Thursday, March 24, 2016

എക്സോ മാര്‍സ് ചൊവ്വയിലേക്ക് വീണ്ടും

എക്സോ മാര്‍സ് ചൊവ്വയിലേക്ക് വീണ്ടും

സാബു ജോസ് @ ദേശാഭിമാനി കിളിവാതില്‍
ചൊവ്വയിലേക്ക് പുതിയൊരു ദൌത്യം കൂടി യാത്രയാരംഭിച്ചു. റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയുടെയും (റോസ്കോസ്മോസ്), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും (ഇസ) സംയുക്ത ചൊവ്വാ ദൌത്യമായ എക്സോ മാര്‍സ് (Exo Mars) വ്വയിലേക്ക് പുതിയൊരു ദൌത്യം കൂടി യാത്രയാരംഭിച്ചു. 2018ല്‍ വിക്ഷേപിക്കുന്ന എക്സോ മാര്‍സ് റോവറിന് അനുയോജ്യമായ ലാന്‍ഡിങ് സൈറ്റ് തെരഞ്ഞെടുക്കുന്നതും ഷിയാപെറേലി ലാന്‍ഡറിന്റെ ദൌത്യമാണ്.

ഇപ്പോള്‍ വിക്ഷേപിച്ച ടിജിഒ കേവലമൊരു ഓര്‍ബിറ്റര്‍ മാത്രമല്ല. നാല് വ്യത്യസ്ത ദൌത്യങ്ങളാണ് ഈ പേടകം നിര്‍വഹിക്കുന്നത്. കൂടാതെ ഒരു വാര്‍ത്താവിനിമയ ഉപഗ്രഹമായും ഇത് പ്രവര്‍ത്തിക്കും. 3130 കിലോഗ്രാമാണ് ഓര്‍ബിറ്ററിന്റെ ‘ഭാരം. ഷിയാപെറേലി ലാന്‍ഡറിന് 600 കിലോഗ്രാം ‘ഭാരമുണ്ട്. ടിജിഒ യിലെ ഏതാനും ശാസ്ത്രീയ ഉപകരണങ്ങളും വിക്ഷേപണ വാഹനമായ പ്രോട്ടോണ്‍ റോക്കറ്റും റഷ്യന്‍ നിര്‍മിതമാണ്. മറ്റുപകരണങ്ങളും ലാന്‍ഡറും നിര്‍മിച്ചത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ്. ഇറ്റലിയാണ് ഈ ദൌത്യത്തില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. ദൌത്യത്തിന്റെ നിയന്ത്രണം നടത്തുന്നത് ഇറ്റലിയിലെ ഗ്രൌണ്ട് സ്റ്റേഷനായ അല്‍ടെക്സ് റോവര്‍ കണ്‍ട്രോള്‍ സെന്ററാണ്. 2018 ല്‍ വിക്ഷേപിക്കുന്ന എക്സോ റോവര്‍ ദൌത്യത്തിലെ 1800 കിലോ ഗ്രാം ‘ഭാരമുള്ള ലാന്‍ഡറും 300 കിലോഗ്രാം ‘ഭാരമുളള റോവറും റഷ്യന്‍ നിര്‍മിതമായിരിക്കും. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അറോറ പദ്ധതിയുടെ ‘ഭാഗമായി നടത്തുന്ന ആദ്യവിക്ഷേപണമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് നടന്നത്. ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലേക്കയ്ക്കുന്നതിനും അറോറ പദ്ധതിയില്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ വരുന്ന പത്തുവര്‍ഷത്തിനിടയിലുള്ള വിക്ഷേപണങ്ങളെല്ലാം റോബോട്ടിക് ദൌത്യങ്ങളായിരിക്കും. റഷ്യ അവസാനിപ്പിച്ച ഫോബോസ് ഗ്രണ്ട് ദൌത്യത്തിനുവേണ്ടി വികസിപ്പിച്ചെടുത്ത ചില ശാസ്ത്രീയ ഉപകരണങ്ങള്‍ എക്സോ മാര്‍സ് ദൌത്യത്തിലെ ട്രേസ് ഗ്യാസ് ഓര്‍ബിറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 130 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.



ലക്ഷ്യങ്ങള്‍
ഏതെങ്കിലും കാലത്ത് ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ, ഇപ്പോഴും ജീവന്റെ സൂക്ഷ്മരുപങ്ങളെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് തിരയുകയാണ് മുഖ്യ ലക്ഷ്യം. മീഥേയ്ന്‍ വാതകത്തിന്റെ സാന്നിധ്യം തെരയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. മിഥേയ്ന്‍ ജീവന്റെ അടയാളമാണ്.

