Thursday, May 28, 2015

ഭൗമനിരീക്ഷണത്തിന് പുതിയ ആകാശക്കണ്ണുകള്‍

ഭൗമനിരീക്ഷണത്തിന് പുതിയ ആകാശക്കണ്ണുകള്‍
------------------------------------------------------------
- സാബുജോസ് @ ദേശാഭിമാനി കിളിവാതില്‍



ഭൂമിയെ മുകളില്‍നിന്നു നിരീക്ഷിക്കാന്‍ ഇതാ അഞ്ചു പുതിയ ആകാശക്കണ്ണുകള്‍. ഭൂമിയുടെ കാലാവസ്ഥയും ധാതുഘടനയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവും താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുമെല്ലാം സൂക്ഷമമായി നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ ആകാശക്കണ്ണുകള്‍.

1. ഗ്ലോബല്‍ പ്രെസിപിറ്റേഷന്‍മിഷന്‍ (GPM) അന്തരീക്ഷത്തിലെ ഹിമപാളിയുടെ തോത് കണ്ടു പിടിക്കാനുപയോഗിക്കുന്ന ഈ ഉപകരണം 2016 ഫെബ്രുവരി അവസാനം വിക്ഷേപിക്കും. ഭൂമിയില്‍ പതിക്കുന്ന മഴയുടെ അളവും സ്വാധീനവും ഘടക ങ്ങളും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഈ ഉപ കരണം ഭഭൗമ ജീവന്റെ നില നില്‍പ്പിനു കാരണമായ ജല ചക്രത്തിന്റെ വിതരണക്രമം അടയാളപ്പെടുത്താനും ഭാവി നിര്‍ണയിക്കാനും പ്രയോജന പ്പെടുമെന്നാണ് നാസയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.

2. ഓര്‍ബിറ്റിങ് കാര്‍ബണ്‍ ഒബ്സര്‍വേറ്ററി (OCO-2) ജിപിഎമ്മിനുശേഷം നാസ വിക്ഷേപിക്കുന്ന ബഹിരാകാശ പരീക്ഷണപേടകമാണ് ഓര്‍ ബിറ്റിങ് കാര്‍ബണ്‍ ഒബ്സര്‍ വേറ്ററി. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ സഞ്ചാരപാത പഠിക്കുകയാണ് ഈ ഒബ്സര്‍ വേറ്ററിയുടെ ലക്ഷ്യം. ഫോ സില്‍ ഇന്ധനങ്ങളുടെ ജ്വലനം വഴിയും വൈദ്യുതനിലയ ങ്ങളില്‍നിന്നും വാഹനങ്ങളില്‍ നിന്നുമെല്ലാം അന്തരീക്ഷത്തി ലേക്കു പുറന്തള്ളുന്ന കാര്‍ ബണ്‍ഡയോക്സൈഡ് വാതകംആഗോള താപവര്‍ധന വിന് മുഖ്യകാരണമായതുകൊണ്ടുതന്നെ കാര്‍ബണിന്റെ സഞ്ചാരപഥം പഠിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എങ്ങനെ യെല്ലാ മാണ് കാര്‍ബണ്‍ ഉല്‍പ്പാദിപ്പി ക്കുന്നത്, എവിടേക്കാണ് പോകുന്നത്, സമുദ്രത്തില്‍ എത്ര ത്തോളം കാര്‍ബണ്‍ ലയിച്ചുചേരുന്നു എന്നീ കാര്യങ്ങളെല്ലാം അറിഞ്ഞിരി ക്കേണ്ടത് അടുത്ത 50-100 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭഭൂമി യുടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി പ്രവചനം നടത്തു ന്നതിനും കാലാവസ്ഥ ശാസ്ത്ര ജ്ഞരെ തുണയ്ക്കും. നാസ യാണ് ഈ ദൗത്യത്തിനു പിന്നില്‍.

3. റാപിഡ് സ്ക്വാറ്റ് (Rapid Squat))
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിക്കുന്ന ശാസ്ത്രീയ ഉപകരണമാണ് റാപിഡ് സ്ക്വാറ്റ്. നാസയുടെ യുമിറ്റ് സാറ്റ് (EUMETSAT) ഉപഗ്രഹത്തിലുള്ള അസ്കാറ്റ് (ASCAT), ഐഎസ് ആര്‍ഒയുടെ ഓഷന്‍സാറ്റ്-2 പേടകത്തിലുള്ള ഓസ്കാറ്റ് (OSCAT), ക്വിക് സ്കാറ്റ് (QuikSCAT) ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ ഏറ്റവും പരിഷ്കൃത മാതൃകയാണ് റാപിഡ് സ്ക്വാ റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സമുദ്രോപരിതലത്തിലെ കാറ്റുകളെക്കുറിച്ചും കരപ്രദേശ ങ്ങളിലെ ബാഷ്പീകരണ തോതും കൃത്യമായി പഠിക്കുന്ന തിന് ഈ ഉപകരണത്തിനു കഴിയും. ഒമ്പതു മാസമാണ് ഈ ഉപകരണം പ്രവര്‍ത്തനക്ഷമ മായിരിക്കുക. സമുദ്രങ്ങളില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റുകളെ മുന്‍കൂട്ടി കണ്ടെത്താനും കാലാവസ്ഥാപ്രവചനം നടത്താനും ഈ ഉപകരണത്തിനു കഴിയും. പ്രധാനമായും ഭഭൂമധ്യേ രഖാപ്രദേശത്താണ് ഈ ഉപകരണം ശ്രദ്ധ കേന്ദ്രീ കരിച്ചിരിക്കുന്നത്. 

