Wednesday, April 1, 2015

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍

ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിച്ച് മംഗള്‍യാന്‍ ചിത്രങ്ങള്‍
ചുവപ്പന്‍ ഗ്രഹത്തിന്റെ & മൂലയും മംഗള്‍യാന്‍ അരിച്ചുപെറുക്കുകയാണ്... താഴ്വരകള്‍, അഗ്നിപര്‍വതങ്ങള്‍, മലനിരകള്‍... തുടങ്ങി എല്ലായിടങ്ങളും. ചൊവ്വയുടെ ചുരുളഴിക്കാന്‍ പഞ്ചേന്ദ്രീയങ്ങളുമായി കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി വലംവയ്ക്കുന്ന പേടകത്തിന്റെ ആയുസ്സ് നീളുമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചൊവ്വാഗ്രഹത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങള്‍ മംഗള്‍യാന്‍ ഇതിനോടകം ശേഖരിച്ച് അയച്ചു. ചൊവ്വയുടെ ഉപരിതലത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രങ്ങളും ലഭിച്ചു. ഒപ്പം ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും. ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇതിനോടകം ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പേടകം പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണിത്.
മംഗള്‍യാനിലെ അഞ്ച് ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ എടുത്ത നാലു ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത്. അത്ഭുതങ്ങളുടെ കലവറയെന്നു വിശേഷിപ്പിക്കുന്ന വാല്‍സ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്വരയുടെ ചിത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളില്‍ ഏഴു കിലോമീറ്റര്‍ ആഴവുമുണ്ട്. 24,000 കിലോമീറ്റര്‍ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാര്‍സ് കളര്‍ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളില്‍നിന്നാണ് ഇവ പകര്‍ത്തിയത്. അഗ്നിപര്‍വതങ്ങളില്‍നിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ്് നിഗമനം. ചില ഭാഗങ്ങളില്‍ ടണല്‍പോലെയുള്ള ഭാഗങ്ങളും കാണാം.
ചൊവ്വയുടെ &ഹറൂൗീ;ദുരൂഹതകളിലേക്ക് വെളിച്ചംവീശുന്ന തെളിവുകള്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.435 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഏര്‍ഷ്യമോണ്‍സ് എന്ന അഗ്നിപര്‍വതത്തിന്റെ ചിത്രമാണ് മറ്റൊന്ന്. തെക്കന്‍ മേഖലയിലുള്ള ഈ പര്‍വതത്തിന് 15 കിലോമീറ്ററിലധികമാണ് ഉയരം. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സിനു സമീപമാണിത്. പേടകത്തിലെ മറ്റൊരു ഉപകരണമായ മീഥൈന്‍ സെന്‍സര്‍ ശേഖരിച്ച പ്രഥമ വിവരങ്ങളും കഴിഞ്ഞദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ അന്തരീക്ഷം, പ്രതലം എന്നിവയെ പ്പറ്റിയുള്ള സൂക്ഷ്മവിവരങ്ങളാണിവ.മാഴ്സ് കളര്‍ ക്യാമറ, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്നിവ കൂടാതെ ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിഷന്‍ അനലൈസര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യമായ മംഗള്‍യാന്‍ 2014 സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ലോകത്തെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിഎക്സ് എല്‍സി-25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരുമാസത്തോളം നിലനിര്‍ത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയര്‍ത്തുകയും തുടര്‍ന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തില്‍ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. മംഗയാന് ആറുമാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആയുസ്സ് ഒരുവര്‍ഷംമുതല്‍ മുകളിലേക്കു നീളുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തല്‍. പേടകത്തില്‍ ഇന്ധനം കൂടുതല്‍ ബാക്കിയുള്ളതിനാലാണിത്.