• ചൊവ്വയുടെ ഉപരിതലപാളിക്കടിയില്‍ ജലസാന്നിധ്യം തിരയുക. ചൊവ്വയുടെ ഉപരിതലത്തില്‍ ഒഴുകുന്ന ജലത്തിന്റെ സാന്നിധ്യം നാസയുടെ മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ കത്തിെയിരുന്നു. കൂടാതെ ധ്രുവ മേഖലകളില്‍ ഹിമാവരണവുമുണ്ട്. ചൊവ്വയുടെ മണ്ണിനടിയില്‍ ഖരാവസ്ഥയിലുള്ള ജലവും ഓര്‍ഗാനിക് സംയുക്തങ്ങളുമുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. അവയുടെ സാന്നിധ്യം കണ്ടെത്തുക ഈ ദൌത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.
• ചൊവ്വയുടെ ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും സവിശേഷതകള്‍ അനാവരണം ചെയ്യുക. ‘ഭാവിയിലെ മനുഷ്യരുടെ യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഇത്തരം പഠനം അനിവാര്യമാണ്.
• ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുക.
ചൊവ്വയില്‍ ഇറങ്ങിയതിനു ശേഷം ഭൂമിയിലേക്ക് മടക്കയാത്ര സാധ്യമാവുമോ എന്ന് പരീക്ഷിക്കുക എന്നിവയാണ് പ്രധാന ശാസ്ത്രീയ ദൌത്യങ്ങള്‍.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ചൊവ്വാ റോവറുകള്‍ക്ക് ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുക
• ചൊവ്വയുടെ ഉപരിതലം രണ്ടു മീറ്ററിലധികം കുഴിക്കുകയും സാംപിള്‍ ശേഖരണം നടത്തുകയും ചെയ്യുക.
• ചൊവ്വയുടെ ഉപരിതലത്തിലൂടെയുള്ള റോവറുകളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കുക എന്നീ സാങ്കേതിക കാര്യങ്ങളിലും എക്സോ മാര്‍സ് ദൌത്യം ശ്രദ്ധിക്കുന്നുണ്ട്.

2016 ഒക്ടോബര്‍ 19 നാണ് ഷിയാപെറേലി ചൊവ്വയുടെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ ഷിയാപെറേലി, ടിജിഒ യില്‍ നിന്ന് സ്വതന്ത്രമാകും.. തുടര്‍ന്ന് ചൊവ്വയുടെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ഷിയാപെറേലി, 2018 ലെ റോവര്‍ ദൌത്യത്തിന് അനുയോജ്യമായ ലാന്‍ഡിങ് സൈറ്റ് കണ്ടെത്തും. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ടിജിഒ യ്ക്കു കൈമാറും. ടിജിഒ യില്‍ ഉള്ള നാസയുടെ ‘ഇലക്ട്ര’ ടെലികമ്യൂണിക്കേഷന്‍ റിലേ നാവിഗേഷന്‍ ഉപകരണം ഈ വിവരങ്ങള്‍ ശേഖരിച്ച് ഗ്രൌണ്ട് സ്റ്റേഷനിലേയ്ക്കും. 2022 വരെ ടിജിഒ ഒരു വാര്‍ത്താവിനിമയ ഉപഗ്രഹമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ടായിരിക്കും. ഇലക്ട്രിക് ബാറ്ററിയാണ് ലാന്‍ഡറിനാവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത്. മെറിഡിയാനി പ്ളാനം (ങലൃശറശമിശ ജഹമിൌാ) എന്നു പേരിട്ടിരിക്കുന്ന സ്ഥലത്താണ് ഷിയാപെറേലി ലാന്‍ഡ് ചെയ്യുന്നത്. മിക്കപ്പോഴും ശക്തമായ പൊടിക്കാറ്റുകളുണ്ടാകുന്ന പ്രദേശമാണിത്.

ഒരു റോവര്‍ ദൌത്യം ചെയ്യുന്ന ജോലി ലാന്‍ഡറിനു തന്നെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഷിയാപെറേലിയുടെ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. ഡ്രീംസ് (Dust characterization Risk assessment and Environment Analyzer on the Martian Surface – DREAMS) എന്ന ശാസ്ത്രീയ ഉപകരണങ്ങളുടെ പാക്കേജാണ് ഷിയാപെറേലിയില്‍ ഒരുക്കിയിട്ടുളളത്. ഇതില്‍ കാറ്റിന്റെ ദിശയും വേഗതയും അറിയുന്നതിനുള്ള Met Wind അന്തരീക്ഷത്തിന്റെ ആര്‍ദ്രത അളക്കുന്നതിനുള്ള Met Humi മര്‍ദമളക്കുന്നതിനുള്ള Met Baro, ഊഷ്മാവ് അളക്കുന്നതിനുള്ള Mars Tem , സാന്ദ്രത അളക്കുന്നതിനുള്ള ഒപ്ടിക്കല്‍ ഡെപ്ത് സെന്‍സര്‍ – ODS റേഡിയേഷന്‍ അളക്കുന്നതിനുളള Micro ares എന്നീ ഉപകരണങ്ങളാണുള്ളത്.

എക്സോ മാര്‍സ് ദൌത്യത്തിലെ രണ്ടാമത്തെ ഉപഗ്രഹവിക്ഷേപണം 2018 മെയ്മാസത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ദൌത്യത്തിലെ ശാസ്ത്രീയ ഉപകരണങ്ങളില്‍ 80 ശതമാനവും റഷ്യന്‍ നിര്‍മിതമായിരിക്കും. ലാന്‍ഡറും റോവറും റഷ്യന്‍ നിര്‍മിതമാണ്. ലാന്‍ഡറിലുള്ള ലാന്‍ഡര്‍ റേഡിയോസയന്‍സ് എക്സ്പെരിമെന്റ്(LaRa ) എന്ന ഉപകരണവും റോവറിലെ ഹാബിറ്റ് (HabitAbiltiy, Brine , Irradiation and Temperature-HABIT) എന്ന ഉപകരണവും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് നിര്‍മിക്കുന്നത്. ലാറ ചൊവ്വാധൂളിയുടെ ഘടന പരിശോധിക്കുമ്പോള്‍ ഹാബിറ്റ് ഗ്രഹത്തിന്റെ ഉപരിതല ഊഷ്മാവും അള്‍ട്രാവയലറ്റ് വികിരണതോതും സമഗ്രമായി പഠിക്കും. ഒരു ‘ഭൌമവര്‍ഷമായിരിക്കും ലാന്‍ഡറും റോവറും പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. 2019 ജനുവരിയിലായിരിക്കും റോവര്‍ ചൊവ്വയില്‍ ഇറങ്ങുന്നത്.