4. ക്യാറ്റ്സ് (CATS))
2015 ജനുവരി 21ന് അന്താരാഷ്ട്രബഹിരാകാശ നിലയവുമായി ഘടിപ്പിച്ച ശാസ്ത്രീയ ഉപകരണമാണ് ക്യാറ്റ്സ് (Cloud-Aerosol TransportSystem-CATS). കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപവര്‍ധനവിനും കാരണമാകുന്ന പ്രതിഭാസ ങ്ങളാണ് മേഘങ്ങളും എയ്റോ സോള്‍ ബാഷ്പവും. ഇവയുടെ സാന്ദ്രത കണ്ടെത്താനും അവ കാലാവസ്ഥാ വ്യതിയാനത്തെഎത്രത്തോളം സ്വാധീനിക്കുന്നുവെന്ന് കൃത്യമായി പ്രവചിക്കാനും ഇതുവരെ സാധിച്ചിരുന്നില്ല. ആ പരിമിതി യാണ് ഇപ്പോള്‍ മറികടക്കുന്നത്. നാസയാണ് ഈദൗത്യവും നിയന്ത്രിക്കുന്നത്. ഉടന്‍ തന്നെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തി ച്ചേരുന്ന ശാസ്ത്രീയ ഉപകരണമായ റാപിഡ് സ്ക്വാറ്റു മായി ചേര്‍ന്നുള്ള പരീക്ഷണ ങ്ങളായിരിക്കും ക്യാറ്റ്സ് നടത്തുന്നത്.

5. സ്മാപ്പ് (SMAP)
നാസയുടെ സോളാര്‍ മോയ്സ്ചര്‍ ആക്ടീവ് പാസീവ് മിഷന്‍ - SMAP) കഴിഞ്ഞ ജനുവരി 31ന് വിക്ഷേപിച്ചു. ഭഭൂവല്‍ക്കത്തിന്റെധാതു ഘടനയും അതിലുണ്ടാകുന്ന മാറ്റങ്ങളും വിശദീകരിക്കുന്ന ഹൈ-റെസുല്യൂഷന്‍ ചിത്ര ങ്ങളെടുക്കാന്‍ ഈ ഉപകണ ത്തിനു കഴിയും. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച, മഞ്ഞുരുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ഈ പേടകത്തിനു കഴിയും. 2-3 ദിവസങ്ങള്‍ ക്കിടയില്‍ ഭൂമിയുടെ സമ്പൂര്‍ണ മാപ്പിങ് ആണ് പേടകം ലക്ഷ്യമിടു ന്നത്. ധ്രുവീയ ഭ്രമണപഥം സഞ്ചാരപാതയായി സ്വീകരിച്ചിട്ടുള്ള ഈ പേടക ത്തിന്റെ ഭൗമ സമീപഅക്ഷം 685 കിലോമീറ്റര്‍ ഉയരത്തിലാണ്. 98.5 മിനിറ്റ്കൊണ്ട് പേടകം ഒരുതവണ ഭൂമിയെ ചുറ്റി സഞ്ചരിക്കും.

- See more at: http://www.deshabhimani.com/news-special-kilivathil-latest_news-469286.html#sthash.wqy3Yz8U.dpuf

Saturday, May 23, 2015

ഊര്‍ജനില: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പുതിയ ഉയരങ്ങളില്‍


ഒരു കണികാത്വരകത്തിനും ഇതുവരെ സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനില കൈവരിക്കുന്നതില്‍ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) വിജയിച്ചു. 13 ട്രില്യണ്‍ ഇലക്ട്രോണ്‍വോള്‍ട്ട്‌സില്‍ കണികാകൂട്ടിയിടി നടത്തിയാണ് എല്‍.എച്ച്.സി. പുതിയ റിക്കോര്‍ഡിട്ടത്.

2013 ല്‍ പരിഷ്‌ക്കരണത്തിനായി അടച്ചിടുമ്പോള്‍ എല്‍.എച്ച്.സി.കൈവരിച്ചിരുന്ന ഊര്‍ജനില 8 ട്രില്യണ്‍ ആയിരുന്നു. അതിനെ ബഹുദൂരം പിന്തള്ളിയാണ്, ബുധനാഴ്ച രാത്രി എല്‍.എച്ച്.സി.പുതിയ ഉയരങ്ങളിലെത്തിയത്. 

