ആയിരത്തിയഞ്ഞൂറ് പ്രകാശവര്‍ഷമകലെയുള്ള വിചിത്രനക്ഷത്രത്തിലെ അസാധാരണമായ പ്രകാശ വ്യതിയാനങ്ങള്‍, ഒരു അന്യനാഗരികത ( Alien Civilization ) യുടെ സൂചനയല്ലേ എന്ന ചര്‍ച്ച ശാസ്ത്രലോകത്ത് ശക്തിപ്പെടുന്നു. 
എന്നാല്‍, പെട്ടന്ന് ഒന്നും തീര്‍ത്ത് പറയാനാകില്ലെന്നാണ് യു.എസ്.ബഹിരാകാശ ഏജന്‍സി നാസയുടെ നിലപാട്. 
ആ നക്ഷത്രത്തിന് ശാസ്ത്രലോകത്തുള്ള പേര് KIC 8462852 എന്നാണ്. 'വിചിത്രമായ പ്രകാശ വ്യതിയാനമാണ് ആ നക്ഷത്രത്തില്‍ നിരീക്ഷിച്ചത്' - നാസയില്‍ കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് ദൗത്യത്തില്‍ ഉള്‍പ്പെട്ട ഗവേഷകന്‍ സ്റ്റീവ് ഹൊവല്‍ പറയുന്നു. 
'ഒരു സാധാരണ അന്യനക്ഷത്രത്തിന്റെയോ ( exoplanet ), ദ്വന്ദനക്ഷത്രസംവിധാനത്തിന്റെയോ ആയി നിരീക്ഷിക്കപ്പെടുന്ന പ്രകാശ വ്യതിയാനവുമായി അതിന് സാമ്യമില്ല - ഹൊവല്‍ അറിയിച്ചു. അതുകൊണ്ട് പക്ഷേ, അത് അന്യജീവലോകത്തിന്റേതാണെന്ന് പെട്ടന്ന് പറയാനും കഴിയില്ല, അദ്ദേഹം അഭിപ്രായപ്പെട്ടു. 
ആ വിദൂര നക്ഷത്രത്തെ നിരീക്ഷിക്കുമ്പോള്‍ ലഭിക്കുന്ന അസാധാരണമായ പ്രകാശവ്യതിയാനത്തെക്കുറിച്ച്, യേല്‍ സര്‍വകലാശാലയിലെ ടബിത ബോയാജിയാനും സംഘവും ബ്രിട്ടീഷ് ജേര്‍ണലായ 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി'യുടെ ഒക്ടോബര്‍ ലക്കത്തില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
'ഈ നക്ഷത്രത്തെപ്പോലൊന്ന് ഞങ്ങള്‍ ഒരിക്കലും നിരീക്ഷിച്ചിട്ടില്ല' - ദി അത്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബായാജിയാന്‍ പറഞ്ഞു. 'ഇത് തികച്ചും വിചിത്രമാണ്'. 
വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ നിരീക്ഷണം ആരംഭിച്ച ബഹിരാകാശ ടെലിസ്‌കോപ്പാണ് 'കെപ്ലാര്‍'. 
വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹമോ മറ്റെന്തെങ്കിലും വസ്തുക്കളോ കടന്നുപോകുമ്പോള്‍ അഥവാ സംതരണം സംഭവിക്കുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന ചാഞ്ചാട്ടം നിരീക്ഷിച്ച് അന്യ ഗ്രഹസാന്നിധ്യം അറിയുകയാണ് കെപ്ലാറിന്റെ രീതി. 
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെത്ര വലിപ്പമുള്ള ഒരു വസ്തു വിദൂര നക്ഷത്രത്തിന് മുന്നിലൂടെ സഞ്ചരിച്ചാല്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ വെറും ഒരു ശതമാനം മാത്രമാണ്. എന്നാല്‍, KIC 8462852 നക്ഷത്രത്തിന് ക്രമരഹിതമായ ഇടവേളകളില്‍ 15 മുതല്‍ 22 ശതമാനം വരെ വെളിച്ചം മങ്ങുന്നു. ഇതാണ് ജ്യോതിശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്.
Kepler Space Telescope
ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ കണ്ടെത്താനാണ് കെപ്ലാര്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചത്. ചിത്രം: NASA

എന്താകാം ഇത്തരമൊരു അസാധാരണമായ പ്രകാശവ്യതിയാനത്തിന് കാരണമെന്ന കാര്യം ബായാജിയാനും കൂട്ടരും തയ്യാറാക്കിയ പേപ്പറില്‍ പരിശോധിക്കുന്നുണ്ട്. വാല്‍നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങള്‍ നിരനിരയായി നക്ഷത്രത്തെ ചുറ്റുന്നതുപോലുള്ള സാധ്യതകളാണ് അവര്‍ പരിഗണിച്ചിട്ടുള്ളത്.
എന്നാല്‍, പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജേസന്‍ റൈറ്റ് ഇക്കാര്യത്തെ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. ഒരു അന്യനാഗരികതയുടെ തെളിവാണതെന്ന് അദ്ദേഹം തയ്യാറാക്കുന്ന പ്രബന്ധത്തില്‍ പറയുന്നു. 
ഒരുപക്ഷേ, സൗരോര്‍ജപാനലുകളടങ്ങിയ മെഗാഘടനകളുടെ കൂട്ടമാകാം നക്ഷത്ര വെളിച്ചത്തില്‍ ഇത്രയും വലിയ മങ്ങലുണ്ടാക്കുന്നതെന്നാണ് റൈറ്റിന്റെ നിഗമനം.
ഇത്തരം ഡേറ്റ പരിഗണിക്കുമ്പോള്‍ അന്യനാഗരികതയെന്നത് നിങ്ങളുടെ നിഗമനങ്ങളില്‍ അവസാനത്തേതാകണം. പക്ഷേ, ഇവിടെ കാണുന്നത് ഒരു വിദൂര നാഗരികതയുടെ ലക്ഷണമാണ്, അദ്ദേഹം പറയുന്നു.  
നാസയിലെ സ്റ്റീവ് ഹൊവല്‍ ഈ വാദം പക്ഷേ, അംഗീകരിക്കുന്നില്ല. മുമ്പ് KIC 4110611 എന്നൊരു വിദൂര നക്ഷത്രത്തില്‍ ഇത്തരം വിചിത്രമായ പ്രകാശവ്യതിയാനം നിരീക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണത്തില്‍ അത് അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്ന ഒരു സംവിധാനമാണെന്നും, പ്രകാശവ്യതിയാനം ആ സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്നും തെളിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വിചിത്ര നക്ഷത്തിന്റെ കാര്യത്തിലും കൂടുതല്‍ നിരീക്ഷണം നടത്തി എന്താണ് പ്രകാശ വ്യതിയാനത്തിന് കാരണമെന്ന് കണ്ടെത്തുകയാണ് വേണ്ടത്-അദ്ദേഹം പറയുന്നു.
http://www.mathrubhumi.com/technology/science/alien-civilization-mysterious-star-astronomy-astrobiology-exoplanet-kic-8462852-nasa-malayalam-news-1.616589