ഒരു കണികാത്വരകത്തിനും ഇതുവരെ സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനില കൈവരിക്കുന്നതില്‍ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) വിജയിച്ചു. 13 ട്രില്യണ്‍ ഇലക്ട്രോണ്‍വോള്‍ട്ട്‌സില്‍ കണികാകൂട്ടിയിടി നടത്തിയാണ് എല്‍.എച്ച്.സി. പുതിയ റിക്കോര്‍ഡിട്ടത്.
2013 ല്‍ പരിഷ്‌ക്കരണത്തിനായി അടച്ചിടുമ്പോള്‍ എല്‍.എച്ച്.സി.കൈവരിച്ചിരുന്ന ഊര്‍ജനില 8 ട്രില്യണ്‍ ആയിരുന്നു. അതിനെ ബഹുദൂരം പിന്തള്ളിയാണ്, ബുധനാഴ്ച രാത്രി എല്‍.എച്ച്.സി.പുതിയ ഉയരങ്ങളിലെത്തിയത്.
'13 TeV ( teraelectronvolts ) ഊര്‍ജനിലയില്‍ കണികാധാരകളുടെ കൂട്ടിയിടി ആരംഭിച്ചിരിക്കുകയാണ്. ഏതിര്‍ദിശയിലെത്തി നേര്‍ക്കുനേര്‍ കൂട്ടിയിടി നടക്കത്തക്ക വിധം കണികാധാരകളുടെ ദിശ ഞങ്ങള്‍ ക്രമീകരിച്ച് വരികയാണ്' - 'സേണി'ലെ റോണാള്‍ഡസ് സ്യുക്കര്‍ബ്യൂക്ക് അറിയിച്ചു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണ്‍ ആണ് എല്‍.എച്ച്.എസിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.എച്ച്.സി, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ യന്ത്രമാണ്. എതിര്‍ദിശയില്‍ പ്രകാശവേഗത്തിനടുത്ത് സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ ഉന്നതോര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ച്, പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ 13 TeV ഊര്‍ജനില കൈവരിച്ചിരിക്കുന്നു |
ഭൗതികശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ശ്യാമദ്രവ്യം ( dark matter ), അധിക ഡൈമന്‍ഷനുകള്‍ എന്നിവ അടക്കമുള്ള പ്രഹേളികള്‍ക്ക് ഉത്തരം തേടുകയാണ് എല്‍.എച്ച്.സി. ചെയ്യുന്നത്.
'ദൈവകണ'മെന്ന് അപരനാമമുള്ള ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കുക വഴി വലിയ മുന്നേറ്റം ഇതിനകം എല്‍.എച്ച്.സി. നടത്തിക്കഴിഞ്ഞു. അത്യപൂര്‍വമായ മറ്റൊരു ഉപആറ്റോമിക കണം എല്‍.എച്ച്.സി.യില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വന്നത് അടുത്തയിടെയാണ്.
രണ്ടുവര്‍ഷത്തെ പരിഷ്‌ക്കരണത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിച്ചിട്ട്അധിക ദിവസമായിട്ടില്ല. ഊര്‍ജനില മാത്രമല്ല, എതിര്‍ദിശയില്‍ പായുന്ന ധാരകളിലെ കണികാക്കൂട്ടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാകും. ഓരോ ധാരയിലും നിലവില്‍ രണ്ടോ മൂന്നോ കണികാക്കൂട്ടങ്ങളാണ് ഉള്ളതെങ്കില്‍, ഇനിയത് 2,800 കണികാക്കൂട്ടങ്ങളായി വര്‍ധിക്കും.
കണികകള്‍ ഉന്നത ഊര്‍ജനിലയില്‍ കൂട്ടിയിടിച്ച് ചിതറുമ്പോള്‍ എന്തൊക്കെയാണ് പുറത്തുവരികയെന്ന് എല്‍.എച്ച്.സി.യിലെ ഓരോ ഡിറ്റക്റ്ററും സസൂക്ഷ്മം നിരീക്ഷിക്കും |
ഇതുവരെയില്ലാത്ത ഊര്‍ജനിലയില്‍ കൂടുതല്‍ കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിച്ച് വരുന്നതെന്താണെന്ന്, എല്‍.എച്ച്.സിയിലെ ഓരോ ഡിറ്റക്ടറും സസൂക്ഷ്മം പരിശോധിക്കും. ഭൗതികശാസ്ത്രം ഏത് ദിശയിലേക്കാണ് ഭാവിയില്‍ സഞ്ചരിക്കുകയെന്ന കാര്യം, എല്‍.എച്ച്.സി.യില്‍നിന്നുള്ള ഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി എല്‍.എച്ച്.സി.യിലെ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിലൂടെ പ്രോട്ടോണ്‍ ധാരകള്‍ സഞ്ചരിച്ചത്. മെയ് ആദ്യം ആദ്യ കണികാകൂട്ടിയിടികള്‍ നടന്നു. താഴ്ന്ന ഊര്‍ജനിലയാണ് അത് നടന്നത്.
അത് ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടുവന്നാണ് ഇപ്പോള്‍ 13 TeV ഊര്‍ജനിലയില്‍ കൂട്ടിയിടി എത്തിയത്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഓരോ കണികാധാരയ്ക്കും ഇപ്പോള്‍ 6.5 TeV വീതം ഊര്‍ജനിലയാണുള്ളത്.
'ഇതിന് മുമ്പ് ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിയിടിക്കുന്നത് ആരും നിരീക്ഷിച്ചിട്ടില്ല' - എല്‍.എച്ച്.സിയില്‍ സി.എം.എസ്.പരീക്ഷണത്തില്‍ ഉള്‍പ്പെട്ട ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ഡേവില്‍ ന്യൂബോള്‍ഡ് പറഞ്ഞു. പുതിയ ഉയരങ്ങളെന്നാല്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സാധ്യതകളാണ് എല്‍.എച്ച്.സി.തുറന്നു തരുന്നത്.
http://www.mathrubhumi.com/technology/science/lhc-large-hadron-collider-cern-particle-experiment-particle-physics-547330/
No comments:
Post a Comment