'13 TeV ( teraelectronvolts ) ഊര്‍ജനിലയില്‍ കണികാധാരകളുടെ കൂട്ടിയിടി ആരംഭിച്ചിരിക്കുകയാണ്. ഏതിര്‍ദിശയിലെത്തി നേര്‍ക്കുനേര്‍ കൂട്ടിയിടി നടക്കത്തക്ക വിധം കണികാധാരകളുടെ ദിശ ഞങ്ങള്‍ ക്രമീകരിച്ച് വരികയാണ്' - 'സേണി'ലെ റോണാള്‍ഡസ് സ്യുക്കര്‍ബ്യൂക്ക് അറിയിച്ചു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണ്‍ ആണ് എല്‍.എച്ച്.എസിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍.എച്ച്.സി, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ യന്ത്രമാണ്. എതിര്‍ദിശയില്‍ പ്രകാശവേഗത്തിനടുത്ത് സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ ഉന്നതോര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ച്, പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് ചെയ്യുക.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ 13 TeV ഊര്‍ജനില കൈവരിച്ചിരിക്കുന്നു


ഭൗതികശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ശ്യാമദ്രവ്യം ( dark matter ), അധിക ഡൈമന്‍ഷനുകള്‍ എന്നിവ അടക്കമുള്ള പ്രഹേളികള്‍ക്ക് ഉത്തരം തേടുകയാണ് എല്‍.എച്ച്.സി. ചെയ്യുന്നത്. 

'ദൈവകണ'മെന്ന് അപരനാമമുള്ള ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കുക വഴി വലിയ മുന്നേറ്റം ഇതിനകം എല്‍.എച്ച്.സി. നടത്തിക്കഴിഞ്ഞു. അത്യപൂര്‍വമായ മറ്റൊരു ഉപആറ്റോമിക കണം എല്‍.എച്ച്.സി.യില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്ത വന്നത് അടുത്തയിടെയാണ്.

രണ്ടുവര്‍ഷത്തെ പരിഷ്‌ക്കരണത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിച്ചിട്ട്
അധിക ദിവസമായിട്ടില്ല. ഊര്‍ജനില മാത്രമല്ല, എതിര്‍ദിശയില്‍ പായുന്ന ധാരകളിലെ കണികാക്കൂട്ടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാകും. ഓരോ ധാരയിലും നിലവില്‍ രണ്ടോ മൂന്നോ കണികാക്കൂട്ടങ്ങളാണ് ഉള്ളതെങ്കില്‍, ഇനിയത് 2,800 കണികാക്കൂട്ടങ്ങളായി വര്‍ധിക്കും. 

കണികകള്‍ ഉന്നത ഊര്‍ജനിലയില്‍ കൂട്ടിയിടിച്ച് ചിതറുമ്പോള്‍ എന്തൊക്കെയാണ് പുറത്തുവരികയെന്ന് എല്‍.എച്ച്.സി.യിലെ ഓരോ ഡിറ്റക്റ്ററും സസൂക്ഷ്മം നിരീക്ഷിക്കും


ഇതുവരെയില്ലാത്ത ഊര്‍ജനിലയില്‍ കൂടുതല്‍ കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിച്ച് വരുന്നതെന്താണെന്ന്, എല്‍.എച്ച്.സിയിലെ ഓരോ ഡിറ്റക്ടറും സസൂക്ഷ്മം പരിശോധിക്കും. ഭൗതികശാസ്ത്രം ഏത് ദിശയിലേക്കാണ് ഭാവിയില്‍ സഞ്ചരിക്കുകയെന്ന കാര്യം, എല്‍.എച്ച്.സി.യില്‍നിന്നുള്ള ഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി എല്‍.എച്ച്.സി.യിലെ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിലൂടെ പ്രോട്ടോണ്‍ ധാരകള്‍ സഞ്ചരിച്ചത്. മെയ് ആദ്യം ആദ്യ കണികാകൂട്ടിയിടികള്‍ നടന്നു. താഴ്ന്ന ഊര്‍ജനിലയാണ് അത് നടന്നത്. 

അത് ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടുവന്നാണ് ഇപ്പോള്‍ 13 TeV ഊര്‍ജനിലയില്‍ കൂട്ടിയിടി എത്തിയത്. എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഓരോ കണികാധാരയ്ക്കും ഇപ്പോള്‍ 6.5 TeV വീതം ഊര്‍ജനിലയാണുള്ളത്. 

'ഇതിന് മുമ്പ് ഇത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിയിടിക്കുന്നത് ആരും നിരീക്ഷിച്ചിട്ടില്ല' - എല്‍.എച്ച്.സിയില്‍ സി.എം.എസ്.പരീക്ഷണത്തില്‍ ഉള്‍പ്പെട്ട ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ഡേവില്‍ ന്യൂബോള്‍ഡ് പറഞ്ഞു. പുതിയ ഉയരങ്ങളെന്നാല്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സാധ്യതകളാണ് എല്‍.എച്ച്.സി.തുറന്നു തരുന്നത്.

http://www.mathrubhumi.com/technology/science/lhc-large-hadron-collider-cern-particle-experiment-particle-physics-547330/

Sunday, May 17, 2015

MAARS General body & Astronomy Class | 2015.05.17 |

17 May 2015, Malappuram:-
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ ജില്ലാ ജനറൽബോഡിയും ജ്യോതിശാസ്ത്രക്ലാസ്സും മലപ്പുറം പരിഷത്ത് ഭവനിൽ വച്ച് രാവിലെ 10.00 മുതൽ ഉച്ചക്ക് 3.00 വരെ നടന്നു.

