Wednesday, June 6, 2012

ശുക്ര സംതരണം - ചില കാഴ്ചകള്‍

ശുക്ര സംതരണം - ചില കാഴ്ചകള്‍
കാറുമൂടിയ ആകാശത്ത് അപൂര്‍വ്വ പ്രകൃതി പ്രതിഭാസം കാണുവാന്‍ ജില്ലയിലെമ്പാടും ശാസ്ത്രസാഹിത്യ പരിഷതിന്റേയും മാര്‍സിന്റേയും നേതൃത്വത്തില്‍ നടന്ന സംതരണ നിരീക്ഷണങ്ങളില്‍ നിരവധി ശാസ്ത്രതത്പരരും വിദ്യാര്‍ത്ഥികളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. നിറഞ്ഞ മഴമേഘങ്ങള്‍ക്കിടയിലും സൂര്യമുഖത്തുകൂടിയുള്ള ശുക്രന്റെ സഞ്ചാരം, സൗരക്കണ്ണട ഉപയോഗിച്ചും കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിച്ചും നിരവധിപേര്‍ ആകാംക്ഷയോടെ കണ്ടു.













Tuesday, June 5, 2012

ശുക്ര സംതരണം-ആസ്ട്രോ കേരള


വരൂ….ശുക്ര സംതരണം കാണാം....

ലേഖകന്‍: എസ് നവനീത് കൃഷ്ണന്‍
കടപ്പാട് : ആസ്ട്രോ കേരള
പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വവും സുന്ദരവുമായ ജ്യോതിശ്ശാസ്ത്രപ്രതിഭാസം. എത്ര രസകരമായ കാഴ്ച അല്ലേ? സൂര്യബിംബത്തിനും നമുക്കും ഇടയിലൂടെ ഏത് വസ്തു കടന്നുപോയാലും സൂര്യബിംബം മറയപ്പെടും. സായാഹ്നത്തിലെ ചുവന്നുതുടുത്ത സൂര്യനു മുന്നിലൂടെ ഒരു പക്ഷി പറന്നു പോകുന്നതു പോലും രസകരമായ കാഴ്ചയാണ്. ചിലപ്പോള്‍ ഭൂമിക്കു പുറത്തുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നു പോകും. ചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ ബുധനും ശുക്രനുമാണ് ഇങ്ങനെ കടന്നു പോകാറുള്ളത്. സൂര്യബിംബത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയാണ് ഇത് കാണപ്പെടുക. സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സംതരണം എന്നാണ് ഇത്തരം ജ്യോതിശ്ശാസ്ത്രപ്രതിഭാസങ്ങളെ വിളിക്കുന്നത്. ശുക്രന്‍ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശുക്രസംതരണം(Transit of Venus or TOV) എന്നും ബുധന്‍ കടന്നുപോകുമ്പോള്‍ ബുധസംതരണം എന്നും പറയും. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിനാലോ ബുധസംതരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ശുക്രസംതരണം വളരെ അപൂര്‍വമാണ്. നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ മാത്രം!

ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളില്‍ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നല്‍കുന്നില്ല. കെപ്ലര്‍ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങള്‍ നടത്തുന്നത്. 1631 ഡിസംബര്‍ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകള്‍ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല.



1639 ലെ ശുക്രസംതരണം പ്രവചിക്കാന്‍ കെപ്ലര്‍ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജര്‍മിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറില്‍ ല്‍ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസില്‍ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

2012 ജൂണ്‍ 6 ലെ സംതരണം

2004 ജൂണ്‍ 8 നായിരുന്നു കഴിഞ്ഞ ശുക്രസംതരണം സംഭവിച്ചത്. 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 ല്‍ വീണ്ടും ഒരു ശുക്രസംതരണം. കേരളത്തില്‍ സൂര്യനുദിക്കുന്നതിനു മുന്‍പു തന്നെ സംതരണം തുടങ്ങിയിരിക്കും. ഉദയസൂര്യന്റെ ചുവന്നബിംബത്തില്‍ ഒരു കറുത്ത പൊട്ടുപോലെ ശുക്രനെ കാണാനാകും. പത്തുമണി കഴിയുന്നതോടെ സൂര്യബിംബത്തിനു പുറത്തേക്ക് ശുക്രന്‍ കടന്നു പോകും.



സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോവുക എന്നത് ലളിതമായ സംഭവമായി തോന്നിയേക്കാമെങ്കിലും ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കണക്കാക്കാന്‍ ശുക്രസംതരണത്തെ പ്രയോജനപ്പെടുത്താമെന്ന് 1663 ല്‍ ഗണിതശാസ്ത്രജ്ഞനായ ജയിംസ് ഗ്രിഗറി കണ്ടെത്തി. ഈ നിര്‍ദ്ദേശത്തെ പ്രയോജനപ്പെടുത്തി സൂര്യനും ഭൂമിക്കും ഇടയിലെ ദൂരം കണക്കാക്കാന്‍ കഴിഞ്ഞതോടെ 1882 ഡിസംബര്‍ 6 ന് നടന്ന ശുക്രസംതരണം ചരിത്രത്തില്‍ ഇടം നേടി. കെപ്ലറുടെ ഗ്രഹനിയമങ്ങളിലെ മൂന്നാം നിയമവും പാരലാക്‌സ് രീതിയും പ്രയോജനപ്പെടുത്തിയായിരുന്നു ഈ കണക്കുകൂട്ടല്‍. ശുക്രസംതരണത്തിലെ നാലു ഘട്ടങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സൂര്യന്റെ വക്കില്‍ പുറത്തു നിന്നും ശുക്രന്‍ സ്പര്‍ശിക്കുന്ന സമയം, സൂര്യബിംബത്തിലേക്ക് പൂര്‍ണമായി കടക്കുന്ന സമയം, സൂര്യനെ തരണം ചെയ്ത് പുറത്തുകടക്കാന്‍ തുടങ്ങുന്ന സമയം, പൂര്‍ണമായി പുറത്തു കടക്കുന്ന സമയം.

