Saturday, April 25, 2015

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25


കാല്‍നൂറ്റാണ്ടിനിടെ വെറും കണ്ടുപിടിത്തങ്ങള്‍ നടത്തുകയല്ല ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ചെയ്തത്, ജ്യോതിശാസ്ത്രത്തിന്റെ ഭാവി കണ്ടെത്തുകയായിരുന്നു ആ ടെലിസ്‌കോപ്പ്

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ നവീകരിക്കാന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനോളം സഹായിച്ച ഉപകരണങ്ങള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ആ ടെലിസ്‌കോപ്പ്. ഹബ്ബിള്‍ പകര്‍ത്തിയ നൂറുകണക്കിന് പ്രപഞ്ചദൃശ്യങ്ങള്‍, പുതിയ തലമുറകളുടെ ദൃശ്യബോധത്തെ പോലും മാറ്റിമറിച്ചു. ജ്യോതിശാസ്ത്രത്തിന് ആധുനിക കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ ആ ഉപകരണത്തിന് ഇപ്പോള്‍ 25 വയസ്സ് തികയുന്നു.

1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകളുടെ പ്രളയം തന്നെയുണ്ടായി. പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങള്‍ തേടിപ്പിടിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്!
ലിമാന്‍ സ്പിറ്റ്‌സര്‍

പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമാണ് ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പ്. എന്നുവെച്ചാല്‍ 1970 കളില്‍ ആരംഭിച്ച ആലോചനകളാണ് 1990 ല്‍ യാഥാര്‍ഥ്യമായതെന്നര്‍ഥം.

പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ആ സ്‌പേസ് ടെലിസ്‌കോപ്പിന് നല്‍കി. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു.

നക്ഷത്രക്കൂട്ടമായ വെസ്റ്റര്‍ലുന്‍ഡ് 2 (Westerlund 2 ), വാതകമേഘ മേഖലയായ ഗം 29 ( Gum 29 ) എന്നിവയുടെ ഹബ്ബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യം. ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ 25 ാം പിറന്നാള്‍ പ്രമാണിച്ച് നാസ പുറത്തുവിട്ട ദൃശ്യമാണിത്. കടപ്പാട്: NASA, ESA, the Hubble Heritage Team


ഹബ്ബിള്‍ ഇതിനകം ഭൂമിയെ ചുറ്റി 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തി. 2.4 മീറ്റര്‍ വ്യസമുള്ള ദര്‍പ്പണത്തിന്റെ സഹായത്തോടെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നിങ്ങനെ) പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഹബ്ബിളിന് സാധിക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പ്. പക്ഷേ, 1990 ല്‍ വിക്ഷേപിച്ചപ്പോള്‍ കഥ മറ്റൊന്നായിരുന്നു. ഹബ്ബിളിനെ ബഹിരാകാശത്തെത്തിച്ച ശേഷമാണ് അതിന്റെ മുഖ്യദര്‍പ്പണത്തിന് തകരാറുള്ള കാര്യം മനസിലായത്. ഹബ്ബിള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളൊന്നും വ്യക്തതയുള്ളതല്ല! ആ പ്രശ്‌നം പരിഹരിക്കാന്‍ അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു രക്ഷാദൗത്യത്തിന് നാസ തയ്യാറായി. 1993 ല്‍ എന്‍ഡവര്‍ പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളെ ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പിലയച്ച് അതിന്റെ തകരാര്‍ പരിഹരിച്ചു!

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് ചുറ്റും പായുന്ന ഹബ്ബിളിനൊപ്പം അതേ വേഗത്തില്‍ സഞ്ചരിച്ച് തകരാര്‍ പരിഹരിച്ചുവെന്നത് അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ!

ഹബ്ബിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്ന ആദ്യ സര്‍വീസ് ദൗത്യമായിരുന്നു 1993 ലേത്. അതൊരു തുടക്കമായിരുന്നു. ഹബ്ബിളില്‍ അറ്റകുറ്റപണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ് അതിന് ഉപയോഗിച്ചത്. സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് പോലുള്ള ചില നിര്‍ണായക ഉപകരണങ്ങള്‍ അന്ന് മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ് ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ് നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത് മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം -സോളാര്‍ പാനലുകളും ക്യാമറയും മാറ്റി സ്ഥാപിച്ചു; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേയ്‌സ്' ഹബ്ബളില്‍ സ്ഥാപിച്ചു.
എഡ്വിന്‍ ഹബ്ബിള്‍ 

2003 ഫിബ്രവരി ഒന്നിന് നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ് ബഹിരാകാശയാത്രികര്‍ മരിച്ച ദുരന്തം) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ് ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. പക്ഷേ, നാസക്ക് അതിന് മനസ് വന്നില്ല. ശാസ്ത്രലോകം അപ്പോഴേക്കും ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!

അതുകൊണ്ടാണ്, ഹബ്ബിളിനെ നവീകരിക്കാനും അതിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അഞ്ചാമത്ത ദൗത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ചെയ്തത്. 2009 മെയ് മാസത്തില്‍ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ പോയ സഞ്ചാരികളാണ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതുക്കി. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. അങ്ങനെ ഹബ്ബിളിനെ അടിമുടി നവീകരിച്ചു.