മാർസ് ജോയന്റ് കൺവീനർ സി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ശ്രീമതി. ഇ വിലാസിനി അധ്യക്ഷത നിർവ്വഹിച്ചു. "പ്രപഞ്ചവും പ്രകാശവും" എന്ന വിഷയത്തിൽ എറണാകുളം ഗവണ്മെന്റ് മഹാരാജാസ് കോളേജിലെ ഊർജ്ജതന്ത്രവിഭാഗം പ്രൊഫസർ, ഡോ: എൻ. ഷാജി ക്ലാസ്സെടുത്തു. തുടർന്ന്, 2014-15 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കൺവീനർ പി. രമേഷ് കുമാർ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പുതിയ കൺവീനർ പി. സുധീർ ഭാവി പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം നൽകി. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബ്രിജേഷ് പൂക്കോട്ടൂർ നന്ദി പറഞ്ഞു.













Friday, May 15, 2015

മാര്‍സ് ജനറല്‍ബോഡി യോഗവും ജ്യോതിശാസ്ത്ര ക്ലാസ്സും | 17.05.2015 9.30 AM to 2.00 PM |


പ്രിയസുഹൃത്തേ,
ജ്യോതിശാസ്ത്ര രംഗത്ത് മലപ്പുറം ജില്ലക്കകത്തും പുറത്തും കഴിഞ്ഞ 11 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മാര്‍സിന്റെ പ്രവര്‍ത്തന നിരതമായ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്. ഇക്കഴിഞ്ഞ വര്‍ഷം നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്നതിനും വേണ്ടി നാം ഒത്തുകൂടുകയാണ്. മെയ് 17 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 2.00 മണി വരെ അന്യത്ര ചേര്‍ത്ത പരിപാടികളോടെ മലപ്പുറം പരിഷദ്ഭവനില്‍ നടക്കുന്ന മാര്‍സിന്റെ ജനറല്‍ബോഡി യോഗത്തിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൃത്യസമയത്തെത്തുമല്ലോ.
സ്‌നേഹത്തോടെ,

കെ.വി.എം.അബ്ദുള്‍ഗഫൂര്‍ (ചെയര്‍മാന്‍)
പി.രമേഷ്‌കുമാര്‍ (കണ്‍വീനര്‍)
.
> 9.30 മണി : രജിസ്‌ട്രേഷന്‍
> 10.00 മണി : സ്വാഗതം (സി.സുബ്രഹ്മണ്യന്‍, ജോ.കണ്‍വീനര്‍)
> അധ്യക്ഷന്‍ : കെ.വി.എം. അബ്ദുള്‍ഗഫൂര്‍ (ചെയര്‍മാന്‍)
> ഉദ്ഘാടനം : ഡോ.എന്‍. ഷാജി (ഗവ.മഹാരാജാസ് കോളേജ് എറണാകുളം)
വിഷയം : പ്രപഞ്ചവും പ്രകാശവും
> ചര്‍ച്ച
> ആശംസ : ഇ.വിലാസിനി (പരിഷത്ത് ജില്ലാ പ്രസിഡന്റ്)
> 11.30 : വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് അവതരണം: കണ്‍വീനര്‍, ചര്‍ച്ച
> 12.30 : പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
> 1.00 മണി : ഭാവി പ്രവര്‍ത്തനങ്ങള്‍-അവതരണം, ചര്‍ച്ച
> 2.00 മണി :  നന്ദി: സുധീര്‍.പി

Thursday, May 7, 2015

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി


അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സിയെ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. പ്രപഞ്ചത്തിന് പ്രായം വെറും 67 കോടി വര്‍ഷം മാത്രമുള്ളപ്പോള്‍ രൂപപ്പെട്ട ഗാലക്‌സിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഹാവായില്‍ കെക് ഒബ്‌സര്‍വേറ്ററിയില്‍ നടന്ന നിരീക്ഷണത്തിലാണ് EGS-zs8-1 എന്ന ഗാലക്‌സിയെ തിരിച്ചറിഞ്ഞത്. ആദിമ പ്രപഞ്ചത്തിലെ ഏറ്റവും കൂടുതല്‍ ദ്രവ്യമാനവും തിളക്കമേറിയതുമായ ഒന്നായിരുന്നു ഈ ഗാലക്‌സിയെന്ന് ഗവേഷര്‍ പറയുന്നു.

പുതിയതായി കണ്ടെത്തിയ ഗാലക്‌സിയില്‍നിന്ന് പ്രകാശത്തിന് ഇവിടെയെത്താന്‍ 1300 കോടി വര്‍ഷം സഞ്ചരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. എന്നുവെച്ചാല്‍, ഗാലക്‌സിയുടെ 1300 കോടി വര്‍ഷംമുമ്പുള്ള ദൃശ്യമാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

നിലവില്‍ ആകാശഗംഗയില്‍ നക്ഷത്രങ്ങള്‍ പിറക്കുന്നതിലും 80 മടങ്ങ് വേഗത്തില്‍ നക്ഷത്രജനനം നടക്കുന്ന അവസ്ഥയിലാണ് പുതിയതായി കണ്ടെത്തിയ ഗാലക്‌സിയെന്ന്, 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. യേല്‍ സര്‍വകലാശാലയിലെ പാസ്‌കല്‍ ഓഷ്ചിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

വിദൂരഗാലക്‌സികളെ കണ്ടെത്താന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പും സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പും നടത്തിയ സര്‍വ്വേയുടെ അനന്തരഫലമായാണ്, ഇപ്പോള്‍ തിരിച്ചറിഞ്ഞ വിദൂരഗാലക്‌സിയെ കണ്ടെത്താന്‍ കഴിഞ്ഞത്. 