നേരിട്ടു സൂര്യനെ നോക്കരുതേ...

ശുക്രസംതരണം കാണാന്‍ എന്തായാലും സൂര്യനെ നോക്കാതെ പറ്റില്ല. പക്ഷേ സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചശക്തി തന്നെ നഷ്ടമായേക്കും. സൂര്യന്റെ പ്രതിബിംബം ഉണ്ടാക്കി അതില്‍ നോക്കുന്നതാണ് ഏറ്റവും നന്ന്. ഒരു ടെലിസ്‌കോപ്പ് ഉണ്ടെങ്കില്‍ ഇത് എളുപ്പം നടക്കും. വ്യക്തമായ പ്രതിബിംബവും ലഭിക്കും. ടെലിസ്‌കോപ്പിലൂടെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പകരം ടെലിസ്‌കോപ്പ് സൂര്യന്റെ നേര്‍ക്കു തിരിച്ചു വച്ച് ഐപീസില്‍ നിന്നും വരുന്ന പ്രകാശത്തെ ഒരു വെളുത്ത കടലാസില്‍ വീഴിക്കുക. ഒന്നു നന്നായിട്ടു ഫോക്കസിങ് കൂടി നടത്തിയാല്‍ സൂര്യന്റെ വ്യക്തമായ പ്രതിബിംബം കടലാസില്‍ കാണാം. സൗരകളങ്കങ്ങളെ നിരീക്ഷിക്കാനും ഇതേ രീതി ഉപയോഗിക്കാം. സോളാര്‍ ഫില്‍റ്ററുകളിലൂടെ സൂര്യനെ നോക്കുന്ന രീതിയാണ് മറ്റൊന്ന്. സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കണ്ണടകള്‍ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ഫില്‍ട്ടര്‍ വാങ്ങി സ്വന്തമായി ഒരെണ്ണം നിര്‍മിക്കുകയും ആവാം. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ വീടിനകത്തേക്ക് പ്രതിഫലിപ്പിച്ചും ശുക്രസംതരണം കാണാം. പക്ഷേ അത്ര വ്യക്തതയുണ്ടാവില്ല എന്നു മാത്രം. പിന്‍ഹോള്‍ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്. സൂര്യഗ്രഹണം കാണാന്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ വിദ്യകളും ശുക്രസംതരണം കാണാനും പ്രയോജനപ്പെടുത്താം. ഇതെല്ലാം പരീക്ഷിക്കുമ്പോള്‍ അധ്യാപകരുടെയോ മുതിര്‍ന്ന ആളുകളുടെയോ സഹായം തേടാന്‍ മടിക്കരുത് കേട്ടോ.

Sunday, June 3, 2012

Transit of Venus NCRA - E-Book



Transit of Venus NCRA - E-Book

A Transit of Venus will occur on June 6th 2012 - that is, Venus will come exactly between the Earth and the Sun. We hope you and your friends get to see it - the next transit occurs in 105 years !

We have produced a graphic novel of the story behind the Venus Transit. This is for public, free distribution under a Creative Commons license.

Download E-Book (English)

Published by :
National Centre for Radio Astrophysics
Tata Institute of Fundamental Research
Post Bag 3, Ganeshkhind, 
Pune University Campus
Pune, India - 411007


Visit NCRA Website for Other Languages.

Saturday, June 2, 2012

ആകാശവിസ്മയമാകാന്‍ ശുക്രസംതരണം


ആകാശവിസ്മയമാകാന്‍ ശുക്രസംതരണം 

സാബു ജോസ് @ ദേശാഭിമാനി കിളിവാതില്‍

ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ കറുത്ത പൊട്ടുപോലെ കടന്നുപോകുന്ന അപൂര്‍വ ദൃശ്യം കാണാന്‍ ശാസ്ത്രലോകം ഒരുങ്ങി. ജൂണ്‍ ആറിനാണ് ഈ ആകാശവിസ്മയം. ഈ തലമുറയ്ക്ക് ഇത്തരമൊരു ദൃശ്യം പിന്നീട് കാണാനുള്ള ഭാഗ്യമുണ്ടാകില്ല. ശുക്രസംതരണം എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഇനി കാണണമെങ്കില്‍ 105 വര്‍ഷം കാത്തിരിക്കേണ്ടിവരും. കൃത്യമായി പറഞ്ഞാല്‍ 2117 ഡിസംബര്‍ 11 വരെ. 2004 ജൂണ്‍ എട്ടിനു പുലര്‍ച്ചെ 5.13 മുതല്‍ 11.26 വരെ നീണ്ടുനിന്ന ശുക്രസംതരണം കാണാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടിയാണ് ഇത്തവണത്തേത്.

എന്താണ് ശുക്രസംതരണം?

ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാം അതിനെ സൂര്യഗ്രഹണമെന്നാണു വിളിക്കുന്നത്. അതുപോലെ ഭൂമിക്കും സൂര്യനും ഇടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ശുക്രന്‍ ഭൂമിയില്‍നിന്നു വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭഭൂമിയിലുള്ള നിരീക്ഷകന് കാണാം. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലുലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു.