ജീവന്‍ തേടുന്ന ചിത്രങ്ങള്‍ 
ഡോ. എ രാജഗോപാല്‍ കമ്മത്ത് 
ചൊവ്വയില്‍നിന്നുള്ള ചിത്രങ്ങള്‍ വലിയ അന്വേഷണങ്ങള്‍ക്ക് ചൂണ്ടുപലകയാകാം. ബുധന്‍, ശുക്രന്‍, ഭൂമി എന്നിവയോടൊപ്പം സിലിക്കേറ്റുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാണപ്പെടുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ പണ്ടുകാലത്ത് ജീവന്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചൊവ്വയിലെ സാഹചര്യങ്ങള്‍ വലിയ ജീവികള്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതല്ല. എങ്കിലും പണ്ടുകാലത്ത് ഏതെങ്കിലും തരത്തിലുള്ള ജീവന്‍ നിലനിന്നിരുന്നു എന്നു കരുതാനാണ് ശാസ്ത്രലോകത്തിന് ഇഷ്ടം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് എന്ന ബഹിരാകാശയാനം ചൊവ്വയില്‍ മീഥേന്‍ വാതകസാന്നിധ്യം ഉറപ്പിച്ചിരുന്നു. ചൊവ്വയുടെ ചരിത്രം ഇതുവരെ നാം കരുതിയതില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതുവരെ നമുക്ക് അറിയാന്‍കഴിയാത്ത ജൈവപ്രക്രിയയിലൂടെയാണ് ചൊവ്വയില്‍ മീഥേന്‍ ഉണ്ടാകന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഋതുക്കള്‍, ഭൂപ്രകൃതി എന്നിവയുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി മീഥേന്‍ വാതക സാന്ദ്രതയിലുണ്ടാകുന്ന മാറ്റം പഠിക്കുക എന്നത് വളരെ പ്രധാനമാണ്.
ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാനിലെ മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് എന്ന ഉപകരണം നല്‍കാന്‍പോകുന്ന വിവരം വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെയുള്ള ബഹിരാകാശ ദൗത്യങ്ങളെല്ലാംതന്നെ ചൊവ്വയുടെ ഉപരിതലത്തിലോ ചൊവ്വയുടെ അന്തരീക്ഷത്തിന് തൊട്ടുമുകളിലുള്ള ഭ്രമണപഥത്തിലോ ആണ് നിരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ ചൊവ്വാദൗത്യം ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായതിനാല്‍ ചൊവ്വയുടെ അന്തരീക്ഷത്തിനു തൊട്ടുമുകളിലും അതിനുമപ്പുറത്തേക്കുമുള്ള അവസ്ഥകളെ പഠനവിധേയമാക്കുന്നു. ചൊവ്വയിലെ മീഥേന്റെ സാന്ദ്രതയിലെ ഏറ്റക്കുറച്ചിലുകള്‍ ഭൂവിജ്ഞാനീയപരമായ കാരണങ്ങളാലാണോ അതോ നിശ്ചിതമായ ജൈവപ്രക്രിയമൂലമാണോ എന്ന് അനുമാനിക്കാന്‍ ഇന്ത്യയുടെ മംഗള്‍യാന്‍ നല്‍കുന്ന വിവരം സഹായകമാകും. ജലകണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് ബഹിരാകാശത്തിലേക്ക് നഷ്ടപ്പെടുന്നതിന്റെ തോതും പഠനവിധേയമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മംഗള്‍യാനിലെ മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിവരങ്ങള്‍ മുന്‍നിര ബഹിരാകാശ പര്യവേക്ഷണ ഏജന്‍സികളുടെ ദൗത്യങ്ങളുമായി ഏകീകരിച്ച് അനുമാനങ്ങളില്‍ എത്തിച്ചേരുന്നതാണ്.
വ്യക്തമായ ചിത്രങ്ങള്‍ സി രാമചന്ദ്രന്‍
മംഗള്‍യാനില്‍നിന്നുള്ള ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുകയാണ്. ചൊവ്വയില്‍ സമുദ്രങ്ങളല്ല, ചെറിയ കടലുകളാണ് ഉണ്ടായിരുന്നതെന്നു വിചാരിക്കത്തക്കവിധമുള്ള ചില വിവരങ്ങളുണ്ട്. ചില പാറകളെക്കുറിച്ചു പഠിക്കുമ്പോള്‍ ചൊവ്വയിലുണ്ടായിരുന്ന വലിയ അഗ്നിപര്‍വതങ്ങളുടെ സ്വരൂപങ്ങളെന്നു തോന്നിക്കുന്ന ചിത്രങ്ങളും ലഭിക്കുന്നുണ്ട്. വാഷിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്പേസ് സൊസൈറ്റി 2015ലെ സ്പേസ് പയനിയര്‍ അവാര്‍ഡ് ഐഎസ്ആര്‍ഒക്കാണ് നല്‍കുന്നത്. ആദ്യ ചൊവ്വാദൗത്യം വിജയിപ്പിച്ചതിനും ഏറ്റവും വ്യക്തതയുള്ള ചൊവ്വയുടെ വിദൂരചിത്രം ലഭ്യമാക്കിയതിനുമാണ് അവാര്‍ഡ്. പത്തുവര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ നാസയ്ക്കു പദ്ധതിയുണ്ട്. അതിനായി ഒരു പരീക്ഷണവാഹനവും തയ്യാറായിവരുന്നു. സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) എന്ന ഈ വാഹനത്തില്‍ ബഹിരാകാശനിലയത്തിലേക്ക് 130 ടണ്‍ ഭാരം എത്തിക്കാന്‍ കഴിയും. സ്പേസ് ഷട്ടിലുകള്‍ക്ക് എത്തിക്കാന്‍ കഴിയുന്നതിന്റെ നാലിരട്ടി ഭാരമാണിത്. ഇതേ വാഹനംതന്നെയാകും ഭാവിയിലെ അമേരിക്കയുടെ ചൊവ്വാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുക.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-448595.html#sthash.J0bOBnrc.dpuf