Read more: http://www.deshabhimani.com/index.php/special/news-special-23-03-2016/548533

https://en.wikipedia.org/wiki/ExoMars_Programme

http://exploration.esa.int/mars/

Friday, March 11, 2016

ആദിത്യ സൂര്യനരികിലേക്ക്

ആദിത്യ സൂര്യനരികിലേക്ക്

സാബുജോസ് @ ദേശാഭിമാനി കിളിവാതില്‍





അല്‍പം വൈകുമെങ്കിലും 'ആദിത്യ' അണിയറയില്‍ ഒരുങ്ങുകയാണ്. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൌത്യമായ 'ആദിത്യ' സ്പേസ്ക്രാഫ്റ്റ് 2019ല്‍ വിക്ഷേപിക്കും. 2017ല്‍ ഉദ്ദേശിച്ചിരുന്ന വിക്ഷേപണമാണ് ഇപ്പോള്‍ 2019ലേക്ക് മാറ്റിയിരിക്കുന്നത്. ഏതാനും വര്‍ഷമായി ഇന്ത്യ ആദിത്യ പദ്ധതി ആരംഭിച്ച് ഘട്ടംഘട്ടമായി മുന്നോട്ടുപോകുന്നു. 
സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ ആദിത്യ ഉള്‍പ്പടെ ഒമ്പത് വ്യത്യസ്ത ദൌത്യങ്ങളാണ്  ഒരുങ്ങുന്നത്.

വാര്‍ത്താവിനിമയസംവിധാനങ്ങളെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വൈദ്യുതവിതരണ ശൃംഖലയെയും താറുമാറാക്കുന്ന സൌരവാതങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധാന്യമുള്ളതാണ്. സൌരപ്രതിഭാസങ്ങള്‍ തീവ്രമായാല്‍ ‘ഭൌമജീവന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും.

‘നാസയുടെ ജെനസിസ് (Genesis), എസ്ഡിഒ (Solar Dynamics Observatory), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സോഹോ (Solar and Heliospheric Observatory), നാസയുടെ സോളാര്‍ മാക്സ് (Solar Maximum Mission), സ്റ്റീരിയോ (Solar Terrestrial Relations Observatory), ഐറിസ് (IRIS), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ യൂലൈസസ് (Ulysses), ഈ വര്‍ഷം വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ഒസിറിസ്–റെക്സ് (OSIRIS-Rex), 2018ല്‍ വിക്ഷേപിക്കുന്ന സോളാര്‍ പ്രോബ് പ്ളസ് എന്നിവ സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനുള്ള വ്യത്യസ്ത ദൌത്യങ്ങളാണ്.

ഇന്ത്യയുടെ ആദിത്യ

ഭൂമിയില്‍നിന്ന് 800 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പിഎസ്എല്‍വി–എക്സ്എല്‍ റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദിത്യപേടകത്തെ പിന്നീട് സൂര്യന്റെയും ‘ഭൂമിയുടെയും ഗുരുത്വബലങ്ങള്‍ പരസ്പരം നിര്‍വീര്യമാക്കപ്പെടുന്ന സ്ഥാനങ്ങളില്‍ ഒന്നായ എല്‍–1 (Lagranchian Point 1) പോയിന്റില്‍ എത്തിക്കും. 100 ദിവസത്തെ യാത്രയ്ക്കൊടുവിലായിരിക്കും പേടകം ‘‘ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഈ ഒന്നാമത്തെ ലെഗ്രാന്‍ഷ്യന്‍ പോയിന്റില്‍ എത്തുന്നത്. പേടകത്തിന്റെ പ്രവര്‍ത്തന കാലാവധിയായ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാനാണ് പേടകത്തെ ഈ സ്ഥാനത്ത് സ്ഥിരമായി നിലനിര്‍ത്തുന്നത്. ലെഗ്രാന്‍ഷ്യന്‍ പോയിന്റുകളില്‍ നിര്‍ത്തിയിരിക്കുന്ന പേടകത്തിന് രാത്രി–പകല്‍ വ്യത്യാസമോ, ഗ്രഹണങ്ങളോ, സംതരണങ്ങളോ ഒന്നും തടസ്സമാകില്ല. ഇതുവരെ നാസയ്ക്കും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കുംമാത്രമേ ഒരു കൃത്രിമ ഉപഗ്രഹത്തെ ലെഗ്രാന്‍ഷ്യന്‍സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഐഎസ്ആര്‍ഒയും ഇന്ത്യയിലെ നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും 'ആദിത്യ'യുടെ നിര്‍മാണത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 400 കിലോഗ്രാമാണ് പേടകത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയുംകൂടി ഭാരം. വിവിധ പരീക്ഷണങ്ങള്‍ക്കായി ഏഴ് പെലോഡുകളാണ് പേടകത്തിലുണ്ടാവുക. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് 'ആദിത്യ' ദൌത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറില്‍നിന്ന് പുറത്തേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കൊറോണ. സൂര്യന്റെ ഉപരിതല ഊഷ്മാവ് 6000 കെല്‍വിനാണ്. എന്നാല്‍, കൊറോണയുടെ താപനില 10,00,000 കെല്‍വിനാണ്. ഇനിയും വിശദീകരണം ലഭിക്കേണ്ട ഒരു പ്രഹേളികയാണിത്.
കൊറോണയെക്കുറിച്ചുള്ള പഠനത്തിനു പുറമെ സൌരവാതങ്ങള്‍, പ്ളാസ്മാപ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൌരപ്രതിഭാസങ്ങള്‍,  സൌരയുഥത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിക്കുന്നതിനാണ് 'ആദിത്യ' ദൌത്യത്തിലൂടെ ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്.

