Friday, October 5, 2012

ആകാശത്തിന്റെ ആഴങ്ങളിലേക്ക്... നിരീക്ഷണ ക്ലാസ്-1

കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ്, മുണ്ടോത്ത് പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ജ്യോതിശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടു കൂടി 06.10.2012 ന് ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ഞായര്‍ പുലര്‍ച്ച വരെ നീളുന്ന നിരീക്ഷണ ക്ലാസ് സംഘടിപ്പിക്കുന്നു.

പ്രപഞ്ചത്തിന്റെ വിദൂരതകളില്‍ ഉള്ള മറ്റ് ഗ്യാലക്‌സികളെക്കുറിച്ചും നെബുല കളെക്കുറിച്ചും നക്ഷത്രക്കുലകളെക്കുറിച്ചും അറിയാന്‍ ഈ ക്ലാസ് വഴി സാധിക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പ്രയാസമുള്ള ഇവയെ ശക്തമായ ടെലിസ്‌കോപ്പുകള്‍ വഴി കാണാനും പരിചയപ്പെടാനും അവസരം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ആനന്ദമൂര്‍ത്തി 9400625900

മനോജ് കോട്ടക്കല്‍ 9446352439

ശ്രദ്ധിക്കുക- ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നതല്ല. പങ്കെടുക്കുന്നവര്‍ കൊണ്ടു  വരേണ്ടതാണ്.

Wednesday, October 3, 2012

ചൊവ്വയില്‍ നദി; തെളിവുമായി ക്യൂരിയോസിറ്റി

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

29-Sep-2012 08:47 AM

വാഷിങ്ടണ്‍: ചൊവ്വയില്‍ പര്യവേക്ഷണത്തിലേര്‍പ്പെട്ടിട്ടുള്ള നാസ പേടകം ക്യൂരിയോസിറ്റി അവിടെ വെള്ളമുണ്ടായിരുന്നതിന് ഭൂഗര്‍ഭശാസ്ത്രപരമായ തെളിവ് കണ്ടെത്തി. ചൊവ്വയില്‍ അരുവി ഒഴുകിയിരുന്നതിന്റെ തെളിവുകളാണ് ക്യൂരിയോസിറ്റി ശേഖരിച്ചത്. "ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചരല്‍ക്കല്ലുകളടക്കം അരുവിയുടെ അടയാളങ്ങള്‍ അടങ്ങിയ പാറക്കൂട്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്"-നാസ വ്യക്തമാക്കി. ചരല്‍ക്കല്ലുകളുടെ വലുപ്പത്തില്‍നിന്ന് സെക്കന്‍ഡില്‍ മൂന്ന് അടി തോതിലാണ് വെള്ളം ഒഴുകിയിരുന്നതെന്ന് അനുമാനിക്കാമെന്ന് ക്യൂരിയോസിറ്റി സയന്‍സ് കോ-ഇന്‍വെസ്റ്റിഗേറ്റര്‍ വില്യം ഡീട്രിച്ച് പറഞ്ഞു.

സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ

സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

01-Oct-2012 09:14 AM




വാഷിങ്ടണ്‍: ശതകോടിക്കണക്കിന് ടണ്‍ സൗരകണങ്ങള്‍ വര്‍ഷിച്ച് സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ. ഇതിന്റെ ദൃശ്യങ്ങള്‍ നാസയുടെ സോളാര്‍ ആന്‍ഡ് ഹീലീയോസ്ഫിയര്‍ ഒബ്സര്‍വേറ്ററിക്ക് ലഭിച്ചിട്ടുണ്ട്. സൂര്യനില്‍നിന്ന് ബഹിരാകാശത്തേക്ക് വര്‍ഷിക്കപ്പെടുന്ന തീഗോളപ്രതിഭാസത്തിന് സിഎംഇ എന്നാണ് ചുരുക്കപ്പേര്.

സെക്കന്‍ഡില്‍ 1120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച തീഗോളം ശനിയാഴ്ച ഭൂമിയില്‍ പതിച്ചതായാണ് നാസയുടെ ഗവേഷണ സംവിധാനങ്ങള്‍ കണക്കാക്കുന്നത്. ഈ വേഗതയിലുള്ള സിഎംഇകള്‍ സാധാരണ നിരുപദ്രവകാരികളാണ്. ഭൗമാന്തരീക്ഷത്തിലെത്തുമ്പോള്‍ ഇവ ചിതറിപ്പോകും. എക്സ്, എം വിഭാഗങ്ങളിലുള്ള സൗര തീഗോളങ്ങളുടെ താഴെ മൂന്നാംതരത്തില്‍പ്പെട്ട ചെറിയ തീഗോളങ്ങളാണ് സി വിഭാഗത്തിലുള്ള സിഎംഇകള്‍. ഇതിനുമുമ്പ് സൂര്യനില്‍നിന്ന് വന്നിട്ടുള്ള ഇത്തരം തീഗോളങ്ങള്‍ ധ്രുവങ്ങള്‍ക്കുസമീപം പ്രഭാവലയം തീര്‍ത്തിട്ടുണ്ടെങ്കിലും വൈദ്യുതിസംവിധാനങ്ങളെയോ ജിപിഎസുകളെയോ ഉപഗ്രഹാധിഷ്ഠിത വാര്‍ത്താവിനിമയ സംവിധാനങ്ങളെയോ കാര്യമായി ബാധിച്ചിട്ടില്ല.