വരുന്നൂ... പുതിയ ബഹിരാകാശനിലയം

വരുന്നൂ... പുതിയ ബഹിരാകാശനിലയം



റഷ്യ സ്വന്തമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നതാണ് ആ വാര്‍ത്ത. റഷ്യന്‍നഗരമായ ഉഫയില്‍, വരുന്ന ജൂലൈയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയില്‍ ഇതു സംബന്ധിച്ചുള്ള പദ്ധതിരൂപരേഖ റഷ്യ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങള്‍. റഷ്യയുടെ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കമീഷനാണ് ഇത്തരത്തിലുള്ള തീരുമാനം ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ പ്രസിഡന്റായ വ്ളാദിമര്‍ പുടിന്‍ കമീഷന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സാങ്കേതികമായ സഹകരണം ഉറപ്പിക്കുന്നതിലൂടെ ബഹിരാകാശരംഗത്ത് പുതുസാന്നിധ്യം ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ നിലവിലുള്ള രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ കാലാവധി 2020ന് അവസാനിക്കുകയാണ്. രാജ്യാന്തര സഹകരണത്തോടെ ഇത് 2024 വരെ നീട്ടാമെന്നതായിരുന്നു അമേരിക്കയുടെ ചിന്ത. എന്നാല്‍, ഉക്രയിനും റഷ്യയുമായുള്ള പ്രശ്നങ്ങള്‍ ഇത്തരമൊരു സാധ്യതയ്ക്ക് വിലങ്ങുതടിയാവുകയാണ്. ഇക്കാരണത്താലാണ് റഷ്യ സ്വന്തം നിലയില്‍ ബഹിരാകാശനിലയം നിര്‍മിക്കാനൊരുങ്ങുന്നത്.
ബഹിരാകാശത്തേക്ക് സ്വന്തം നിലയില്‍ ആളുകളെ എത്തിക്കാനുള്ള സാങ്കേതികശേഷിയും ചൈന കൈവരിച്ചിട്ടുണ്ട്. ചൈനയുമായി ഭൂമിശാസ്ത്രപരമായി അടുത്തുനില്‍ക്കുന്ന ഒരു വിക്ഷേപണനിലയം  (Vostochny Cosmodrome) റഷ്യക്കുള്ളതും ഇത്തരത്തിലുള്ള സഹകരണത്തെ എളുപ്പമാക്കുന്നുണ്ട്. ബ്രസീലിന്് ബഹിരാകാശ പദ്ധതികളുണ്ടെങ്കിലും നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണത്തില്‍ മാത്രമാണ് അവര്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കാവട്ടെ, സ്വന്തമായ റോക്കറ്റ് വിക്ഷേപണസൗകര്യവും സാങ്കേതികതയും ഇപ്പോഴുമില്ല. ഇക്കാരണത്താല്‍, ചാന്ദ്രയാനും മംഗല്‍യാനും വിജയത്തിലെത്തിച്ച ഇന്ത്യക്കാണ് ചൈന പിന്മാറിയാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഏറെ സാധ്യത.
ബഹിരാകാശനിലയങ്ങളുടെ കഥ
ലോകത്ത് ആദ്യമായി ഒരു ബഹിരാകാശനിലയം നിര്‍മിക്കുന്നത് സോവിയറ്റ് യൂണിയനാണ്. സല്യൂട്ട് (Salyut) എന്നു പേരിട്ട ഇത് 1971 ഏപ്രില്‍ 19നാണ് വിക്ഷേപിച്ചത്. സല്യൂട്ട് പരമ്പരയില്‍പ്പെട്ട മറ്റു ബഹിരാകാശനിലയങ്ങള്‍ (Salyut-2, Salyut-3) സൈനികാവശ്യങ്ങള്‍ക്കുള്ളവയായിരുന്നു. അങ്ങനെയുള്ളവ പുതിയൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്: അല്‍മാസ് (Almaz). ഈ പരമ്പര സല്യൂട്ട്-7വരെ നീണ്ടിരുന്നു. ബഹിരാകാശത്ത് എത്തിക്കുന്ന ഒരു മുഖ്യഭാഗത്തിനു തുടര്‍ച്ചയായി അനുബന്ധഭാഗങ്ങള്‍ ചേര്‍ത്ത് പതുക്കിനിര്‍മിക്കുന്ന തരത്തിലുള്ള ബഹിരാകാശനിലയമായിരുന്നു ലോകപ്രസിദ്ധമായിത്തീര്‍ന്ന മിര്‍ (Mir). 1986ല്‍ വിക്ഷേപിച്ച ഇത് 2001 വരെ പ്രയോജനക്ഷമമായി നിലനിന്നിരുന്നു. ഇതേ മാത്യകയില്‍ പിന്നീട് നിര്‍മിച്ചതായിരുന്നു ഭഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷന്‍ (International Space Station-ISS).
രണ്ട് പ്രധാന പ്രവര്‍ത്തന പങ്കാളികള്‍ക്കായി രണ്ടു ഭാഗങ്ങള്‍ നീക്കിവയ്ക്കപ്പെട്ട തരത്തിലായിരുന്നു ഇത് നിര്‍മിച്ചത്. ഒന്നാം ഭാഗം റഷ്യയും രണ്ടാം ഭാഗം അമേരിക്കയുമാണ് നിയന്ത്രിച്ചത്്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കും സ്പേസ് സ്റ്റേഷനില്‍ താമസിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇക്കാരണത്താലാണ് അത് രാജ്യാന്തര ബഹിരാകാശനിലയം എന്ന് അറിയപ്പെട്ടത്. 1998ലാണ് രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ ആദ്യഭാഗം വിക്ഷേപിച്ചത്. അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്കോമോസ്, യൂറോപ്യന്‍ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നിവയാണ് പ്രവര്‍ത്തനത്തില്‍ ഇന്ന് പങ്കുകൊള്ളുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍.പുതിയ നിലയംമിര്‍ എന്നതുപോലെയുള്ള ചുരുക്കപ്പേര് റഷ്യ നിര്‍മിക്കാനിരിക്കുന്ന പുതിയ ബഹിരാകാശനിലയത്തിന് നിര്‍ദേശിച്ചെങ്കിലും മിറിന് ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാനുള്ള പദ്ധതി റഷ്യക്ക് നേരത്തെ ഉണ്ടായിരുന്നു. മിര്‍-2 എന്നു പേരിട്ട ഈ പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് ഒരിക്കലും നടപ്പായില്ല. നിലവില്‍ ഒരു നീണ്ട പേരാണ് പുതിയ റഷ്യന്‍ ബഹിരാകാശ നിലയത്തിനായി നല്‍കിയിരിക്കുന്നത്:
ഓര്‍ബിറ്റല്‍ പൈലറ്റഡ് അസംബ്ലി ആന്‍ഡ് ടെക്നിക്കല്‍ കോംപ്ലക്സ് (Orbital Piloted Assembly and Experiment Complex). എന്നാല്‍ ഇത് സാങ്കേതികമായ പേരാണ്. പുതിയൊരു വിളിപ്പേര് നിശ്ചയിക്കുന്നതോടെ ഇത് ഔദ്യോഗിക നാമമായി മാറും. ഇപ്പോഴുള്ള രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്ന് അടര്‍ത്തിമാറ്റുന്ന റഷ്യന്‍നിര്‍മിത ഭാഗങ്ങളാകും പുതിയ നിലയത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുകയെന്നും പദ്ധതിരേഖകളില്‍ പറയുന്നു.
- See more at: http://www.deshabhimani.com/news-special-kilivathil-latest_news-450428.html#sthash.YX2IXKks.dpuf

