Saturday, May 28, 2016

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത

ഭൂസമാനമായ കെപ്ലര്‍-62fല്‍ ജീവന് സാധ്യത
.
.
കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പ് (Kepler Space Telescope) കണ്ടെത്തിയ 62f എന്ന അന്യഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. കെപ്ലര്‍ ഡാറ്റ അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ 62f ഭൂസമാനമായ ഘടനയോടു കൂടിയുള്ളതും പാറകളും വെള്ളം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ സാധ്യതയുമുള്ള ഗ്രഹമാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്.
ഭൂമിയില്‍ നിന്നും 1200 പ്രകാശവര്‍ഷം അകലെയുള്ള, നമ്മുടെ സൂര്യനേക്കാള്‍ വലുപ്പം കുറഞ്ഞ ചുവപ്പുകുള്ളന്‍ വിഭാഗത്തില്‍പ്പെടുന്ന കെപ്ലര്‍-62 എന്ന നക്ഷത്രത്തെ (Kepler-62) ചുറ്റുന്ന 5 ഗ്രഹങ്ങളില്‍ ഒന്നാണ് 62f. ഭൂമിയുടെ 1.4 മടങ്ങ് അധികം വലുപ്പമുള്ളതാണ് ഈ ഗ്രഹം. ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഭൂസമാനമായ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള പരിക്രമണപഥമാണ് ഹാബിറ്റബിള്‍ സോണ്‍. ഈ മേഖലയിലാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.
.
വിദൂര നക്ഷത്രങ്ങളില്‍ ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി വിക്ഷേപിക്കപ്പെട്ട കെപ്ലര്‍ ദൗത്യം 2013ല്‍ ആണ് കെപ്ലര്‍-62വിനും കെപ്ലര്‍-69നും ഗ്രഹങ്ങളെ കണ്ടെത്തുന്നത്. കെപ്ലര്‍-62e എന്ന ഗ്രഹം ഭൂമിയേക്കാള്‍ 1.6 മടങ്ങ് വലുപ്പമുള്ള ഒരു സൂപ്പര്‍ എര്‍ത്ത് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടും ഹാബിറ്റബിള്‍ സോണില്‍ തന്നെയാണ്.
.
ഈ ഗ്രഹം 267 ദിവസങ്ങള്‍ കൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റുന്നത്. ഭൂമിയേക്കാള്‍ കട്ടി കൂടിയ അന്തരീക്ഷമാണ് ഇതിനുള്ളത്. ഭൂമിയേക്കാള്‍ കൂടുതല്‍ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഈ ഗ്രഹത്തില്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
ഈ ഗ്രഹം ഭൂമിക്ക് സമാനമായ പാറഗ്രഹമാണെന്ന കണ്ടെത്തലുകളടങ്ങിയ പ്രബന്ധം, റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 2016ലെ നോട്ടീസിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിലെ ശാസ്ത്രജ്ഞനായ രാജിബ് മിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിറകില്‍.
.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രം അംഗം ഷീല്‍ഡ്‌സ് (Aomawa L. Shields) ഇങ്ങനെ അഭിപ്രായപ്പെടുന്നു,
"ജലം ഒഴുകുന്ന അവസ്ഥയില്‍ കാണപ്പെടുന്നതിനാവശ്യമായ നിരവധി സാഹചര്യങ്ങള്‍, അന്തരീക്ഷ താപനില ഉള്‍പ്പടെ ഈ ഗ്രഹത്തിലുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം. അതിനാല്‍ത്തന്നെ ജീവസാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയില്‍ മുന്‍ഗണനയുണ്ട് കെപ്ലര്‍-62f വിന്."
.
2009ല്‍ വിക്ഷേപിച്ച കെപ്ലര്‍ ദൗത്യം 2016 മെയ് 10 തീയതി പ്രകാരം 1284 അന്യഗ്രഹങ്ങളുടെ വിവരങ്ങള്‍ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ള 3200ഓളം അന്യഗ്രഹങ്ങളില്‍ 2325 എണ്ണവും കണ്ടെത്തിയത് കെപ്ലര്‍ മിഷന്‍ ആണ്.
.
കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന, 2018ല്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് (James Webb Space Telescope) കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.
.
.
റിപ്പോര്‍ട്ട് - ബ്രിജേഷ് പൂക്കോട്ടൂര്‍
.
ചിത്രങ്ങള്‍ക്ക് കടപ്പാട് - NASA Ames/JPL-Caltech/Tim Pyle., Wikimedia
.
കൂടുതല്‍ വായിക്കുന്നതിന്,
http://online.liebertpub.com/doi/pdfplus/10.1089/ast.2015.1353
http://www.jpl.nasa.gov/missions/kepler/
https://en.wikipedia.org/wiki/Kepler-62f
http://www.space.com/24142-kepler-62f.html
http://www.universetoday.com/129174/life-kepler-62f/

