് താപത്തെ ചെറുത്തു വേണമായിരുന്നു പേടകത്തിന് പ്രവര്‍ത്തിക്കാന്‍. ചൂടിനെ ചെറുക്കുന്ന പുതിയ സെറാമിക് വസ്തുക്കളാണ് മെസഞ്ചറിലെ ഉപകരണങ്ങള്‍ സംരക്ഷിച്ചത്. 

ബുധന്‍ ഗ്രഹത്തെക്കുറിച്ച് ശരിയായ അറിവ് ആദ്യമായി ശാസ്ത്രലോകത്തിന് നല്‍കിയത് മെസഞ്ചറാണ് - നാസയിലെ ജോണ്‍ ഗ്രുന്‍സ്‌ഫെല്‍ഡ് പറഞ്ഞു. മെസഞ്ചര്‍ ഇപ്പോള്‍ അവസാനിച്ചാലും, അതയച്ച ഡാറ്റ ഉപയോഗിച്ച് ബുധനെ സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താനിരിക്കുന്നതേയുള്ളൂ, അദ്ദേഹം ചൂണ്ടിക്കാട്ടി.

http://www.mathrubhumi.com/technology/science/nasa-messenger-probe-mercury-solar-system-astronomy-planet-540036/

No comments:

Post a Comment