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിലെ സമുദ്രം; കൂടുതല്‍ തെളിവുമായി ഹബ്ബിള്‍


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍, ഉപരിതലത്തിലെ മഞ്ഞുപാളിക്കടിയില്‍ സമുദ്രമുണ്ട് എന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്

വ്യാഴഗ്രഹവും ഉപഗ്രഹമായ ഗാനിമീഡും -ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/ESA 


സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡില്‍ ( Ganymede ) സമുദ്രമുണ്ട് എന്ന നിഗമനത്തിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ഗവേഷകര്‍.

വ്യാഴത്തിന്റെ ആ ഉപഗ്രഹത്തില്‍ മഞ്ഞുറഞ്ഞ പുറന്തോടിനുള്ളില്‍ സമുദ്രമുണ്ടെന്നതിന്, ഹബ്ബില്‍ സ്‌പേസ് ടെലസ്‌കോപ്പില്‍ നിന്നാണ് കുടുതല്‍ തെളിവെത്തിയത്. വാസയോഗ്യമായ ഒരു ലോകമാണോ ഗാനിമീഡിലേതെന്ന ആകാംക്ഷയുണര്‍ത്തുന്നതാണ് പുതിയ വിവരങ്ങള്‍.

ഗാനിമീഡിനെ അടുത്തു ചെന്ന് നിരീക്ഷിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'ജൂസ് പേടകം' ( Juice probe ) 2022 ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്.

നാസയുടെ 'ഗലീലിയോ ദൗത്യം' 2000 ത്തിന്റെ തുടക്കത്തില്‍ ഗാനിമീഡ് ഉപഗ്രഹത്തെ നിരീക്ഷിച്ചിരുന്നു. 5300 കിലോമീറ്റര്‍ വിസ്താരമുള്ള ആ ഉപഗ്രഹത്തില്‍ മറഞ്ഞിരിക്കുന്ന ഒരു സമുദ്രമുണ്ടെന്ന സൂചനയും ഗലീലിയോ നല്‍കുകയുണ്ടായി.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം എന്നത് മാത്രമല്ല ഗാനിമീഡിന്റെ സവിശേഷത. സ്വന്തമായി കാന്തികമണ്ഡലമുണ്ട് അതിന്.

ഗാനിമീഡിന്റെ കാന്തികമണ്ഡലത്തെയാണ് ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സസൂക്ഷ്മം നിരീക്ഷിച്ചത്. ആ നീരീക്ഷണ ഡേറ്റയില്‍നിന്ന് ഉപഗ്രഹത്തിന്റെ ആന്തരഘടന നിരൂപിച്ചെടുക്കാന്‍ ഗവേഷകര്‍ക്കായി. ലണംശമുള്ള സമുദ്രം ഉപഗ്രഹത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത് അങ്ങനെയാണ്.

ഗാനിമീഡിലെ സമുദ്രത്തിന് 330 കിലോമീറ്ററില്‍ കൂടുതല്‍ ആഴമുണ്ടാകാന്‍ സാധ്യതയില്ലെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയിലെ കൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജോഹിം സൗര്‍ പറഞ്ഞു.

ജീവന്റെ നിലനില്‍പ്പില്‍ ഏറ്റവും പ്രധാനഘടകമാണ് ജലസാന്നിധ്യം. ഗാനിമീഡില്‍ സമുദ്രമുണ്ടെന്ന സൂചന അതുകൊണ്ട് തന്നെ ഗവേഷകരെ ആവേശംകൊള്ളിക്കുന്നു.

http://www.mathrubhumi.com/technology/science/ganymede-solar-system-subsurface-ocean-jupiter-moon-hubble-space-telescope-astronomy-juice-probe-530481/

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം


ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടാംഘട്ടം പരീക്ഷണം ആരംഭിക്കുകയാണ്. ഭൗതികശാസ്ത്രത്തിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുമെന്ന് കരുതുന്ന കണികാപരീക്ഷണത്തിന്റെ പുതിയ ഘട്ടത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്

ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ഒരു ഭാഗം 

ലോകത്തെ ഏറ്റവും ശക്തിയേറിയ യന്ത്രം കൂടുതല്‍ കരുത്തോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരും നിരീക്ഷിക്കാത്ത കണങ്ങളോ? സ്ഥലകാലങ്ങളില്‍നിന്ന് ഭിന്നമായ പുതിയ ഡൈമന്‍ഷനുകളോ? അതോ, പുതിയ പ്രപഞ്ചസിദ്ധാന്തങ്ങളോ? അത്യന്തം ആകാംക്ഷയിലാണ് ശാസ്ത്രലോകം.

