Tuesday, September 9, 2014

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

ദൈവകണം : വാര്‍ത്ത സൃഷ്ടിച്ച് ഹോക്കിംങ്സ്

Stephen_hawking_and_lucy_hawking_nasa_2008
അത്യുന്നത ഊര്‍ജനിലയില്‍ ഹിഗ്സ് ബോസോണിന് അഥവാ ദൈവകണത്തിന് പ്രപഞ്ചത്തെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് പ്രവചിച്ച് പ്രശസ്ത സൈദ്ധാന്തിക ഭൗതികജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്‌സ് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. കൃത്രിമബുദ്ധിയും അന്യഗ്രഹജീവികളും ഭൂമിക്ക് ഭീഷണി ഉയര്‍ത്തും എന്ന അദ്ദേഹത്തിന്റെ മുന്‍ പ്രവചനങ്ങളും ഇത്തരത്തില്‍ ഭയാശങ്കകള്‍ സൃഷ്ടിച്ചിരുന്നു.
പ്രശസ്തരായ കണികാശാസ്ത്രജ്ഞരുടെയും പ്രപഞ്ചശാസ്ത്രജ്ഞരുടെയും പ്രഭാഷണങ്ങള്‍ സമാഹാരിച്ച് പ്രസിദ്ധീകരിക്കുന്ന “സ്റ്റാര്‍മസ്” എന്ന ഗ്രന്ഥത്തിന് ഹോക്കിംഗ് എഴുതിയിട്ടുള്ള മുഖവുരയിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളതെന്നാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. അടുത്ത മാസം ഗ്രന്ഥം  പ്രകാശനം ചെയ്യുന്നതിന്റെ മുന്നോടിയായി, വിപണി ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളാണിതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Candidate Higgs Events in ATLAS and CMS.png
Candidate Higgs Events in ATLAS and CMS” by CERN
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോണ്‍. ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിലെ മൗലികകണങ്ങൾക്ക് പിണ്ഡവും രൂപവും നൽകുന്നത് ഹിഗ്‌സ് ബോസോണാണ്. ഉന്നത ഊര്‍ജ്ജതലത്തില്‍ ഹിഗ്സ് ബോസോണ്‍ അസ്ഥിരമാകുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംങിന്റെ വാദം. അപ്പോള്‍ ഉണ്ടായേക്കാവുന്ന വന്‍ശൂന്യത മഹാവിപത്തിന് കാരണമായേക്കാം. “വാക്വം ഡിക്കേ” എന്ന് സങ്കല്‍പ്പിക്കുന്ന ഈ അവസ്ഥയില്‍ പ്രപഞ്ചം തന്നെ ഇല്ലാതാവാം. ഈ വിപത്തിനെ മനുഷ്യന് തിരിച്ചറിയാന്‍ പോലും കഴിയില്ലെന്നും അത്രവേഗത്തിലായിരിക്കും ഇത് സംഭവിക്കുകയെന്നും ഹോക്കിംഗ്സ് വാദിക്കുന്നത്.
CERN LHC Tunnel1.jpg
“CERN LHC Tunnel” by Julian Herzog
ഊര്‍ജനില 100 ബില്യണ്‍ ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ടിലെത്തുന്ന തലത്തില്‍ (100bn Giga electron Volts (GeV)) മാത്രമാണ് പ്രപഞ്ചേത്തിന്റെ സമൂലനാശത്തിന് വഴിവയ്ക്കുന്ന ഈ തമോഗര്‍ത്തം രൂപപ്പെടുന്നതിനുള്ള സാദ്ധ്യതകളുള്ളത്. എന്നാല്‍, ഈ ഊര്‍ജ്ജ നിലയിലും ബോസോണ്‍ കണങ്ങള്‍ മെറ്റാ സ്റ്റേബിള്‍ അവസ്ഥയില്‍ എത്തുമെന്ന് യാതൊരുറപ്പുമില്ല.  CERN ന്റെ നേതൃത്വത്തില്‍ ജനീവയിലെ ലാര്‍ജ് ഹാ‍ഡ്രോണ്‍ കൊളൈഡറില്‍ നടന്നുവരുന്ന പരീക്ഷണങ്ങളില്‍, ഉയര്‍ന്ന താപനിലയില്‍ കണികള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച്, 2012 -ലാണ് ഹിഗ്സ് ബോസോണിന്റെ നിലനില്പ് സ്ഥിരീകരിക്കുന്നത്.  ഇവിടെ ഇത്രയേറെ ഉയര്‍ന്ന ഊഷ്മാവ് സൃഷ്ടിക്കാനുമാവില്ല. ഇത്രയും താപനില സൃഷ്ടിക്കണമെങ്കില്‍ ഭൂമിയേക്കാള്‍ വലിപ്പമുള്ള ഒരു കൊളൈഡറും സൃഷ്ടിക്കണം. അത് അസംഭാവ്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ.
ഇക്കാര്യങ്ങള്‍ സ്റ്റീഫന്‍ ഹോക്കിംഗ്സും സമ്മതിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ “ദൈവകണം ലോകത്തെ നശിപ്പിക്കുമെന്ന് ഹോക്കിംഗ്സ് പറയുന്നു” എന്ന തരത്തിലുള്ള പ്രചരണം നടത്തി ആളുകളില്‍ അനാവശ്യമായ ഭയാശങ്കകള്‍ സൃഷ്ടിക്കാനുതകുന്ന തരത്തില്‍, യാതൊരു വിശദീകരണവുമില്ലാതെയാണ് ഈ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് . ഇത്തരത്തിലുള്ള, കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്ന മാദ്ധ്യമ പ്രവര്‍ത്തനം – ഒട്ടും ആശാസ്യമല്ല. ഇത്തരം വാര്‍ത്തകള്‍ വസ്തുതകള്‍ പരിശോധിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
പ്രശസ്തിക്കുവേണ്ടിയുള്ള പ്രവചനങ്ങള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാനാണ് മിക്ക ഭൗതികശാസ്ത്ര ഗവേഷകരും ഇഷ്ടപ്പെടുന്നത്. “അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കാനുള്ള സാദ്ധ്യതയുടെ അത്രപോലും സാദ്ധ്യതയില്ലാത്ത ഒരു കാര്യം” എന്നാണ് ഇതു സംബന്ധമായി പുറത്തുവന്ന ഒരു അഭിപ്രായം.


- See more at: http://luca.co.in/god-particle-and-stephenhawking/#sthash.DffPEKHr.dpuf

Friday, September 5, 2014

2014 സപ്തംബറിലെ ആകാശം

2014 സപ്തംബറിലെ ആകാശം


2014 സെപ്റ്റംബർ മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി എട്ടുമണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം.