ചരിത്രമാകാന്‍ ഇ-എല്‍റ്റ്

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി കിളിവാതില്‍
ലേഖകന്‍ - സാബു ജോസ്

ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും ശക്തവും സംവേദനക്ഷമവുമായ ഒപ്ടിക്കല്‍ ടെലസ്കോപ്പ് (ദൃശ്യപ്രകാശം ആധാരമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനി) നിര്‍മിക്കാന്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി തയ്യാറെടുക്കുന്നു. കഴിഞ്ഞ ജൂണ്‍ 11ന് പാരീസില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ രാജ്യാന്തര കൗണ്‍സിലാണ് ഇതു തീരുമാനിച്ചത്. യൂറോപ്പിലെ 15 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഇ-എല്‍റ്റ് സ്ഥാപിക്കുന്നത് ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ സെറോ അര്‍മാസോണ്‍ പര്‍വതത്തിന്റെ മുകളിലാണ്. സമുദ്ര നിരപ്പില്‍നിന്ന് 3060 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിന് അറ്റക്കാമ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ തീര്‍ത്തും അനുയോജ്യമാണ്.

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെതന്നെ വെരിലാര്‍ജ് ടെലസ്കോപ്പിന് സമീപത്തുതന്നെയാണ് ഇ-എല്‍റ്റും നിര്‍മിക്കുന്നത്. വളരെ വലുതും സംവേദനക്ഷമത കൂടിയതുമായ ദൂരദര്‍ശിനികള്‍ പൊതുവെ ദൃശ്യപ്രകാശത്തെആധാരമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. ഭൗമാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍നിരീക്ഷണത്തെ തടസ്സപ്പെടുത്താമെന്നതുകൊണ്ട് അത്തരം ദൂരദര്‍ശിനികള്‍ സാധാരണ എക്സ്-റേ, ഇന്‍ഫ്രാറെഡ്,റേഡിയോ തരംഗദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്വയര്‍ കിലോമീറ്റര്‍ അറേയും അല്‍മ
യും ടിഎംടിയുമെല്ലാം അത്തരത്തിലുള്ള ഭീമന്‍ ദൂരദര്‍ശിനികളാണ്. എന്നാല്‍ അഡാപ്റ്റീവ് ഒപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യയില്‍പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഭൗമാന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഇ-എല്‍റ്റിനെ ബാധിക്കില്ല. 39.3 മീറ്ററാണ് ഈ ദൂരദര്‍ശിനിയുടെ പ്രൈമറി മീറ്ററിന്റെ വ്യാസം. നിലവിലുള്ള മറ്റേതു ദൂരദര്‍ശിനിയിലുള്ളതിലും വലിയ ദര്‍പ്പണമായിരിക്കുമിത്. ദര്‍പ്പണത്തിന്റെ വ്യാസം കൂടുന്നതിനുസരിച്ച് ദൂരദര്‍ശിനി സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവും വര്‍ധിക്കും. മനുഷ്യനേത്രം സ്വീകരിക്കുന്ന പ്രകാശത്തിന്റെ 10 കോടി മടങ്ങ് പ്രകാശ കണങ്ങളെ സ്വീകരിക്കാന്‍ ഇ-എല്‍റ്റിന്റെ കണ്ണുകള്‍ക്ക് കഴിയും. ഗലീലിയോയുടെ ആദ്യ ദൂരദര്‍ശിനിയെക്കാള്‍ 80 ലക്ഷം മടങ്ങ് ശക്തമാണ് ഇ-എല്‍റ്റ്. നിലവിലുള്ള ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്കോപ്പായ വിഎല്‍ടിയെക്കാള്‍ 26 മടങ്ങ് ശക്തമാകും ഈ ദൂരദര്‍ശിനി. 978 ച.മീറ്റര്‍ കലക്ടിങ് ഏരിയയുള്ള ഇ-എല്‍റ്റ് നല്‍കുന്ന ചിത്രങ്ങള്‍ ഹബിള്‍സ്പേസ് ടെലസ്കോപ്പില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ 15 മടങ്ങ് വ്യക്തതയും സൂക്ഷ്മതയും ഉള്ളതുമാകും. 135 കോടി ഡോളര്‍ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2012 ജൂലൈ അവസാനം ആരംഭിക്കും. 10 വര്‍ഷമെങ്കിലുംഎടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2022ല്‍ ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 

സൗരകുടുംബത്തിനുവെളിയില്‍ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യമേഖലയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ് ഇ-എല്‍റ്റിന്റെ പ്രഥമ ദൗത്യം. ഭൂമിക്കു വെളിയിലുള്ള എക്സോപ്ലാനറ്റുകളില്‍ ജീവന്‍ കണ്ടെത്തുന്നതിന് നേരിട്ടുള്ള നിരീക്ഷണത്തിന് ശക്തമാണ് ഈ ദൂരദര്‍ശിനി. അതുകൂടാതെ ഗ്രഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അപഗ്രഥിക്കുകയും നക്ഷത്രാന്തര സ്പേസിലെ ജലബാഷ്പത്തെക്കുറിച്ചും ജൈവഘടകങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യും.