ജനീവയില്‍ സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ( LHC ) 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നവീകരണത്തിനായി 2013 ആദ്യം നിര്‍ത്തിവെച്ച എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനം ഈ മാര്‍ച്ച് അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ്, പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ( CERN ) അറിയിച്ചിട്ടുള്ളത്.

ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിക്ക് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ചിതറിച്ച്, അതില്‍നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് മനസിലാക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുന്നത്.

ഏതാണ്ട് 43,000 കോടി രൂപ ചെലവിട്ട് പത്തുവര്‍ഷംകൊണ്ട് നിര്‍മിച്ച കണികാത്വരക ( particle accelerator ) മാണ് എല്‍.എച്ച്.സി. ഇന്ത്യയുള്‍പ്പടെ 113 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ സഹകരിക്കുന്നു.

എല്‍.എച്ച്.സിയുടെ ആദ്യഘട്ടത്തില്‍ വമ്പനൊരു ഇര കുടുങ്ങിയിരുന്നു-'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍. 2012 ലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം കണികാപരീക്ഷണത്തില്‍ സ്ഥിരീകരിച്ചത്. പ്രപഞ്ചത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഭൗതികശാസ്ത്രരംഗത്തുണ്ടായ ഏറ്റവും പ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

ഹിഗ്ഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്തുക എന്നത് മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു എങ്കിലും, ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന മറ്റ് പല സമസ്യകള്‍ക്കും ഉത്തരം തേടാന്‍ ലക്ഷ്യമിട്ടാണ് എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

അത്യുന്നത ഊര്‍ജനിലയില്‍ പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍, ഊര്‍ജവും പദാര്‍ഥവും കൂടിക്കുഴഞ്ഞ ആദിമ പ്രപഞ്ചത്തിന്റെ ചെറിയൊരു രൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടും. മഹാവിസ്‌ഫോടനം ( Big Bang ) വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളുടെ ചെറിയൊരു പതിപ്പാണത്. എന്തുകൊണ്ട് പ്രപഞ്ചം ഇന്നത്തെ നിലയില്‍ കാണപ്പെടുന്നു എന്നറിയണമെങ്കില്‍ ഈ ദിശയിലുള്ള അന്വേഷണം കൂടിയേ തീരൂ. 

ചെമ്പുരുക്കുന്ന ശക്തി 

ശരിക്കുപറഞ്ഞാല്‍, രണ്ടുവര്‍ഷംമുമ്പ് അടച്ചിട്ട എല്‍.എച്ച്.സിയല്ല ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിമുടി പരിഷ്‌ക്കരിച്ച് ആ യന്ത്രത്തെ ഏതാണ്ട് ഇരട്ടി ശേഷിയുള്ളതാക്കി മാറ്റിയിരിക്കുന്നു.

'ഫലത്തില്‍ ഇതിപ്പോള്‍ പുതിയ യന്ത്രമാണ്'-സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹുയര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളത്തില്‍ പറയുകയുണ്ടായി. 'അടച്ചിട്ടിരുന്ന സമയത്ത് യന്ത്രത്തിന്റെ ഓരോ 20 മീറ്റര്‍ ഇടവിട്ട് ഞങ്ങള്‍ തുറക്കുകയുണ്ടായി'. 

എല്‍.എച്ച്.സിയിലെ കോംപാക്ട് മ്യുവോണ്‍ സോളിനോയിഡിന്റെ ( CMS ) ഭാഗം

ബാഹ്യപ്രപഞ്ചത്തില്‍പോലും കാണാത്തത്ര താഴ്ന്ന താപനിലയില്‍, മൈനസ് 273 ഡിഗ്രി സെല്‍സിയസില്‍, സ്ഥിതിചെയ്യുന്ന ഏതാണ്ട് പതിനായിരത്തോളം അതിചാലക വൈദ്യുതകാന്തങ്ങളാണ് 27 കിലോമീറ്റര്‍ നീളമുള്ള എല്‍.എച്ച്.സി.ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ കൃത്യമായ ദിശയില്‍ ചരിപ്പിക്കുന്നത്. 'അതിശീതാവസ്ഥയിലുള്ള പതിനായിരത്തോളം കാന്തങ്ങളിലെയും കണക്ഷനുകള്‍ പരിശോധിച്ച് പരിഷ്‌ക്കരിച്ചു' - ഹുയര്‍ അറിയിച്ചു.

2013 ല്‍ അടച്ചിടുമ്പോള്‍ 8 TeV (ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്) ആയിരുന്നു എല്‍.എച്ച്.സിയുടെ ശേഷിയെങ്കില്‍, രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍ അത് 13 TeV ആയിരിക്കുന്നു. മുമ്പത്തെക്കാള്‍ 60 ശതമാനം കൂടുതല്‍ ശക്തിയോടെയാണ് കണികകള്‍ കൂട്ടിയിടിക്കുക. ഒരു കണികാത്വരകം ഇത്ര വലിയ ഊര്‍ജനില കൈവരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളുടെ തീവ്രതയും ( luminosity ) രണ്ടാംഘട്ടത്തില്‍ കൂടും. ഇതിനര്‍ഥം ഒരോ സെക്കന്‍ഡിലും സംഭവിക്കുന്ന കണികാകൂട്ടിയിടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ്. മുമ്പ് സെക്കന്‍ഡില്‍ 36 കോടി കണികാകൂട്ടിയിടികള്‍ നടന്നിടത്ത്, ഇനി സെക്കന്‍ഡില്‍ 70 കോടി കൂട്ടിയിടികളാകും സംഭവിക്കുക.

