ചൊവ്വയില്‍ ജീവജലം
വാഷിങ്ടണ്‍:- ചൊവ്വാഗ്രഹത്തില്‍ ജല സാന്നിധ്യം നാസ സ്ഥിരീകരിച്ചു. അതിനിര്‍ണായകമായ ഈ കണ്ടെത്തലോടെ, ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യതയേറി. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചൊവ്വയുടെ വരണ്ട കുന്നിന്‍ചെരിവുകളിലൂടെ ലവണാംശമുള്ള ജലം ഊറി ഒഴുകിയതിന്റെ അടയാളങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാകുന്നതായി ഗവേഷകര്‍ അറിയിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചാണ് ശാസ്ത്രത്തിനു വന്‍ കുതിപ്പാകുന്ന കണ്ടെത്തല്‍ നാസ പുറത്തുവിട്ടത്.
വിടവുകളിലൂടെ ഒലിച്ചിറങ്ങിയ ഈ ദ്രാവകത്തിന് ലവണസ്വഭാവമാണ്. ജലപ്രവാഹത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ ബാഷ്പീകരിക്കപ്പെട്ട അവസ്ഥയിലോ ശീതീകരിക്കപ്പെട്ട് ഖരരൂപത്തിലോ ജലം ഉണ്ടാകാമെന്നാണ് നിഗമനം. ഉപരിതലത്തിനടിയില്‍ ഉപ്പുജലം ദ്രവ-വാതകരൂപത്തില്‍ സംഭരിക്കപ്പെട്ടിരിക്കാം. വെള്ളത്തെ ഉള്‍ക്കൊള്ളാനും അതിന് ചലിക്കാനും ഇടം നല്‍കുന്ന പാറക്കെട്ടുകള്‍ ഒരുപക്ഷേ ചൊവ്വയുടെ അന്തര്‍ഭാഗത്ത് ഉണ്ടാകാനും സാധ്യതയുണ്ട്. ചൊവ്വയുടെ ഇരുണ്ട മേഖലയുടെ ദൃശ്യം ഓര്‍ബിറ്ററിന് പകര്‍ത്താനായതാണ് ഗവേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ലവണാംശം ഇല്ലെങ്കില്‍ ചൊവ്വയിലെ കൊടുംതണുപ്പില്‍ ജലം തണുത്തുറഞ്ഞ് ഖരരൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. ലവണാംശം ഉള്ളതിനാല്‍ ദ്രവരൂപത്തില്‍ത്തന്നെ ജലം സംഭരിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. "ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതിനാല്‍ വാസയോഗ്യമായ പരിസ്ഥിതിയും അവിടെയുണ്ടാകുമെന്ന്' നാസയുടെ ചൊവ്വപര്യവേക്ഷണ പദ്ധതി മേധാവി മൈക്കല്‍ മേയേര്‍ പറഞ്ഞു. ഭൂമിക്കുപുറത്ത് ജലം തേടിയുള്ള ദശകങ്ങള്‍ നീണ്ട ബഹിരാകാശപരിശ്രമത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചത്. ചൊവ്വയില്‍ ജലം കണ്ടെത്തുന്നത് മനുഷ്യന്റെ ഗോളാന്തര സഞ്ചാരപദ്ധതികള്‍ക്ക് ഊര്‍ജ്ജംപകരും.
ചൊവ്വയില്‍ വരണ്ട നദികളുടെ സാന്നിധ്യമുള്ളതായി മുമ്പും നാസ സൂചനകള്‍ പുറത്തുവിട്ടിരുന്നു. ചൊവ്വയിലെ ജലത്തിന്റെ ഉറവിടത്തെക്കുറിച്ചാകും ഇനി ശാസ്ത്രലോകത്തിന്റെ അന്വേഷണം. ചൊവ്വയില്‍ ജലം സംഭരിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള മൂന്ന് പഠനങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വയിലെ വരയന്‍ പ്രതലം ജലം ഒഴുകിയതിന്റെ തെളിവാണെന്ന് 2011ല്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷകനും പ്രമുഖ ശാസ്ത്രഗ്രന്ഥകര്‍ത്താവുമായ ലുജേന്ദ്ര ഓജയാണ് ആദ്യമായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ചൊവ്വാ പേടകമായ മംഗള്‍യാനും ചൊവ്വയില്‍ ജലസാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നേരത്തെ അയച്ചിരുന്നു. ചൊവ്വയുടെ ഒരു പകുതി പൂര്‍ണമായും സമുദ്രമായിരുന്നുവെന്നും പിന്നീട്, ഇത് ഇല്ലാതാവുകയായിരുന്നുവെന്നും നാസ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
- See more at: http://www.deshabhimani.com/news-international-all-latest_news-504251.html#sthash.YASjHRA6.dpuf
No comments:
Post a Comment