ജ്യോതിശാസ്ത്രസംഭവങ്ങൾ


സെപ്റ്റംബർ 9 - പൗർണ്ണമി 
സെപ്റ്റംബർ 23 - തുലാവിഷുവം 
സെപ്റ്റംബർ 24 - അമാവാസി

കടപ്പാട് - വിക്കിപീഡിയ

Thursday, August 28, 2014

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

 
28.08.2014: ചരിത്രം തിരുത്തി ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്... ലോകത്തിന്റെ കാത്തിരിപ്പ് മൂന്നാഴ്ചകൂടി. ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിക്കാന്‍ നിര്‍ണായക യാത്രയിലാണ് ഒരു മാരുതി കാറിന്റെ വലുപ്പമുള്ള ഈ ഉപഗ്രഹം. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-1 ദൗത്യത്തിനുശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രദ്ധേയ മുന്നേറ്റത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്.പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചാല്‍ മംഗള്‍യാന്‍ സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കും. ഇതോടെ ആദ്യദൗത്യത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തുന്ന ആദ്യ ഉപഗ്രഹമാകും മംഗള്‍യാന്‍ .

ചൊവ്വാ ദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് മുമ്പ് ഈ ദൗത്യത്തില്‍ വിജയം നേടിയവര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ ആദ്യ ദൗത്യത്തില്‍ വിജയംകണ്ടിരുന്നില്ല. ഇതുവരെയുണ്ടായ 51 ദൗത്യങ്ങളില്‍ 21 എണ്ണമേ വിജയിച്ചുള്ളു. ചൊവ്വയെ ഭ്രമണംചെയ്ത് വിവരശേഖരണതിനു പുറപ്പെട്ട 22 പേടകങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ലക്ഷ്യംകണ്ടുള്ളു. ചൊവ്വയുടെ ഉപരിതലത്തിലിറക്കാനുള്ള 10 ലാന്‍ഡര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയത്തിലെത്തിയുള്ളു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 85 ശതമാനത്തിലേറെ യാത്രയും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഭൂമിയില്‍നിന്ന് ഇത്രയും ദൂരം എത്തുന്ന ഇന്ത്യയുടെ ആദ്യ പേടകംകൂടിയാണിത്.

ചൊവ്വയുടെ 74 ലക്ഷം കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ എത്തിക്കഴിഞ്ഞു. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയും. ഭൂമിയില്‍നിന്ന് പേടകത്തിലേക്കും തിരിച്ചും സിഗ്നല്‍ എത്താന്‍ 20 മിനിറ്റ് വേണ്ടിവരുന്നുണ്ട്. സൗരകേന്ദ്രീകൃത പാതയില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ വേഗം സെക്കന്‍ഡില്‍ 22.32 കിലോമീറ്ററായി ഉയര്‍ന്നുകഴിഞ്ഞു. പേടകത്തിന്റെ അവസാനവട്ട പാത തിരുത്തല്‍ പ്രവര്‍ത്തനം സെപ്തംബര്‍ 14 നാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കുക. ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്നുള്ള സന്ദേശം സ്വീകരിച്ചാണ് പേടകം സ്വയം സഞ്ചാരപഥം തിരുത്തുക.

സെപ്തംബര്‍ 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. അതിവേഗത്തില്‍ പായുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ എതിര്‍ദിശയില്‍ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 22.8 മിനിറ്റ് 240 കിലോഗ്രാം ഇന്ധനമാണ് ഇതിനായി ജ്വലിപ്പിക്കുക. ഇതിനായി ഭൂമിയില്‍നിന്നുള്ള സന്ദേശം മൂന്നുദിവസം മുമ്പുതന്നെ ഉപഗ്രഹത്തിലെ സ്വയം നിയന്ത്രണ സംവിധാനത്തിലേക്ക് നല്‍കിയിരിക്കും. ഈ നിയന്ത്രണസംവിധാനങ്ങളുടെ വിജയം മംഗള്‍യാന്റെ ലക്ഷ്യത്തില്‍ നിര്‍ണായകമാണ്. പേടകത്തെ കുറഞ്ഞത് 327 കിലോമീറ്ററിനും കൂടിയ ദൂരമായ 80,000 കിലോമീറ്ററിനും ഇടയിലുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുവരെയെത്തി ചിത്രങ്ങളെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതുമൂലം കഴിയും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവയ്ക്കും. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വാരഹസ്യങ്ങളാകെ ചുരുള്‍നിവരുമെന്നാണ് പ്രതീക്ഷ. ഒക്ടോബറില്‍ ചൊവ്വയില്‍ പതിക്കാനിടയുള്ള ഒരു വാല്‍നക്ഷത്രം മംഗള്‍യാന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ കാര്യമാക്കേണ്ടെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍
 

Report by ദിലീപ് മലയാലപ്പുഴ See more at: http://www.deshabhimani.com/news-special-kilivathil-latest_news-394914.html#sthash.ZFpr0PLs.dpuf

Sunday, August 24, 2014

ചൊവ്വയിലേക്ക് ഇനി ഒരു മാസം...

ചൊവ്വയിലേക്ക് ഇനി ഒരു മാസം

ബാംഗ്ലൂര്‍, 24.08.2014:
 രാജ്യത്തിന്റെ 300 ദിവസത്തെ കാത്തിരിപ്പ് തീരാന്‍ ഇനി ഒരുമാസംകൂടി. ചൊവ്വയെ പഠിക്കാന്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച പേടകം 'മംഗള്‍യാന്‍' സപ്തംബര്‍ 24-ന് രാവിലെ ലക്ഷ്യത്തിലെത്തും. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റുകയാണ് ദൗത്യത്തില്‍ ഏറ്റവും നിര്‍ണായകം. അത് സാധിക്കുന്നതോടെ ചൊവ്വാദൗത്യത്തില്‍ വിജയം നേടുന്ന നാലാംശക്തിയാകും ഇന്ത്യ. 

അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യദൗത്യമാണ് വിജയത്തിലേക്ക് അടുക്കുന്നത്. 

ചൊവ്വയില്‍നിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോള്‍. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയാണത്.
ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. പേടകത്തെ നേരേ ചൊവ്വയിലേക്ക് തൊടുത്തുവിടുകയല്ല ചെയ്തത്. ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ് റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്. അപ്പോള്‍മുതല്‍ പേടകം ഭൂമിയെ വലംവെച്ചുകൊണ്ടിരുന്നു. ആ ദീര്‍ഘവൃത്തപഥത്തിന് ഭൂമിയില്‍നിന്ന് പരമാവധി 23,550 കിലോമീറ്റര്‍വരെ അകലമുണ്ടായിരുന്നു. 

