Thursday, May 7, 2015

54 പ്രകാശവര്‍ഷമകലെ മൂന്ന് 'സൂപ്പര്‍ഭൂമികള്‍'

54 പ്രകാശവര്‍ഷമകലെ മൂന്ന് 'സൂപ്പര്‍ഭൂമികള്‍'


വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്താനായി പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിസ്‌കോപ്പ് സംവിധാനമുപയോഗിച്ചാണ് പുതിയ ഗ്രഹസംവിധാനത്തെ കണ്ടെത്തിയത്

54 പ്രകാശവര്‍ഷമകലെയുള്ള ഗ്രഹസംവിധാനം-ചിത്രകാരന്റെ ഭാവനയില്‍. ചിത്രീകരണം: Karen Teramura & BJ Fulton, UH IfA


ഭൂമിയില്‍നിന്ന് 54 പ്രകാശവര്‍ഷമകലെ ഒരു നക്ഷത്രത്തെ മൂന്ന് 'സൂപ്പര്‍ ഭൂമികള്‍' ചുറ്റുന്നതായി കണ്ടെത്തല്‍. അതില്‍ ഒരെണ്ണത്തെ 2009 ല്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞതാണ്. രണ്ടെണ്ണത്തെയാണ് പുതിയതായി തിരിച്ചറിഞ്ഞത്.

കാലിഫോര്‍ണിയയില്‍ മൗണ്ട് ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ലിക്ക് ഒബ്‌സര്‍വേറ്ററിയിലെ റോബോട്ടിക് ടെലിസ്‌കോപ്പ് സംവിധാനമായ 'ഓട്ടോമേറ്റഡ് പ്ലാനെറ്റ് ഫൈന്‍ഡര്‍' (എപിഎഫ്) ആണ് പുതിയഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. ഹാവായ്, അരിസോണ എന്നിവിടങ്ങളിലെ ടെലിസ്‌കോപ്പുകളുടെ നിരീക്ഷണഫലവും അത് സ്ഥിരീകരിക്കാന്‍ സഹായിച്ചു.

ഭൂമിയെക്കാള്‍ പലമടങ്ങ് വലിപ്പമുള്ള അന്യഗ്രഹങ്ങളെയാണ് 'സൂപ്പര്‍ഭൂമികള്‍' എന്ന് വിളിക്കുന്നത്. 'എച്ച്ഡി 7924' ( HD 7924 ) എന്ന നക്ഷത്രത്തെ ചുറ്റുന്ന ആദ്യ സൂപ്പര്‍ഭൂമിയെ 2009 ല്‍ കെക്ക് ഒബ്‌സര്‍വേറ്ററി തിരിച്ചറിഞ്ഞു. അവിടെ രണ്ട് സൂപ്പര്‍ഭൂമികള്‍ക്കൂടി കണ്ടെത്തിയ കാര്യം, പുതിയ ലക്കം 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലാ'ണ് പ്രസിദ്ധീകരിച്ചത്.

'മാതൃനക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന മൂന്ന് ഗ്രഹങ്ങളും ഭൂമിയെ അപേക്ഷിച്ച് 7-8 മടങ്ങ് വീതം വലിപ്പമുള്ളവയാണ്' - പഠനത്തില്‍ ഉള്‍പ്പെട്ട കാലിഫോര്‍ണിയ സര്‍വകലാശാല ബര്‍ക്ക്‌ലിയിലെ ലോറന്‍ വീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഒബ്‌സര്‍വേറ്ററീസ് ടീം, എപിഎഫിന്റെ സഹായത്തോടെ ഒന്നര വര്‍ഷം നടത്തിയ പ്രവര്‍ത്തനഫലമായാണ് പുതിയ സൂപ്പര്‍ഭൂമികളെ തിരിച്ചറിഞ്ഞത്.

മാതൃനക്ഷത്രത്തിന് ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ണം മൂലമുണ്ടാകുന്ന ഉലച്ചില്‍ നിരീക്ഷിച്ചാണ് പുതിയ ഗ്രഹസംവിധാനത്തെ തിരിച്ചറിഞ്ഞതെന്ന്, ഒബ്‌സര്‍വേറ്ററീസ് ടീമിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

മൂന്ന് ഗ്രഹങ്ങളും മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. സൗരയൂഥത്തില്‍ സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാള്‍ കുറവാണ്, ആ വിദൂര ഗ്രഹസംവിധാനത്തില്‍ മാതൃനക്ഷത്രവും ഗ്രഹങ്ങളും തമ്മിലുള്ള അകലം. അവയില്‍ ഒരു ഗ്രഹം വെറും അഞ്ചുദിവസം കൊണ്ട് മാതൃനക്ഷത്രെ പരിക്രമണം ചെയ്യുന്നു. 15, 24 ദിവസങ്ങള്‍ വീതം മതി മറ്റ് രണ്ട് ഗ്രഹങ്ങള്‍ക്കും പരിക്രമണം പൂര്‍ത്തിയാക്കാന്‍.

വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്താനായി പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിസ്‌കോപ്പ് സംവിധാനമാണ് എപിഎഫ്. അന്തരീക്ഷം വ്യക്തമാണെങ്കില്‍ ഏത് രാത്രിയിലും അതിന് ഗ്രഹവേട്ട സാധ്യമാകും.

തുടക്കത്തില്‍ ഒരു സാധാരണ ടെലിസ്‌കോപ്പ് പോലെയാണ് എപിഎഫ് ഉപയോഗിച്ചതെന്ന്, പഠനത്തിലുള്‍പ്പെട്ട ഹാവായ് സര്‍വകലാശാലയിലെ ബി.ജെ.ഫുള്‍ട്ടണ്‍ പറഞ്ഞു. 'പിന്നീടാണ്, ആ സംവിധാനത്തെ കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്'.

നൂറ് പ്രകാശവര്‍ഷം പരിധിയിലുള്ള സമീപ നക്ഷത്രങ്ങളിലെ ചെറുഗ്രഹങ്ങളെ എപിഎഫ് ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഫുള്‍ട്ടണ്‍.

http://www.mathrubhumi.com/technology/science/super-earths-astronomy-automated-planet-finder-apf-lick-observatory-robotic-telescope-science-exoplanet-542538/

No comments:

Post a Comment