243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ എട്ടുവര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്. സൗരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ടസഹോദരി എന്നു വിളിക്കാവുന്ന ശുക്രന്റെ വ്യാസം ഏറെക്കുറെ ഭൂമിയുടേതിനു തുല്യമാണ്. ഏറ്റവുമധികം പര്യവേഷണങ്ങള്‍ നടന്ന ഗ്രഹവും ശുക്രനാണ്. കട്ടികൂടിയ കാര്‍ബണ്‍ഡയോക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം. അമ്ലമഴയും കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്റെ താപനില 450 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാറുണ്ട്. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്റെ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണ പാതയില്‍നിന്ന് മൂന്നു ഡിഗ്രി നാലു മിനിറ്റ് ചരിഞ്ഞാണ് ഇരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ ഭ്രമണപാത (ഋരഹശുശേര) ശുക്രന്‍ മുറിച്ചുകടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്റെ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടൂ. പ്രഭാതനക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നും വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്റെ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്റെ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ലറാണ്. എഡി 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലുവര്‍ഷം മുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് ശുക്രസംതരണം ദര്‍ശിക്കാന്‍കഴിഞ്ഞില്ല. പിന്നീട് 1939 നവംബര്‍ 24നു നടന്ന സംതരണം ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. അതുകൂടാതെ ശുക്രന്റെ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ലറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്തുന്നതിനും ഹൊറോക്സിനു സാധിച്ചു.

സംതരണവും ശാസ്ത്രലോകവും

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിര്‍ണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്കു കഴിയും. അതുകൂടാതെ സൗരയൂഥത്തിന്റെ വലുപ്പം കൃത്യമായി നിര്‍ണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെത്തന്നെയാണ്. ജൂണ്‍ ആറിനു നടക്കുന്ന ശുക്രസംതരണം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെ ഏഷ്യയുടെ കിഴക്കന്‍പ്രദേശങ്ങള്‍, ഹവായ് ദ്വീപുകള്‍, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിലും ശുക്രസംതരണം ദൃശ്യമാകും.

നിരീക്ഷണം എങ്ങനെ?

ദൂരദര്‍ശിനിയുടെയോ ബൈനോക്കുലറിന്റെയോ സഹായത്തോടെ ലഭിക്കുന്ന സൂര്യബിംബത്തിന്റെ ഛായ ചുമരിലേക്കോ സ്ക്രീനിലേക്കോ പ്രക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അസ്ട്രോണമിക്കല്‍ ഫില്‍റ്റര്‍ (ക്രോമിയം ഫില്‍റ്റര്‍) ഘടിപ്പിച്ച കണ്ണടകളിലൂടെയും സൂര്യബിംബത്തെ നിരീക്ഷിക്കാം. വെല്‍ഡര്‍ ഉപയോഗിക്കുന്ന ഗ്രേഡ്-14 ഗ്ലാസ് ഉപയോഗിച്ചും സംതരണം നിരീക്ഷിക്കാം. നഗ്നനേത്രംകൊണ്ടോ, എക്സ്-റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. സൂര്യനില്‍നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാ-റെഡ് വികിരണങ്ങള്‍ക്ക് എക്സ്-റേ ഫിലിമുകള്‍ തടസ്സമാകില്ല. ഇത് റെറ്റിനയില്‍ പൊള്ളലേല്‍പ്പിക്കാം. ഭാഗികമായോ പൂര്‍ണമായോ അന്ധതയ്ക്കു കാരണമാവുകയും ചെയ്യാം. എന്നാല്‍ സംതരണസമയത്ത് ഭക്ഷണം കഴിക്കുന്നതിനോ മറ്റു ജോലികള്‍ ചെയ്യുന്നതിനോ തടസ്സമില്ല.

Friday, June 1, 2012

2012 ജൂണ്‍ 6 ന് ശുക്രസംതരണം (Transit of Venus)



ശുക്രസംതരണം പ്രസന്‍റേഷന്‍ വീഡിയോകള്‍ ഉള്‍പ്പെടെ


വീഡിയോകള്‍ ഇല്ലാത്ത പ്രസന്‍റേഷന്‍ മാത്രം




ആദ്യ സ്വകാര്യ ബഹിരാകാശ പേടകം


പറന്നുയര്‍ന്നത് ആദ്യ സ്വകാര്യ ബഹിരാകാശ പേടകം

ലേഖകന്‍ - സാബു ജോസ് , കടപ്പാട്: ദേശാഭിമാനി കിളിവാതില്‍

ഡ്രാഗണ്‍ എന്ന ബഹിരാകാശപേടകം വിക്ഷേപിക്കപ്പെട്ടത് ചരിത്രത്തിലേക്കാണ്. ആഗോള ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയായിരുന്നു 2012 മെയ് 19ന്. ഫ്ളോറിഡയിലെ കേപ്കനാവറെല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ഡ്രാഗണ്‍ അമേരിക്കയിലെ സ്പേസ്.എക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വിക്ഷേപിച്ച് ആറുദിവസത്തിനുശേഷം, ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,700 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി കൃത്യമായി ഡോക്കിങ് നടത്തുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടുപോകുന്നതിനാണ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2015-ഓടെ ബഹിരാകാശസഞ്ചാരികളെ നിലയത്തിലെത്തിക്കുന്നതിനും തിരിച്ച് ഭൂമിയിലെത്തിക്കുന്നതിനും സാധിക്കും.

                                   

ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ പര്യാപ്തമാണ് ഡ്രാഗണ്‍. ആദ്യയാത്രയില്‍തന്നെ 521 കിലോഗ്രാം സാമഗ്രികള്‍ വഹിച്ചുകൊണ്ടുപോകുന്ന സ്പേസ്ക്രാഫ്റ്റ് മടക്കയാത്രയില്‍ ബഹിരാകാശനിലയത്തില്‍നിന്നുള്ള അവശിഷ്ടങ്ങളടക്കം 660 കിലോഗ്രാം സാമഗ്രികളുമായാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഡ്രാഗണ്‍ക്രാഫ്റ്റ് ഒരാഴ്ചയ്ക്കുശേഷം പസഫിക്സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നതിനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. അതിനുമൊരു സവിശേഷതയുണ്ട്. നിലവിലുള്ള കാര്‍ഗോഷിപ്പുകള്‍ ഉപയോഗത്തിനുശേഷം റീ-എന്‍ട്രി സമയത്ത് കത്തിച്ചുകളയുകയാണ് പതിവ്. എന്നാല്‍ ആദ്യമായി സുരക്ഷിതമായി തിരിച്ചിറങ്ങുന്ന കാര്‍ഗോഷിപ്പെന്ന ബഹുമതിയും ഡ്രാഗണ്‍ക്രാഫ്റ്റിനാകും. 19 അടി നീളവും 12 അടി പാദവ്യാസവുമുള്ള ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റിന് ഒരു വലിയ മണിയുടെ ആകൃതിയാണ്. മറ്റു കാര്‍ഗോഷിപ്പുകളില്‍നിന്നു വ്യത്യസ്തമായി പുനരുപയോഗക്ഷമമാണെന്നത് ഡ്രാഗണിന്റെ മാത്രം സവിശേഷതയാണ്.