കെക് ഒബ്‌സര്‍വേറ്ററിയിലെ 10 മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പുകളിലൊന്നായ 'കെക് 1' ( Keck 1 ) ലെ 'മോസ്ഫയര്‍' ( MOSFIRE ) ഉപകരണംകൊണ്ടുള്ള നിരീക്ഷണത്തിലാണ് വിദൂരഗാലക്‌സിയുടെ വിശദാംശങ്ങള്‍ ലഭ്യമായത് (ചിത്രം കടപ്പാട്: NASA, ESA).

http://www.mathrubhumi.com/technology/science/most-distant-galaxy-astronomy-keck-observatory-universe-science-544046/

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു

70 ദിവസംകൊണ്ട് ചൊവ്വയിലെത്താവുന്ന യന്ത്രം നാസ പരീക്ഷിച്ചു


ഇ.എം.ഡ്രൈവ് സങ്കേതമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന്റെ പരീക്ഷണം പ്രതീക്ഷയ്‌ക്കൊപ്പം വലിയ വിവാദവും ഉയര്‍ത്തിയിരിക്കുകയാണ്

ശാസ്ത്രലോകം ഇനിയും പൂര്‍ണമായി അംഗീകരിക്കാത്ത ഒരു വിവാദ സങ്കേതമുപയോഗിച്ച്, 70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന എഞ്ചിന്‍ നാസ ഗവേഷകര്‍ പരീക്ഷിച്ചു. റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ പ്രവര്‍ത്തിക്കുന്ന ആ എഞ്ചിന്‍ യാഥാര്‍ഥ്യമായാല്‍ ബഹിരാകാശ രംഗത്ത് അത് വന്‍കുതിപ്പിന് വഴിതുറക്കും.

'ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന് പേരുള്ള എഞ്ചിന്റെ പരീക്ഷണമാണ്, സ്‌പേസിനെ അനുസ്മരിപ്പിക്കുന്ന ശൂന്യസ്ഥലത്ത് നാസ ശാസ്ത്രജ്ഞര്‍ വിജയകരമായി നടത്തിയതെന്ന് 'നാസ സ്‌പേസ്ഫ് ളൈറ്റ്' (NASA Spaceflight) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ദശകത്തില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ് ( EM Drive ) കണ്ടുപിടിച്ചത്. ചലനവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമത്തിന് ('law of conservation of momentum') വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍, കണ്ടെത്തിയ നാള്‍ മുതല്‍ ഇഎം ഡ്രൈവ് വിവാദവിഷയമാണ്.

ചലന നിയമം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊപ്പല്ലന്റ് ( propellant ) ഉപയോഗിച്ച് ത്വരിപ്പിച്ചാലേ ഒരു വാഹനം എതിര്‍ദിശയില്‍ സഞ്ചരിക്കൂ. ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പല്ലിന്റിന്റെ ആവശ്യമില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. വൈദ്യുതകാന്തിക തരംഗങ്ങളെ ആശ്രയിച്ചാണ് അത് മുന്നോട്ട് കുതിക്കുന്നത്. എന്നാല്‍, ഇഎം ഡ്രൈവ് ചലനനിമയത്തിന് വിരുദ്ധമാണെന്ന വാദം ഷായര്‍ തള്ളിക്കളഞ്ഞു.

നാസയുടെ 'ഈഗിള്‍വര്‍ക്ക് ലബോറട്ടറി'യിലെ എന്‍ജിനിയര്‍മാരാണ് മാസങ്ങളായി പുതിയ യന്ത്രം ശൂന്യതയില്‍ പ്രവര്‍ത്തിപ്പിച്ച് അതിന്റെ കുഴപ്പം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി എന്തെങ്കിലും കുഴപ്പം ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസ സ്‌പേസ് ഫ് ളൈറ്റിലെ ഗവേഷകര്‍ പറയുന്നു. കൃത്രിമമായി സൃഷ്ടിച്ച ശൂന്യസ്ഥലത്ത് വരുംനാളുകളിലും അവര്‍ യന്ത്രം പരീക്ഷിച്ച്, അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കും.

റോക്കറ്റ് ഇന്ധനം ആവശ്യമില്ല എന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. മാത്രമല്ല, വലിയ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും.

ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു 2 മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍നിന്ന് ചൊവ്വായിലെത്താന്‍ കഴിയും - ഈഗിള്‍വര്‍ക്കില്‍ റിസര്‍ച്ച് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഹരോള്‍ഡ് വൈറ്റ് അറിയിച്ചു.

സൂര്യനില്‍നിന്ന് 4.37 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആല്‍ഫ സെന്റുറിനക്ഷത്രത്തിലെത്താന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ 92 വര്‍ഷം മതിയെന്നും ഗവേഷകര്‍ പറയുന്നു!