അഞ്ചുവര്‍ഷത്തേക്ക് കൂടി ഹബ്ബിളിന്റെ ആയുസ്സ് നീട്ടുന്ന സുപ്രധാന ദൗത്യമായിരുന്നു 2009 ലേത്. പക്ഷേ, ആ കാലയളവ് കഴിഞ്ഞിട്ടും ഹബ്ബിളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന്, ഏറ്റവുമൊടുവില്‍ (2015 ല്‍) പുറത്തുവന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡില്‍ പ്രതലത്തിന് കീഴെ സമുദ്രമുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഹബ്ബിള്‍ നടത്തിയ അത്ഭുതകരമായ കണ്ടെത്തലുകളില്‍ ഒന്ന് മാത്രമാണിത്. ലോകത്തെ എത്രയോ ഗവേഷണഗ്രൂപ്പുകള്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഹബ്ബിളിന്റെ നിരീക്ഷണം വഴി നടത്തിയിരിക്കുന്നു.

ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. 

ഈഗിള്‍ നെബുല (M16) യിലെ 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലയുടെ ഹബ്ബിള്‍ ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യം. 1995 ലും 2014 ലും ഹബ്ബിള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ചിത്രത്തില്‍. കടപ്പാട്: NASA/ESA/Hubble Heritage Team

ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം. പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഹബ്ബിളില്‍നിന്നുള്ള നിരീക്ഷണഫലങ്ങളുടെ സഹായത്തോടെ 6000 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുവന്നു.

ഹബ്ബിളില്‍ നിന്നുണ്ടായ കണ്ടുപിടിത്തങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന് വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം.

1993 ല്‍ തകരാര്‍ പരിഹരിച്ചുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഹബ്ബിള്‍ ആദ്യത്തെ പ്രധാന നിരീക്ഷണം നടത്തി. ഷൂമാക്കര്‍-ലെവി 9 എ വാല്‍നക്ഷത്രം വ്യാഴഗ്രഹത്തില്‍ ഇടിച്ചുതകരുന്നതിന്റെ സ്‌തോഭജനകമായ ദൃശ്യങ്ങള്‍ ഹബ്ബിള്‍ പകര്‍ത്തി. ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുന്നതിന്റെ പ്രതാഘാതങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിനും ആഴത്തില്‍ വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകത്തിന് ആദ്യമായി അവസരം ലഭിച്ചു.

അതായിരുന്നു ഹബ്ബിളിന്റെ യഥാര്‍ഥ തുടക്കം. പിന്നീട് ഹബ്ബിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1996 ലാണ്, ആകാശഗംഗയിലെ ഒരു 'സുക്ഷിര'ത്തിലൂടെ ബാഹ്യപ്രപഞ്ചത്തിലേക്ക് ഹബ്ബിള്‍ വിസ്തരിച്ചൊന്ന് 'നോക്കി'. ഗ്രേറ്റ് ബിയര്‍ നക്ഷത്രഗണത്തിന്റെ ദിശയിലായിരുന്നു ആ നിരീക്ഷണം. 10 ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം അതിശയിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങളായി പുറത്തുവന്നു. നൂറുകണക്കിന് വിദൂര ഗാലക്‌സികളായിരുന്നു ആ ദൃശ്യത്തിലുള്ളത്. അതില്‍ ചിലത് പ്രപഞ്ചമുണ്ടായി ഏതാണ്ട് നൂറുകോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടത്. ഗാലക്‌സികളില്‍ നക്ഷത്രങ്ങളുടെ പിറവി ആദ്യം എത്ര ഊര്‍ജിതമായിരുന്നുവെന്നും, പിന്നീട് നക്ഷത്രപിറവിയുടെ ആവേഗം കുറഞ്ഞെന്നും ആ നിരീക്ഷണഫലം വ്യക്തമാക്കി.

നക്ഷത്രങ്ങളുടെ പിറവി എങ്ങനെയാണെന്നത് ജ്യോതിശാസ്ത്രജ്ഞരെ എക്കാലവും ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. ഗാലക്‌സികളില്‍ ധൂളിപടലങ്ങളുടെ മറയത്ത് നടക്കുന്ന നക്ഷത്രജനനങ്ങള്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷിക്കാന്‍ ഹബ്ബിളിന് കഴിഞ്ഞു. എത്ര നാടകീയമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് നക്ഷത്രങ്ങള്‍ പിറക്കുന്നതെന്ന് ആ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ഹബ്ബിളില്‍നിന്ന് ലഭിച്ച ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളില്‍ ചിലത് 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' (Pillars of Creation)എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലകളുടേതാണ്.

ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് ശരിയായി നിര്‍ണയിക്കുക എന്നതായിരുന്നു. ആ തോത് നിര്‍ണയിക്കുക വഴി പ്രപഞ്ചത്തിന്റെ പ്രായമെത്രയാണെന്ന് കണക്കാന്‍ ഹബ്ബിളില്‍നിന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തെ സഹായിച്ചു.