ആദിത്യയിലെ ശാസ്തീയ ഉപകരണങ്ങള്‍

വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ് (VELC)
ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് വേവ് ബാന്‍ഡിലും കൊറോണയുടെ ചിത്രമെടുക്കാനുള്ള ഉപകരണമാണിത്. ക്യാമറയുടെ ഫോക്കസ് ഒരു ഒക്കള്‍ട്ടര്‍ ഉപയോഗിച്ച് മറയ്ക്കുകവഴി ഒരു കൃത്രിമ ഗ്രഹണം സൃഷ്ടിച്ചാണ് ഈ ഉപകരണം കൊറോണയുടെ ചിത്രങ്ങള്‍ എടുക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന സൂര്യദ്രവ്യപ്രവാഹത്തിലെ ഘടകങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളും പഠിക്കുകയാണ് ഈ ക്രോണോഗ്രാഫ് ചെയ്യുന്നത്. ഇതുകൂടാതെ സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചുള്ള പഠനവും നടത്തും. സൌരവാതങ്ങളും മറ്റ് സൌരപ്രതിഭാസങ്ങളും ‘ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനവും ഈ ഉപകരണം നടത്തും.

സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്ക്കോപ്പ് (SUIT)
200–400 nm തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണിത്. സൂര്യാന്തരീക്ഷത്തിന്റെ വിവിധ പാളികള്‍ വേര്‍തിരിച്ചു കാണാനും ഈ ദൂരദര്‍ശിനിക്കു കഴിയും. ‘ഭൌമാന്തരീക്ഷത്തിലെ ഓസോണ്‍പാളിയെ ഗുരുതരമായി ബാധിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനവും ഉദ്ദേശിക്കുന്നുണ്ട്.

ആദിത്യ സോളാര്‍വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പെരിമെന്റ് (ASPEX):
സൌരവാതങ്ങളുടെ സ്വഭാവവും അതിന്റെ വര്‍ണരാജി വിശകലനവുമാണ് ഈ ഉപകരണംകൊണ്ട് ലക്ഷ്യമിടുന്നത്.

പ്ളാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA):
സൌരവാതങ്ങളിലെ ഘടകങ്ങളെക്കുറിച്ചും അതിലെ ഊര്‍ജവിതരണത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള ഉപകരണമാണിത്.


സോളാര്‍ ലോ–എനര്‍ജി എക്സ്–റേ സ്പെക്ട്രോമീറ്റര്‍ (SOLEXS): കൊറോണയെ ചൂടുപിടിപ്പിക്കുന്നതില്‍ എക്സ് കിരണങ്ങളുടെ പങ്ക് പരിശോധിക്കാനുള്ള ഉപകരണം.

ഹൈ–എനര്‍ജി എല്‍–1 ഓര്‍ബിറ്റിങ് എക്സ്–റേ സ്പെക്ട്രോ മീറ്റര്‍ (HEL1 OS):
കൊറോണയില്‍ക്കൂടിയുള്ള കണികാപ്രവാഹത്തിന്റെ വേഗവും ഊര്‍ജനിലയും അളക്കാനുള്ള ഉപകരണം സൌര ആളലുകളുടെ തീവ്രത അളക്കാനും ഈ ഉപകരണത്തിനു കഴിയും.

മാഗ്നറ്റോമീറ്റര്‍:
ഗ്രഹാന്തര കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കാനുള്ള ഉപകരണമാണിത്.

55 മില്യണ്‍ യുഎസ് ഡോളറാണ് 'ആദിത്യ'ദൌത്യത്തിന്റെ ചെലവ്.

http://www.deshabhimani.com/special/news-kilivathilspecial-10-03-2016/544877

Wednesday, March 9, 2016

MAARS Android Application | Now available in Google Play!

ജ്യോതിശാസ്ത്ര മേഖലയിൽ തത്പരരായ മലപ്പുറം ജില്ലയിലെ ശാസ്ത്രകുതുകികളുടെ കൂട്ടായ്മയാണ് മാർസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു കീഴിൽ ജ്യോതിശാസ്ത്ര വിഷയസമിതിയായാണ് മാർസ് പ്രവർത്തിക്കുന്നത്.

അറിവിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെങ്കിലും ആകാശപ്രതിഭാസങ്ങൾ പോലും അന്ധവിശ്വാസങ്ങൾക്ക് കളമൊരുക്കുന്ന കാലഘട്ടത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സധൈര്യം ഈ മേഖലയിലേക്ക് കടന്നു വന്നു. പരിഷത്ത് വിവിധ മേഖലകളിൽ സജീവമായി ഇടപെടലുകൾ നടത്തുമ്പോൾ  ശാസ്ത്രാവബോധം വളർത്താൻ ജ്യോതിശാസ്ത്രം എന്ന മേഖല കൂടുതൽ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞ ഏതാനും പ്രവർത്തകരാണ് മാർസ് എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ക്ലാസ്സുകളും നിരീക്ഷണ ക്യാമ്പുകളുമായിരുന്നു ആദ്യം. ധൂമകേതുക്കളേയും ഗ്രഹണത്തേയും പേടിക്കേണ്ടതില്ല, എന്ന് കവലകളിലും വിദ്യാലയങ്ങളിലും ചെറു കൂട്ടായ്മകളിലും ഇറങ്ങി മാർസ് പ്രവർത്തകർ തെളിയിച്ചു കൊടുത്തു.

ജ്യോതിശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന "മാനത്തേക്കൊരു കിളിവാതിൽ" എന്ന പുസ്തകം മാർസിനെ കൂടുതൽ പ്രശസ്തമാക്കി. ഈ മേഖലയെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുന്ന "ബഹിരാകാശ ജാലകം" എന്ന വീഡിയോ സി.ഡിയും പുസ്തകത്തോടൊപ്പം ലഭ്യമാക്കി. ജില്ലയിലെമ്പാടും നിരവധി കോപ്പികൾ വിറ്റഴിഞ്ഞു. സംസ്ഥാന തലത്തിലുള്ള പ്രസാധനം ഇന്ന് പരിഷത്ത് ആണ് നിർവ്വഹിക്കുന്നത്.

ജില്ലയിൽ ശക്തിയേറിയ ടെലിസ്കോപ്പുകൾ വ്യാപകമാകുന്നതിന് ഈ സംഘം വഴിയൊരുക്കി. സർവ്വശിഷാ അഭിയാനുമായി സഹകരിച്ച് അധ്യാപകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. വെറുതെ വായിച്ചു പോകുമായിരുന്ന പാഠഭാഗങ്ങൾ പ്രവർത്തനാധിഷ്ഠിതമായി മാറി. ജ്യോതിശാസ്ത്ര സംബന്ധിയായ പഠനോപകരണങ്ങൾ അധ്യാപകർക്ക് പരിചയപ്പെടുത്തിയതിൽ മാർസിന്റെ പങ്ക് ചെറുതല്ല. 2009ൽ അന്താരാഷ്ര ജ്യോതിശാസ്ത്ര വർഷാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും സർവ്വശിക്ഷാ അഭിയാനുമൊത്ത് സംസ്ഥാനത്തെ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പാക്കിയ "ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ്" പ്രോഗ്രാമിന്റെ അക്കാദമിക സഹായം മാർസ് പ്രവർത്തകരാണ് നിർവ്വഹിച്ചത്. ജ്യോതിശാസ്ത്ര സംബന്ധിയായ ആശയങ്ങൾ ലളിതവത്കരിച്ച് കുട്ടികൾക്കായി വർക്ക്ബുക്കും, അധ്യാപകർക്കായി സഹായിയും ഇതിന്റെ ഭാഗമായി പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി ആകാശവാണിയിലും ദൂരദർശനിലും നടന്ന "ഗലീലിയോ ലിറ്റിൽ സയന്റിസ് - ക്വിസ്സ് " പരിപാടിക്കും മാർസ് പ്രവർത്തകരാണ് അക്കാദമിക സഹായം നൽകിയത്.

സ്പുട്നിക് വാർഷികവുമായി ബന്ധപ്പെട്ട് മാർസ് തയ്യാറാക്കിയ ജ്യോതിശാസ്ത്ര പാനലുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ജില്ലയിലെ ഏതാണ്ടെല്ലാ വിദ്യാലയങ്ങളിലും ഇതിന്റെ പ്രദർശനം നടത്തുവാൻ സാധിച്ചു.

ജ്യോതിശാസ്ത്ര രംഗത്തെ പുത്തൻ അറിവുകൾ പങ്കുവയ്ക്കാനൊരിടം എന്ന നിലക്കാണ് 2009ൽ മാർസിന്റെ ബ്ലോഗ് ആരംഭിക്കുന്നത്. പരിഷത്തും മാർസും തയ്യാറാക്കിയ പ്രസന്റേഷനുകൾ ബ്ലോഗിൽ ലഭ്യമാണ്.
പിന്നീട് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മാർസിന്റെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചു.

മൊബൈൽ സങ്കേതത്തിൽ ബ്ലോഗ് പോസ്റ്റുകൾ സൗകര്യപ്രദമായി എത്തിക്കുന്നതിനും പ്രസന്റേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ ആൻഡ്രോയിഡ് അപ്ലിക്കേഷൻ സഹായിക്കുന്നു. ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ, സൗരയൂഥം, ഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ ഇവയെക്കുറിച്ചുള്ള കുറിപ്പുകൾ തുടങ്ങിയവ ഓഫ്-ലൈനായി വായിക്കാം. ഇവ തയ്യാറാക്കുന്നതിന് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ സിനിമകളെക്കുറിച്ചറിയുന്നതിന് ഒരു പേജുണ്ട്. ജ്യോതിശാസ്ത്ര സംബന്ധിയായ സംശയങ്ങൾക്കും ക്ലാസ്സുകളെ സംബന്ധിച്ചും അറിയുന്നതിന് മാർസ് - പരിഷത്ത് പ്രവർത്തകരുടെ ഫോൺ ഡയറക്ടറിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാർസിന്റെ ഫേസ്ബുക്ക് പേജിലേക്ക് കണക്ട് ചെയ്യുന്നതിനും സൗകര്യമുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.

https://play.google.com/store/apps/details?id=com.andromo.epb.maars

ഈ അപ്ലിക്കേഷനും ബ്ലോഗും മെച്ചപ്പെടുത്താനായി നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യമാണ്. ഇവ mail.maars@gmail.com എന്ന വിലാസത്തിൽ അറിയിക്കാം.