ശാസ്ത്രകല്‍പ്പിത കഥകള്‍ക്ക് തുല്യമാണ് നാസ ഗവേഷകര്‍ പറയുന്ന സംഗതികളെന്ന് ചില പ്രമുഖ ഗവേഷകര്‍ പറയുന്നു. വിജയിച്ചുവെന്ന് പറയുന്ന യന്ത്രം പ്രയോഗതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

http://www.mathrubhumi.com/technology/science/nasa-mars-em-drive-mars-journey-space-future-technology-543598/

പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ മഞ്ഞുപാളികള്‍ ഉള്ളതായി സൂചന

പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ മഞ്ഞുപാളികള്‍ ഉള്ളതായി സൂചന



സൗരയൂഥത്തില്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുള്ളതായി, പ്ലൂട്ടോയെ സമീപിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഹൊറെയ്‌സണ്‍സ് പേടകമയച്ച പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലായ് 14 നാണ് പേടകം പ്ലൂട്ടോയ്ക്ക് സമീപമെത്തുക. 

ചിത്രങ്ങളില്‍, പ്ലൂട്ടോയുടെ മങ്ങിയതും പ്രകാശം പ്രതിഫലിക്കുന്നതുമായ മേഖലകള്‍ കാണാം. അത്തരം മേഖലകള്‍ വിശകലനം ചെയ്താണ് പ്ലൂട്ടോയുടെ ധ്രുവങ്ങളില്‍ 'നൈട്രജന്‍ ഐസ്' പാളികളുള്ളതായ സൂചന കണ്ടെത്തിയത്.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 32 മടങ്ങ് അകലെയാണ് പ്ലൂട്ടോയില്‍നിന്ന് ന്യൂ ഹൊറെയ്‌സണ്‍സ് പേടകം ഇപ്പോള്‍. അത്രയും അകലെനിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. 

'ജിജ്ഞാസാജനകമായ ചില ഫീച്ചറുകള്‍ നമ്മളിപ്പോള്‍ കണാന്‍ തുടങ്ങിയിരിക്കുന്നു; പ്ലൂട്ടോയുടെ ദൃശ്യമായ ധ്രുവഭാഗത്തെ തിളക്കമേറിയ മേഖല പോലെ' - നാസയിലെ ജോണ്‍ ഗ്രുന്‍സ്‌ഫെല്‍ഡ് വാത്താക്കുറിപ്പില്‍ പറഞ്ഞു. പ്ലൂട്ടോയുടെ ദൃശ്യത്തില്‍ കണ്ട ആ തിളക്കമുള്ള മേഖല മഞ്ഞുപാളികളാണെന്ന് ഗവേഷകര്‍ കരുതുന്നു. 


2006 ലാണ് ന്യൂ ഹൊറെയ്‌സണ്‍സ് പേടകം ഭൂമിയില്‍നിന്ന് യാത്ര തിരിച്ചത്. പേടകം പുറപ്പെടുന്ന സമയത്ത് പ്ലൂട്ടോയെ സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹമെന്നാണ് പരിഗണിച്ചിരുന്നത്. പിന്നീട് അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കളഞ്ഞു. അതിനെ 'കുള്ളന്‍ ഗ്രഹം' ( dwarf planet ) എന്ന പദവിയിലാക്കി. 

ന്യൂഹൊറെയ്‌സണ്‍സ് പേടകം ഇതുവരെ 500 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. ജൂലായ് 14 ന് പ്ലൂട്ടോയ്ക്ക് ഏറ്റവും അടുത്തുകൂടി പേടകം കടന്നുപോകും.

http://www.mathrubhumi.com/technology/science/pluto-new-horizons-dwarf-planet-solar-system-nasa-astronomy-542576/

54 പ്രകാശവര്‍ഷമകലെ മൂന്ന് 'സൂപ്പര്‍ഭൂമികള്‍'

54 പ്രകാശവര്‍ഷമകലെ മൂന്ന് 'സൂപ്പര്‍ഭൂമികള്‍'


വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്താനായി പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിസ്‌കോപ്പ് സംവിധാനമുപയോഗിച്ചാണ് പുതിയ ഗ്രഹസംവിധാനത്തെ കണ്ടെത്തിയത്

54 പ്രകാശവര്‍ഷമകലെയുള്ള ഗ്രഹസംവിധാനം-ചിത്രകാരന്റെ ഭാവനയില്‍. ചിത്രീകരണം: Karen Teramura & BJ Fulton, UH IfA


ഭൂമിയില്‍നിന്ന് 54 പ്രകാശവര്‍ഷമകലെ ഒരു നക്ഷത്രത്തെ മൂന്ന് 'സൂപ്പര്‍ ഭൂമികള്‍' ചുറ്റുന്നതായി കണ്ടെത്തല്‍. അതില്‍ ഒരെണ്ണത്തെ 2009 ല്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞതാണ്. രണ്ടെണ്ണത്തെയാണ് പുതിയതായി തിരിച്ചറിഞ്ഞത്.

