Saturday, May 28, 2016

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത
.
.
കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പ് (Kepler Space Telescope) കണ്ടെത്തിയ 62f എന്ന അന്യഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. കെപ്ലര്‍ ഡാറ്റ അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ 62f ഭൂസമാനമായ ഘടനയോടു കൂടിയുള്ളതും പാറകളും വെള്ളം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ സാധ്യതയുമുള്ള ഗ്രഹമാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്.
ഭൂമിയില്‍ നിന്നും 1200 പ്രകാശവര്‍ഷം അകലെയുള്ള, നമ്മുടെ സൂര്യനേക്കാള്‍ വലുപ്പം കുറഞ്ഞ ചുവപ്പുകുള്ളന്‍ വിഭാഗത്തില്‍പ്പെടുന്ന കെപ്ലര്‍-62 എന്ന നക്ഷത്രത്തെ (Kepler-62) ചുറ്റുന്ന 5 ഗ്രഹങ്ങളില്‍ ഒന്നാണ് 62f. ഭൂമിയുടെ 1.4 മടങ്ങ് അധികം വലുപ്പമുള്ളതാണ് ഈ ഗ്രഹം. ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഭൂസമാനമായ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള പരിക്രമണപഥമാണ് ഹാബിറ്റബിള്‍ സോണ്‍. ഈ മേഖലയിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.
.
വിദൂര നക്ഷത്രങ്ങളില്‍ ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി വിക്ഷേപിക്കപ്പെട്ട കെപ്ലര്‍ ദൗത്യം 2013ല്‍ ആണ് കെപ്ലര്‍-62വിനും കെപ്ലര്‍-69നും ഗ്രഹങ്ങളെ കണ്ടെത്തുന്നത്. കെപ്ലര്‍-62e എന്ന ഗ്രഹം ഭൂമിയേക്കാള്‍ 1.6 മടങ്ങ് വലുപ്പമുള്ള ഒരു സൂപ്പര്‍ എര്‍ത്ത് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടും ഹാബിറ്റബിള്‍ സോണില്‍ തന്നെയാണ്.
.
ഈ ഗ്രഹം 267 ദിവസങ്ങള്‍ കൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നത്. ഭൂമിയേക്കാള്‍ കട്ടി കൂടിയ അന്തരീക്ഷമാണ് ഇതിനുള്ളത്. ഭൂമിയേക്കാള്‍ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഈ ഗ്രഹത്തില്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
ഈ ഗ്രഹം ഭൂമിക്ക് സമാനമായ പാറഗ്രഹമാണെന്ന കണ്ടെത്തലുകളടങ്ങിയ പ്രബന്ധം, റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 2016ലെ നോട്ടീസിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിലെ ശാസ്ത്രജ്ഞനായ രാജിബ് മിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിറകില്‍.
.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രം അംഗം ഷീല്‍ഡ്‌സ് (Aomawa L. Shields) ഇങ്ങനെ അഭിപ്രായപ്പെടുന്നു,
"ജലം ഒഴുകുന്ന അവസ്ഥയില്‍ കാണപ്പെടുന്നതിനാവശ്യമായ നിരവധി സാഹചര്യങ്ങള്‍, അന്തരീക്ഷ താപനില ഉള്‍പ്പടെ ഈ ഗ്രഹത്തിലുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. അതിനാല്‍ത്തന്നെ ജീവസാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയില്‍ മുന്‍ഗണനയുണ്ട് കെപ്ലര്‍-62f വിന്."
.
2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ ദൗത്യം 2016 മെയ് 10 തീയതി പ്രകാരം 1284 അന്യഗ്രഹങ്ങളുടെ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ള 3200ഓളം അന്യഗ്രഹങ്ങളില്‍ 2325 എണ്ണവും കണ്ടെത്തിയത് കെപ്ലര്‍ മിഷന്‍ ആണ്.
.
കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന, 2018ല്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (James Webb Space Telescope) കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.
.
.
റിപ്പോര്‍ട്ട് - ബ്രിജേഷ് പൂക്കോട്ടൂര്‍
.
ചിത്രങ്ങള്‍ക്ക് കടപ്പാട് - NASA Ames/JPL-Caltech/Tim Pyle., Wikimedia
.
കൂടുതല്‍ വായിക്കുന്നതിന്,
http://online.liebertpub.com/doi/pdfplus/10.1089/ast.2015.1353
http://www.jpl.nasa.gov/missions/kepler/
https://en.wikipedia.org/wiki/Kepler-62f
http://www.space.com/24142-kepler-62f.html
http://www.universetoday.com/129174/life-kepler-62f/

No comments:

Post a Comment