പ്രപഞ്ചത്തിലെ വിദൂര ഗാലക്‌സികളിലേക്കുള്ള അകലം നിശ്ചയിക്കാന്‍ പ്രമാണദീപ്തികളായി ഉപയോഗിക്കുന്ന വിദൂര സൂപ്പര്‍നോവകളെ നിര്‍ണയിക്കാനും ജ്യോതിശാസ്ത്രജ്ഞരെ ഹബ്ബിള്‍ സഹായിച്ചു. വിദൂരഗാലക്‌സികളിലേക്കുള്ള അകലമറിയാന്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ പ്രാചീനകാലത്തേക്ക് ദൃഷ്ടിപായിക്കാനും അത് സഹായിച്ചു. ഒപ്പം, ആ നിരീക്ഷണങ്ങള്‍ അത്ഭുതകരമായ മറ്റൊരു തിരിച്ചറിവിലേക്ക് ശാസ്ത്രത്തെ നയിക്കുകയും ചെയ്തു. പ്രപഞ്ചം വെറുതെ വികസിക്കുകയല്ല, ആ വികാസത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ആ തിരിച്ചറിവ്. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണം ശ്യാമോര്‍ജമെന്ന നിഗൂഢ ഊര്‍ജരൂപം ചെലുത്തുന്ന വിപരീതബലമാണെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി. ശരിക്കുപറഞ്ഞാല്‍, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെ ഇതുവഴി ഹബ്ബിള്‍ ടെലസ്‌കോപ്പ് പുനര്‍നിര്‍ണയം നടത്തുകയായിരുന്നു. 

8.6 കോടി പ്രകാശവര്‍ഷമകലെ ഹൈഡ്ര നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന NGC 3081 എന്ന വാര്‍ത്തുള ഗാലക്‌സിയുടെ ഹബ്ബില്‍ പകര്‍ത്തിയ ദൃശ്യം. ചിത്രം കടപ്പാട്: ESA/Hubble & NASA

ഏതാണ്ടെല്ലാ ഗാലക്‌സികളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നതാണ് ഹബ്ബിള്‍ നടത്തിയ പ്രസിദ്ധമായ മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല, ആ തമോഗര്‍ത്തങ്ങള്‍ക്ക് ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനവുമായി (ദ്രവ്യമാനം = mass) ബന്ധമുണ്ടെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. ആദ്യം തമോഗര്‍ത്തം രൂപപ്പെട്ട ശേഷം, ഗാലക്‌സിയുടെ ദ്രവ്യമാനം നിശ്ചയിക്കപ്പെടുകയായിരുന്നോ, അതോ തിരിച്ചാണോ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഈ കണ്ടെത്തല്‍ അവശേഷിപ്പിക്കുന്നത്. അതുമല്ലെങ്കില്‍, ഗാലക്‌സിയും തമോഗര്‍ത്തവും ഒരേസമയം രൂപപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നു.

കണ്ടെത്തലുകള്‍ നടത്തുക മാത്രമല്ല, പുതിയ കണ്ടെത്തലുകള്‍ക്ക് ഭാവിസാധ്യതകള്‍ തുറന്നിടുകകൂടിയാണ് ഹബ്ബിള്‍ ചെയ്യുന്നത്. പിന്‍ഗാമികള്‍ക്കുള്ള വഴിയൊരുക്കുക കൂടിയാണ് കാല്‍നൂറ്റാണ്ടുകാലം ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ചെയ്തത് (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).

http://www.mathrubhumi.com/technology/science/nasa-hubble-space-telescope-space-telescope-science-institute-european-space-agency-astronomy-science-universe-cosmology-540988/

Thursday, April 23, 2015

ഏപ്രില്‍ 23, ലോക പുസ്തക ദിനം | ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍

ഏപ്രില്‍ 23, ലോക പുസ്തക ദിനം. വായനയെ സ്നേഹിക്കുന്നവര്‍ക്കായി ജ്യോതിശാസ്ത്ര സംബന്ധിയായ ചില പുസ്തകങ്ങള്‍, എന്‍റെ ശേഖരത്തില്‍ നിന്നും...
.
ജ്യോതിഷവും ജ്യോതിശാസ്ത്രവും (പ്രൊഫ: കെ. പാപ്പൂട്ടി)
മാനത്തേക്കൊരു കിളിവാതില്‍ (മലപ്പുറം അമച്വര്‍ അസ്ട്രോണമേഴ്സ് സൊസൈറ്റി)
അച്ചുതണ്ടിന്‍റെ ചെരിവ് അളക്കാം (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
പ്രപഞ്ചരഹസ്യങ്ങളുടെ താക്കോല്‍ (ഡോ: മനോജ് കോമത്ത്)
മാനത്ത് നോക്കുമ്പോള്‍ (ആര്‍. രാമചന്ദ്രന്‍)
നക്ഷത്രങ്ങളുടെ ജാതകം (സി. രാമചന്ദ്രന്‍)
നക്ഷത്ര ദൂരങ്ങള്‍ തേടി (ടി.കെ ദേവരാജന്‍)
ആയിരം കാന്താരി പൂത്ത മാനം (പ്രൊഫ: കെ. പാപ്പൂട്ടി)
നക്ഷത്രങ്ങളെ നിരീക്ഷിക്കാം (ബിമന്‍ ബസു)
വാന നിരീക്ഷണം എങ്ങനെ (പി.പി മുനീര്‍)
പ്രപഞ്ചശാസ്ത്രം നൂറ്റാണ്ടുകളിലൂടെ (കെ.ജോര്‍ജ്)
നമ്മുടെ പ്രപഞ്ചം (ഡോ. എന്‍ ഷാജി)
നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റും... അല്‍പം വര്‍ത്തമാനം (ജി. കമലമ്മ & ഡോ. കെ. ഇന്ദുലേഖ)
കഥ പറയും നക്ഷത്രങ്ങള്‍ (ഇല്യാസ് പെരിമ്പലം)
സൗരയൂഥം (ജിജി ജെയിംസ്)
മംഗള്‍യാന്‍ (കനകരാഘവന്‍)
.
ലോക പുസ്തക ദിനത്തെക്കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ,
http://www.un.org/en/events/bookday/
http://en.wikipedia.org/wiki/World_Book_Day
http://ml.wikipedia.org/wiki/World_Book_and_Copyright_Day