സസ്നേഹം,
ബ്രിജേഷ് പൂക്കോട്ടൂർ.

Monday, March 7, 2016

Rocket Women - Women in Space...

Rocket Women - Women in Space...

മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം -‍ "Planet 50-50 by 2030: Step It Up for Gender Equality"  എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഐക്യരാഷ്ട്രസഭയുടെ തീം. ഈ വനിതാദിനത്തില്‍ ബഹിരാകാശയാത്ര നടത്തിയ വനിതകളെക്കുറിച്ച് ഒരു കുറിപ്പ് ആയാലോ.
.

.

.

.

.

.

.

.

.

.

.

.

സോവിയേറ്റ് യൂണിയന്റെ വാലന്റീന തെഷ്‌രക്കോവയാണ് ബഹിരാകാശത്തെത്തിയ ആദ്യ വനിത എന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും അവസാനമായി പോയി വന്നത് 2014ല്‍ ഇറ്റലിക്കാരിയായ സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്ന വനിതയാണ്. 1963 മുതല്‍ 2014 വരെ കാലയളവില്‍ 59 വനിതകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. ആദ്യ പറക്കല്‍ കഴി‍ഞ്ഞ് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത ഒരു വനിതക്ക് അവസരം ലഭിക്കുന്നത്. ഇതില്‍ 43 പേര്‍ അമേരിക്കക്കാരും 4 പേര്‍ സോവിയേറ്റ് യൂണിയന്‍ / റഷ്യക്കാരും, കാനഡ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും, ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, യുനൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവും ഉള്‍പ്പെടുന്നു.
.
ബഹിരാകാശത്തെ ആദ്യ പുരുഷന്റേയും ആദ്യ സ്ത്രീയുടേയും യാത്രക്കിടയിലെ അന്തരം സോവിയേറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം രണ്ടു വര്‍ഷവും അമേരിക്കയെ സംബന്ധിച്ചിടത്തോളം 22 വര്‍ഷവും ആയിരുന്നു. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഇറാന്‍ സ്വദേശികള്‍ അവരുടെ രാജ്യത്തു നിന്നുള്ള പ്രഥമ ബഹിരാകാശ സഞ്ചാരികള്‍ കൂടിയാണ്. സ്വദേശികളായി 4 പേരെ മാത്രമേ ബഹിരാകാശത്തെത്തിച്ചുവെങ്കിലും ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, കാനഡ, ജപ്പാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലെ സ്ത്രീകളെ ബഹിരാകാശത്തെത്തിച്ചത് സോവിയേറ്റ് യൂണിയന്‍ / റഷ്യയുടെ പദ്ധതികളാണ്.
.
ബഹിരാകാശത്തെത്തിയ വനിതകളുടെ ലിസ്റ്റ്

01. Valentina Tereshkova (Soviet Union) (1963) - ബഹിരാകാശത്തെ ആദ്യ വനിത.

02. Svetlana Savitskaya (Soviet Union) (1982, 1984) - സ്പേസ് വാക്ക് നടത്തിയ ആദ്യ വനിത.


03. Sally Ride (United States) (1983, 1984) - ആദ്യ അമേരിക്കന്‍ വനിത.


04. Judith Resnik (United States) (1984, 1986) - ജൂതവശംജയായ അമേരിക്കന്‍ വനിത. ചലഞ്ചര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.


05. Kathryn D. Sullivan (United States) (1984, 1990, 1992) - സ്പേസ് വാക്ക് നടത്തിയ ആദ്യ അമേരിക്കന്‍ വനിത.


06. Anna Lee Fisher (United States) (1985) - ബഹിരാകാശത്തെത്തിയ ആദ്യ അമ്മ!


07. Margaret Rhea Seddon (United States) (1985, 1991, 1993)


08. Shannon Lucid (United States) (1985, 1989, 1991, 1993, 1996) - സ്പേസ് സ്റ്റേഷന്‍ പറത്തിയ ആദ്യ അമേരിക്കന്‍ വനിത Mir-1996)


09. Bonnie J. Dunbar (United States) (1985, 1990, 1992, 1995, 1998)


10. Mary L. Cleave (United States) (1985, 1989)


11. Ellen S. Baker (United States) (1989, 1992, 1995)


12. Kathryn C. Thornton (United States) (1989, 1992, 1993, 1995) - സ്പേസ് വാക്ക് നടത്തിയ മൂന്നാമത്തെ വനിത.


13. Marsha Ivins (United States) (1990, 1992, 1994, 1997, 2001)


14. Linda M. Godwin (United States) (1991, 1994, 1996, 2001) - സ്പേസ് വാക്ക് നടത്തിയ നാലാമത്തെ വനിത 1996, 2001.


15. Helen Patricia Sharman (United Kingdom) (1991) - ബഹിരാകാശത്തെത്തുന്ന ആദ്യ ബ്രിട്ടീഷ് വനിത.


16. Tamara E. Jernigan (United States) (1991, 1992, 1995, 1996, 1999)


17. Millie Hughes-Fulford (United States) (1991) - ആദ്യത്തെ പേലോഡ് സ്പെഷ്യലിസ്റ്റ്


18. Roberta Bondar (Canada) (1992) - ബഹിരാകാശത്തെത്തുന്ന ആദ്യ കനേഡിയന്‍ വനിത.


19. Jan Davis (United States) (1992, 1994, 1997) - ബഹിരാകാശത്തെത്തുന്ന ആദ്യ ദമ്പതികള്‍. ഭര്‍ത്താവ് മാര്‍ക്ക് സി ലീ ക്കൊപ്പം 1992 ല്‍ ബഹിരാകാശത്തെത്തി.