                                             

450 കിലോഗ്രാമിലേറെ ഭഭാരവാഹകശേഷിയുള്ള ഡ്രാഗണ്‍ പ്രധാനമായും അസ്ട്രോനോട്ടുകളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണം ഇനി കുറേക്കൂടി സുഗമവും ചെലവുകുറഞ്ഞതുമായിരിക്കുമെന്നാണ് സ്പേസ്.എക്സ് കമ്പനിയുടെ വാഗ്ദാനം. ബഹിരാകാശ വിനോദസഞ്ചാരികള്‍ക്ക് ടാക്സിയായും കാര്‍ഗോഷിപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 2015ല്‍തന്നെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. നാസയുടെ കൊമേഴ്സ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ് (Cots) പദ്ധതിപ്രകാരം ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്ന പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെട്ടത്. ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്.എക്സ് ആണ് ഈ സ്പേസ് ക്രാഫ്റ്റിന്റെ നിര്‍മാതാക്കള്‍. അതിശക്തമായ ഫാല്‍ക്കണ്‍ - 9 റോക്കറ്റ് ഉപയോഗിച്ചാണ് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചിരിക്കുന്നത്. ഫാല്‍ക്കണിന്റെ മൂന്നാമത്തെ വിക്ഷേപണമാണിത്. ഇതിനുമുമ്പ് 2010 ജൂണിലും 2010 ഡിസംബറിലും പരീക്ഷണ വിക്ഷേപണം നടത്തി മികവു തെളിയിച്ച ഫാല്‍ക്കണ്‍ ആദ്യമായാണ് സ്പോസ്ക്രാഫ്റ്റും വഹിച്ചുകൊണ്ട് വിക്ഷേപിക്കപ്പെടുന്നത്. സ്പേസ്.എക്സിനെ കൂടാതെ നാസയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വേറെയും കമ്പനികള്‍ സ്പേസ് ക്രാഫ്റ്റുകളുടെ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുണ്ട്. ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് അടുത്ത ഊഴം. ഈ വര്‍ഷം അവസാനത്തോടെ (2012 ഒക്ടോബറിലാണ് പ്രതീക്ഷിക്കപ്പെടുന്നത്) സിഗ്നസ് എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കപ്പെടും. അന്റാറസ് റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2013 ജനുവരിയില്‍തന്നെ ഓര്‍ബിറ്റര്‍ കോര്‍പറേഷന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാവശ്യമായ സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള എട്ടു ദൗത്യങ്ങള്‍ നടത്താന്‍ ആരംഭിക്കും.


                                   

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യന്ത്രസാമഗ്രികളും ബഹിരാകാശസഞ്ചാരികളുടെ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം എത്തിക്കുന്നത് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ എടിവിയും (Automated Transfer Vehicle) റഷ്യയുടെ പ്രോഗ്രസ് സപ്ലൈ ഷിപ്പും ഉപയോഗിച്ചാണ്. ആ നിരയിലേക്കാണ് ഇപ്പോള്‍ സ്വകാര്യ സംരംഭമായ സ്പേസ്.എക്സ് കടന്നുവന്നിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നാസയുടെ ബഹിരാകാശ പദ്ധതികള്‍ പലതും മുടങ്ങുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നാസ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വീണ്ടും പര്യവേക്ഷണത്തിനു തുടക്കമിട്ടത്. സ്പേസ്.എക്സ് കമ്പനി 100കോടി ഡോളറാണ് പദ്ധതിക്ക് മുതല്‍മുടക്കുന്നത്.

Sunday, May 27, 2012

School Election Software - Freeware

School Election Software - Freeware
(സ്കൂള്‍ ഇലക്ഷന്‍ പ്രോഗ്രാം)


സ്കൂളുകള്‍ക്ക് വേണ്ടിയുള്ള ഇലക്ഷന്‍ സോഫ്റ്റ്വെയര്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ  സോഫ്റ്റ്വെയര്‍  മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.

Download Freeware program for conducting School Elections. This software works with Windows Platforms.

External Download Links:

minus.com Links:-
School Election 4.0 Standard Edition
(3.0 MB)

(3.7 MB)

അല്ലെങ്കില്‍
4shared Links:-

(3.7 MB)

(2.2 MB) (Must Download Standard Edition also!)
---------------------------------------------------------
This Program Needs Adobe Acrobat Reader Download it from here!

Saturday, May 19, 2012

ശുക്രസംതരണം സംസ്ഥാന ശില്‍പശാല


     കേരള ശാസ്ത്ര സാഹിത്യ പരിഷത്, മലപ്പുറം അമേച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി, ആസ്‌ട്രോ കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുക്രസംതരണം (Transit of Venus - TOV) സംസ്ഥാന ശില്‍പശാല 19.05.2012 ന് മലപ്പുറം പരിഷത് ഭവനില്‍ വച്ച് നടന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വരെ നടന്ന പരിശീലന പരിപാടിയില്‍, വരുന്ന ജൂണ്‍ 6 ലെ ശുക്രസംതരണം എന്താണെന്ന് അടുത്തറിയാനും അതാത് മേഖലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കാനും സാധിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകര്‍, മാര്‍സ് പ്രവര്‍ത്തകര്‍, ആസ്‌ട്രോ കേരള പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജ്യോതിശാസ്ത്ര തത്പരര്‍ തുടങ്ങി നൂറിലധികം ആളുകള്‍ പങ്കെടുത്തു.