ഒറ്റക്കുതിപ്പിന് പേടകത്തെ ഭൂമിയുടെ ആകര്‍ഷണത്തിനപ്പുറമാക്കാന്‍ പറ്റില്ല; പടിപടിയായി ഭൂമിയില്‍നിന്ന് അകറ്റണം. പേടകത്തിനൊപ്പമുള്ള ദ്രവഇന്ധന എന്‍ജിന്‍ നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ജ്വലിപ്പിച്ച് ആ പഥം വികസിപ്പിച്ചു. ഭൂമിയില്‍നിന്ന് 1,92,874 കിലോമീറ്റര്‍വരെ അകലമുള്ളതായി പഥം. 

കഴിഞ്ഞ ഡിസംബര്‍ ഒന്ന് പുലരുംമുമ്പ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കാനും കഴിഞ്ഞു. നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അപ്പോള്‍മുതല്‍ പേടകം സൂര്യനെയാണ് ചുറ്റുന്നത്. വേഗം സെക്കന്‍ഡില്‍ രണ്ടര കിലോമീറ്ററിലധികം. െസപ്തംബര്‍ 24 വരെയായാലും സൂര്യനെ പകുതി വലംവെക്കാനേ പേടകത്തിനാകൂ. ഭ്രമണപഥം അത്ര വലുതാണ്. 

ബഹിരാകാശത്തെ വിവിധ സ്വാധീനങ്ങള്‍ കാരണം പേടകത്തിന്റെ ദിശയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. പഥം തിരുത്താനായി നാലുതവണ പേടകത്തിലെ ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിച്ചിരുന്നു. ഡിസംബറിലും ജൂണിലും അത് ചെയ്തു. പേടകം കൃത്യമായ വഴിയില്‍ത്തന്നെ ആയതുകൊണ്ട്, ഏപ്രിലിലും ആഗസ്തിലും ചെയ്യാനിരുന്നത് വേണ്ടിവന്നില്ല.

സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചൊവ്വാഗ്രഹവും മംഗള്‍യാനും സപ്തംബര്‍ 24-ന് പരസ്പരം അടുത്തെത്തും. അപ്പോള്‍ എന്‍ജിനുകള്‍വീണ്ടും ജ്വലിപ്പിക്കും. പേടകത്തിന്റെ വേഗം കുറച്ച്, അതിനെ ചൊവ്വയുടെ സ്വാധീനത്തില്‍ കുരുക്കണം. എന്നാലേ അത് ചൊവ്വയെ ചുറ്റൂ. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭമാണത്. പല ചൊവ്വാദൗത്യങ്ങളും പരാജയപ്പെട്ടതും ഇവിടെവെച്ചാണ്. 

നാം പദ്ധതിയിട്ടതുപോലെത്തന്നെ സപ്തംബര്‍ 24-ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഈയിടെ വാര്‍ത്താലേഖകരോട് പറയുകയുണ്ടായി. ചൊവ്വയെ ചുറ്റുമ്പോള്‍ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും കുറിച്ച് വിവരങ്ങള്‍ തരാന്‍ അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. പ്രധാന വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതിലും പ്രധാന കാര്യം ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നതാണ്.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-india-479209/
 

Astronomy Quiz 2014 [LP, UP, HS & HSS] Downloads


മാര്‍സും കേരള ശാസ്ത്രസാഹിത്യ പരിഷതും സംയുക്തമായി ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സഹകരണത്തോടെ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ആഗസ്റ്റ് 21, 23 തീയതികളിലായി നടത്തിയ ഇന്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രശ്‌നോത്തരിക്ക് ഉപയോഗിച്ച പ്രസന്റേഷനുകള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കും ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതിനായി താഴെ പറയുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യൂ.









ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്‌നോത്തരി 2014 - റിപ്പോര്‍ട്ട്, ചിത്രങ്ങള്‍

23.08.2014 മഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിഷയസമിതിയായ മാര്‍സും ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്നു ജില്ലാതല ഇന്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രശ്‌നോത്തരി സംഘടിപ്പിച്ചു.

മഞ്ചേരി ഗവ: ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി, ബഹുമാനപ്പെട്ട എം.എല്‍.എ അഡ്വ: എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. നന്ദിനി വിജയകുമാര്‍, അബ്ദുള്‍ ബഷീര്‍, രാജന്‍ പരുത്തിപ്പറ്റ എന്നിവര്‍ സംസാരിച്ചു. പ്രൊഫ: കെ പാപ്പുട്ടി 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. മാര്‍സ് കണ്‍വീനര്‍ പി രമേഷ് കുമാര്‍ സ്വാഗതവും ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി പി മനേഷ് നന്ദിയും പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച വച്ചവര്‍

ഹൈസ്‌കൂള്‍ വിഭാഗം

1. ഋതു ഗോകുല്‍. കെ (8th Std)
P.K.M.M.H.S.S എടരിക്കോട്

2. ഫഹീം. പി (9th Std)
M.M.E.T H.S.S മേല്‍മുറി

3. അനസ് സി.കെ (9th Std)
P.M.S.A M.A H.S.S ചെമ്മങ്കടവ്

ഹയര്‍സെക്കന്ററി വിഭാഗം

1. ശരത് മുരളി  (+2 Science)
M.S.P H.S.S മലപ്പുറം

2. രാഹുല്‍ എച്ച്  (+2 Science)
G.H.S.S കുറ്റിപ്പുറം

3. അമീന്‍ സാബിത് ടി  (+2 Science)
E.M.E.A H.S.S കൊണ്ടോട്ടി

ഫോട്ടോ ആല്‍ബം



































Wednesday, August 20, 2014

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട


ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമാണ് 'റോസേറ്റ'

റോസേറ്റാ പേടകം 2014 ആഗസ്ത് 17 ന് പകര്‍ത്തിയ ച്യുര്യുമോവ് ഗരാസിമെന്റോ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം-ചിത്രം കടപ്പാട് : ESA

പ്രപഞ്ചത്തിന്റെ സത്തയും ശൈലിയും തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് പലപ്പോഴും വഴിത്തിരിവുകളുണ്ടാകുന്നത് യാദൃശ്ചികമായ കണ്ടെത്തലുകളിലൂടെയാണ്. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ദൃശ്യപ്രപഞ്ചത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഹീലിയത്തിന്റെ സാന്നിധ്യം ഭൂമിയില്‍ നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ സൂര്യനില്‍ കണ്ടെത്തിയത് അങ്ങനെയായിരുന്നല്ലോ.