20. Mae Jemison (United States) (1992) - ബഹിരാകാശത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ വനിത.


21. Susan J. Helms (United States) (1993, 1994, 1996, 2000, 2001)


22. Ellen Ochoa (United States) (1993, 1994, 1999, 2002)


23. Janice E. Voss (United States) (1993, 1995, 1997 April, 1997 July, 2000)


24. Nancy J. Currie (United States) (1993, 1995, 1998, 2002)


25. Chiaki Mukai (Japan) (1994, 1998) - ബഹിരാകാശത്തെത്തിയ ആദ്യ ജാപ്പനീസ് വനിത.


26. Yelena V. Kondakova (Russia) (1994, 1997)


27. Eileen Collins (United States) (1995, 1997, 1999, 2005) - ആദ്യ വനിതാ ഷട്ടില്‍ പൈലറ്റും കമാന്‍ഡറും.


28. Wendy B. Lawrence (United States) (1995, 1997, 1998, 2005)


29. Mary E. Weber (United States) (1995, 2000)


30. Catherine Coleman (United States) (1995, 1999, 2010)


31. Claudie Haignere (France) (1996, 2001) - ബഹിരാകാശത്തെത്തിയ ആദ്യ ഫ്രഞ്ച് വനിത.


32. Susan Still Kilrain (United States) (1997 April, 1997 July)


33. Kalpana Chawla (India / United States) (1997, 2003) - ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വംശജ. കൊളംബിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.


34. Kathryn P. Hire (United States) (1998, 2010)


35. Janet L. Kavandi (United States) (1998, 2000, 2001)


36. Julie Payette (Canada) (1999, 2009)


37. Pamela Melroy (United States) (2000, 2002, 2007)


38. Peggy Whitson (United States) (2002, 2007) - ISSന്റെ ആദ്യ വനിതാ കമാന്‍ഡര്‍.


39. Sandra Magnus (United States) (2002, 2008, 2011)


40. Laurel B. Clark (United States) (2003) - കൊളംബിയ ദുരന്തത്തില്‍ കൊല്ലപ്പെട്ടു.


41. Stephanie Wilson (United States) (2006, 2007, 2010)


42. Lisa Nowak (United States) (2006)


43. Heidemarie M. Stefanyshyn-Piper (United States) (2006, 2008)


44. Anousheh Ansari (Iran /  United States) (2006) - ബഹിരാകാശത്തെത്തിയ ആദ്യ ഇറാനിയന്‍ വംശജ. ആദ്യ സ്പേസ് ടൂറിസ്റ്റ്.


45. Sunita Williams (United States) (2006, 2007, 2012) - ഇന്ത്യൻ-സ്ലൊവേനിയൻ വംശജ. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം (50 hours, 40 minutes). ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (ഏഴ്). ബഹിരാകാശത്തു നിന്നും മാരത്തോണിൽ പങ്കെടുക്കുന്ന ആദ്യത്തെ  ബഹിരാകാശ യാത്രിക.


46. Joan Higginbotham (United States) (2006)


47. Tracy Caldwell Dyson (United States) (2007, 2010)


48. Barbara Morgan (United States) (2007) - ബഹിരാകാശത്തെത്തിയ ആദ്യ അധ്യാപിക.


49. Yi So-yeon (South Korea) (2008) - ബഹിരാകാശത്തെത്തിയ ആദ്യ കൊറിയന്‍ വനിത.


50. Karen L. Nyberg (United States) (2008, 2013)


51. K. Megan McArthur (United States) (2009)


52. Nicole P. Stott (United States) (2009, 2011)


53. Dorothy Metcalf-Lindenburger (United States) (2010)


54. Naoko Yamazaki (Japan) (2010)


55. Shannon Walker (United States) (2010)


56. Liu Yang (China) (2012) - ബഹിരാകാശത്തെത്തിയ ആദ്യ ചൈനീസ് വനിത.


57. Wang Yaping (China) (2013)


58. Yelena Serova (Russia) (2014) - ISS  സന്ദര്‍ശിക്കുന്ന ആദ്യ റഷ്യന്‍ വനിത.


59. Samantha Cristoforetti (Italy) (2014) -  ബഹിരാകാശത്തെത്തിയ ആദ്യ ഇറ്റാലിയന്‍ വനിത. ISS  സന്ദര്‍ശിക്കുന്ന ആദ്യ ഇറ്റാലിയന്‍ വനിത.