Tuesday, April 21, 2015

മെസഞ്ചര്‍ ദൗത്യം അവസാനിക്കുന്നു; പേടകം ബുധനില്‍ പതിക്കും

മെസഞ്ചര്‍ ദൗത്യം അവസാനിക്കുന്നു; പേടകം ബുധനില്‍ പതിക്കും


മെസഞ്ചര്‍ പേടകം ബുധന്റെ ഭ്രമണപഥത്തില്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA


സൗരയൂഥത്തില്‍ സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഗ്രഹമായ ബുധനെക്കുറിച്ച് പഠിക്കാന്‍ 11 വര്‍ഷംമുമ്പ് നാസ അയച്ച മെസഞ്ചര്‍ പേടകം ദൗത്യം അവസാനിപ്പിക്കുന്നു. താമസിയാതെ പേടകം ബുധന്റെ പ്രതലത്തില്‍ പതിക്കും.

മിക്കവാറും ഏപ്രില്‍ 30 ഓടെ പേടകം ഗ്രഹപ്രതലത്തില്‍ പതിക്കുമെന്ന് നാസ അറിയിച്ചു. മണിക്കൂറില്‍ 14,000 കിലോമീറ്റര്‍ വേഗത്തില്‍ നടക്കുന്ന ആ പതനം പക്ഷേ, നമുക്ക് നിരീക്ഷിക്കാനാവില്ല. കാരണം, ഭൂമിക്ക് എതിര്‍വശത്തുള്ള ഗ്രഹപ്രതലത്തിലാകും മെസഞ്ചര്‍ പേടകം പതിക്കുക.

അതോടെ പേടകത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇന്ധനമായ ഹീലിയം വാതകം പൂര്‍ണമായും തീര്‍ന്നതായി നാസ പ്രഖ്യാപിക്കുമെന്ന്, മെസഞ്ചര്‍ മിഷന്‍ സിസ്റ്റംസ് എഞ്ചിനിയര്‍ ദാനിയേല്‍ ഒ'ഷാനെസി പ്രസ്താവനയില്‍ പറഞ്ഞു.

2004 ല്‍ വിക്ഷേപിച്ച മെസഞ്ചര്‍, നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ദൗത്യങ്ങളിലൊന്നാണ്. ആറര വര്‍ഷം യാത്രചെയ്ത് 2011 മാര്‍ച്ച് 18 നാണ് പേടകം ബുധന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നുമുതല്‍ പേടകം ബുധന്‍ ഗ്രഹത്തെ നിരീക്ഷിച്ച് ഡാറ്റ ഭൂമിയിലേക്ക് അയച്ചു.

മെസഞ്ചര്‍ പേടകത്തില്‍നിന്നുള്ള വിവരങ്ങളുപയോഗിച്ച് സൃഷ്ടിച്ച ബുധന്റെ രാസഘടന വെളിവാക്കുന്ന ദൃശ്യങ്ങള്‍. കടപ്പാട്: NASA/JPL


യഥാര്‍ഥ ദൗത്യകാലയളവായി നിശ്ചയിച്ചിരുന്നത് ഒരു വര്‍ഷമാണ്. അതിന് ശേഷം രണ്ടുതവണ കാലയളവ് നാസ നീട്ടി. ഏതാണ്ട് നാലുവര്‍ഷം മുഴുവന്‍ ബുധനെ നിരീക്ഷിക്കാന്‍ മെസഞ്ചറിനായി. 

ബുധന്‍ ഗ്രഹത്തിന്റെ ധ്രുവമേഖലയില്‍ ഏതാണ്ട് 3.2 കിലോമീറ്റര്‍ കനത്തില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ ജലമുണ്ട് എന്നതാണ് മെസഞ്ചര്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. മാത്രമല്ല ബുധന്റെ രാസഘടന മാപ്പ് ചെയ്യാനും പേടകത്തിനായി. മെസഞ്ചറിലെ എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (XRS), മെര്‍ക്കുറി ഡ്യുവല്‍ ഇമേജിങ് സിസ്റ്റം (MDIS) എന്നീ ഉപകരണങ്ങളാണ് കണ്ടുപിടുത്തങ്ങള്‍ക്ക് സഹായിച്ചത്. 

സൗരയൂഥത്തിലെ ആന്തരഗ്രഹങ്ങള്‍ രൂപപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ മെസഞ്ചര്‍ നടത്തിയ കണ്ടെത്തലുകള്‍ സഹായിക്കും. മാത്രമല്ല, 2013 ല്‍ മെസഞ്ചര്‍ ഭൂമിയുടെ ഫോട്ടോകളുമെടുത്തു. 