ഇതിന്റെ ഫലമായി, പുതിയ കണങ്ങളും പ്രതിഭാസങ്ങളും പ്രത്യക്ഷപ്പെടുന്നതിനൊപ്പം കൂടുതല്‍ ഡേറ്റയും എല്‍.എച്ച്.സിയില്‍ സൃഷ്ടിക്കപ്പെടും. സ്വാഭാവികമായും ഡേറ്റാവിശകലനത്തിനുള്ള സംവിധാനങ്ങള്‍ വിപുലമാക്കേണ്ടിവരും.

പുതുക്കിയ എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനശേഷി കാര്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, രണ്ടാംഘട്ടം തുടങ്ങിയ ഉടന്‍ ഇത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള പരീക്ഷണം പ്രതീക്ഷിക്കേണ്ടതില്ലെന്ന് 'സേണ്‍' അധികൃതര്‍ പറയുന്നു. തുടക്കത്തില്‍ എല്‍.എച്ച്.സിയിലൂടെ കണികാധാരകള്‍ കടത്തിവിട്ട് നോക്കുക മാത്രമാണ് ചെയ്യുക. കൂട്ടിയിടികള്‍ ആരംഭിക്കുക രണ്ടുമാസമെങ്കിലും കഴിഞ്ഞായിരിക്കുമെന്ന് ഹുയര്‍ അറിയിച്ചു.

തീവ്രത വര്‍ധിച്ചതിനാല്‍ കണികാധാരകള്‍ അത്യുന്നത താപനിലയിലായിരിക്കും. 'അത്തരത്തില്‍ ശക്തിയേറിയ കണകാധാരകള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. കാരണം, ഓരോ കണികാധാരയ്ക്കും 500 കിലോഗ്രാം ചെമ്പ് ഉരുക്കാനുള്ളത്ര ശക്തിയും താപനിലയുമുണ്ടായിരിക്കും. രണ്ട് കണികാധാരകളും ഒരുമിച്ചായാല്‍ ഒരു ടണ്‍ ചെമ്പുരുകും' - ഹുയര്‍ പറഞ്ഞു. 


'സ്റ്റാന്‍ഡേര്‍ഡ് മോഡലി'നപ്പുറത്തേക്ക്

വര്‍ധിതശക്തിയോടെ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, ഗവേഷകരുടെ ആദ്യ ശ്രദ്ധ ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാകും.

പ്രപഞ്ചസാരം സംബന്ധിച്ച് 1970 കളില്‍ നിലവില്‍വന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ( Standard Model ) വന്‍വിജയമായാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രപഞ്ചത്തില്‍ മൗലികതലത്തില്‍ പദാര്‍ഥവും ബലങ്ങളും എങ്ങനെ ബന്ധപ്പെടുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. 12 പദാര്‍ഥകണങ്ങളും നാല് അടിസ്ഥാനബലങ്ങളുമാണ് പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മുന്നോട്ടു വെയ്ക്കുന്നത്. 

എല്‍.എസ്.സിയിലെ സി.എം.എസ്.എക്‌സ്‌പെരിമെന്റില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ പ്രത്യക്ഷപ്പെട്ട ഒരു കണികാകൂട്ടിയിടി 

ഗുരുത്വബലം, വൈദ്യുതകാന്തികബലം, അതിബലം ( Strong force ), ക്ഷീണബലം ( weak force ) എന്നിവയാണ് നാല് അടിസ്ഥാനബലങ്ങള്‍. ഇതില്‍ ഗുരുത്വബലം സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ പരിധിയില്‍ വരുന്നില്ല. സൂക്ഷ്മപ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടംഭൗതികത്തെയും, സ്ഥൂലപ്രപഞ്ചത്തെ വിശദീകരിക്കുന്ന ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയും ഏകീകരിച്ച് ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഭൗതികശാസ്ത്രത്തിന് കഴിയാത്തതാണ്, ഗുരുത്വബലം ഇപ്പോഴും കളത്തിന് പുറത്തുനില്‍ക്കാന്‍ കാരണം.

മാത്രമല്ല, ഗാലക്‌സികളെ നിലനിര്‍ത്തുന്ന തമോദ്രവ്യ (Dark Matter) മെന്ന നിഗൂഢപദാര്‍ഥത്തെ സംബന്ധിച്ചും സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിശബ്ദമാണ്. ശ്യാമദ്രവ്യത്തെ വിശദീകരിക്കാന്‍ 'സൂപ്പര്‍സിമട്രി' ( supersymmetry ) എന്നൊരു സൈദ്ധാന്തിക സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വിപുലീകരണമായാണ് സുപ്പര്‍സിമട്രി കടന്നുവരുന്നത് (SUSY എന്നിതിനെ ഓമനപ്പേരിട്ട് വിളിക്കാറുണ്ട്). സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെടുന്ന ഓരോ കണത്തിനും, ഇനിയും കണ്ടെത്താത്ത ഒരോ 'സൂപ്പര്‍പങ്കാളി' ( superpartner ) വീതം ഉണ്ടെന്ന് ഈ സിദ്ധാന്തം പറയുന്നു. ഇലക്ട്രോണിന് 'സിലക്ട്രോണ്‍' ( selectron ), ഫോട്ടോണിന് 'ഫോട്ടിനോ' ( photino ) എന്നിങ്ങനെ.