     ശ്രീ. രമേശ് കുമാര്‍ (KSSP) സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ ശ്രീ. വേണു (KSSP) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രൊഫ. കെ.പാപ്പൂട്ടി ഉദ്ഘാടനം നിര്‍വഹിക്കുകയും തുടര്‍ന്ന് TOV യുടെ ചരിത്രവും പ്രാധാന്യവും സംബന്ധിച്ച് ക്ലാസ് എടുക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീ. കെ.വി.എസ് കര്‍ത്താ, ശ്രീ. ബാലകൃഷ്ണന്‍ മാഷ്, ശ്രീ. ശ്യാം വി.എസ് എന്നിവരുടെ നേതൃത്വത്തില്‍ ട്രൂ നോര്‍ത്ത് കണ്ടെത്തല്‍, സമാന്തര ഭൂമി, നാനോ സോളാര്‍ സിസ്റ്റം, 110ന്റെ മാജിക്, ബോളും കണ്ണാടിയും-സൂര്യദര്‍ശിനി നിര്‍മാണം, പിന്‍ഹോള്‍ ക്യാമറ, സൂര്യനെത്ര ദൂരെ? തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.


        തുടര്‍ന്ന് മനോജ് കോട്ടക്കല്‍ (MAARS) TOV സംബന്ധിച്ചുള്ള പ്രസന്റേഷനും വീഡിയോകളും 2004 ലെ TOV അനുഭവങ്ങളും അവതരിപ്പിച്ചു. ശേഷം, വിവിധ ജില്ലകളിലെ പ്രതിനിധികള്‍ക്ക് TOV റിസോഴ്‌സ് സി.ഡി വിതരണം ചെയ്തു. ശ്രീ.ബാലഭാസ്‌കരന്‍ (KSSP) നന്ദി പറഞ്ഞു.




















Tuesday, May 8, 2012

2012 ജൂണ്‍ 6 ന് ശുക്രസംതരണം (Transit of Venus)

2012 ജൂണ്‍ 6 ന് ശുക്രസംതരണം (Transit of Venus)


ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോള്‍, ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്. ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത്. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കില്‍ ശുക്രസംതരണം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ. കഴിഞ്ഞ ശുക്രസംതരണം 2004 ജൂണ്‍ എട്ട് ചൊവാഴ്ച രാവിലെ 10.43 ഓടെയാണ്  ദൃശ്യമായത്.

ശുക്രസംതരണം - ട്രാന്‍സിറ്റ് ഓഫ് വീനസ് - സൂര്യഗ്രഹണത്തിന് സമാനമായ പ്രതിഭാസമാണ്. സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നു. ശുക്രസംതരണത്തിന് ഭൂമിക്കും സൂര്യനും ഇടയില്‍ ശുക്രനാണ് വരുന്നത് എന്നത് പ്രധാനവ്യത്യാസം.

MAARS ശുക്രസംതരണം കാണാന്‍ അവസരമൊരുക്കുന്നു. കാത്തിരിക്കൂ...

Saturday, March 31, 2012

എര്‍ത്ത് അവര്‍-ഭൂമിക്കായി ഒരു മണിക്കൂര്‍!


2012, 31 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും നാളെത്തെ ഭൂമിക്കായി എര്‍ത്ത് അവര്‍ ആചരിക്കൂ.
.


.
ആഗോള താപനത്തിന്റെ ഭാഗമായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽ‌ക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ടിൻറെ (WWF: World Wide Fund for Nature ) ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ ഉൾപ്പെടെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ്,ലോകമെമ്പാടും എർത്ത് അവർ ആചരിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച്, വൈദ്യുതി ഉപയോഗം, ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ്‌ എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞം.
.


.


.




Thursday, March 15, 2012

അപൂര്‍വ ഗ്രഹസംഗമം


മലപ്പുറം: അപൂര്‍വ ഗ്രഹസംഗമം കാണാന്‍ നൂറുകണക്കിന് ആളുകളെത്തി. ഗ്രഹഭീമനായ വ്യാഴവും വെള്ളി പോലെ തിളങ്ങുന്ന ശുക്രനും വെറും മൂന്നു ഡിഗ്രി അകലത്തില്‍ അടുത്തടുത്തായി നില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാന്‍ മാര്‍ച്ച് 14 ന് വൈകീട്ട് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ് വേദിയൊരുക്കി.. ശക്തിയേറിയ രണ്ട് ടെലിസ്‌കോപ്പുകള്‍ വഴി വ്യാഴം, ശുക്രന്‍ എന്നിവയെ നിരീക്ഷിച്ചു. മനോജ് കോട്ടക്കല്‍, അബ്ദുല്‍ ഗഫൂര്‍, ആനന്ദമൂര്‍ത്തി, ബ്രിജേഷ് പൂക്കോട്ടൂര്‍, പ്രമോദ്, ബിജു മാത്യു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.







Saturday, March 10, 2012

ഗ്രഹസംഗമം


ഗ്രഹഭീമനായ വ്യാഴവും വെള്ളി പോലെ തിളങ്ങുന്ന ശുക്രനും വെറും മൂന്നു ഡിഗ്രി അകലത്തില്‍ അടുത്തടുത്തായി നില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാന്‍ മാര്‍ച്ച് 14 ന് വൈകീട്ട് മലപ്പുറം കുന്നുമ്മല്‍ പരിസരത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ് വേദിയൊരുക്കുന്നു. ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ വഴി വ്യാഴം, ശുക്രന്‍ എന്നിവയെ നിരീക്ഷിക്കുവാനുള്ള സൗകര്യം ഉണ്ട്. ഗ്രഹങ്ങളെ തിരിച്ചറിയുന്നതിനും അന്ധവിശ്വാസങ്ങള്‍ അകറ്റുവാനും ഈ അവസരം  പ്രയോജനപ്പെടുത്തൂ.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ആനന്ദമൂര്‍ത്തി 94 00 62 59 00
ബ്രിജേഷ് പൂക്കോട്ടൂര്‍   99 61 25 77 88
മനോജ് കോട്ടക്കല്‍   94 46 35 24 39


Friday, February 24, 2012

തമോഗര്‍ത്തങ്ങള്‍


തമോഗര്‍ത്തങ്ങള്‍



കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക സംഘം കഴിഞ്ഞദിവസം കണ്ടെത്തിയ തമോഗര്‍ത്തങ്ങള്‍ക്ക് 970 കോടിയിലധികം സൗരപിണ്ഡം ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഭൂമിയില്‍നിന്ന് 33 കോടി പ്രകാശവര്‍ഷം അകലെ ലിയോ ക്ലസ്റ്ററിലുള്ള എന്‍ജിസി 3842 എന്ന നക്ഷത്രസമൂഹ കേന്ദ്രത്തിലും 34 കോടി പ്രകാശവര്‍ഷം അകലെ കോമാ ക്ലസ്റ്ററിലുള്ള എന്‍ജിസി 4889 എന്ന നക്ഷത്രസമൂഹ കേന്ദ്രത്തിലുമാണ് തമോഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്.

ദീര്‍ഘവൃത്താകാരങ്ങളായ ഈ രണ്ടു നക്ഷത്രസമൂഹങ്ങളുടെയും കേന്ദ്രത്തിലുള്ള തമോഗര്‍ത്തങ്ങള്‍ സൂപ്പര്‍നോവാ സ്ഫോടനത്തെത്തുടര്‍ന്ന് പുതുതായി സൃഷ്ടിക്കപ്പെട്ടവയല്ല. നക്ഷത്ര സമൂഹങ്ങളുടെ സംഘട്ടനത്തെത്തുടര്‍ന്ന് ഒരു തമോഗര്‍ത്തം മറ്റൊന്നിനെ വിഴുങ്ങി പിന്നീട് കോടിക്കണക്കിന് നക്ഷത്രങ്ങളും വാതകപിണ്ഡങ്ങളും ചേര്‍ന്ന് ഭീമാകാരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ . വളരെയധികം ദ്രവ്യം ശക്തമായ ഗുരുത്വാകര്‍ഷണഫലമായി ചെറിയ വ്യാപ്തത്തില്‍ നിറയുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ (Black Hole) രൂപപ്പെടുന്നത്. തമോഗര്‍ത്തങ്ങളുടെ കേന്ദ്രത്തില്‍നിന്നുള്ള ശക്തമായ ഗുരുത്വവലിവില്‍നിന്ന് പ്രകാശത്തിനുപോലും രക്ഷപ്പെടാന്‍ കഴിയില്ല. അതിനാല്‍ തമോഗര്‍ത്തങ്ങള്‍ നിരീക്ഷകന് നേരിട്ട് ദൃശ്യമാവില്ല. തമോഗര്‍ത്തങ്ങള്‍ക്കു ചുറ്റും പരിക്രമണംചെയ്യുന്ന നക്ഷത്രങ്ങളുടെ വേഗവും അവയുടെ സഞ്ചാരപഥവും അപഗ്രഥിച്ചാണ് തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതും അവയുടെ പിണ്ഡം കണക്കുകൂട്ടുന്നതും. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ രണ്ടു ഭീമന്‍ തമോഗര്‍ത്തങ്ങളുടെയും സംഭവചക്രവാളം (Event Horizon) പ്ലൂട്ടോയുടെ ഭ്രമണപഥത്തിന്റെ അഞ്ചുമടങ്ങ് വിസ്തൃതമാണ്. ഹബിള്‍ സ്പേസ് ടെലസ്കോപ്പിന്റെയും കെക്ക്, ജെമിനി ഭൂതല ടെലസ്കോപ്പുകളുടെയും സഹായത്തോടെയാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.

ഈ തമോഗര്‍ത്തങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളുടെ തുടക്കം 2011 ഫെബ്രുവരിയിലാണ്. അന്ന് ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകരായ കാള്‍ ഹെബ്കാര്‍ട്ട്, ജര്‍മി മര്‍ഫി എന്നിവര്‍ ചേര്‍ന്നു കണ്ടെത്തിയ ഈ തമോദ്വാരത്തിന്റെ മാത്രം പിണ്ഡം 6.7 ബില്യണ്‍ സൗരപിണ്ഡത്തിനു തുല്യമാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ചാണ് തമോഗര്‍ത്തങ്ങളെ പഠിക്കുന്നത്. ഗുരുത്വബലം അതിസങ്കീര്‍ണമാവുകയും പ്രകാശത്തിനുപോലും രക്ഷപ്പെടാന്‍ കഴിയാതെവരികയും ചെയ്യുന്ന ഒരു സാഹചര്യം ഐന്‍സ്റ്റൈന്‍ പ്രവചിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനുതന്നെയും അക്കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. തുടര്‍ന്നുള്ള ജ്യോതിശാസ്ത്രജ്ഞരുടെയും ഗണിതശാസ്ത്രജ്ഞരുടെയും ഗവേഷണങ്ങളാണ് തമോഗര്‍ത്തങ്ങളുടെ അസ്തിത്വം അടിവരയിട്ടുറപ്പിച്ചത്. ജീവിച്ചിരിക്കുന്ന ഇതിഹാസമായ സ്റ്റീഫന്‍ ഹോക്കിങ്ങും, ഡോ. മാര്‍ട്ടിന്‍ റീസുമെല്ലാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാശാലികളില്‍ ചിലരാണ്.

