Friday, October 24, 2014

ഇന്ത്യയുടെ മംഗള്‍യാന് ഗൂഗിളിന്റെ ഡൂഡില്‍

24.10.2014
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി ഒരു മാസം തികയുമ്പോഴാണ് ഡൂഡിലിലൂടെ ഗൂഗിള്‍ അത് ആഘോഷിക്കുന്നത് 



ഒരുമാസം മുമ്പാണ് ഇന്ത്യയുടെ അഭിമാന പേടകമായ മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്. ആ വിജയമുഹൂര്‍ത്തത്തിന് ഒരുമാസം തികഞ്ഞത് ഡൂഡില്‍ കൊണ്ട് ആചരിക്കുകയാണ് ഗൂഗിള്‍.

സാധാരണഗതിയില്‍ വാര്‍ഷികാചരണങ്ങള്‍ക്കും, വ്യത്യസ്ത മേഖലയിലുള്ളവരുടെ ജനനവാര്‍ഷികത്തിനുമൊക്കെയാണ് ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷപ്പെടാറ്. മംഗള്‍യാന്റെ കാര്യത്തില്‍ അതിന് മാറ്റം വന്നിരിക്കുന്നു.

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി-സി25 റോക്കറ്റിലാണ് മംഗള്‍യാന്‍ പേടകം ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചത. 2014 സപ്തംബര്‍ 24 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്ക് ശേഷം ചൊവ്വയില്‍ പേടകമെത്തിക്കുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി. ചരിത്രത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാദൗത്യമായിരുന്നു ഇന്ത്യയുടേത്. ആകെ ചിലവായത് വെറും 450 കോടി രൂപ.

അഞ്ച് പരീക്ഷണോപകരണങ്ങളാണ് (പേലോഡുകള്‍) മംഗള്‍യാനിലുള്ളത് - രണ്ട് സ്‌പെക്ട്രോമീറ്ററുകളും ഒരു റേഡിയോ മീറ്ററും ഒരു ക്യാമറയും ഒരു ഫോട്ടോമീറ്ററും.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടുത്തെ മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചും ഈ ഉപകരണങ്ങളുടെ സഹായത്തോടെ മംഗള്‍യാന്‍ പഠിക്കും. മീഥൈന്‍ ഉറവിടങ്ങളെക്കുറിച്ചുള്ള പഠനം ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുമെന്നാണ് പ്രതീക്ഷ. 


http://www.mathrubhumi.com/technology/web/google-mars-orbiter-mission-mom-mangalyaan-isro-google-doodle-mars-red-planet-494104/

No comments:

Post a Comment