Tuesday, May 24, 2016

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

അജീഷ് പ്രഭാകരന്‍ @ മാതൃഭൂമി



ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വിമാനത്തിന്റെ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കില്‍ - ടെക്‌നോളജി ടെമോണ്‍സ്‌ട്രേഷന്‍: ആര്‍.എല്‍.വി - ടി.ഡി) പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ലോകം ഉറ്റുനോക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എല്‍.വി ഇന്ത്യ വികസിപ്പിച്ചത്.  

പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. മിഷന്‍ മാനേജ്‌മെന്റ് കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. സാങ്കേതിക വിദ്യയുടെ പരീക്ഷണമായതു കൊണ്ട് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് വിമാനത്തിന്റെ ചെറിയ രൂപമാണ്.

പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ഭാരവുമാണ് ഉള്ളത്. ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍ വിക്ഷേപിച്ച് തിരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങുകയാണ് ചെയ്തത്.

വിമാനം മുകളിലേക്ക് പോകുമ്പോഴും വരുമ്പോഴുമുണ്ടാകുന്ന അനുകൂല, പ്രതികൂല സാഹചര്യങ്ങളെ പരിശോധിക്കുകയാണ് പരീക്ഷണത്തിലൂടെ ചെയ്തത്.

ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിലാണ് വാഹനം സഞ്ചരിച്ചത്. ഡിജിറ്റല്‍ ഓട്ടോ പൈലറ്റിന്റെ സഹായത്തോടെ പുനരുപയോഗ വിക്ഷേപണ വാഹനത്തെ പൂര്‍ണമായി ഭൂമിയില്‍ നിന്നാണ് നിയന്ത്രിച്ചത്. 

 

 






ശ്രീഹരിക്കോട്ടയില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങിയ വിമാനം നാവിക സേനയുടെ സഹായത്തോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി.എസ്.എസ്.സി) എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ നടന്നത് ആദ്യ ഘട്ടമാണ്. പരീക്ഷണഫലങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടത്തിന് തയാറെടുക്കും. പിന്നീട് 2025 ഓടെ 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമുള്ള പൂര്‍ണ സജ്ജമായ വാഹനം വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ പദ്ധതി. 

പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ നാസ അടക്കമുള്ള രാജ്യാന്തര സ്‌പേസ് ഏജന്‍സികളോട് മത്സരിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. ആര്‍.എല്‍.വിയുടെ സഹായത്തോടെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതോടെ ബഹിരാകാശ വാണിജ്യ രംഗത്ത് ഇന്ത്യ നിര്‍ണായക ശക്തിയായി മാറും. നിലവില്‍ 160 കോടി രൂപയില്‍ കൂടുതലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയില്‍ ചെലവ് വരുന്നത്. മറ്റ് വിദേശ സ്‌പേസ് ഏജന്‍സികളുടെ ചെലവ് ഇതിലും കൂടുതലാണ്. 

വിക്ഷേപിച്ചതിന് ശേഷം റോക്കറ്റ് അന്തരീക്ഷത്തില്‍ കത്തിയമരുകയോ, കടലില്‍ വീഴുകയാണ് ചെയ്യുന്നത്. ഇതിനാല്‍ റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയാറില്ല. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നത്. എന്നാല്‍, പുനരുപയോഗ വിക്ഷേപണ വാഹനം ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച ശേഷം തിരിച്ച് കടലില്‍ ഇറങ്ങും. പിന്നീട് ഇതേ വാഹനം ഉപയോഗിച്ച് വീണ്ടും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയും. 

ആര്‍.എല്‍.വി യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് രാജ്യാന്തര സ്‌പേസ് ഏജന്‍സികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കഴിയും. ഉപഗ്രഹ വിക്ഷേപണത്തിന് ചെലവ് കുറവായതിനാല്‍ വിദേശ രാജ്യങ്ങള്‍ നിലവില്‍ ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഈ ചെലവ് വീണ്ടും കുറയ്ക്കാമെന്നതിനാല്‍ ബഹിരാകാശ വാണിജ്യ രംഗത്ത് വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടിവരും.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079989

2 comments:

  1. നന്നായിട്ടുണ്ട്
    ഈ blog കൂടുതൽ ആളുകൾക്ക് സഹായെ മാവുന്നതിൽ സന്തോഷം

    ReplyDelete
  2. നന്നായിട്ടുണ്ട്
    ഈ blog കൂടുതൽ ആളുകൾക്ക് സഹായെ മാവുന്നതിൽ സന്തോഷം

    ReplyDelete