കാലിഫോര്‍ണിയയില്‍ മൗണ്ട് ഹാമില്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ലിക്ക് ഒബ്‌സര്‍വേറ്ററിയിലെ റോബോട്ടിക് ടെലിസ്‌കോപ്പ് സംവിധാനമായ 'ഓട്ടോമേറ്റഡ് പ്ലാനെറ്റ് ഫൈന്‍ഡര്‍' (എപിഎഫ്) ആണ് പുതിയഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. ഹാവായ്, അരിസോണ എന്നിവിടങ്ങളിലെ ടെലിസ്‌കോപ്പുകളുടെ നിരീക്ഷണഫലവും അത് സ്ഥിരീകരിക്കാന്‍ സഹായിച്ചു.

ഭൂമിയെക്കാള്‍ പലമടങ്ങ് വലിപ്പമുള്ള അന്യഗ്രഹങ്ങളെയാണ് 'സൂപ്പര്‍ഭൂമികള്‍' എന്ന് വിളിക്കുന്നത്. 'എച്ച്ഡി 7924' ( HD 7924 ) എന്ന നക്ഷത്രത്തെ ചുറ്റുന്ന ആദ്യ സൂപ്പര്‍ഭൂമിയെ 2009 ല്‍ കെക്ക് ഒബ്‌സര്‍വേറ്ററി തിരിച്ചറിഞ്ഞു. അവിടെ രണ്ട് സൂപ്പര്‍ഭൂമികള്‍ക്കൂടി കണ്ടെത്തിയ കാര്യം, പുതിയ ലക്കം 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലാ'ണ് പ്രസിദ്ധീകരിച്ചത്.

'മാതൃനക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന മൂന്ന് ഗ്രഹങ്ങളും ഭൂമിയെ അപേക്ഷിച്ച് 7-8 മടങ്ങ് വീതം വലിപ്പമുള്ളവയാണ്' - പഠനത്തില്‍ ഉള്‍പ്പെട്ട കാലിഫോര്‍ണിയ സര്‍വകലാശാല ബര്‍ക്ക്‌ലിയിലെ ലോറന്‍ വീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഒബ്‌സര്‍വേറ്ററീസ് ടീം, എപിഎഫിന്റെ സഹായത്തോടെ ഒന്നര വര്‍ഷം നടത്തിയ പ്രവര്‍ത്തനഫലമായാണ് പുതിയ സൂപ്പര്‍ഭൂമികളെ തിരിച്ചറിഞ്ഞത്.

മാതൃനക്ഷത്രത്തിന് ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ണം മൂലമുണ്ടാകുന്ന ഉലച്ചില്‍ നിരീക്ഷിച്ചാണ് പുതിയ ഗ്രഹസംവിധാനത്തെ തിരിച്ചറിഞ്ഞതെന്ന്, ഒബ്‌സര്‍വേറ്ററീസ് ടീമിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

മൂന്ന് ഗ്രഹങ്ങളും മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. സൗരയൂഥത്തില്‍ സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാള്‍ കുറവാണ്, ആ വിദൂര ഗ്രഹസംവിധാനത്തില്‍ മാതൃനക്ഷത്രവും ഗ്രഹങ്ങളും തമ്മിലുള്ള അകലം. അവയില്‍ ഒരു ഗ്രഹം വെറും അഞ്ചുദിവസം കൊണ്ട് മാതൃനക്ഷത്രെ പരിക്രമണം ചെയ്യുന്നു. 15, 24 ദിവസങ്ങള്‍ വീതം മതി മറ്റ് രണ്ട് ഗ്രഹങ്ങള്‍ക്കും പരിക്രമണം പൂര്‍ത്തിയാക്കാന്‍.

വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്താനായി പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിസ്‌കോപ്പ് സംവിധാനമാണ് എപിഎഫ്. അന്തരീക്ഷം വ്യക്തമാണെങ്കില്‍ ഏത് രാത്രിയിലും അതിന് ഗ്രഹവേട്ട സാധ്യമാകും.

തുടക്കത്തില്‍ ഒരു സാധാരണ ടെലിസ്‌കോപ്പ് പോലെയാണ് എപിഎഫ് ഉപയോഗിച്ചതെന്ന്, പഠനത്തിലുള്‍പ്പെട്ട ഹാവായ് സര്‍വകലാശാലയിലെ ബി.ജെ.ഫുള്‍ട്ടണ്‍ പറഞ്ഞു. 'പിന്നീടാണ്, ആ സംവിധാനത്തെ കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്'.

നൂറ് പ്രകാശവര്‍ഷം പരിധിയിലുള്ള സമീപ നക്ഷത്രങ്ങളിലെ ചെറുഗ്രഹങ്ങളെ എപിഎഫ് ഉപയോഗിച്ച് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഫുള്‍ട്ടണ്‍.

http://www.mathrubhumi.com/technology/science/super-earths-astronomy-automated-planet-finder-apf-lick-observatory-robotic-telescope-science-exoplanet-542538/

ചെറിയ നക്ഷത്രവും വലിയ ഗ്രഹവും; ആകാംക്ഷയുണര്‍ത്തി പുതിയ കണ്ടെത്തല്‍

ചെറിയ നക്ഷത്രവും വലിയ ഗ്രഹവും; ആകാംക്ഷയുണര്‍ത്തി പുതിയ കണ്ടെത്തല്‍


ഓസ്‌ട്രേലിയയില്‍ പെര്‍ത്തിലുള്ള അമേച്വര്‍ വാനനിരീക്ഷകന്‍ ടി ജി ടാന്‍ പുതിയ ഗ്രഹത്തെ തിരിച്ചറിയുന്നതില്‍ സഹായിച്ചു

പുതിയതായി തിരിച്ചറിഞ്ഞ ഭീമന്‍ഗ്രഹം - ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി

ഭൂമിയില്‍നിന്ന് 500 പ്രകാശവര്‍ഷമകലെ ഒരു ചെറുനക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. സൗരയൂഥത്തിലെ വ്യാഴത്തിന്റത്ര വലിപ്പമുള്ള ഗ്രഹത്തെയാണ് ഓസ്‌ട്രേലിയന്‍ വാനനിരീക്ഷകര്‍ കണ്ടെത്തിയത്.

'എം കുള്ളന്‍' ( M dwarf ) വിഭാഗത്തില്‍ പെടുന്ന നക്ഷത്രത്തെ ചുറ്റുന്ന ഇത്ര വലിയൊരു ഗ്രഹം എങ്ങനെയുണ്ടായി എന്നത് ജ്യോതിശാസ്ത്രജ്ഞരെ കുഴക്കുകയാണ്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് ഗ്രഹത്തിന്റെ ഭ്രമണപഥം.

'ഗ്രഹം ദൂരെയെവിടെയെങ്കിലും രൂപപ്പെട്ടിട്ട് നക്ഷത്രത്തിനടുത്തേക്ക് കുടിയേറിയതാകാം. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്ന് നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് വിശദീകരിക്കാനാവുന്നില്ല' -ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോര്‍ജ് ഷോവു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

HATS-6 എന്ന് പേരുള്ള എം കുള്ളന്‍ നക്ഷത്രത്തിനടുത്താണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. സൂര്യനെക്കാള്‍ വലിപ്പവും തിളക്കവും കുറഞ്ഞ 'ചുവപ്പ് കുള്ളന്‍' നക്ഷത്രങ്ങളുടെ കൂട്ടത്തിലാണ് എം കുള്ളന്‍മാര്‍ ഉള്‍പ്പെടുന്നത്.

ആകാശഗംഗയില്‍ ഇത്തരം നക്ഷത്രങ്ങള്‍ സുലഭമാണെങ്കിലും, അവയെ വേണ്ട രീതിയില്‍ മനസിലാക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. തിളക്കം കുറവായതിനാല്‍ അവയെ നിരീക്ഷിച്ച് പഠിക്കുക ബുദ്ധിമുട്ടാണ്.

ഭീമന്‍ഗ്രഹം ചുറ്റുന്ന നക്ഷത്രത്തിന് സൂര്യന്റെ ഇരുപതിലൊന്ന് തിളക്കമേയുള്ളൂ. ഗ്രഹം ആ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ നിരീക്ഷിച്ചാണ് (സംതരണ മാര്‍ഗം വഴിയാണ്) ഗ്രഹസാന്നിധ്യം തിരിച്ചറിഞ്ഞത്.

ബുധന്റെ ഭ്രമണപഥത്തെ അപേക്ഷിച്ച് പത്തിലൊന്ന് ദൈര്‍ഘ്യമേ, ആ വിദൂര ഗ്രഹത്തിന്റെ ഭ്രമണപഥത്തിനുള്ളൂ എന്ന് നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. 3.3 ദിവസംകൊണ്ട് അത് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നു.

ചെറിയ റോബോട്ടിക് ടെലിസ്‌കോപ്പുകള്‍ വഴിയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. കണ്ടെത്തല്‍ സ്ഥിരീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പുകളിലൊന്നായ ചിലിയിലെ മാഗല്ലന്‍ ടെലിസ്‌കോപ്പിന്റെ സഹായവും തേടി.

ഗ്രഹം കണ്ടെത്തുന്നതില്‍ അമേച്വര്‍ വാനനിരീക്ഷകന്‍ ടി ജി ടാന്‍ സഹായിച്ചു. പെര്‍ത്തിലെ തന്റെ പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള ചെറുടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ടാന്‍ നിരീക്ഷണം നടത്തുന്നത്. തങ്ങളുടെ വാനനിരീക്ഷണ പദ്ധതികളില്‍ ടാന്‍ സഹായിക്കാറുണ്ടെന്ന് ഷോവു പറയുന്നു.

ആദ്യമായല്ല ടാന്‍ ഒരു അന്യഗ്രഹത്തെ തിരിച്ചറിയുന്ന ഗവേഷണത്തില്‍ ഉള്‍പ്പെടുന്നത്. ഇതുവരെ 11 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ ടാനിന് കഴിഞ്ഞിട്ടുള്ളതായി അദ്ദേഹത്തിന്റെ വെബ്ബ്‌സൈറ്റ് പറയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ജ്യോതിശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് വെളിയില്‍ ഏതാണ്ട് 1800 അന്യഗ്രഹങ്ങള്‍ ( exoplanets ) തിരിച്ചറിഞ്ഞിട്ടുണ്ട്.

http://www.mathrubhumi.com/technology/science/exoplanet-astronomy-planet-m-dwarf-science-542859/