ബഹിരാകാശ ദൗത്യപേടകങ്ങള്‍ക്ക് എങ്ങനെ കഠിനമായ ചൂടില്‍നിന്ന് സംരക്ഷണം നല്‍കാമെന്ന പ്രശ്‌നത്തിനുള്ള പ്രായോഗിക പരീക്ഷണം കൂടിയായിരുന്നു മെസഞ്ചര്‍ ദൗത്യം. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമായതിനാല്‍ 500 ഡിഗ്രി ഫാരന്‍ഹെയ്റ്റ് താപത്തെ ചെറുത്തു വേണമായിരുന്നു പേടകത്തിന് പ്രവര്‍ത്തിക്കാന്‍. ചൂടിനെ ചെറുക്കുന്ന പുതിയ സെറാമിക് വസ്തുക്കളാണ് മെസഞ്ചറിലെ ഉപകരണങ്ങള്‍ സംരക്ഷിച്ചത്. 

ബുധന്‍ ഗ്രഹത്തെക്കുറിച്ച് ശരിയായ അറിവ് ആദ്യമായി ശാസ്ത്രലോകത്തിന് നല്‍കിയത് മെസഞ്ചറാണ് - നാസയിലെ ജോണ്‍ ഗ്രുന്‍സ്‌ഫെല്‍ഡ് പറഞ്ഞു. മെസഞ്ചര്‍ ഇപ്പോള്‍ അവസാനിച്ചാലും, അതയച്ച ഡാറ്റ ഉപയോഗിച്ച് ബുധനെ സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താനിരിക്കുന്നതേയുള്ളൂ, അദ്ദേഹം ചൂണ്ടിക്കാട്ടി.

http://www.mathrubhumi.com/technology/science/nasa-messenger-probe-mercury-solar-system-astronomy-planet-540036/

പ്ലൂട്ടോയുടെ കളര്‍ചിത്രവുമായി നാസ

പ്ലൂട്ടോയുടെ കളര്‍ചിത്രവുമായി നാസ


പ്ലൂട്ടോയ്ക്ക് 11.5 കോടി കിലോമീറ്റര്‍ അകലെ നിന്ന് നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകത്തിലെ റാല്‍ഫ് ക്യാമറ പകര്‍ത്തിയ ദൃശ്യം കടപ്പാട്: NASA/JHU-APL/SWRI


വാഷിങ്ടണ്‍: കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയുടെയും അതിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ കെയ്‌റണിന്റെയും കളര്‍ ചിത്രങ്ങള്‍ നാസ ആദ്യമായി പുറത്തുവിട്ടു.

പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച 'ന്യൂ ഹൊറൈസണ്‍സ്' ( New Horizons ) പേടകത്തിലെ റാല്‍ഫ് കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

പ്ലൂട്ടോയില്‍നിന്ന് 11.5 കോടി കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്ലൂട്ടോയേക്കാള്‍ കെയ്‌റണ്‍ ( Charon ) നിറംമങ്ങിയാണ് കാണപ്പെടുന്നത്. 

2015 ജൂലായ് 14ന് ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തും. അപ്പോള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാവും. 

പ്ലൂട്ടോയ്ക്ക് കെയ്‌റണ്‍ എന്ന ഉപഗ്രഹംമാത്രമാണ് ഉള്ളതെന്നാണ് ശാസ്ത്രലോകം മുമ്പ് കരുതിയിരുന്നത്. 2005 ല്‍ ന്യൂ ഹൊറൈസണ്‍സ് ടീം അംഗങ്ങളാണ് പ്ലൂട്ടോയ്ക്ക് നിക്‌സ്, ഹൈദ്ര എന്നീ ചെറിയ ഉപഗ്രഹങ്ങളും ഉണ്ടെന്ന് കണ്ടെത്തിയത്. 

ഇവയും വാഹനത്തില്‍നിന്നെടുത്ത ചിത്രങ്ങളില്‍ കാണാം. സ്റ്റിക്‌സ്, കെര്‍ബറോസ് എന്നീ ചെറിയ ഉപഗ്രഹങ്ങളും പ്ലൂട്ടോയ്ക്കുണ്ടെങ്കിലും ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്താനായിട്ടില്ല.

http://www.mathrubhumi.com/technology/science/new-horizons-pluto-dwarf-planet-nasa-charon-solar-system-astronomy-539202/

2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുമെന്ന് നാസ

2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്തുമെന്ന് നാസ


ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള സാഹചര്യങ്ങളെല്ലാം ഒരുങ്ങിയിരിക്കുന്നതായി ഗവേഷകര്‍

ET സിനിമയിലെ ഒരു രംഗം. ഇത്തരം സങ്കല്‍പ്പ ജീവികളെയല്ല; സൂക്ഷ്മരൂപത്തില്‍ ഭൂമിക്ക് വെളിയില്‍ ജീവന്‍ കണ്ടെത്തുമെന്നാണ് നാസ കരുതുന്നത്. 


പ്രപഞ്ചത്തില്‍ ജീവന്റെ കാര്യത്തില്‍ ഭൂമി ഒറ്റപ്പെട്ട തുരുത്തല്ലെന്നും, 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിയുമെന്നും നാസ.

2025 ഓടെ സൗരയൂഥത്തിലോ പുറത്തോ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന്, നാസയിലെ മുഖ്യഗവേഷകയായ എലന്‍ സ്റ്റോഫന്‍ കഴിഞ്ഞയാഴ്ച ഒരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ആ കാലപരിധി നാസയിപ്പോള്‍ 20 വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്.