എല്‍എസ്എസ്ടി - ആകാശസര്‍വേയിലെ അവസാന വാക്ക്

ജ്യോതിശാസ്ത്ര പര്യവേക്ഷണങ്ങളുടെ ഗുണനിലവാരം വാനോളം ഉയര്‍ത്തുന്ന പദ്ധതിക്ക് അംഗീകാരമായി. ഉത്തര ചിലിയിലെ ഭസെറോ പാക്കണ്‍; പര്‍വതനിരകളിലെ എല്‍ പെനോണ്‍; കൊടുമുടിയില്‍ സമുദ്രനിരപ്പില്‍നിന്ന് 2663 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന എല്‍എസ്എസ്ടി ജ്യോതിശാസ്ത്ര പര്യവേക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാവുകയാണ്. 2012 ആഗസ്തില്‍ അംഗീകരിച്ച എല്‍എസ്എസ്ടി പദ്ധതി ഈ ദശാബ്ദത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും. 2014ല്‍ ദൂരദര്‍ശിനി ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരൂഹ പ്രതിഭാസങ്ങളായ ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍, കുയ്പര്‍ ബെല്‍റ്റിലെ ധൂമകേതുക്കള്‍, ഭൂമിക്കു സമീപത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങള്‍, നോവാ, സൂപ്പര്‍ നോവാ സ്ഫോടനങ്ങള്‍, ട്രാന്‍സിയന്‍സ് എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന എല്‍എസ്എസ്ടി ക്ഷീരപഥത്തിന്റെ സമ്പൂര്‍ണ മാപിങ്ങും ആകാശത്തിന്റെ സമഗ്ര സര്‍വേയുമാണ് ലക്ഷ്യമിടുന്നത്.

അതുകൂടാതെ ആദ്യമായി ആകാശപ്രതിഭാസങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍ ആറു വര്‍ണങ്ങളില്‍ അവതരിപ്പിക്കുന്ന പ്രപഞ്ച ചലച്ചിത്രവും എല്‍എസ്എസ്ടി നിര്‍മിക്കും. എല്‍എസ്എസ്ടിയുടെ സവിശേഷതകള്‍ അവിടെ തീരുന്നില്ല. ഏറ്റവും വലുതും ശക്തവുമായ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്ന ടെലസ്കോപ്പ്, ത്രിതീയ ദര്‍പ്പണം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിഫലന ദൂരദര്‍ശിനി, ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍, സൂപ്പര്‍ കംപ്യൂട്ടറുകളുടെ പിന്തുണ, ലോകമെമ്പാടും വ്യാപിച്ച ഇന്റര്‍നെറ്റ് ശൃംഖലയുടെ സഹായം എന്നിങ്ങനെ എല്‍എസ്എസ്ടിയുടെ വിശേഷണങ്ങള്‍ നിരവധിയാണ്. ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനു ചുക്കാന്‍പിടിക്കുന്നത് അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനാണ്. ചാള്‍സ് സൈമണ്‍യി, ബില്‍ഗേറ്റ്സ് എന്നിവരുടെ സാമ്പത്തിക സഹകരണവും ഈ പദ്ധതിക്കുണ്ട്. ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലക്ടിങ് ഏരിയയുള്ള ഒപ്ടിക്കല്‍ (ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നത്) ദൂരദര്‍ശിനിയാണ് ലാര്‍ജ് സിനൊപ്ടിക് സര്‍വേ ടെലസ്കോപ്പ് . ഈ റിഫ്ളക്ടിങ് ടെലസ്കോപ്പിന്റെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം 8.4 മീറ്ററാണ്. അതുമാത്രമല്ല, എല്‍എസ്എസ്ടിയുടെ പ്രത്യേകത. ഇതില്‍ ഉപയോഗിക്കുന്ന 3200 മെഗാ പിക്സല്‍ ഡിജിറ്റല്‍ ക്യാമറ ലോകത്തിന് ഇന്നുവരെ ദൂരദര്‍ശിനികളില്‍ ഉപയോഗിച്ചിട്ടുള്ള ക്യാമറകളില്‍ ഏറ്റവും വലുതാണ്. സാധാരണ ഒപ്ടിക്കല്‍ ദൂരദര്‍ശനികളില്‍ രണ്ടു ദര്‍പ്പണങ്ങള്‍ പ്രതിഫലകങ്ങളായി ഉപയോഗിക്കുമ്പോള്‍ എല്‍എസ്എസ്ടിയില്‍ അഞ്ചു മീറ്റര്‍ വ്യാസമുള്ള ഒരു ത്രിതീയ ദര്‍പ്പണംകൂടി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണമേഖലയുടെ സൂക്ഷ്മതയ്ക്കും വളരെ മങ്ങിയ പ്രകാശസ്രോതസ്സുകളെ കണ്ടെത്തുന്നതിനുമാണിത്. 30 ടെറാബൈറ്റ് ഡാറ്റകളാണ് ഓരോ രാത്രിയിലും എല്‍എസ്എസ്ടി നല്‍കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ സ്കൈയും വേള്‍ഡ് വൈഡ് ടെലസ്കോപ്പും ചെയ്യുന്നതുപോലെ എല്‍എസ്എസ്ടി തയ്യാറാക്കുന്ന ഗവേഷണ പ്രോജക്ടുകള്‍ ക്ലാസ് മുറികളിലും വീടുകളിലും ലഭ്യമാക്കുന്നതുകൂടാതെ ശാസ്ത്രമ്യൂസിയങ്ങളില്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍കഴിയും. എല്‍എസ്എസ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ നാലു മാനങ്ങളിലുള്ള സ്ഥല-കാല ചിത്രീകരണത്തിലൂടെ ആറു വര്‍ണങ്ങളിലുള്ള വീഡിയോചിത്രങ്ങളായി പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാള്‍ക്കും ആവേശംപകരും. ഭൂതല ദൂരദര്‍ശിനികളെ അപേക്ഷിച്ച് ബഹിരാകാശ ദൂരദര്‍ശിനികളുടെ കലക്ടിങ് ഏരിയ ചെറുതാണ്. എല്‍എസ്എസ്ടിപോലെ വിശാലമായ കലക്ടിങ് ഏരിയയും ഡീപ്-ഫാസ്റ്റ് സര്‍വേയും നടത്താന്‍കഴിയുന്ന ഒരു ബഹിരാകാശ ദൂരദര്‍ശിനിയുടെ വലുപ്പം വളരെ വലുതായിരിക്കും. ഇത്തരമൊരു ഭീമന്‍ ദൂരദര്‍ശിനി സ്പേസിലെത്തിക്കുന്നതിനും അതിന്റെ നടത്തിപ്പിനും ആവശ്യമായ സാമ്പത്തികച്ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും വളരെ വലുതാകും. ട്രാന്‍സിയന്‍സ്പോലെയുള്ള പ്രതിഭാസങ്ങള്‍ കണ്ടെത്തുന്നതിന് ഭൂതല ദൂരദര്‍ശിനികളാണ് പൊതുവെ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ എല്‍എസ്എസ്ടി സംഘം പരിഗണിക്കുന്നതാണ്.

ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ 

ലേഖകന്‍: സി രാമചന്ദ്രന്‍
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍



റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളിലും ഉപഗ്രഹം കാളവണ്ടിയിലും ഓരോരോ ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ച ഐഎസ്ആര്‍ഒയിലല്ലാതെ മറ്റേതൊരു രാജ്യത്തെ ആധുനിക ഗവേഷണസ്ഥാപനങ്ങളിലും ആരും കണ്ടിരിക്കാനിടയില്ല. അത്ര എളിമയാര്‍ന്ന തുടക്കത്തില്‍നിന്നാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ നൂറാമത് ബഹിരാകാശ ദൗത്യ വിജയത്തിന്റെ നെറുകയിലെത്തിയത്. ചന്ദ്രനിലേക്കു പര്യവേക്ഷണവാഹനം അയച്ച ഐഎസ്ആര്‍ഒ, അവിടേക്കു മനുഷ്യനെ അയക്കാന്‍ മാത്രമല്ല, ചൊവ്വയിലേക്കും പര്യവേക്ഷണവാഹനം അയക്കാനും ലക്ഷ്യമിടുന്നു. സെപ്തംബര്‍ ഒമ്പതിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി-21 വിജയംകണ്ടതോടെ ഇന്ത്യ നൂറാമത് ബഹിരാകാശദൗത്യം വിജയകരമായി നിര്‍വഹിച്ചു.