.
[റഫറന്‍സ്: ഇംഗ്ലീഷ് വിക്കിപീഡിയ, ചിത്രങ്ങള്‍: വിക്കിമീഡിയ]

Sunday, March 6, 2016

ചൈന 2021ല്‍ ചൊവ്വയില്‍

ചൈന 2021ല്‍ ചൊവ്വയില്‍


ബീജിങ്: ചൈന 2021ല്‍ ചൊവ്വയില്‍ പര്യവേഷണ വാഹനമിറക്കും (Mars probe). ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചൊവ്വാ പര്യവേഷണത്തിന് തുടക്കമിടാനാണ് പദ്ധതി. 2020ല്‍ വിക്ഷേപിച്ച് പത്തു മാസത്തിനുള്ളില്‍ ചൊവ്വയിലിറങ്ങുമെന്ന്  ചൈനയുടെ വിജയകരമായ ചാന്ദ്ര പര്യവേഷണത്തിന്റെ (Chang'e) കമാന്‍ഡറായിരുന്ന യി പെയ്ജിയാന്‍ (Ye Peijian) പറഞ്ഞു. ചൊവ്വയിലിറക്കുന്ന റോവറുമായി ആശയവിനിമയം നടത്താനുള്ള സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2015 അവസാനത്തില്‍ ഇതിനുള്ള റോവറിന്റേയും ഓര്‍ബിറ്ററിന്റേയും മാതൃകകള്‍ ചൈന പ്രസിദ്ധപ്പെടുത്തിയിരുന്നു. ചൈനയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള ലോങ് മാര്‍ച്ച് 5 (Long March 5) റോക്കറ്റ് ഉപയോഗിച്ചാണ് ഇത് വിക്ഷേപിക്കുക.
.
2011ല്‍ റഷ്യയുമായി സഹകരിച്ച് ചൈന നടത്തിയ ചൊവ്വാപര്യവേഷണം ഫലം കണ്ടിരുന്നില്ല. ചൊവ്വാ ഉപഗ്രഹമായ ഫോബോസില്‍ നിന്നും സാമ്പിളെടുക്കുന്നതിനുള്ള റഷ്യന്‍ പദ്ധതിയും ഭൂമിയില്‍ നിന്നും ഉയരുന്നതിനിടയില്‍ ഇതോടൊപ്പം കത്തി നശിച്ചു. ഇന്ത്യയും അമേരിക്കയും റഷ്യയും യൂറോപ്യന്‍ യൂണിയനും ചൊവ്വാപര്യവേഷണം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
.
കൂടുതലറിയാന്‍ സന്ദര്‍ശിക്കുക,
http://spacenews.com/chinese-mars-lander-unveiled/
https://en.wikipedia.org/wiki/Chinese_space_program
.
[ചിത്രം കടപ്പാട് - spacenews.com]

Friday, March 4, 2016

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി



പ്രപഞ്ചത്തില്‍ ഇതുവരെ അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. പ്രാപഞ്ചിക ദൂരത്തിന്റെ കാര്യത്തില്‍ പുതിയ റിക്കോര്‍ഡിട്ടുകൊണ്ടാണ്, 1340 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സി തിരിച്ചറിഞ്ഞത്. മഹാവിസ്‌ഫോടം വഴി പ്രപഞ്ചമുണ്ടായി വെറും 40 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപംകൊണ്ട ഗാലക്‌സിയാണ് 'ഉര്‍സ മേജര്‍' ( Ursa Major) നക്ഷത്രഗണത്തിന്റെ ദിശയില്‍ ഗവേഷകര്‍ കണ്ടെത്തിയത്. GN-z11 എന്നാണ് ഗാലക്‌സിയുടെ പേര്. പ്രപഞ്ചത്തിന് വെറും മൂന്ന് ശതമാനം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ട ഗാലക്‌സിയാണതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ പാസ്‌കല്‍ ഓഷ്ച് പറഞ്ഞു. യു.എസില്‍ ന്യൂ ഹവനില്‍ യേല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം. കാലത്തിലൂടെ പിന്നോട്ട് പോകുന്ന അനുഭവമാണ് വിദൂരഗാലക്‌സിയുടെ കണ്ടെത്തല്‍ നല്‍കുന്നതെന്ന് ഓഷ്ച് അറിയിക്കുന്നു. 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കണ്ടെത്തലിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1310 കോടി പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ഗാലക്‌സിയെ കഴിഞ്ഞ വര്‍ഷം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ആ റിക്കോര്‍ഡാണ് പുതിയ കണ്ടെത്തലോടെ പുതുക്കപ്പെട്ടിരിക്കുന്നത്.
.



ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഇത്രയും ചെറുപ്പത്തിലുള്ള കാഴ്ചകളില്‍ എത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചില്ല. ഹബ്ബിളിന്റെ പിന്‍ഗാമിയായ 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പി'നേ അത് കഴിയൂ എന്നായിരുന്നു കരുതിയിരുന്നത്.

[റിപ്പോര്‍ട്ട് കടപ്പാട്: മാതൃഭൂമി വെബ്)
ചിത്രങ്ങള്‍ക്ക് കടപ്പാട് - വിക്കിമീഡിയ, ഹബിള്‍ സൈറ്റ്]
.
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക,
http://hubblesite.org/newscenter/archive/releases/cosmology/distant-galaxies/2016/07/
.
https://en.wikipedia.org/wiki/List_of_the_most_distant_astronomical_objects
.
പഴയ ഒരു പോസ്റ്റ് - http://astromaars.blogspot.in/2015/05/blog-post_77.html
.
ഹബിള്‍ സ്പേസ് ടെലിസ്കോപ്പിനെക്കുറിച്ച് - http://astromaars.blogspot.in/2015/04/25.html