അന്യഗ്രഹജീവന്‍ എന്നത് ഇപ്പോള്‍ ഉറപ്പാക്കാവുന്ന സാധ്യതയാണെന്നും, എപ്പോള്‍ അത് കണ്ടെത്തുമെന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുമാണ് സ്‌റ്റോഫന്‍ പറഞ്ഞത്. താന്‍ സംസാരിക്കുന്നത് 'ലിറ്റില്‍ ഗ്രീന്‍മാന്‍' ( little green men ) എന്ന് വിളിക്കാറുള്ള സാങ്കല്‍പ്പിക അന്യഗ്രഹ മനുഷ്യരെക്കുറിച്ചല്ലെന്നും, സൂക്ഷ്മജീവരൂപങ്ങളെക്കുറിച്ചാണെന്നും അവര്‍ പറഞ്ഞു.

ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ ചെറുറോബോട്ടായ ക്യൂരിയോസിറ്റിയും, മറ്റ് ബഹിരാകാശ ദൗത്യങ്ങളും നല്‍കിയ വിവരങ്ങളനുസരിച്ച് ഭൂമിക്ക് വെളിയില്‍ സൗരയൂഥത്തില്‍ തന്നെ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നാസയുടെ തന്നെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തില്‍, സൗരയൂഥത്തിന് വെളിയില്‍ ആകാശഗംഗയിലെ ഓരോ നക്ഷത്രത്തിനും ഗ്രഹസംവിധാനമുണ്ടെന്നും അവയില്‍ പല ഗ്രഹങ്ങളിലും ഭൂമിയിലേതുപോലെ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു.


വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഇത്തരം അന്യഗ്രഹങ്ങള്‍ സുലഭമാണെന്ന കണ്ടെത്തലും, അന്യഗ്രഹജീവന്‍ തിരിച്ചറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചിത്രം കടപ്പാട്: NASA / JPL-Caltech

മാത്രമല്ല, 'സംതരണ സ്‌പെക്ട്രോസ്‌കോപ്പി' ( Transit Spectroscopy ) പോലുള്ള സങ്കേതങ്ങളുടെ സഹായത്തോടെ, വിദൂര നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ രാസമുദ്രകള്‍ മനസിലാക്കാനും അതിന് ജീവനെ പിന്തുണയ്ക്കാന്‍ സാധിക്കുമോ എന്ന് മനസിലാക്കാനും ഇന്ന് ശാസ്ത്രത്തിനാകും.

ഈ പശ്ചാത്തലത്തിലാണ് 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുമെന്ന് നാസ പറയുന്നത്.

ക്യൂരിയോസിറ്റി നടത്തിയ പരിശോധനയില്‍ ചൊവ്വാപ്രതലത്തില്‍ കാര്‍ബണടങ്ങിയ ഓര്‍ഗാനിക് തന്മാത്രകളുടെയും നൈട്രജന്റെയും സാന്നിധ്യം കണ്ടിരുന്നു. ഭൂമിയിലേതുപോലെ ചൊവ്വാപ്രതലത്തില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയുന്നതില്‍ ഇത്തരം വിവരങ്ങള്‍ നിര്‍ണായകമാണ്.

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ ( Europa ), ഗാനിമീഡ് ( Ganymede ) എന്നിവയിലും, ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസിലും ( Enceladus ) ജലത്തിന്റെ സാന്നിധ്യമുള്ള കാര്യം വിവിധ പേടകങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതും ജീവന്റെ സാന്നിധ്യത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു.

ഇതുകൂടാതെയാണ്, കെപ്ലാര്‍ ടെലസ്‌കോപ്പ് നല്‍കിയ നിരീക്ഷണ വിവരങ്ങള്‍. ജീവന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട ചില തന്മാത്രകളുണ്ട്. ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ഡയോക്‌സയിഡ്, ജലബാഷ്പം, മീഥേന്‍ തുടങ്ങിയവ. മാത്രമല്ല, ദ്രവരൂപത്തില്‍ ജലമുണ്ടാകന്‍ പാകത്തില്‍ മാതൃനക്ഷത്രത്തില്‍നിന്ന് കൃത്യമായ അകലത്തിലുള്ള ശിലാഗ്രഹവും ആയിരിക്കണം.

ഇത്തരം രാസമുദ്രകള്‍ തിരിച്ചറിയാനുപയോഗിക്കുന്ന നൂതന സങ്കേതമാണ് 'സംതരണ സ്‌പെക്ട്രോസ്‌കോപ്പി'. ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം, നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ ചെറിയൊരു മങ്ങലുണ്ടായതായി നിരീക്ഷണത്തില്‍ തോന്നും. ഗ്രഹം നക്ഷത്രത്തിന്റെ ഭാഗം മറയ്ക്കുന്നതുകൊണ്ടാണിത് (ഇതിനെ ഗ്രഹസംതരണം എന്ന് വിളിക്കുന്നു).


മാതൃനക്ഷത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍, ഗ്രഹാന്തരീക്ഷത്തിലൂടെ വരുന്ന നക്ഷത്രവെളിച്ചത്തെ വിശകലനം ചെയ്താണ്, അവിടെ ജീവന് അനുകൂലമായ രാസതന്മാത്രകളുണ്ടോ എന്നറിയുന്നത്. ചിത്രം കടപ്പാട്: ESA/David Sing

സംതരണം സംഭവിക്കുന്ന ഗ്രഹത്തിന് അന്തരീക്ഷമുണ്ടെങ്കില്‍, നക്ഷത്രവെളിച്ചത്തില്‍ ചെറിയൊരു പങ്ക് ഗ്രഹാന്തരീക്ഷത്തിലൂടെ കടന്നെത്തും. അന്തരീക്ഷത്തിലെ തന്മാത്രകള്‍ നക്ഷത്രവെളിച്ചത്തിലെ ചില ആവര്‍ത്തിഭാഗങ്ങള്‍ ആഗിരണം ചെയ്യുമെന്നതിനാല്‍, അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന പ്രകാശം വിശകലനം ചെയ്ത് അവിടെയുള്ള രാസതന്മാത്രകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാം. ഇതാണ് സംതരണ സ്‌പെക്ട്രോസ്‌കോപ്പി.

സൂര്യനെപ്പോലുള്ള വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന നെപ്ട്യൂണ്‍ വലിപ്പത്തിലുള്ള ചില ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെയും മറ്റ് തന്മാത്രകളുടെയും സാന്നിധ്യം ഇതിനകം മനസിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വരും പതിറ്റാണ്ടുകളില്‍ ഇത്തരം സങ്കേതങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും.

മാത്രമല്ല, നാസയുടെ പുതിയ ചൊവ്വാപര്യവേക്ഷണ വാഹനം 2020 ല്‍ വിക്ഷേപിക്കും. 2030 ഓടെ ചൊവ്വയില്‍ മനുഷ്യരെയെത്തിക്കുകയെന്ന കാര്യവും യാഥാര്‍ഥ്യമായേക്കും. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് നാസ പറയുന്നത്.

http://www.mathrubhumi.com/technology/science/alien-life-extraterrestridal-life-nasa-astrobiology-astronomy-habitable-places-space-transit-spectroscopy-538247/

Wednesday, April 1, 2015

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍
ചുവപ്പന്‍ ഗ്രഹത്തിന്റെ & മൂലയും മംഗള്‍യാന്‍ അരിച്ചുപെറുക്കുകയാണ്... താഴ്വരകള്‍, അഗ്നിപര്‍വതങ്ങള്‍, മലനിരകള്‍... തുടങ്ങി എല്ലായിടങ്ങളും. ചൊവ്വയുടെ ചുരുളഴിക്കാന്‍ പഞ്ചേന്ദ്രീയങ്ങളുമായി കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി വലംവയ്ക്കുന്ന പേടകത്തിന്റെ ആയുസ്സ് നീളുമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങള്‍ മംഗള്‍യാന്‍ ഇതിനോടകം ശേഖരിച്ച് അയച്ചു. ചൊവ്വയുടെ ഉപരിതലത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങളും ലഭിച്ചു. ഒപ്പം ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും. ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പേടകം പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണിത്.
മംഗള്‍യാനിലെ അഞ്ച് ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ എടുത്ത നാലു ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത്. അത്ഭുതങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കുന്ന വാല്‍സ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്വരയുടെ ചിത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളില്‍ ഏഴു കിലോമീറ്റര്‍ ആഴവുമുണ്ട്. 24,000 കിലോമീറ്റര്‍ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാര്‍സ് കളര്‍ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളില്‍നിന്നാണ് ഇവ പകര്‍ത്തിയത്. അഗ്നിപര്‍വതങ്ങളില്‍നിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ്് നിഗമനം. ചില ഭാഗങ്ങളില്‍ ടണല്‍പോലെയുള്ള ഭാഗങ്ങളും കാണാം.
ചൊവ്വയുടെ &ഹറൂൗീ;ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.435 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഏര്‍ഷ്യമോണ്‍സ് എന്ന അഗ്നിപര്‍വതത്തിന്റെ ചിത്രമാണ് മറ്റൊന്ന്. തെക്കന്‍ മേഖലയിലുള്ള ഈ പര്‍വതത്തിന് 15 കിലോമീറ്ററിലധികമാണ് ഉയരം. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സിനു സമീപമാണിത്. പേടകത്തിലെ മറ്റൊരു ഉപകരണമായ മീഥൈന്‍ സെന്‍സര്‍ ശേഖരിച്ച പ്രഥമ വിവരങ്ങളും കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ അന്തരീക്ഷം, പ്രതലം എന്നിവയെ പ്പറ്റിയുള്ള സൂക്ഷ്മവിവരങ്ങളാണിവ.മാഴ്സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്നിവ കൂടാതെ ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിഷന്‍ അനലൈസര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യമായ മംഗള്‍യാന്‍ 2014 സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിഎക്സ് എല്‍സി-25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരുമാസത്തോളം നിലനിര്‍ത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയര്‍ത്തുകയും തുടര്‍ന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തില്‍ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മംഗയാന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആയുസ്സ് ഒരുവര്‍ഷംമുതല്‍ മുകളിലേക്കു നീളുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തല്‍. പേടകത്തില്‍ ഇന്ധനം കൂടുതല്‍ ബാക്കിയുള്ളതിനാലാണിത്.