Tuesday, May 24, 2016

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ബഹിരാകാശ വിമാനം: ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

അജീഷ് പ്രഭാകരന്‍ @ മാതൃഭൂമി



ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ വിമാനത്തിന്റെ (റീ യൂസബിള്‍ ലോഞ്ച് വെഹിക്കില്‍ - ടെക്‌നോളജി ടെമോണ്‍സ്‌ട്രേഷന്‍: ആര്‍.എല്‍.വി - ടി.ഡി) പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ലോകം ഉറ്റുനോക്കുന്ന ബഹിരാകാശ ശക്തിയായി ഇന്ത്യ. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍.എല്‍.വി ഇന്ത്യ വികസിപ്പിച്ചത്.  

പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. മിഷന്‍ മാനേജ്‌മെന്റ് കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. സാങ്കേതിക വിദ്യയുടെ പരീക്ഷണമായതു കൊണ്ട് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് വിമാനത്തിന്റെ ചെറിയ രൂപമാണ്.

പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ഭാരവുമാണ് ഉള്ളത്. ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍ വിക്ഷേപിച്ച് തിരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങുകയാണ് ചെയ്തത്.

വിമാനം മുകളിലേക്ക് പോകുമ്പോഴും വരുമ്പോഴുമുണ്ടാകുന്ന അനുകൂല, പ്രതികൂല സാഹചര്യങ്ങളെ പരിശോധിക്കുകയാണ് പരീക്ഷണത്തിലൂടെ ചെയ്തത്.

ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിലാണ് വാഹനം സഞ്ചരിച്ചത്. ഡിജിറ്റല്‍ ഓട്ടോ പൈലറ്റിന്റെ സഹായത്തോടെ പുനരുപയോഗ വിക്ഷേപണ വാഹനത്തെ പൂര്‍ണമായി ഭൂമിയില്‍ നിന്നാണ് നിയന്ത്രിച്ചത്. 

 

 






ശ്രീഹരിക്കോട്ടയില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങിയ വിമാനം നാവിക സേനയുടെ സഹായത്തോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വി.എസ്.എസ്.സി) എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ നടന്നത് ആദ്യ ഘട്ടമാണ്. പരീക്ഷണഫലങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടത്തിന് തയാറെടുക്കും. പിന്നീട് 2025 ഓടെ 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമുള്ള പൂര്‍ണ സജ്ജമായ വാഹനം വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ പദ്ധതി. 

പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ നാസ അടക്കമുള്ള രാജ്യാന്തര സ്‌പേസ് ഏജന്‍സികളോട് മത്സരിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണ്. ആര്‍.എല്‍.വിയുടെ സഹായത്തോടെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നതോടെ ബഹിരാകാശ വാണിജ്യ രംഗത്ത് ഇന്ത്യ നിര്‍ണായക ശക്തിയായി മാറും. നിലവില്‍ 160 കോടി രൂപയില്‍ കൂടുതലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയില്‍ ചെലവ് വരുന്നത്. മറ്റ് വിദേശ സ്‌പേസ് ഏജന്‍സികളുടെ ചെലവ് ഇതിലും കൂടുതലാണ്. 