തമോ ഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്?

നക്ഷത്രങ്ങള്‍ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു നക്ഷത്രത്തിന്റെ പിണ്ഡം സൗരപിണ്ഡത്തിന്റ 10 മടങ്ങിലധികമായാല്‍ അതിന്റെ ജീവിതാന്ത്യത്തില്‍ നക്ഷത്രം അത്യുജ്വല ശോഭയോടെ പൊട്ടിച്ചിതറും. സൂപ്പര്‍നോവ എന്നാണ് ഈ പ്രതിഭാസത്തിനു പറയുന്ന പേര്. സ്ഫോടനത്തെത്തുടര്‍ന്ന് അവശേഷിക്കുന്ന നക്ഷത്രക്കാമ്പിന്റെ പിണ്ഡം സൗരപിണ്ഡത്തിന്റെ 1.4 മടങ്ങിലും (2.85x1030kg) അധികമായാല്‍ അതിന്റെ ഗുരുത്വബലം അത്യധികം തീവ്രമാവുകയും നക്ഷത്രദ്രവ്യം വളരെ ചെറിയ വ്യാപ്തത്തിലേക്ക് സങ്കോചിക്കുകയും ചെയ്യും. ഗുരുത്വബലത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് പ്രകാശത്തിനുപോലും രക്ഷപ്പെടാന്‍ കഴിയില്ല. തമോദ്വാരങ്ങളുടെ ഗണിതസൂത്രം കണ്ടെത്തിയത് ഇന്ത്യന്‍വംശജനായ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറാണ്. ഒരു നക്ഷത്രം തമോഗര്‍ത്തമാകുന്ന പിണ്ഡാതിര്‍ത്തിയെ ചന്ദ്രശേഖര്‍ സീമ (Chandrashekhar Limit) എന്നാണ് വിളിക്കുന്നത്.  2.85x1030kg യാണ് ചന്ദ്രശേഖര്‍ സീമ. ഇത് 1.4 സൗരപിണ്ഡത്തിനു തുല്യമാണ്. തമോദ്വാരങ്ങള്‍ അവ സ്ഥിതിചെയ്യുന്ന സ്ഥലകാലങ്ങളില്‍ (Space time) ഉണ്ടാക്കുന്ന വക്രത അനന്തമാണ്. ഷ്വാര്‍സ് ചൈല്‍ഡ് റേഡിയസ് എന്നുവിളിക്കുന്ന ഈ മേഖലയില്‍ അകപ്പെടുന്ന ഒന്നും പിന്നെ തിരിച്ചുവരില്ല. ഈ സംഭവചക്രവാളത്തിനപ്പുറം എന്താണ് നടക്കുന്നതെന്നു നിരീക്ഷിക്കുക അസാധ്യമാണ്. ഷ്വാര്‍സ് ചൈല്‍ഡ് റേഡിയസ് സാധാരണയായി വളരെ ചെറിയൊരു പ്രദേശമായിരിക്കും. സൂര്യന്‍ ഒരു തമോദ്വാരമായി എന്നു സങ്കല്‍പ്പിച്ചാല്‍ അതിന്റെ വ്യാസം വെറും രണ്ടു കിലോമീറ്റര്‍ മാത്രമാകും. ഇനി ഭൂമിയുടെ കാര്യത്തിലാണെങ്കില്‍ അതൊരു പയര്‍മണിയുടെയത്ര മാത്രമേ വരൂ. തമോഗര്‍ത്തങ്ങളുടെ കേന്ദ്രത്തെ വൈചിത്ര്യമെന്നാണ് (Singulartiy) വിളിക്കുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇനിയും അജ്ഞാതമാണ്. മിക്കവാറും എല്ലാ നക്ഷത്രസമൂഹങ്ങളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടാകും. സര്‍പ്പിള ഗാലക്സികളില്‍ അവയുടെ സാധ്യത വളരെയധികമാണ്. ഗാലക്സികളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് അവയുടെ കേന്ദ്രത്തിലുള്ള തമോഗര്‍ത്തങ്ങളും വലുതാകും. നമ്മുടെ മാതൃനക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലും ഒരു ഭീമന്‍ തമോഗര്‍ത്തമുണ്ട്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനം അത്യന്തം സങ്കീര്‍ണവും അതേസമയം ആവേശകരവുമാണ്.


ലേഖകന്‍- സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട്- ദേശാഭിമാനി കിളിവാതില്‍


തമോഗര്‍ത്തങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ


Tuesday, December 6, 2011

ഡിസംബര്‍ 10 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം




2011 ലെ ജൂണ്‍ 15ന്  ശേഷമുള്ള രണ്ടാമത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഡിസംബര്‍  10 ന്  ദൃശ്യമാവും. സന്ധ്യക്ക്‌ 06.19 മുതല്‍ രാത്രി 09.44 വരെ  ഗ്രഹണം വ്യക്തതയോടെ കാണാം. 





 ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വ്യക്തമായി ഗ്രഹണം വീക്ഷിക്കാം. 

അന്ധ വിശ്വാസങ്ങളില്‍ കുടുങ്ങി കിടക്കാതെ നിങ്ങളും കൂട്ടുകാരും വീട്ടുകാരും ഗ്രഹണം വീക്ഷിക്കുമല്ലോ... 