സൗരയൂഥത്തിന്റെയും അതിലെ അനന്യഗോളമായ ഭൂമിയുടെയും അതില്‍തുടിക്കുന്ന ജീവന്റെയും അടിവേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള ശാസ്ത്രത്തിന്റെ യാത്രകള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. പ്രപഞ്ചരഹസ്യങ്ങള്‍തേടി നാളിതുവരെ നടന്നിട്ടുള്ള നമ്മുടെ അന്വേഷണങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് 'ച്യുര്യുമോവ് ഗരാസിമെന്റോ' ( Churyumov-Garasimento ) എന്ന വാല്‍നക്ഷത്രത്തിലേക്കുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ഇസ - ESA ) യുടെ 'റൊസേറ്റാ ദൗത്യം'.

1969 ല്‍ കണ്ടെത്തിയ 'ചുര്യുമോവ്-ഗരാസിമെന്റോ' വാല്‍നക്ഷത്രം ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലൂടെയാണ് സൂര്യനെ വലംവെയ്ക്കുന്നത്. അതിന്റെ ഭ്രമണപഥത്തിന് സൂര്യനില്‍നിന്നുള്ള പരമാവധി അകലം ( Aphelion ) ഏതാണ്ട് 85.46 കോടി കിലോമീറ്ററും, സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനം ( Perihelion ) 1.24 കോടി കിലോമീറ്ററുമാണ്. ഈ വാല്‍നക്ഷത്രം ഒദ്യോഗികമായി '67പി' ( 67p ) എന്നാണ് അറിയപ്പെടുന്നത്.

ടെലിസ്‌കോപ്പ് കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ പൗരാണികരുടെ ശ്രദ്ധയാകര്‍ഷിച്ച ആകാശചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അവയെക്കുറിച്ചുള്ള പഠനം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

സൗരയൂഥത്തിന്റെ ബാല്യത്തില്‍ സൂര്യനും ഗ്രഹങ്ങളും പിറവികൊണ്ട അതേ വസ്തുക്കളുടെ അവശിഷ്ടങ്ങളില്‍നിന്ന് ജന്മമെടുത്തവയാണ് വാല്‍നക്ഷത്രങ്ങളെന്ന് കരുതപ്പെടുന്നു. കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ അതിശൈത്യമേഖലയില്‍ വിഹരിക്കുന്ന ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍, സൗരയൂഥത്തിന്റെ ഉത്പത്തി സംബന്ധിച്ച പല സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2014 ആഗസ്ത് ആറാം തീയതി മുതല്‍ 'റോസേറ്റാ പേടകം' ( Rosetta probe ) വാല്‍നക്ഷത്രത്തെ വലംവെച്ചു തുടങ്ങിയിരിക്കുകയാണ്. പേടകത്തിലെ ലാന്‍ഡറായ 'ഫിലേ' ( philae ) വാല്‍നക്ഷത്രത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.

ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമായിരിക്കും റോസേറ്റാ.

പേരിലുമുണ്ട് കാര്യം!

വാല്‍നക്ഷത്രത്തിന്റെ പൊരുളന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റോസേറ്റാ പേടകം ഈ പേര് ചരിത്രപ്രസിദ്ധമായ 'റോസേറ്റാ ശില' ( Rosetta stone ) യില്‍ നിന്ന് കടംകൊണ്ടത് യാദൃശ്ചികമായല്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇന്ന് ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന പൗരാണിക വസ്തുക്കളില്‍ ഒന്നായ റൊസേറ്റാ ശിലയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു അത്.

1799 ല്‍ നൈല്‍നദിയുടെ പടിഞ്ഞാറന്‍ തുരുത്തില്‍ 'റാഷിദ്' എന്ന ചെറുപട്ടണത്തിന് (അറബിയില്‍ 'റാഷിദ്' എന്നാണ് റോസേറ്റാ ഇന്നറിയപ്പെടുന്നത്) സമീപമുള്ള ജൂലിയന്‍ കോട്ട വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സൈനികര്‍ ഒരു ചുമര് പൊളിക്കുന്ന വേളയിലാണ് ഈ അസാധാരണ ശിലാഫലകം കണ്ടെത്തുന്നത്. പുരാതന ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ്, ഡെമോട്ടിക്, പ്രാചീനട്രീക്ക് എന്നീ മൂന്ന് ഭാഷകളില്‍ ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളുണ്ട് ആ ശിലയില്‍. ബിസി 196 ല്‍ ടോളമി അഞ്ചാമന്‍ പുറപ്പെടുവിച്ച രാജശാസനയായിരുന്നു കല്ലില്‍ ആലേഖനം ചെയ്തിരുന്നത്. 

വാല്‍നക്ഷത്രത്തോടടുക്കുന്ന റോസേറ്റാ പേടകം - ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: ESA

ഒരു വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് സേനയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന്, 1802 ല്‍ റോസേറ്റാ ഫലകം ലണ്ടനിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനവസ്തുവാക്കി.

റോസേറ്റാ ശിലാഫലകത്തില്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതിയിരുന്ന വാക്കുകള്‍ താരതമ്യം ചെയ്താണ് അതുവരെ അജ്ഞാതമായിരുന്ന ഹൈറോഗ്ലിഫിക്‌സ് ഭാഷ മനസ്സിലാക്കാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്ഷ്യന്‍ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും 'പൂട്ട് തുറന്ന താക്കോല്‍' എന്ന് വിശേഷിപ്പിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നു റോസേറ്റാ ശിലയിലെ ലിഖിതങ്ങള്‍ക്ക്.

സൗരയൂഥത്തില്‍ പഴമയുടെ പാരമ്പര്യം ഏറ്റവുമധികം അവകാശപ്പെടാവുന്ന ആകാശസഞ്ചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അത്തരമൊന്നിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിച്ച് അതിന്റെ ചേരുവകള്‍ വിശകലനം ചെയ്യാനുമുള്ള ശ്രമം തീര്‍ച്ചയായും സൗരയൂഥത്തിന്റെ പ്രാചീന വഴികളിലേക്ക് വെളിച്ചം വീശുന്നതാണ്. അങ്ങനെ സൗരയൂഥത്തിന്റെ ഉത്പത്തിരഹസ്യങ്ങളുടെ താക്കോലായി അവതരിക്കേണ്ട ദൗത്യം എന്ന നിലയിലാണ് റോസേറ്റാ ദൗത്യം ജ്യോതിശാസ്ത്രരംഗത്ത് ശ്രദ്ധേയമാകുന്നതും. 

പതിറ്റാണ്ട് പിന്നിട്ട യാത്ര

2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗ്വിയാനയിലെ കുറൂ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഏരിയന്‍-5 ( Ariane-5 ) റോക്കറ്റില്‍ കുതിച്ചുയര്‍ന്ന് ബാഹ്യാകാശത്തിന്റെ വന്യതയിലൂടെ പത്തുവര്‍ഷത്തിലേറെ നീണ്ട ഏകാന്തയാത്രക്കൊടുവില്‍ റോസേറ്റാ പേടകം വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു.