വിക്ഷേപിച്ചതിന് ശേഷം റോക്കറ്റ് അന്തരീക്ഷത്തില്‍ കത്തിയമരുകയോ, കടലില്‍ വീഴുകയാണ് ചെയ്യുന്നത്. ഇതിനാല്‍ റോക്കറ്റ് വീണ്ടും ഉപയോഗിക്കാന്‍ കഴിയാറില്ല. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നത്. എന്നാല്‍, പുനരുപയോഗ വിക്ഷേപണ വാഹനം ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച ശേഷം തിരിച്ച് കടലില്‍ ഇറങ്ങും. പിന്നീട് ഇതേ വാഹനം ഉപയോഗിച്ച് വീണ്ടും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയും. 

ആര്‍.എല്‍.വി യാഥാര്‍ഥ്യമാകുന്നതോടെ മറ്റ് രാജ്യാന്തര സ്‌പേസ് ഏജന്‍സികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് കഴിയും. ഉപഗ്രഹ വിക്ഷേപണത്തിന് ചെലവ് കുറവായതിനാല്‍ വിദേശ രാജ്യങ്ങള്‍ നിലവില്‍ ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. ഈ ചെലവ് വീണ്ടും കുറയ്ക്കാമെന്നതിനാല്‍ ബഹിരാകാശ വാണിജ്യ രംഗത്ത് വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ആശ്രയിക്കേണ്ടിവരും.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079989

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.

പുനരുപയോഗ വാഹന വിക്ഷേപണം വിജയം; ചരിത്രം രചിച്ച് ഇന്ത്യ.




ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് വന്‍ മുന്നേറ്റം സമ്മാനിച്ചുകൊണ്ട്, ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയിച്ചു.

തിങ്കളാഴ്ച രാവിലെ 7ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് സ്‌പേസ് ഷട്ടിലിന്റെ ചെറുമാതൃക വിക്ഷേപിച്ചത്. വിക്ഷേപിച്ച് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ പരീക്ഷണം വിജയമാണെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്റെ (ആര്‍.എല്‍.വി-ടി.ഡി) വിേക്ഷപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച രാത്രി 11ന് ആരംഭിച്ചിരുന്നു. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്.

അന്തിമ പരീക്ഷണങ്ങളും പരിശോധനകളുമെല്ലാം തൃപ്തികരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. സാധാരണ വിക്ഷേപണത്തിന്റെയത്ര സങ്കീര്‍ണതകളില്ലാത്തതാണ് ഇപ്പോള്‍ നടന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിക്ഷേപണം.





തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ( VSSC ) ഡയറക്ടര്‍ ഡോ. കെ.ശിവന്‍, ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍ എന്‍.ശ്യാം മോഹന്‍ ഉള്‍പ്പടെയുള്ളവരെല്ലാം ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് സാക്ഷിയായി.

ഭാരതം ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യ മാതൃക തയ്യാറാക്കാന്‍ 95 കോടിയോളം രൂപയാണ് ഇതിന് ചെലവായത്. ജി.മാധവന്‍ നായര്‍ വി.എസ്.എസ്.സി. ചെയര്‍മാനായിരുന്ന കാലത്താണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാക്ഷാത്കാരത്തിനുള്ള തുടക്കമായത്.

ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും.

2030 ല്‍ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ പരീകഷണ വിക്ഷേപണം നടത്തിയ വാഹനത്തെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക.