ഐഎസ്ആര്‍ഒ (ഇസ്രോ) 62 ഉപഗ്രഹദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇക്കഴിഞ്ഞതുള്‍പ്പെടെ 38 ഉപഗ്രഹവിക്ഷേപണങ്ങളും വിജയിപ്പിച്ചു. ഇതിനും പുറമെ മറ്റു രാജ്യങ്ങളുടേതായി 28 ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയുണ്ടായി. ഇന്ത്യ ആദ്യമായി ഒരു റോക്കറ്റ് വിക്ഷേപിച്ചിട്ട് 50 വര്‍ഷം ആകുന്നതേയുള്ളൂ. "നൈക്ക് അപ്പാഷേ" എന്ന വിദേശനിര്‍മിത റോക്കറ്റ്, അവരുടെതന്നെ സാന്നിധ്യത്തിലാണ് തുമ്പയില്‍നിന്ന് 1963 നവംബര്‍ 21ന് വിക്ഷേപിച്ചത്. റോക്കറ്റ് നാസയുടേതും അതിലെ പരീക്ഷണദൗത്യം ഫ്രാന്‍സിന്റേതുമായിരുന്നു. അതിനുശേഷമാണ് 75 മില്ലിമീറ്റര്‍ വ്യാസമുള്ള ഒരു ചെറുറോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് വിക്ഷേപണം ചെയ്തത്. ഇന്നത്തെ വിക്ഷേപണവാഹനങ്ങള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറിലധികം മില്ലിമീറ്റര്‍ വ്യാസവും 50 മീറ്ററോളം ഉയരവുമുണ്ട്. ഇതിനകംതന്നെ നമുക്ക് ചന്ദ്രനിലേക്കുപോലും ഉപഗ്രഹവിക്ഷേപണം (ചാന്ദ്രയാന്‍ 1) നടത്താന്‍കഴിഞ്ഞു. അടുത്തവര്‍ഷം ചൊവ്വയിലേക്കും ഉപഗ്രഹവിക്ഷേപണമുണ്ടാകും. ചാന്ദ്രയാന്‍-2 വിക്ഷേപണം 2014ല്‍. അതിനുശേഷമാകും ചന്ദ്രനില്‍ മനുഷ്യനെ അയക്കാനുള്ള ദൗത്യം. മറ്റു രാജ്യങ്ങള്‍ ബഹിരാകാശഗവേഷണങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടേത് വളരെ ചെറിയ വിഹിതമാണെന്നുകൂടി തിരിച്ചറിയേണ്ടതുമുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെയും അതിന്റെ ഉപഗ്രഹവാഹന ശ്രേണിയുടെയും പിതാവ് ഡോ. വിക്രം സാരാഭായി ആണ്. ആദ്യകാലത്ത് അദ്ദേഹത്തിന് സര്‍വവിധ പിന്തുണയും നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ്. സാരാഭായിയുടെ അകാലമരണം വലിയൊരു തിരിച്ചടിയായി. എങ്കിലും ഡോ. ധവാന്‍, ഡോ. യു ആര്‍ റാവു, ഡോ. കസ്തൂരിരംഗന്‍, ഡോ. ജി മാധവന്‍നായര്‍ തുടങ്ങിയ നായകന്മാരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍. വിക്ഷേപണ വാഹിനികളുടെ വിജയകരമായ രൂപകല്‍പ്പനയില്‍ ഡോ. അബ്ദുള്‍ കലാം വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. ഇന്ന് വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുന്ന പിഎസ്എല്‍വിയുടെ രൂപകല്‍പ്പനയിലും വികസനത്തിലും ഡോ. മാധവന്‍നായര്‍ വഹിച്ച പങ്കും എടുത്തുപറയത്തക്കതാണ്.

പിഎസ്എല്‍വിയും ജിഎസ്എല്‍വിയും മുതല്‍ ചാന്ദ്രയാനും ഭുവനും ഗഗനുംവരെ

വീണ്ടും വിശ്വാസ്യത തെളിയിച്ച പിഎസ്എല്‍വി ഇന്ത്യയുടെ ബഹിരാകാശ ചാലകശക്തിയാണ്. തുടര്‍ച്ചയായ വിജയങ്ങളുടെ കഥകളാണ് ഇതിനു പറയാനുള്ളത്. രണ്ടു ടണ്ണോളം ഭാരം അതിന് ധ്രുവീയ ഭ്രമണപഥത്തില്‍ എത്തിക്കാന്‍കഴിയും. ഇത് ഏതാണ്ട് 1000 കി.മീറ്ററില്‍ താഴെവരും. 36,000 കിലോമീറ്റര്‍ ഉയരെയുള്ള ഭൂസ്ഥിരപഥത്തിലും ഇതിന് ഭാരംകുറഞ്ഞ ഉപഗ്രഹം എത്തിക്കാന്‍ കഴിയും. ചന്ദ്രനിലേക്ക് ഉപഗ്രഹം ഉയര്‍ത്തിയ ചരിത്രവുമുണ്ടല്ലോ. ഇതെല്ലാമാണെങ്കിലും ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കില്‍ (ജിഎസ്എല്‍വി) വിജയത്തിലെത്തിക്കാതെ നമുക്ക് ഇവിടെനിന്നു മുന്നേറാനാകില്ല. അതിനുള്ള പ്രതിബന്ധം ക്രയോജനിക് എന്‍ജിന്‍ വിജയകരമായി വികസിപ്പിക്കാന്‍കഴിഞ്ഞില്ല എന്നതാണ്. പ്രാപ്തിയും കാര്യക്ഷമതയുമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മനുഷ്യന്റെതന്നെ ബഹിരാകാശസഞ്ചാരവും യാഥാര്‍ഥ്യമാകണമെങ്കില്‍ ജിഎസ്എല്‍വി യാഥാര്‍ഥ്യമാകണം. ഐആര്‍എസ് ശ്രേണിയിലുള്ള സംവേദന ഉപഗ്രഹങ്ങള്‍ വികസിതരാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നവയാണ്. ഭൂഗര്‍ഭജലം, കാര്‍ഷികവിള, വനവിസ്തൃതി, മരുഭൂമി തുടങ്ങിയവയുടെ കണക്കെടുപ്പ് കൃത്യതയോടെ നിര്‍വഹിക്കുന്നു. കാടുകയറ്റത്തിനെതിരെ നടപടിയെടുക്കാന്‍ വനപാലകരെയും ചാകര കോരാന്‍ മത്സ്യത്തൊഴിലാളികളെയും വിളനാശത്തിനെതിരെ കരുതിയിരിക്കാന്‍ കര്‍ഷകരെയും ഇതു പ്രാപ്തരാക്കുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസനിലവാര വികസനവും വിദ്യാര്‍ഥികളുടെ പഠനിലവാരവും ഉയര്‍ത്തുന്നതിന് ഉദ്ദേശിച്ചുള്ള "എഡ്യൂസാറ്റ്" എന്ന പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഉപഗ്രഹം. എല്ലാവര്‍ക്കും നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനുദ്ദേശിച്ച് പ്രധാനപ്പെട്ട ആശുപത്രികളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന "ടെലി മെഡിസിന്‍" പദ്ധതി.

സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖല, രാജ്യാന്തര ടെലിഫോണ്‍ ശൃംഖല, ഇന്റര്‍നെറ്റ് തുടങ്ങി ഇന്നത്തെ ആധുനികജീവിതത്തെ നാം അറിയാതെത്തന്നെ ഈ നിലയില്‍ നിര്‍ത്തുന്നതിനും നമ്മുടെ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നാം ബോധവാന്മാരാകണം. ജ്യോതിശാസ്ത്രപരമായ അറിവുകള്‍ വര്‍ധിപ്പിക്കാനുതകുന്ന "മാനംനോക്കി"കളായ ഉപഗ്രഹങ്ങളും നമുക്കുണ്ടെന്നതും വിസ്മരിക്കാവുന്നതല്ല. അതുപോലെത്തന്നെ ഗൂഗിള്‍ എര്‍ത്തിന്റെ മാതൃകയില്‍ ഐഎസ്ആര്‍ഒ നിര്‍മിച്ച "ഭുവന്‍", വ്യോമഗതാഗതത്തിനുള്ള ദിശാനിയന്ത്രണ സംവിധാനമായ "ഗഗന്‍" എന്നിവയും മികവിന്റെ പ്രതീകങ്ങളാണ്. പിഎസ്എല്‍വി-21ന്റെ വിജയം ഇതെല്ലാം ഓര്‍ക്കാനുള്ള ഒരവസരമാണെന്നതിനു സംശയമില്ല.

അഭിമാനമാവുന്നത് പിഎസ്എല്‍വി

100ാം വിക്ഷേപണവും വിജയമാക്കി ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് തദ്ദേശീയ റോക്കറ്റ് സാങ്കേതികവിദ്യയുടെ വിജയസാക്ഷ്യമായ പിഎസ്എല്‍വി റോക്കറ്റാണ്. "പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍" എന്ന പൂര്‍ണരൂപമുള്ള ഇതിന്റെ മൂന്നു പ്രവര്‍ത്തനരൂപങ്ങള്‍ ഇന്ന് നിലവിലുണ്ട്. ആറ് ഉപറോക്കറ്റുകളെ പുറമെ ഘടിപ്പിച്ചിട്ടുള്ള "പിഎസ്എല്‍വി സ്റ്റാന്‍ഡേര്‍ഡ്" ആണ് ഇതിലൊന്ന്. ഉപറോക്കറ്റുകള്‍ ഒന്നുംതന്നെ ഇല്ലാത്തതാണ് രണ്ടാം രൂപമായ "പിഎസ്എല്‍വി കോര്‍ എലോണ്‍" . "പിഎസ്എല്‍വി-സിഎ" എന്നതാണ് ഇതിന്റെ ചുരുക്കരൂപം. കൂടുതല്‍ ശക്തമായ ഉപറോക്കറ്റുകള്‍ ഘടിപ്പിച്ചതാണ് "പിഎസ്എല്‍വി-എക്സ്എല്‍" എന്നത്. ഇതിന്റെ പരിഷ്കൃത രൂപമായിരുന്നു "ചാന്ദ്രയാന്‍-1"ന്റെ വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എല്‍വി സി 11 എന്നതായിരുന്നു ഈ പരിഷ്കൃതരൂപത്തിന്റെ പേര്. ഇപ്പോള്‍ 100-ാം വിക്ഷേപണത്തിനായി തെരഞ്ഞെടുത്തതു പക്ഷേ, "പിഎസ്എല്‍വി കോര്‍ എലോണ്‍" രൂപത്തിന്റെ പരിഷ്കൃതരൂപമായ "പിഎസ്എല്‍വി സി 21". ഇതിന്റെ വിജയകരമായ എട്ടാം വിക്ഷേപണമായിരുന്നു സെപ്തംബര്‍ ഒമ്പതിലേത്.

അമ്പതിന്റെ നിറവില്‍

100ാം വിക്ഷേപണത്തിന്റെ ആഘോഷത്തിലായ ഐഎസ്ആര്‍ഒയ്ക്ക്, ഈ വിജയം അമ്പതിന്റെ നിറവിലെ നൂറാണ്. 1962ല്‍, വിക്രം സാരാഭായിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച "ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പെയ്സ് റിസര്‍ച്ച്" ആയിരുന്നു പില്‍ക്കാലത്ത് "ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍" എന്ന ഐഎസ്ആര്‍ഒയായി മാറിയത്. 1969 ആഗസ്ത് 15നായിരുന്നു ഐഎസ്ആര്‍ഒ ഔദ്യോഗികമായി നിലവില്‍വന്നതെങ്കിലും മാതൃസംഘടനയുടെ 50-ാം വാര്‍ഷികം എന്ന സവിശേഷത 2012നുണ്ട്. ആ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു പൊന്‍തൂവലാണ് ഇപ്പോഴുള്ള ഈ 100-ാം വിക്ഷേപണവിജയവും.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂ

http://ml.wikipedia.org/wiki/ISRO

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം 
ലേഖകന്‍: സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍




''മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാല്‍വയ്പ്. എന്നാല്‍ മാനവരാശിക്ക് ഒരു മഹത്തായ കുതിച്ചുചാട്ടം''. ചന്ദ്രനില്‍ മനുഷ്യരാശിയുടെ ആദ്യ പാദമുദ്ര പതിപ്പിച്ച് ഭൂമിയിലേക്ക് അദ്ദേഹമയച്ച സന്ദേശം ഇന്നും ചരിത്രത്തിന്റെ ഭാഗം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ്ങ്- ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍, ഭൂമിക്കു വെളിയിലുള്ള ഏതെങ്കിലുമൊരു ആകാശ ഗോളത്തില്‍ നടന്ന ആദ്യത്തെ മനുഷ്യന്‍, 2012 ആഗസ്ത് 25ന് ലോകത്തോടു വിടപറഞ്ഞപ്പോള്‍ ലോകം ഓര്‍മ്മിച്ചതും ഈ വാക്കുകള്‍.

1969 ജൂലൈ 21ന് അമ്പിളിമാമന്റെ പ്രശാന്തതയുടെ സമുദ്രത്തില്‍ ആംസ്ട്രോങ്ങിനെയും വഹിച്ചു പറന്ന അപ്പോളോ-11 പേടകം ഇറങ്ങി. മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചു പറന്ന പേടകത്തില്‍നിന്ന് ഇതിന്റെ ഭാഗമായ ഈഗിള്‍ ലൂണാര്‍ മൊഡ്യൂള്‍ എന്ന ചെറുവാഹനംവഴിയാണ് ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. ഈ കൊച്ചു വാഹനത്തില്‍നിന്ന് നീല്‍ ആംസ്ട്രോങ് ആണ് ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 20 മിനിറ്റിനുശേഷം എഡ്വിന്‍ ബുസ് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രനില്‍ ചെലവഴിച്ചു. മൂന്ന് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നടത്തി. 20 കിലോയിലധികം ചാന്ദ്രശിലകള്‍ ശേഖരിച്ചു. റിഗോലിത്ത് എന്ന ചാന്ദ്ര ധൂളിയും ശേഖരിച്ചു. തുടര്‍ന്ന് ഈഗിളില്‍ പ്രവേശിച്ച ഇരുവരും 21 മണിക്കൂറും 37 മിനിറ്റും പേടകത്തിനുള്ളില്‍ കഴിച്ചുകൂട്ടി. തുടര്‍ന്ന് ഈ സമയമത്രയും മൂന്നാമനായ മൈക്കല്‍ കോളിന്‍സുമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്ന മാതൃപേടകവുമായി (Command Module) വിജയകരമായി ഡോക്കിങ് നടത്തുകയും ഭൂമിയിലേക്കു തിരിക്കുകയും ചെയ്തു. എട്ടുദിവസത്തെ ചാന്ദ്രദൗത്യത്തിനൊടുവില്‍ ജൂലൈ 24ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശാന്തസമുദ്രത്തില്‍ പ്രത്യേകംതയ്യാറാക്കിയ കപ്പലില്‍ ഇറങ്ങി. 16 ദിവസം പ്രത്യേകമായി സജ്ജീകരിച്ച സംരക്ഷിത മുറിയില്‍ താമസിച്ചശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനില്‍നിന്നുള്ള അണുസംക്രമണത്തെ ഭയന്നാണ് ഇങ്ങനെയൊരു മുന്‍കരുതല്‍ എടുത്തത്. ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള 3,84,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവര്‍ക്ക് മൂന്നര ദിവസമാണ് വേണ്ടിവന്നത്.

1930 ആഗസ്ത് അഞ്ചിന് ഓഹിയോയിലെ വാപാക്കൊനേറ്റ എന്ന സ്ഥലത്താണ് നീല്‍ ആംസ്ട്രോങ് ജനിച്ചത്. പൊതുവെ അന്തര്‍മുഖനായിരുന്നു. അച്ഛന്‍ സ്റ്റീഫന്‍ കോനിഗ് ആംസ്ട്രോങ്, അമ്മ വയോള ലൂയിസ് ഏഞ്ചല്‍. രണ്ടു സഹോദരന്മാര്‍കൂടി അദ്ദേഹത്തിനുണ്ട്. ജൂണും ഡീനും. ഓഹിയോ സ്റ്റേറ്റിലെ സര്‍ക്കാര്‍ ഓഡിറ്ററായിരുന്നു സ്റ്റീഫന്‍. കുട്ടിക്കാലംമുതല്‍തന്നെ ആകാശയാത്രകള്‍ നീലിനെ ആകര്‍ഷിച്ചിരുന്നു. ബ്ലൂം ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലയളവിനുള്ളില്‍തന്നെ ഓഗ്ലൈസ് കൗണ്ടി എയര്‍പോട്ടില്‍നിന്ന് നീല്‍ ഫ്ളൈറ്റ് സര്‍ട്ടിഫിക്കറ്റ് നേടി. അപ്പോള്‍ നീലിന്റെ പ്രായം വെറും 15 വയസ്സ്. നീല്‍ ഒരു ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് അതിനുശേഷമാണ്. സ്കൂളിലെ സ്കൗട്ട് യൂണിറ്റില്‍ സജീവമായിരുന്നു. തുടര്‍ന്ന് 1947ല്‍ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുകയും എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. അതിനുശേഷം സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഇതേ മേഖലയില്‍ ബിരുദാനന്തരബിരുദവും നേടി. പിന്നീട് 1949 മുതല്‍ 1952 വരെ യുഎസ് നാവികസേനയില്‍ പൈലറ്റായി ജോലിചെയ്തു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും 78 തവണ യുദ്ധവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്.