'വിര്‍ട്ടാനെന്‍' ( comet wirtanen ) എന്ന വാല്‍നക്ഷത്രത്തിലേക്കായിരുന്നു ആദ്യം നിശ്ചയിച്ച പ്രകാരം റോസേറ്റാ പോകേണ്ടിയിരുന്നത്. 2002 ജനവരി 12 ന് പുറപ്പെടേണ്ട യാത്ര അക്കാലത്ത് ഒരു വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തില്‍ ഏരിയന്‍-5 റോക്കറ്റിനുണ്ടായ പരാജയം മൂലം മാറ്റിവയ്ക്കുകയായിരുന്നു.


റോസേറ്റായെ അയക്കേണ്ടിയിരുന്നത് ഏരിയന്‍-5 ന്റെ മറ്റൊരു മോഡല്‍ റോക്കറ്റിലായിരുന്നെങ്കിലും സംഭവിച്ച പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമായി പഠിക്കാതെ ഇനിയൊരു ദൗത്യത്തിന് മുതിരേണ്ടതില്ലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തീരുമാനിച്ചു. അങ്ങനെ റോസേറ്റാ ദൗത്യത്തിനു മുന്നില്‍ വിര്‍ടാനെല്‍ വാല്‍നക്ഷത്രത്തിലേക്കുള്ള വിക്ഷേപണജാലകം ( Launch window ) അടയുകയായിരുന്നു. തുടര്‍ന്ന് ച്യൂര്യുമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിലേക്ക് പദ്ധതി പുതുക്കി നിശ്ചയിക്കപ്പെട്ടു.

ഭൂമിയുടെയും ചൊവ്വയുടെയും ആകര്‍ഷണശക്തിയെ ആവര്‍ത്തിച്ചുപയോഗിച്ചുള്ള കുതിപ്പിലൂടെയാണ് ബാഹ്യാകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനുള്ള ശേഷി റോസേറ്റാ കൈവരിച്ചത്. പ്രവര്‍ത്തനോര്‍ജ്ജത്തിനായി 14 മീറ്റര്‍ നീളമുള്ള സോളാര്‍ പാനലുകളുടെ രണ്ട് ചിറകുകളാണ് റോസേറ്റായ്ക്കുള്ളത്. സോളാര്‍ സെല്ലുകളെ മാത്രം ആശ്രയിച്ച് സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബെല്‍റ്റ് ( Asteroid belt ) മറികടക്കുന്ന ആദ്യപേടകമാണ് റോസേറ്റാ. നീണ്ട യാത്രക്കിടയില്‍ രണ്ട് ക്ഷുദ്രഗ്രഹങ്ങളെ റോസേറ്റാ സന്ദര്‍ശിക്കുകയുണ്ടായി (ഫ്ലൈബൈ നടത്തുകയുണ്ടായി). 2008 ല്‍ സ്‌റ്റെയിന്‍സും, 2010 ല്‍ ലൂട്ടേഷ്യയുമാണ് റോസേറ്റ സന്ദര്‍ശിച്ച ക്ഷുദ്രഗ്രഹങ്ങള്‍. ഇവ രണ്ടിന്റെയും ചിത്രങ്ങള്‍ പേടകം പകര്‍ത്തി അയക്കുകയും ചെയ്തു.

അതിവേഗം പായുന്ന പേടകത്തിന്റെ വേഗം ചെറുഎഞ്ചിനുകള്‍ കത്തിച്ച് നിയന്ത്രണത്തിലാക്കി ലക്ഷ്യസ്ഥാനത്തിനനുയോജ്യമായ വേഗത കൈവരിച്ചുകൊണ്ടാണ് വാല്‍നക്ഷത്രവുമായുള്ള 'മുഖാമുഖം' സാധ്യമാക്കിയത്. ഇത് ബഹിരാകാശഗവേഷണ ചരിത്രത്തിലാദ്യത്തേതാണ്.

വാല്‍നക്ഷത്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആപേക്ഷിക വേഗം വളരെയധികം കുറച്ച് റോസേറ്റയും വാല്‍നക്ഷത്രവും മുഖാമുഖം കാണുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന ആദ്യഘട്ടം കഴിഞ്ഞാല്‍, 100 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററിലേക്കും തുടര്‍ന്ന് ഉയരം നന്നേ കുറച്ച് 30-10 കിലോമീറ്ററിലേക്കും എത്തിക്കഴിഞ്ഞാല്‍, പേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ഉപകരണങ്ങളുപയോഗിച്ച് വിശദമായ മാപ്പിങിന് വിധേയമാക്കും. മാത്രവുമല്ല ഈ കാലയളവില്‍ 'ഫിലേ' ലാന്‍ഡറിന് ഉറങ്ങാന്‍ സാധ്യമായ അഞ്ച് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ശ്രമവും നടത്തും.

മുഖ്യപേടകത്തിലെ പത്ത് ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെ, വാല്‍നക്ഷത്രത്തിലിറങ്ങുന്ന ഫിലേയിലെ പതിനൊന്ന് പരീക്ഷണോപകരണങ്ങളും ചേര്‍ന്നതാണ് റോസേറ്റാ ദൗത്യത്തിന്റെ ഉള്‍ക്കരുത്ത്. ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള ക്യാമറകളും സ്‌പെക്ട്രോമീറ്ററുകളും വാല്‍നക്ഷത്രത്തെ സൂക്ഷ്മമാപ്പിങിന് വിധേയമാക്കാന്‍ പോന്നവയാണ്.

ലാന്‍ഡര്‍ ഇറങ്ങിയതിനുശേഷമുള്ള നാളുകളില്‍ മുഖ്യപേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ പിന്തുടരുന്ന ഘട്ടത്തിലേക്ക് നീങ്ങും. ഒരു വര്‍ഷത്തിലേറെ നീളുന്ന ഈ യാത്രയില്‍ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തും. 

2014 ആഗസ്ത് മൂന്നിന് റോസേറ്റയെടുത്ത വാല്‍നക്ഷത്ര ചിത്രം. ചിത്രം: ESA

2015 ആഗസ്ത് 13 നാണ് വാല്‍നക്ഷത്രം ഇനി സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് എത്തുക. ഈയവസരത്തിലും അതിനുമുമ്പും ശേഷവുമുള്ള ദിനങ്ങളിലും വാല്‍നക്ഷത്രത്തിന്റെ ഘടനയില്‍ വരുന്ന മാറ്റവും അതു പുറന്തള്ളുന്ന വസ്തുക്കളുടെ തോതും കൃത്യമായി നിരീക്ഷിക്കാന്‍ പേടകത്തിന് കഴിയും. മാത്രവുമല്ല, സൂര്യനോട് ഏറ്റവും അടുത്തുവരുമ്പോള്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സ് ചൂടാകുകയും വന്‍തോതില്‍ വാതകവും പൊടിപടലങ്ങളും പുറന്തള്ളുകയും ചെയ്യുന്ന വേളയില്‍ ആ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് സൂക്ഷ്മപഠനം നടത്താനും റോസേറ്റാ മുതിരും.
'ഫിലേ' കാത്തിരിക്കുകയാണ്; വാല്‍ നക്ഷത്രത്തെ കുത്തിക്കുഴിക്കാന്‍!