ഇപ്പോള്‍ വിക്ഷേപിച്ച പരീക്ഷണ വാഹനം 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചതെങ്കില്‍ യഥാര്‍ഥ വാഹനത്തിന്റെ പുനഃപ്രവേശം 100 കിലോമീറ്റര്‍ മുകളില്‍ നിന്നായിരിക്കും. ശബ്ദത്തെക്കാള്‍ 25 മടങ്ങ് വേഗതയാണ് യഥാര്‍ഥ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. 2002 മുതല്‍ 2004 വരെ ഡോ.ജി.മാധവന്‍ നായരുടെ മേല്‍നോട്ടത്തില്‍ ശ്യാം മോഹന്‍ ആര്‍.എല്‍.വി.യുടെ സിസ്റ്റം എന്‍ജിനിയറിങ്ങിലും സിസ്റ്റം ആര്‍ക്കിടെക്ചറിലും ജോലി ചെയ്തു. പിന്നീട് ഡോ. എ.പി.ജെ.അബ്ദുല്‍ കലാം, ഡോ. കസ്തൂരിരംഗന്‍, ഡോ. ആര്‍.നരസിംഹ, ഡോ. ജി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ ശ്യാംമോഹന്റെയും സംഘത്തിന്റെയും പഠനങ്ങള്‍ പരിശോധിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

2004 ല്‍ ദൗത്യത്തിന് അംഗീകാരവും ലഭിച്ചു. 2011 മുതല്‍ ശ്യാം മോഹനാണ് ആര്‍.എല്‍.വി-ടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍. നിലവിലെ ഡയറക്ടര്‍ ഡോ. കെ.ശിവന്‍ ഉള്‍പ്പടെ ഐ.എസ്.ആര്‍.ഒ.യിലെ അറുനൂറോളം എന്‍ജിനിയര്‍മാരുടെ ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥമായത്.

http://www.mathrubhumi.com/technology/science/reusable-launch-vehicle-rlv-isro-space-shuttle-indian-space-research-organisation-malayalam-news-1.1079855


Monday, May 9, 2016

ബുധസംതരണം കാണാന്‍ അവസരമൊരുക്കി മാര്‍സ്

മലപ്പുറം, 09.05.2016: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ,ജ്യോതിശാസ്ത്ര വിഷയസമിതിയായ മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ (മാർസ്) ആഭിമുഖ്യത്തിൽ അപൂർവ്വമായ ബുധസംതരണം കാണാൻ അവസരമൊരുക്കി. മലപ്പുറം കോട്ടക്കുന്നിൽ വച്ചു നടന്ന പരിപാടിയിൽ രണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ച് സംതരണം ദൃശ്യമാക്കി. ഒന്നിൽ സോളാർ ഫിൽട്ടർ ഉപയോഗിച്ചുള്ള രീതിയും മറ്റൊന്നിൽ പ്രൊജക്ഷൻ രീതിയും ഉപയോഗപ്പെടുത്തി.
.
ഭൂമിക്കും സൂര്യനുമിടയിൽ കൃത്യമായി ബുധൻ കടന്നു വരുമ്പോൾ സൂര്യബിംബത്തിൽ ഒരു പൊട്ടുപോലെ ബുധൻ കാണപ്പെടുന്ന പ്രതിഭാസമാണ് ബുധസംതരണം. 2019 ലും 2032ലും ആണ് അടുത്തതായി ബുധസംതരണം ദൃശ്യമാകുക.

.
 
  
  
  
  
  
  
  
  
  
  
  
  


Friday, May 6, 2016

| ബുധസംതരണം | 2016 May 09 |

ബുധസംതരണം കാണാന്‍ അവസരം!
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഭാഗമായ മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി (മാര്‍സ്), 2016 മെയ് 9ന് ബുധസംതരണം കാണാന്‍ അവസരമൊരുക്കുന്നു. വൈകീട്ട് 4.30ന് മലപ്പുറം കോട്ടക്കുന്നില്‍ വച്ചു നടക്കുന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
.

ബുധസംതരണത്തെക്കുറിച്ചുള്ള മലയാളത്തിലുള്ള പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കുകള്‍ നോക്കുക.
.


(2 MB)