1955ല്‍ നാസയുടെ മുന്‍ഗാമിയായ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്റോനോട്ടിക്സില്‍ റിസര്‍ച്ച് പൈലറ്റായി ചേര്‍ന്നു. തുടര്‍ന്ന് ഹൈ-സ്പീഡ് വിമാന ഗവേഷണ കേന്ദ്രത്തിലേക്ക് പ്രോജക്ട് പൈലറ്റായി സ്ഥാനക്കയറ്റം കിട്ടി. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളുടെ ഗവേഷണത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഇത്തരത്തില്‍പ്പെട്ട 200 വിമാനമാതൃകകളുടെ പരീക്ഷണപ്പറക്കലും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എക്സ്15 വിമാനവും ഉള്‍പ്പെടുന്നു.

അതുകൂടാതെ റോക്കറ്റ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഗ്ലൈഡറുകളുടെയും വികസന പ്രവര്‍ത്തനങ്ങളിലും ആംസ്ട്രോങ് പങ്കെടുത്തിരുന്നു. 1962ലാണ് അദ്ദേഹം ബഹിരാകാശസഞ്ചാരിയായി തെരഞ്ഞെടുക്കുന്നത്. 1966ലെ ജെമിനി 8 ദൗത്യമായിരുന്നു ആംസ്ട്രോങ്ങിന്റെ ആദ്യത്തെ ബഹിരാകാശയാത്ര. പേടകം നിയന്ത്രിച്ചിരുന്നതും അദ്ദേഹംതന്നെയായിരുന്നു. ഈ ദൗത്യത്തില്‍ ബഹിരാകാശത്തുവച്ച് ആദ്യത്തെ ഉപഗ്രഹ ഡോക്കിങ്ങും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ ജീവനുതന്നെ ഭഭീഷണി നേരിട്ട അപകടകരമായ ദൗത്യമായിരുന്നു അത്. പിന്നീട് 1969 ജൂലൈ 16ന് അപ്പോളോ - 11 പേടകത്തില്‍ നടത്തിയ തന്റെ രണ്ടാമത്തെ യാത്ര ചരിത്രത്തിലേക്കായിരുന്നു.


ചാന്ദ്രദൗത്യത്തെത്തുടര്‍ന്ന് ആംസ്ട്രോങ് നാസയുടെ ആസ്ഥാനത്തുള്ള അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി സെന്ററില്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ ചരിത്രദൗത്യം നിറവേറ്റിക്കഴിഞ്ഞ ആംസ്ട്രോങ് 1971ല്‍തന്നെ നാസയില്‍നിന്നു വിടപറഞ്ഞു. തുടര്‍ന്ന് 1979 വരെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ പ്രൊഫസറായി. ഈ കാലയളവിനുള്ളില്‍ ഗവേഷണത്തിനും സമയം കണ്ടെത്തി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ ബിസിനസിലായി. ന്യൂയോര്‍ക്കിലെ വിവിധ ഇലക്ട്രോണിക് കമ്പനികളിലും കംപ്യൂട്ടര്‍സ്ഥാപനങ്ങളിലും 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1985-86 കാലയളവില്‍ ആംസ്ട്രോങ് യുഎസ് ദേശീയ ബഹിരാകാശ കമീഷന്‍ അംഗമായി. 17 ലോകരാഷ്ട്രങ്ങള്‍ അവരുടെ പരമോന്നത ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു.

റോയല്‍ ആംസ്ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സും ഇന്റര്‍നാഷണല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിയും അദ്ദേഹത്തിന് ഫെലോഷിപ്പ് നല്‍കി. ആംസ്ട്രോങ് വിവാഹമോചിതനാണ്. രണ്ടു പുത്രന്മാരും ഒരു വളര്‍ത്തുമകനും ഒരു വളര്‍ത്തുമകളും അദ്ദേഹത്തിനുണ്ട്. 10 പേരക്കിടാങ്ങളുടെ മുത്തച്ഛന്‍കൂടിയാണ് അദ്ദേഹം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ് ഇനി നമ്മോടൊപ്പമില്ല, എന്നാല്‍ തെളിഞ്ഞരാത്രിയില്‍ പൂര്‍ണചന്ദ്രനെകാണുമ്പോള്‍ നിങ്ങള്‍ നീലിനെ ഓര്‍മിക്കണം എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതുപോലെ ചന്ദ്രന്‍ തന്നെയാണ് ഇനി നീല്‍ ആംസ്ട്രോങ്ങിന്റെ സ്മാരകം. 
.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