2014 നവംബര്‍ 11 ന് മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് 'ഫിലേ പേടകം' വാല്‍നക്ഷത്രത്തിലെ മഞ്ഞുറഞ്ഞ ഉപരിതലത്തിന്റെ മണമറിയും. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ആദ്യ 'സോഫ്റ്റ് ലാന്‍ഡിംഗ് ' ( Soft landing ) എന്ന നിലയില്‍ ഫിലേയ്ക്ക് വളരെ സവിശേഷതയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

ന്യൂക്ലിയസ്സില്‍നിന്നും കുഴിച്ചെടുത്ത സാമ്പിളുകള്‍ ദൃശ്യപ്രകാശത്തിലും സമീപ താപരശ്മികളിലും (Nearinfrared light ) വിശകലനം ചെയ്യപ്പെടും. വാല്‍നക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളുടെ വിതരണത്തെയും സംബന്ധിക്കുന്ന കൃത്യതയുള്ള ഒരു രാസമാപ്പ് അതിലൂടെ ലഭ്യമാകുമെന്നാണ് പ്രത്യാശിക്കുന്നത്.

നമുക്ക് ഏറെയൊന്നും എത്തിനോക്കാന്‍ കഴിയാത്ത ഈ മേഖലയിലേക്ക് സാങ്കേതികത്തികവോടെ കടന്നുചെല്ലുന്ന ആദ്യപേടകമാണ് റോസേറ്റായും അതിലെ കൊച്ചുലാന്ററും. അവയുടെ കണ്ടെത്തലുകള്‍ പ്രപഞ്ചപുരാണത്തിന്റെ ശാസ്ത്രീയ വായനയ്ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഉദ്വേഗത്തിനും യാദൃശ്ചികതകള്‍ക്കും മധ്യേ വഴിത്തിരിവുകളിലേക്കുള്ള ഇത്തിരിവെട്ടം കാണാനാവില്ലെന്ന് ആര്‍ക്കാണ് പറയാനാവുക? കാത്തിരിക്കുകതന്നെ!

പദസൂചിക

1. വിക്ഷേപണ ജാലകം ( Launch Window ):
 ഒരു ബഹിരാകാശപേടകത്തെ അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഭ്രമണപഥത്തിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് വിക്ഷേപണജാലകം. ഏറ്റവും കുറഞ്ഞ യാത്രകൊണ്ട് ലക്ഷ്യത്തിലേക്കെത്താന്‍പറ്റിയ സ്ഥാനങ്ങളില്‍, ലക്ഷ്യമിടുന്ന ബാഹ്യാകാശവസ്തു എത്തുന്ന സമയത്തിനായിരിക്കും ജാലകം തിരഞ്ഞെടുക്കുമ്പോള്‍ മുഖ്യപരിഗണന നല്‍കുക. 

2. ഫ്ലൈബൈ ( Flyby ):
 ഒരു ഗ്രഹത്തിലോ മറ്റേതെങ്കിലും ബഹിരാകാശ വസ്തുവില്‍ ഇറങ്ങുകയോ അതിന്റെ ഭ്രമണപഥത്തിലേക്ക് കടക്കുകയോ ചെയ്യാതെ വിദൂരതയിലൂടെ പറന്ന് ബഹിരാകാശ പേടകം വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്.

3. സമീപതാപരശ്മികള്‍ ( Near Infrared Rays ):
 ഇന്‍ഫ്രാറെഡ്ഡിനോട് അടുത്ത ആവര്‍ത്തിയുള്ള (ഫ്രീക്വന്‍സിയുള്ള) വികിരണങ്ങള്‍.

റിപ്പോര്‍ട്ട് കടപ്പാട് - ജസ്റ്റിന്‍ ജോസഫ്‌ @ മാതൃഭൂമി ദിനപത്രം 19.08.2014

Monday, August 18, 2014

Astronomy Quiz 2014 - Training Modules for Resource Persons




If you've download issues and other technical issues, please contact me,
Brijesh Pookkottur 99 61 25 77 88


Tuesday, August 12, 2014

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍


ജനീവയിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. അതിനെ കവച്ചുവെയ്ക്കാന്‍ പാകത്തില്‍ 52 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന കൊളൈഡര്‍ നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നു. മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കൊളൈഡറിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുള്ള കൊളൈഡര്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചിത്രം കടപ്പാട് : CERN


ചെറിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ഉപകരണങ്ങള്‍ തന്നെ വേണം. കണ്ടെത്താനുള്ളതിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നിരീക്ഷണ യന്ത്രം വലുതാക്കേണ്ടിയും വരും. 'ദൈവകണം' എന്നു വിശേഷണമുള്ള ഹിഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്താന്‍ യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' പണിത പടുകൂറ്റന്‍ യന്ത്രത്തിന്റെ പേരുതന്നെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്നാണല്ലോ.

ശാസ്ത്ര ഗവേഷണരംഗത്ത് അമേരിക്കയെ മറികടന്ന് യൂറോപ്പ് മുന്നേറുന്നതിന്റെ സൂചകങ്ങളിലൊന്നായിരുന്നൂ ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ ( Large Hadron Collider - LHC ). മിക്ക കാര്യങ്ങളിലും യൂറോപ്പിനെയും അമേരിക്കയെയും പിന്നിലാക്കി കുതിക്കുന്ന ചൈന ഈ പടുകൂറ്റന്‍ യന്ത്രത്തെ കവച്ചുവെക്കുന്നൊരു കണികാത്വരകമൊരുക്കുകയാണ്. അതു യാഥാര്‍ഥ്യമാകുന്നതോടെ ഇത്രനാള്‍ പ്രായോഗിക ഗവേഷണപദ്ധതികളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ചൈന മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുമെന്ന് 'നേച്ചര്‍' ജേര്‍ണല്‍ (ജൂലായ് 24, 2014) റിപ്പോര്‍ട്ട് ചെയ്യുന്നു.

സേണിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ കണികാത്വരകത്തിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. എന്നാല്‍, 52 കിലോമീറ്റര്‍ പരിധിയുള്ളതാണ് ചൈന നിര്‍മ്മിക്കാനുദ്ദേശിക്കുന്ന യന്ത്രം. പദ്ധതിക്ക് അന്താരാഷ്്ട്ര സഹായം കൂടി കിട്ടിയാല്‍ അത് 80 കിലോമീററര്‍ ചുറ്റളവുള്ള സൂപ്പര്‍ കൊളൈഡറായി മാറും. ബെയ്ജിങ്ങിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ എനര്‍ജി ഫിസിക്‌സിലെ (ഐ.എച്ച,ഇ,പി) ശാസ്ത്രജ്ഞരാണ് 2028 ഓടെ പുതിയ 'ഹിഗ്‌സ് ഫാക്ടറി' ( Higgs Factory ) നിര്‍മിക്കാനൊരുങ്ങുന്നത്. സേണിലെ ( CERN ) കൊളൈഡറിനേക്കാള്‍ കൃത്യതയോടെ ഹിഗ്‌സ് ബോസോണിനെപ്പറ്റി പഠിക്കാന്‍ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. 15,000 കോടി രൂപയാണ് ഇതിന്റെ മതിപ്പുചെലവ്.

പരമാണുവിന്റെ ഉള്ളറയിലെ സൂക്ഷ്മപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊളൈഡര്‍. തന്മാത്രകളും പരമാണുക്കളും അതിലും ചെറിയ മൗലിക കണങ്ങളുമടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടംബലതന്ത്രമെന്ന ശാസ്ത്രശാഖയുടെ ഏറ്റവും വലിയ പരീക്ഷണോപകരണം.

പരമാണുവിലെ മൗലിക കണമെന്ന് പറഞ്ഞാല്‍ ഏറ്റവും മികച്ച സൂക്ഷ്മദര്‍ശിനികൊണ്ടുപോലും കാണാനാവാത്തത്ര ചെറുതാണ്. നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവാത്തത്ര ചെറുത്. അവയെ കണ്ടറിയാനാവില്ല. തൊട്ടറിയാനും എളുപ്പമല്ല. പിന്നെയൊരു വഴി പരമാണുവിലെ കണങ്ങളെ കൂട്ടിയിടിപ്പിക്കുകയാണ്. തമ്മിലടിച്ചു ചിതറുമ്പോള്‍ അവ പിളരുകയും മൗലിക കണങ്ങള്‍ പുറത്തെത്തുകയും ചെയ്യും. സമീപത്തുവെച്ച സംവേദകങ്ങളില്‍ അപ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ പുറത്തുവന്ന കണങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ പഠിക്കാം.

സൂക്ഷ്മകണങ്ങള്‍ തല്ലിത്തകര്‍ക്കണമെങ്കില്‍ അവയെ ഉന്നതോര്‍ജ്ജത്തില്‍ അതിവേഗം പായിച്ച് കൂട്ടിയിടിപ്പിക്കണം. ഈ കൂട്ടിയിടിക്കായി മൗലിക കണങ്ങളുടെ വേഗം കൂട്ടാന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് കണികാത്വരകങ്ങള്‍ അഥവാ പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്ററുകള്‍. അക്കൂട്ടത്തിലൊന്നാണ് സേണിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. സൂക്്ഷമകണങ്ങള്‍ക്ക് ഇത്ര ഊര്‍ജ്ജവും വേഗവും നല്‍കണമെങ്കില്‍ അത്രയും വലിയ ഉപകരണങ്ങള്‍ വേണം. അതുകൊണ്ടാണ് കൊളൈഡറുകള്‍ ഭീമാകാരമാര്‍ജ്ജിക്കുന്നത്.

പരമാണുവിലെ മൗലിക കണങ്ങളില്‍ മിക്കതിനെയും ശാസ്ത്രജ്ഞര്‍ ഗവേഷണശാലയില്‍ യാദൃശ്ചികമായി കണ്ടെത്തിയതല്ല. സങ്കീര്‍ണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്‍പനങ്ങളിലൂടെയും മിക്ക കണങ്ങളുടെയും സാന്നിധ്യം മുന്‍കൂട്ടി പ്രവചിക്കുകയായിരുന്നു. അവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പിന്നീടാണ് നടക്കുന്നത്.

പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന വിശദീകരിക്കാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജും പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന 'മഹാവിസ്‌ഫോടന സിദ്ധാന്ത'വും ഇത്തരം ഗണിത സമീകരണങ്ങളുടെയും സങ്കല്‍പങ്ങളുടെയും സമാഹാരമാണ്. ശാസ്ത്രലോകം ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിന് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന മൗലിക കണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. അവിടെയാണ് ഹിഗ്‌സ് ബോസോണിന്റെ വരവ്.

ഹിഗ്ഗ്‌സ് ബോസോണ്‍ - പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം പ്രദാനം ചെയ്യുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ സഹായിക്കുന്നതാകും ചൈനയുടെ കൊളൈഡര്‍. ചിത്രം : CERN


മഹാവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായി ഒഴുകിപ്പരന്നുനടന്ന സൂക്ഷ്മകണങ്ങളെ ഒരുമിച്ചുചേര്‍ത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം സൃഷ്ടിയ്ക്കു വഴിയൊരുക്കിയത് എന്താണ് എന്നത് ഏറെക്കാലം ശാസ്ത്രജ്ഞരെ അലട്ടിയ പ്രശ്‌നമായിരുന്നു. ഈ സൂക്ഷ്മകണങ്ങളെ കൂട്ടിപ്പിടിച്ചുനിര്‍ത്താന്‍ വേറൊരു സംഗതി ആവശ്യമായിരുന്നു. അതിനെ ഹിഗ്‌സ് മണ്ഡലം അഥവാ ഹിഗ്‌സ് ബലക്ഷേത്രം എന്നു വിളിക്കുന്നു. ഈ മണ്ഡലത്തിലെത്തിപ്പെടുമ്പോള്‍ മൗലിക കണങ്ങള്‍ക്കു പിണ്ഡം ലഭിക്കും. പ്രകാശകിരണത്തിന് ഫോട്ടോണ്‍ എന്ന കണികാരൂപം നല്‍കിയപോലെ ഹിഗ്‌സ് മണ്ഡലമെന്ന ബലക്ഷേത്രത്തിന് സൗകര്യത്തിനു വേണ്ടി കണികാസ്വരൂപം നല്‍കുന്നു. അതാണ് ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണം. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഈ കണിക, പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. അതു കണ്ടെത്താനാണ് ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ പണിതത്.

