Monday, September 9, 2013


ഒടുവില്‍ നാസയും ഇന്‍സ്റ്റഗ്രാമില്‍ ; ആദ്യചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്

ബഹിരാകാശദൃശ്യങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെന്ന് കരുതുക. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ നിങ്ങള്‍ സജീവവുമാണ്. എങ്കില്‍ , തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരുന്ന ഒരു ഏജന്‍സി നാസയായിരിക്കും. കാരണം, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയെ അവഗണിച്ചുകൊണ്ട് ഒരു സ്‌പേസ് പ്രേമിക്ക് മുന്നോട്ടു പോകാനാകില്ല.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല, ഫ് ളിക്കര്‍ , ഗൂഗിള്‍ പ്ലസ്സ്, യൂട്യൂബ്, ഫോര്‍സ്‌ക്വയര്‍ തുടങ്ങിയ മിക്ക സോഷ്യല്‍ മീഡിയ സൈറ്റിലും നാസ സജീവമാണ്. എന്നാല്‍ , ഫോട്ടോയും വീഡിയോയും പങ്കിടാനുള്ള സോഷ്യല്‍ മീഡിയ സര്‍വീസായ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം വരെ നാസ ഔദ്യോഗികമായി ചേര്‍ന്നിരുന്നില്ല.

കഴിഞ്ഞ ദിവസം അതും സംഭവിച്ചു. രണ്ടു ചിത്രങ്ങളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ രംഗപ്രവേശം. ചന്ദ്രന്റെ തവിട്ടുനിറമുള്ള, പുള്ളിക്കുത്തുകള്‍ നിറഞ്ഞ പ്രതലം വ്യക്തമാക്കുന്നതാണ് ഒരു ചിത്രം. ചന്ദ്രനില്‍ ഭൂമി ഉദിച്ചുയരുന്നതിന്റെ ഉജ്വലദൃശ്യം മറ്റൊന്ന്.

ആദ്യചിത്രങ്ങള്‍ തന്നെ സൂപ്പര്‍ഹിറ്റായി എന്നാണ്, തുടങ്ങി മണിക്കൂറുകള്‍ക്കകം അരലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ നാസയ്ക്ക് ലഭിച്ചത് സൂചിപ്പിക്കുന്നത്.

ആറ് ദൃശ്യങ്ങള്‍ക്കൂടി ഇതിനകം നാസ ഇന്‍സ്റ്റഗ്രാം സൈറ്റില്‍ പോസ്റ്റുചെയ്തു. ചന്ദ്രാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസം നാസ വിക്ഷേപിച്ച ലാഡി ദൗത്യംകുതിച്ചുയരുന്നതിന്റെ ദൃശ്യമാണ് അതിലൊരെണ്ണം.

തങ്ങള്‍ നടത്തുന്ന പര്യവേക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ സാധ്യതകള്‍ സ്ഥിരമായി വിപുലീകരിക്കുന്നതില്‍ നാസ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്ന് പ്രസ്സ് സെക്രട്ടറി ലോറന്‍ വോര്‍ലി അറിയിച്ചു.

പുതിയ മികച്ച ഫോട്ടോകള്‍ ലഭിക്കുന്നതില്‍ ആകാംക്ഷയുള്ളവരാണ് ഇന്‍സ്റ്റഗ്രാമിനെ തീഷ്ണതയോടെ പിന്തുടരുന്നവര്‍ . അത്തരക്കാരില്‍ ആവേശമുണര്‍ത്താന്‍ പോന്ന ചിത്രങ്ങള്‍ നാസ വരുംനാളുകളില്‍ പോസ്റ്റുചെയ്യുമെന്ന് ലോറന്‍ സൂചന നല്‍കി.

ലാഡീ ദൗത്യത്തിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ നാസയുടെ ആദ്യ ചിത്രങ്ങള്‍ ചന്ദ്രന്റേതും ചന്ദ്രനില്‍നിന്നുമുള്ളവ ആയത് (ചിത്രം കടപ്പാട് : നാസ).


റിപ്പോർട്ട്‌ 
കടപ്പാട് : മാതൃഭൂമി

1 comment: