ഐആര്‍എന്‍എസ്എസ് ഇന്ത്യന്‍ ജിപിഎസ്
അമേരിക്കന്‍ ജിപിഎസിന് ഇന്ത്യന്‍ മറുപടി. ഐആര്‍എന്‍എസ്എസ്-1എ. ഇന്ത്യയുടെ നാവിഗേഷന്‍ (ദിശാനിര്‍ണയ) ഉപഗ്രഹശ്രേണിയിലെ ആദ്യ പേടകം ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS-IA)- ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിയതോടെ ഉപഗ്രഹ സഹായത്തോടെയുള്ള സ്ഥാനനിര്‍ണയ മേഖലയില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ കാലമാണ് വരുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങളിലൊന്നായ, ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV-C22) ചിറകിലേറിയാണ് ഉപഗ്രഹം യാത്ര ആരംഭിച്ചത്. പൂര്‍ണമായും ഐഎസ്ആര്‍ഒയുടെ ബംഗളൂരു ആസ്ഥാനത്ത് വികസിപ്പിച്ചെടുക്കുന്ന, ഏഴ് ഉപഗ്രഹശൃംഖലയിലെ ആദ്യപേടകമാണ് ഇപ്പോള്‍ യാത്രതിരിച്ചത്.
ആറു മാസത്തില്‍ ഒന്നുവീതം എന്ന ക്രമത്തില്‍ തുടര്‍ന്നുള്ള ആറ് ഉപഗ്രഹങ്ങള്‍കൂടി ഇനി വിക്ഷേപിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മുകളിലായി ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്ന ഏഴ് ഉപഗ്രഹങ്ങളുടെ സംഘാതത്തിന് അമേരിക്കയുടെ ജിപിഎസുമായും യൂറോപ്പിന്റെ ഗലീലിയോയുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു കഴിയും. പലപ്പോഴും അവയെക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഐആര്‍എന്‍എസ്എസിന്റെ സേവനം രാജ്യത്തെ ജനങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1600 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ചെലവഴിച്ചത്. ഇപ്പോള്‍ ജിപിഎസ് സാറ്റലൈറ്റ് നല്‍കുന്ന സേവനങ്ങള്‍ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ പ്രഥമ ലക്ഷ്യം. മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കര, നാവിക, വ്യോമ ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനും ഇനി എളുപ്പമാകും.
മറ്റൊന്ന്, സൈനികാവശ്യങ്ങള്‍ക്കായുള്ളതാണ്. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തെരച്ചില്‍സംവിധാനങ്ങള്‍ ഫലപ്രദമാക്കാന്‍ ഈ ഉപഗ്രഹ ശൃംഖല വലിയ സേവനമാകും കാഴ്ചവയ്ക്കുന്നത്. 1450 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ ഒരു നാവിഗേഷന്‍ പേലോഡും ഒരു സിഡിഎംഎ റേഞ്ചിങ് പേലോഡും കൊണ്ടുപോകുന്നുണ്ട്. രണ്ട് വ്യത്യസ്ത ബാന്‍ഡ്വിഡ്ത്തിലുള്ള (എല്‍5, എസ്-ബാന്‍ഡ്) സിഗ്നലുകളാണ് ഇവ സൃഷ്ടിക്കുന്നത്.
പിഎസ്എല്‍വി എന്ന പടക്കുതിര
ഇരുപതു മിനിറ്റ്... 17 സെക്കന്‍ഡ്... വിക്ഷേപണ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒയുടെ പടക്കുതിരയായ പിഎസ്എല്‍വിക്ക് ലക്ഷ്യം പിഴയ്ക്കാറില്ല. 1425 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ ആദ്യ ദിശാനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് നിശ്ചയപ്രകാരം ഭ്രമണപഥത്തിലെത്തിച്ചാണ് പിഎസ്എല്‍വി വീണ്ടും കരുത്തു തെളിയിച്ചതും. അമേരിക്കയുടെ ജിപിഎസിന് ബദലായി വികസിപ്പിച്ച നാവിഗേഷന്‍ ഉപഗ്രഹവുമായി ജൂലൈ ഒന്നിന് രാത്രി 11.41നാണ് കുതിച്ചുയര്‍ന്നത്. എക്സ്എല്‍ ശ്രേണിയിലുള്ള പിഎസ്എല്‍വി റോക്കറ്റ് മുന്‍ നിശ്ചയിച്ച പാതയിലൂടെ 501 കിലോമീറ്റര്‍ ഉയരത്തിലുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചു. ലോകത്തുതന്നെ ഏറ്റവും വിശ്വസനീയമെന്നു വിശേഷിപ്പിക്കുന്ന വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 24-ാമത് വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയില്‍ നടന്നത്. പിഎസ്എല്‍വിയുടെ ചരിത്രത്തില്‍ ഒരിക്കലേ പരാജയം ഉണ്ടായിട്ടുള്ളു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഐഎസ്ആര്‍ഒയുടെ സ്വന്തമായി വികസിപ്പിച്ച പിഎസ്എല്‍വി 93 സെപ്തംബര്‍മുതലാണ് വിക്ഷേപണ വാഹനമായി ഉപയോഗിച്ചുതുടങ്ങിയത്.
ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായ വിജയക്കുതിപ്പും. നാല്‍പ്പതിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. വിദേശ ഉപഗ്രഹങ്ങളും ഇവയില്‍പ്പെടും. ചാന്ദ്ര മണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ചന്ദ്രയാന്‍ ഒന്നിന്റെ വിജയവും പിഎസ്എല്‍വിയുടേതായിരുന്നു. അടുത്ത ഒക്ടോബറില്‍ ചൊവ്വാപര്യവേഷണ ഉഗ്രഹമായ മംഗള്‍യാനിന്റെ തേരാളിയും പിഎസ്എല്‍വിയാണ്. ഒന്നിനു പിറകെ മറ്റൊന്നായി ഒന്നിലധികം ഉപഗ്രഹങ്ങളെ വിക്ഷേപിച്ചും പിഎസ്എല്‍വി ശേഷി തെളിയിച്ചു. 1000 കിലോഗ്രാമിനുമുകളില്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമ സ്ഥിരഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശേഷിയും ഐഎസ്ആര്‍ഒ നേടിക്കഴിഞ്ഞു. പിഎസ്എല്‍വി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ.് എല്‍പിഎസ്സിയും ഐഐഎസ്യുവും യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തിന് പ്രമുഖ പങ്കുവഹിച്ചു. വിക്ഷേപണവാഹനത്തിലെ രണ്ടും മൂന്നും ഭാഗങ്ങളിലുള്ള എന്‍ജിനുകള്‍ എല്‍പിഎസ്സിയാണ് വികസിപ്പിച്ചത്.
ഇന്ത്യയും മുന്‍നിരയിലേക്ക്
ദിശാനിര്‍ണയ ശ്രേണിയില്‍ അംഗീകാരമുള്ള സംവിധാനം അമേരിക്കയുടെ ജിപിഎസ് എന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ്. ഇതിന് 24 കൃത്രിമ ഉപഗ്രഹങ്ങളാണ് ആവശ്യമുള്ളത്. 20 വര്‍ഷം മുമ്പാണ് ഇത് ആരംഭിച്ചത്. റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) സജീവമാണ്. ഇതിനും 24 ഉപഗ്രഹങ്ങളാണ് ആവശ്യമുള്ളത്. യൂറോപ്പിന്റെ ഗലീലിയോ സിസ്റ്റം പ്രാരംഭദിശയിലാണ്. 2019ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നു പ്രതീക്ഷിക്കുന്ന ഈ സംവിധാനത്തിന് 27 ഉപഗ്രഹങ്ങള്‍ വേണം. } ചൈനയുടെ ബിഎസ്എന്‍എസ് കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനം തുടങ്ങി. ഇത് പൂര്‍ണമാകുമ്പോള്‍ 37 ഉപഗ്രഹങ്ങള്‍ ആവശ്യമായി വരും. ജപ്പാന്റെ ക്യൂഇസഡ്എസ്എസ് പ്രാരംഭദിശയിലാണ്. മൂന്ന് ഉപഗ്രഹങ്ങള്‍ ആവശ്യമായ ഈ പദ്ധതിയുടെ ആദ്യ കൃത്രിമ ഉപഗ്രഹം 2010 സെപ്തംബറിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ ദിശാനിര്‍ണയ സ്വപ്നപദ്ധതിക്ക് ആകെ ആവശ്യം ഏഴ് കൃത്രിമ ഉപഗ്രഹങ്ങളാണ്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ വിക്ഷേപിച്ചത്.
No comments:
Post a Comment