സൂപ്പര്‍സിമട്രി പ്രകാരം 'ന്യൂട്രാലിനോകള്‍' ( Neutralinos ) എന്ന സൂപ്പര്‍സിമട്രിക് കണങ്ങളാലാണ് ശ്യാമദ്രവ്യം രൂപപ്പെടുന്നത്. കൂടുതല്‍ ശക്തിയോടെ എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണം നടക്കുമ്പോള്‍ ന്യൂട്രാലിനോകള്‍ കണ്ടെത്താനായാല്‍, അത് വന്‍മുന്നേറ്റമാകും. സൂപ്പര്‍സിമട്രി സിദ്ധാന്തത്തിന്റെ വിജയം മാത്രമാകില്ല അത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനപ്പുറത്തേക്ക് ഭൗതികശാസ്ത്രത്തിന് ചുവടുവെയ്ക്കാന്‍ അവസരമൊരുക്കുകയും ചെയ്യും ആ കണ്ടെത്തല്‍.

സൂപ്പര്‍സിമട്രി ശരിയെന്ന് തെളിഞ്ഞാല്‍, ഭൗതികശാസ്ത്രം മറ്റൊരു വിപ്ലവത്തിനാകും സാക്ഷിയാവുക. എന്തുകൊണ്ട്, പദാര്‍ഥ കണങ്ങള്‍ക്ക് ദ്രവ്യമാനം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ദ്രവ്യമാനം ഇത്ര കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു, ശ്യാമദ്രവ്യത്തിന്റെ രഹസ്യം - ഇതൊക്കെ അനാവരണം ചെയ്യപ്പെടും. 

പുതിയ ഡൈമന്‍ഷനുകള്‍ 

സൂപ്പര്‍സിമട്രി സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല, മറ്റൊരു കൂട്ടരും എല്‍.എച്ച്.സിയില്‍ നടക്കുന്ന രണ്ടാംഘട്ടം പരീക്ഷണം പ്രതീക്ഷയോടെ കാക്കുന്നുണ്ട്. ഭൗതികശാസ്ത്രത്തില്‍ ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്ട്രിങ് തിയറിയുടെ വക്താക്കളാണവര്‍.

നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന് ഡൈമന്‍ഷനുകളുടെ (മാനങ്ങളുടെ) സ്വാധീനമേ നേരിട്ട് അനുഭവിക്കാറുള്ളു; നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം ( space-time ) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന് ആപേക്ഷികതാസിദ്ധാന്തം നമുക്ക് മനസിലാക്കിത്തരുന്നു. 

എല്‍.എച്ച്.സിയിലെ അറ്റ്‌ലസ് ( ATLAS ) കലോമീറി മീറ്റര്‍ 2005 ല്‍ സ്ഥാപിക്കുന്ന വേളയിലെടുത്ത ചിത്രം

വേറെ ഏഴ് ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ് സ്ട്രിങ് തിയറി പറയുന്നത്. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന് ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന് സ്ട്രിങ് തിയറി പറയുന്നു.

സ്ട്രിങ് തിയറി അനുസരിച്ച് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന സൂക്ഷ്മ തന്ത്രികള്‍ കൊണ്ടാണ്. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത കമ്പനങ്ങളാണ് പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികള്‍ക്ക് നിദാനം.

ഗുരുത്വബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സ്ട്രിങ്തിയറിയില്‍ മറുപടിയുണ്ട്. സ്‌പേസില്‍ മറഞ്ഞിരിക്കുന്ന മറ്റ് ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വബലത്തെ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്, നമുക്ക് ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്.

ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ കണികാപരീക്ഷണത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സ്ട്രിങ് തിയറിക്കാരുടെ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ അത് രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന് തെളിവായി കാണാം എന്നവര്‍ കരുതുന്നു.

സൂപ്പര്‍സിമട്രി കണ്ടെത്തിയാല്‍, അത് സ്ട്രിങ് തിയറിയിലേക്കുള്ള ഒരു പാതയൊരുക്കലാകും. കാരണം സ്ട്രിങ് തിയറി സാധ്യമാകണമെങ്കില്‍ സൂപ്പര്‍സിമട്രിയുടെ ചില വകഭേദങ്ങള്‍ ഉണ്ടായേ തീരൂ.

സൂപ്പര്‍സിമട്രിയും അധിക ഡൈമന്‍ഷനുകളും കണ്ടെത്താനായാല്‍ സ്ട്രീങ് തിയറിക്ക് സാധൂകരണത്തിന് വഴിതെളിയുമെന്നര്‍ഥം. അതുവഴി, പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും, നിലവിലെ പ്രതിസന്ധി മറികടക്കാനും സാധിക്കും. ഒരു ഏകീകൃതസിദ്ധാന്തം എന്ന ശാസ്ത്രലോകത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം സഫലമാകാന്‍ സ്ട്രിങ് തിയറി വഴിതുറക്കും.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെങ്കിലും, ആകാംക്ഷയ്‌ക്കോ പ്രതീക്ഷകള്‍ക്കോ തെല്ലും കുറവില്ലെന്ന് സാരം.

