Thursday, May 7, 2015

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു


ഇ.എം.ഡ്രൈവ് സങ്കേതമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ പരീക്ഷണം പ്രതീക്ഷയ്‌ക്കൊപ്പം വലിയ വിവാദവും ഉയര്‍ത്തിയിരിക്കുകയാണ്

ശാസ്ത്രലോകം ഇനിയും പൂര്‍ണമായി അംഗീകരിക്കാത്ത ഒരു വിവാദ സങ്കേതമുപയോഗിച്ച്, 70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്‍ നാസ ഗവേഷകര്‍ പരീക്ഷിച്ചു. റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ആ എഞ്ചിന്‍ യാഥാര്‍ഥ്യമായാല്‍ ബഹിരാകാശ രംഗത്ത് അത് വന്‍കുതിപ്പിന് വഴിതുറക്കും.

'ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന് പേരുള്ള എഞ്ചിന്റെ പരീക്ഷണമാണ്, സ്‌പേസിനെ അനുസ്മരിപ്പിക്കുന്ന ശൂന്യസ്ഥലത്ത് നാസ ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയതെന്ന് 'നാസ സ്‌പേസ്ഫ് ളൈറ്റ്' (NASA Spaceflight) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ദശകത്തില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ് ( EM Drive ) കണ്ടുപിടിച്ചത്. ചലനവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമത്തിന് ('law of conservation of momentum') വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, കണ്ടെത്തിയ നാള്‍ മുതല്‍ ഇഎം ഡ്രൈവ് വിവാദവിഷയമാണ്.

ചലന നിയമം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊപ്പല്ലന്റ് ( propellant ) ഉപയോഗിച്ച് ത്വരിപ്പിച്ചാലേ ഒരു വാഹനം എതിര്‍ദിശയില്‍ സഞ്ചരിക്കൂ. ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പല്ലിന്റിന്റെ ആവശ്യമില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. വൈദ്യുതകാന്തിക തരംഗങ്ങളെ ആശ്രയിച്ചാണ് അത് മുന്നോട്ട് കുതിക്കുന്നത്. എന്നാല്‍, ഇഎം ഡ്രൈവ് ചലനനിമയത്തിന് വിരുദ്ധമാണെന്ന വാദം ഷായര്‍ തള്ളിക്കളഞ്ഞു.

നാസയുടെ 'ഈഗിള്‍വര്‍ക്ക് ലബോറട്ടറി'യിലെ എന്‍ജിനിയര്‍മാരാണ് മാസങ്ങളായി പുതിയ യന്ത്രം ശൂന്യതയില്‍ പ്രവര്‍ത്തിപ്പിച്ച് അതിന്റെ കുഴപ്പം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി എന്തെങ്കിലും കുഴപ്പം ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസ സ്‌പേസ് ഫ് ളൈറ്റിലെ ഗവേഷകര്‍ പറയുന്നു. കൃത്രിമമായി സൃഷ്ടിച്ച ശൂന്യസ്ഥലത്ത് വരുംനാളുകളിലും അവര്‍ യന്ത്രം പരീക്ഷിച്ച്, അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കും.

റോക്കറ്റ് ഇന്ധനം ആവശ്യമില്ല എന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. മാത്രമല്ല, വലിയ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും.

ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു 2 മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍നിന്ന് ചൊവ്വായിലെത്താന്‍ കഴിയും - ഈഗിള്‍വര്‍ക്കില്‍ റിസര്‍ച്ച് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഹരോള്‍ഡ് വൈറ്റ് അറിയിച്ചു.

സൂര്യനില്‍നിന്ന് 4.37 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആല്‍ഫ സെന്റുറിനക്ഷത്രത്തിലെത്താന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ 92 വര്‍ഷം മതിയെന്നും ഗവേഷകര്‍ പറയുന്നു!

ശാസ്ത്രകല്‍പ്പിത കഥകള്‍ക്ക് തുല്യമാണ് നാസ ഗവേഷകര്‍ പറയുന്ന സംഗതികളെന്ന് ചില പ്രമുഖ ഗവേഷകര്‍ പറയുന്നു. വിജയിച്ചുവെന്ന് പറയുന്ന യന്ത്രം പ്രയോഗതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

http://www.mathrubhumi.com/technology/science/nasa-mars-em-drive-mars-journey-space-future-technology-543598/

No comments:

Post a Comment