ചന്ദ്രഗ്രഹണത്തെക്കുറിച്ച്  കൂടുതലറിയാന്‍ ഇതാ ഒരു പ്രസന്റേഷന്‍.....
(5.01 MB)

Friday, November 11, 2011

വാല്‍നക്ഷത്രം എലനിന്‍

വാല്‍നക്ഷത്രം എലനിന്‍






ഇന്റര്‍നെറ്റിലും പത്രമാധ്യമങ്ങളിലും ഭീതിപരത്തി നിറഞ്ഞുനിന്ന, ഭൂമിയെ സമീപിച്ചുകൊണ്ടിരുന്ന വാല്‍നക്ഷത്രം എലനിന്‍ ചരമമടഞ്ഞു. അതോടൊപ്പം ലോകാവസാന പ്രവചനവും. ഡൂംസ്ഡേ പ്രവാചകരുടെ അവസാനത്തെ ആയുധമായ ഈ ധൂമകേതുവിനെ സൂര്യന്റെ കൊറോണല്‍ മാസ് ഇജക്ഷന്‍ വലിച്ചുകീറികളഞ്ഞു. അവശിഷ്ടങ്ങള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തിയില്‍ , ധൂമകേതുവിന്റെ ജന്മനാടായ ഊര്‍ട്ട് മേഘങ്ങളിലേക്കുതന്നെ വലിച്ചെറിഞ്ഞു 2011 ഒക്ടോബര്‍ അവസാനം ഭൂമിക്കു സമീപം എത്തുമെന്ന് പ്രവചിച്ച ധൂമകേതുവിനെ ഇപ്പോള്‍ ആകാശത്തെവിടെയും കാണാനില്ല. സെപ്തംബറില്‍തന്നെ സൂര്യന്‍ അതിന്റെ കഥകഴിച്ചുവെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലാബിന്റെ ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2011 സെപ്തംബറിലാണ് ധൂമകേതു സൂര്യന്റെ സമീപമെത്തിയത്. ഈ സമയത്തെ സൂര്യന്റെ അതിശക്തമായ കൊറോണല്‍ മാസ് ഇജക്ഷന്‍ (പ്ലാസ്മ, വാതക വലയം) ധൂമകേതുവിന്റെ ന്യൂക്ലിയസ് തകര്‍ക്കുകയും ചെറിയ ചെറിയ കഷണങ്ങളായി ചിതറിക്കുകയും ചെയ്തു. ചിതറിത്തെറിച്ച ഭാഗങ്ങള്‍ ഭൂമിയില്‍നിന്ന് മൂന്നരക്കോടി കിലോമീറ്റര്‍ അകലെക്കൂടി മണിക്കൂറില്‍ 86,000 കിലോമീറ്റര്‍ വേഗത്തിലാണ് കടന്നുപോയത്. കഴിഞ്ഞ ഏതാനും മാസമായി ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ സെന്‍സേഷനാണ് ഇതോടെ അവസാനിക്കുന്നത്. എലനിന്‍ ഭൂമിയില്‍ ഭൂകമ്പങ്ങളും സുനാമി തിരമാലകളും സൃഷ്ടിക്കുമെന്നും മറ്റനേകം പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമാകുമെന്നും ജീവന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നുമാണ് പ്രവചനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. വെറും രണ്ടുകിലോമീറ്റര്‍ മാത്രം വ്യാസമുള്ള പൊടിയും മഞ്ഞും നിറഞ്ഞ ഈ ധൂമകേതുവിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകള്‍ക്ക് ഇനി കാലത്തിന്റെ തിരശ്ശീലയില്‍ അഭയം. എന്താണ് എലനിന്‍ ധൂമകേതുവിന്റെ പ്രത്യേകത. റഷ്യക്കാരനായ അമച്വര്‍ അസ്ട്രോണമര്‍ ലിയനിഡ് എലനിന്‍ 2010 ഡിസംബര്‍ 10നു കണ്ടെത്തിയ ഇ/2010ത1എന്ന ധൂമകേതുവാണ് എലനിന്‍ കൊമറ്റ് എന്നറിയപ്പെടുന്നത്. ആറുലക്ഷം വര്‍ഷമാണ് ഈ ഹീലിയോ സെന്‍ട്രിക് ധൂമകേതുവിന്റെ പരിക്രമണകാലം. സൂര്യനു സമീപമെത്തുമ്പോള്‍ (ജലൃശവലഹശീി) വാല്‍നക്ഷത്രവും സൂര്യനും തമ്മിലുള്ള അകലം ഏഴേകാല്‍ കോടി കിലോമീറ്ററാണ്. എലിനിനുശേഷം, ലോകാവസാന പ്രവചനക്കാര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷനല്‍കിയ "2005വൈയു 55" എന്ന ക്ഷുദ്രഗ്രഹവും കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞദിവസം കടന്നുപോയി. മണിക്കൂറില്‍ 30600 മൈല്‍ വേഗതയിലാണ് ഇത് ഭൂമിയെ സമീപിച്ചുകൊണ്ടിരുന്നത്. ഏകദേശം 1300 അടി വ്യാസമുള്ള ഈ നവംബര്‍ എട്ടിന് ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയി. സമീപത്തെന്നുപറയുമ്പോള്‍ ഏകദേശം ഭൂമിയും ചന്ദ്രനുമായുള്ള അകലത്തിലൂടെ. പ്രവചനങ്ങള്‍ നടന്നുകൊള്ളട്ടെ, എന്നാല്‍ ഇത് ഭൂമിക്ക് ഒരുതരത്തിലുമുള്ള അപകടവുമുണ്ടാക്കില്ലെന്ന് നേരത്തെതന്നെ ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ഇനി ഇതുപോലൊന്നുണ്ടാകണമെങ്കില്‍ 2028 വരെ കാത്തിരിക്കണം.


റിപ്പോര്‍ട്ട്‌ കടപ്പാട് : ദേശാഭിമാനി കിളിവാതില്‍ 08.11.2011


Wikipedia Info!
http://en.wikipedia.org/wiki/C/2010_X1