(അവലംബം: 1. Massive: The Hunt for the God Particle (2010), by Ian Sample; 2. Collider: The Search for the World's Smallest Particles (2009) by Paul Halpern; 3. 'പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം' (2008), കുറിഞ്ഞി ഓണ്‍ലൈന്‍; 4. സേണിന്റെ വാര്‍ത്താക്കുറിപ്പ; ചിത്രങ്ങള്‍ കടപ്പാട്: CERN)


http://www.mathrubhumi.com/technology/science/particle-physics-large-hadron-collider-lhc-particle-experiment-cern-higgs-boson-god-particle-universe-533152/

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി

മംഗള്‍യാന്റെ കാലാവധി ആറുമാസം കൂടി നീട്ടി
-മാതൃഭൂമി വെബ്
ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മംഗള്‍യാന്‍' ആറുമാസം കൂടി ചൊവ്വയെ ഭ്രമണംചെയ്യും. പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവശിച്ച് ആറുമാസം തികയുന്ന ദിവസമാണ് ഐ.എസ്.ആര്‍.ഒ. ഇക്കാര്യം അറിയിച്ചത്.


ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ത്രിമാനദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 

മംഗള്‍യാന്‍ പേടകത്തിന്റെ ദൗത്യകാലയളവ് ആറുമാസം കൂടി നീട്ടി. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍' ( MOM ) എന്ന മംഗള്‍യാന്‍പേടകത്തിന്റെ മുന്‍നിശ്ചയപ്രകാരമുള്ള പ്രവര്‍ത്തനപരിധി ആറുമാസമായിരുന്നു. ആ കാലാവധി തികയുന്ന ചൊവ്വാഴ്ചയാണ് ദൗത്യം ആറുമാസം കൂടി നീട്ടിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്.

'1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തെ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ട്. അതിനാല്‍ ദൗത്യം ആറുമാസത്തേക്ക് കൂടി നീട്ടുകയാണ്' - ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് അറിയിച്ചു. 


ചൊവ്വഗ്രഹത്തിലെ ആര്‍സിയ മോണ്‍സ് മേഖലയുടെ ദൃശ്യം, മംഗള്‍യാന്‍ പകര്‍ത്തിയത്. ഗ്രഹപ്രതലത്തില്‍നിന്ന് 10707 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ചിത്രമാണിത്.

450 കോടി രൂപ ചെലവുള്ള മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5 നാണ്ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തെ ആദ്യരാജ്യവും ഇന്ത്യയായി.

'പേടകത്തിലുള്ള അഞ്ച് പരീക്ഷണോപകരണങ്ങളും (പേലോഡ്‌സ്) ഡേറ്റ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കുന്നത് അടുത്ത ആറുമാസവും തുടരുമെന്ന്, കാര്‍ണിക് പറഞ്ഞു. അഞ്ച് പേലോഡുകളില്‍ 'മാഴ്‌സ് കളര്‍ ക്യാമറ ( MCC ) ആണ് ഏറ്റവും പ്രവര്‍ത്തനക്ഷമം. ചൊവ്വാപ്രതലത്തിന്റെ ഒട്ടേറെ വ്യത്യസ്ത ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞു.


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വാപ്രതലത്തിന്റെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 366 കിലോമീറ്റര്‍ അകലെ നിന്നെടുത്തത്. 

മംഗള്‍യാന്‍ പേടകത്തിലെ മറ്റ് നാല് ഉപകരണങ്ങള്‍ ഗ്രഹപ്രതലത്തിലെ സമ്പുഷ്ടമായ ധാതുഘടകങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും, ഒപ്പം അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം സ്‌കാന്‍ ചെയ്യുകയും ചെയ്യും. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ നിലനില്‍പ്പിന് സാധ്യതയുണ്ടോ എന്നറിയാനാണ് മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം തേടുന്നത്.

'മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്‌സ്' ( MSM ), 'ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍' ( LAP ), 'മാഴ്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍' ( MENCA ), 'തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍' ( TIS ) എന്നിവയാണ് മാഴ്‌സ് കളര്‍ ക്യാമറ കൂടാതെയുള്ള മറ്റ് നാല് പേലോഡുകള്‍.

ആറുമാസം ദൗത്യകാലയളവ് പൂര്‍ത്തിയാക്കിയ മംഗള്‍യാന്‍, ഇന്ധനം മിച്ചമുള്ളതിനാല്‍ പ്രവര്‍ത്തനം തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറുമാസം കൂടി ദൗത്യം നീളുമെന്ന് ഐ.എസ്.ആര്‍.ഒ.കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് ഇപ്പോഴാണ്. (ഫെയ്‌സ്ബുക്കില്‍ ഐ.എസ്.ആര്‍.ഒ. പോസ്റ്റ് ചെയ്ത പുതിയ ചൊവ്വാചിത്രങ്ങളാണ് ഇതോടൊപ്പം. കടപ്പാട്: ISRO )


മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയിലെ വല്ലെസ് മറിനറിസ് മേഖലയുടെ ദൃശ്യം; ഗ്രഹപ്രതലത്തില്‍നിന്ന് 5797 കി.മീ.അകലെ നിന്നുള്ളത്.


ചൊവ്വാപ്രതലത്തിലെ കിന്‍കോര ഗര്‍ത്തത്തിന്റെ ദൃശ്യം മംഗള്‍യാനിലെ 'മാഴ്‌സ് കളര്‍ ക്യാമറ' പകര്‍ത്തിയത്. 2238 കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയത്. 

http://www.mathrubhumi.com/technology/science/mars-orbiter-mission-mom-mangalyaan-mars-red-planet-isro-interplanetary-mission-indian-space-research-organisation-533449/