ജീവന്‍ തേടുന്ന ചിത്രങ്ങള്‍ 
ഡോ. എ രാജഗോപാല്‍ കമ്മത്ത് 
ചൊവ്വയില്‍നിന്നുള്ള ചിത്രങ്ങള്‍ വലിയ അന്വേഷണങ്ങള്‍ക്ക് ചൂണ്ടുപലകയാകാം. ബുധന്‍, ശുക്രന്‍, ഭൂമി എന്നിവയോടൊപ്പം സിലിക്കേറ്റുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാണപ്പെടുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ പണ്ടുകാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചൊവ്വയിലെ സാഹചര്യങ്ങള്‍ വലിയ ജീവികള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതല്ല. എങ്കിലും പണ്ടുകാലത്ത് ഏതെങ്കിലും തരത്തിലുള്ള ജീവന്‍ നിലനിന്നിരുന്നു എന്നു കരുതാനാണ് ശാസ്ത്രലോകത്തിന് ഇഷ്ടം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് എന്ന ബഹിരാകാശയാനം ചൊവ്വയില്‍ മീഥേന്‍ വാതകസാന്നിധ്യം ഉറപ്പിച്ചിരുന്നു. ചൊവ്വയുടെ ചരിത്രം ഇതുവരെ നാം കരുതിയതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതുവരെ നമുക്ക് അറിയാന്‍കഴിയാത്ത ജൈവപ്രക്രിയയിലൂടെയാണ് ചൊവ്വയില്‍ മീഥേന്‍ ഉണ്ടാകന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഋതുക്കള്‍, ഭൂപ്രകൃതി എന്നിവയുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മീഥേന്‍ വാതക സാന്ദ്രതയിലുണ്ടാകുന്ന മാറ്റം പഠിക്കുക എന്നത് വളരെ പ്രധാനമാണ്.
ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനിലെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് എന്ന ഉപകരണം നല്‍കാന്‍പോകുന്ന വിവരം വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെയുള്ള ബഹിരാകാശ ദൗത്യങ്ങളെല്ലാംതന്നെ ചൊവ്വയുടെ ഉപരിതലത്തിലോ ചൊവ്വയുടെ അന്തരീക്ഷത്തിന് തൊട്ടുമുകളിലുള്ള ഭ്രമണപഥത്തിലോ ആണ് നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ ചൊവ്വാദൗത്യം ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായതിനാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിനു തൊട്ടുമുകളിലും അതിനുമപ്പുറത്തേക്കുമുള്ള അവസ്ഥകളെ പഠനവിധേയമാക്കുന്നു. ചൊവ്വയിലെ മീഥേന്റെ സാന്ദ്രതയിലെ ഏറ്റക്കുറച്ചിലുകള്‍ ഭൂവിജ്ഞാനീയപരമായ കാരണങ്ങളാലാണോ അതോ നിശ്ചിതമായ ജൈവപ്രക്രിയമൂലമാണോ എന്ന് അനുമാനിക്കാന്‍ ഇന്ത്യയുടെ മംഗള്‍യാന്‍ നല്‍കുന്ന വിവരം സഹായകമാകും. ജലകണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ബഹിരാകാശത്തിലേക്ക് നഷ്ടപ്പെടുന്നതിന്റെ തോതും പഠനവിധേയമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മംഗള്‍യാനിലെ മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിവരങ്ങള്‍ മുന്‍നിര ബഹിരാകാശ പര്യവേക്ഷണ ഏജന്‍സികളുടെ ദൗത്യങ്ങളുമായി ഏകീകരിച്ച് അനുമാനങ്ങളില്‍ എത്തിച്ചേരുന്നതാണ്.
വ്യക്തമായ ചിത്രങ്ങള്‍ സി രാമചന്ദ്രന്‍
മംഗള്‍യാനില്‍നിന്നുള്ള ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്. ചൊവ്വയില്‍ സമുദ്രങ്ങളല്ല, ചെറിയ കടലുകളാണ് ഉണ്ടായിരുന്നതെന്നു വിചാരിക്കത്തക്കവിധമുള്ള ചില വിവരങ്ങളുണ്ട്. ചില പാറകളെക്കുറിച്ചു പഠിക്കുമ്പോള്‍ ചൊവ്വയിലുണ്ടായിരുന്ന വലിയ അഗ്നിപര്‍വതങ്ങളുടെ സ്വരൂപങ്ങളെന്നു തോന്നിക്കുന്ന ചിത്രങ്ങളും ലഭിക്കുന്നുണ്ട്. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്പേസ് സൊസൈറ്റി 2015ലെ സ്പേസ് പയനിയര്‍ അവാര്‍ഡ് ഐഎസ്ആര്‍ഒക്കാണ് നല്‍കുന്നത്. ആദ്യ ചൊവ്വാദൗത്യം വിജയിപ്പിച്ചതിനും ഏറ്റവും വ്യക്തതയുള്ള ചൊവ്വയുടെ വിദൂരചിത്രം ലഭ്യമാക്കിയതിനുമാണ് അവാര്‍ഡ്. പത്തുവര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ നാസയ്ക്കു പദ്ധതിയുണ്ട്. അതിനായി ഒരു പരീക്ഷണവാഹനവും തയ്യാറായിവരുന്നു. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) എന്ന ഈ വാഹനത്തില്‍ ബഹിരാകാശനിലയത്തിലേക്ക് 130 ടണ്‍ ഭാരം എത്തിക്കാന്‍ കഴിയും. സ്പേസ് ഷട്ടിലുകള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതിന്റെ നാലിരട്ടി ഭാരമാണിത്. ഇതേ വാഹനംതന്നെയാകും ഭാവിയിലെ അമേരിക്കയുടെ ചൊവ്വാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുക.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-448595.html#sthash.J0bOBnrc.dpuf