പദാര്‍ഥകണങ്ങളെ തല്ലിത്തകര്‍ക്കാനുള്ള കൊളൈഡര്‍ എന്ന ആശയം 1950 കളില്‍ അമേരിക്കയിലെ ഗവേഷകസംഘമാണ് ആദ്യം അവതരിപ്പിക്കുന്നത്. ഒരേ സമയത്തുതന്നെ അമേരിക്കയിലും യൂറോപ്പിലും സോവിയറ്റ് യൂണിയനിലും അതിന്റെ പ്രാഗ് രൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവിനുവേണ്ട പണം നല്‍കാന്‍ അന്നത്തെ യു.എസ്. ഭരണകൂടെ വിസമ്മതിച്ചതുകൊണ്ട് അത് യാഥാര്‍ഥ്യമായില്ല. എന്നാല്‍ യൂറോപ്യന്‍ ശാസ്ത്രസംഘം സേണില്‍ 1966 ല്‍ ഇന്റര്‍സെക്ടിങ് സ്റ്റോറേജ് റിങ് എന്ന കണികാത്വരകത്തിന്റെ നിര്‍മ്മാണം തുടങ്ങി. 1971 ല്‍ അത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇലക്ട്രോണുകളെ കൂട്ടിയിടിപ്പിക്കുന്നതിനുള്ളതായിരുന്ന ആദ്യകാല ത്വരകങ്ങളെല്ലാം. പ്രോട്ടോണുകളെയും ന്യൂട്രോണുകളെയുമെല്ലാം കൂട്ടിയിടിപ്പിക്കു ഹാഡ്രണ്‍ കൊളൈഡറുകള്‍ പിന്നീടാണ് വന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊളൈഡറായ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ നിര്‍മ്മാണം നടക്കുന്നത് 1998-2008 കാലത്താണ്.

വളരെ ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള കണികകളെ കൂട്ടിയിടിപ്പിച്ച് മഹാവിസ്‌ഫോടനത്തിനു തൊട്ടു പിന്നാലെയുള്ള അവസ്ഥയ്ക്കു സമാനമായൊരന്തരീക്ഷം പരീക്ഷണശാലയില്‍ സൃഷ്ടിച്ച് അതിന്റെ ഫലങ്ങള്‍ നിരീക്ഷിച്ചാണ് സേണിലെ ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണത്തെ കണ്ടെത്താന്‍ ശ്രമിച്ചത്. 38 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സേണില്‍ കണികാപരീക്ഷണം നടത്തുന്നത്. പ്രകാശവേഗത്തില്‍, ഉന്നതോര്‍ജ്ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹിഗ്‌സ് ബോസോണ്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണങ്ങള്‍ കണ്ടെത്തിയ കാര്യം ശാസ്ത്രസംഘം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ പരീക്ഷണങ്ങള്‍ ധാരാളം നടക്കേണ്ടതുണ്ട്. ഹിഗ്‌സ് ബോസോണ്‍ വെറുമൊരു കണം മാത്രമാണോ? അതോ അതിനുമപ്പുറമെന്തെങ്കിലുമാണോ? പലതരം ഹിഗ്‌സ് ബോസോണുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ ഗവേഷണ പദ്ധതിയില്‍ വരിക.

പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് തകര്‍ക്കുന്ന ഹാഡ്രണ്‍ കൊളൈഡറും ഇലക്ട്രോണുകളെയും പോസിട്രോണുകളെയും തമ്മിലിടിപ്പിക്കുന്നതിനുള്ള ഇലക്ട്രോണ്‍ -പോസിട്രോണ്‍ കൊളൈഡറും ഒരേ പരീക്ഷണശാലയില്‍ നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി.

ചൈന ഇക്കാര്യം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് സൂപ്പര്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ കണികാ ത്വരകമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു. ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിനെക്കാള്‍ വളരെ വലിയ 'വെരി ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍' നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. അന്താരാഷ്ട്ര സഹായത്തോടെ ഒരു ഇലക്ട്രോണ്‍-പോസിട്രോണ്‍ ലീനിയര്‍ കൊളൈഡര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്്. 31 കിലോമീറ്റര്‍ നീളമേയുള്ളൂവെങ്കിലും നേര്‍ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊളൈഡറില്‍ അത്യുന്നതോര്‍ജ്ജത്തിലാണ് കണങ്ങള്‍ സഞ്ചരിക്കുക. ഇങ്ങനെ പദ്ധതികള്‍ പലതുണ്ടെങ്കിലും അവയ്ക്കു വേണ്ട പണം കണ്ടെത്താനോ യന്ത്രം സ്ഥാപിക്കാനുള്ള ആതിഥേയരാഷ്ട്രത്തെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇത്തരമൊരു പദ്ധതിക്കായി ശതകോടികള്‍ ചെലവഴിക്കാവുന്ന അവസ്ഥയിലല്ല എന്നതാണു വസ്തുത.

എന്നാല്‍, ചൈനയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പദ്ധതിക്കു പണം കണ്ടെത്താന്‍ വിഷമമുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ചൈനയുടെ കൊളൈഡറിന്റെ രൂപരേഖ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തയ്യാറാകും. അഞ്ചുവര്‍ഷംകൊണ്ട് നിര്‍മ്മാണം തുടങ്ങും.

ഇക്കാര്യത്തില്‍ ചൈനയും യൂറോപ്പും അമേരിക്കയും തമ്മിലുള്ള മത്സരമായിരിക്കും ഈ അഞ്ചുവര്‍ഷത്തിനിടെ നടക്കുക. അതില്‍ കരുത്തു തെളിയിക്കുന്ന ഒരു രാജ്യം സൂപ്പര്‍ കൊളൈഡര്‍ നിര്‍മ്മിക്കും. ലോകത്ത് ഒരു സൂപ്പര്‍ കൊളൈഡറിന്റെ ആവശ്യമേയുള്ളൂ. അതുകൊണ്ടുതന്നെ ചൈനയുടെ കൊളൈഡര്‍ യാഥാര്‍ഥ്യമായാല്‍ നേരത്തേ പറഞ്ഞ അന്താരാഷ്്ട്രപദ്ധതികളെല്ലാം അപ്രസക്തമാവും. മറ്റു രാജ്യങ്ങളിലെ ഗവേഷകര്‍ ചൈനയുടെ പദ്ധതിയുമായി സഹകരിക്കും. ചൈനയുടേത് രാജ്യാന്തര കൊളൈഡറാകും. ക്വാണ്ടം ബലതന്ത്ര ഗവേഷണങ്ങളുടെ ആസ്ഥാനപ്പട്ടം അതോടെ ചൈനയ്ക്ക് സ്വന്തമാകും.

റിപ്പോര്‍ട്ട് കടപ്പാട്- മാതൃഭൂമി

http://www.mathrubhumi.com/technology/science/china-super-collider-particle-accelerator-particle-physics-higgs-boson-large-hadron-collider-lhc-cern-science-474144/