Saturday, January 26, 2013

ഇന്ത്യയുടെ മംഗല്‍യാന്‍

വരുന്നു, ഇന്ത്യയുടെ മംഗല്‍യാന്‍

ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി കിളിവാതില്‍


2013 ചൊവ്വാ പര്യവേക്ഷണങ്ങളുടെ വര്‍ഷമാണ്. ചൊവ്വാഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തുവരുമെന്ന പ്രത്യേകതകൂടി 2013നുണ്ട്. ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ശാസ്ത്രലോകം തയ്യാറെടുക്കുന്നതിന്റെ സൂചനകൂടിയാണ് ഈ ദൗത്യങ്ങള്‍. ഐഎസ്ആര്‍ഒയുടെ മംഗല്‍യാന്‍, നാസയുടെ മവെന്‍ എന്നീ അത്യാധുനിക ബഹിരാകാശപേടകങ്ങളാണ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്.

ഇന്ത്യ 2013 നവംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന ചൊവ്വാ പര്യവേക്ഷണ പേടകമാണ് മംഗല്‍യാന്‍ (Mangalyaan). ചൊവ്വാപേടകം(Mars-craft) എന്ന് അര്‍ഥംവരുന്ന ഹിന്ദി വാക്കാണ് മംഗല്‍യാന്‍.ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഇന്നു നിലവിലുള്ള ഏറ്റവും വിശ്വസനീയമായ വിക്ഷേപണവാഹനം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് മംഗല്‍യാന്‍ വിക്ഷേപിക്കുന്നത്. വിക്ഷേപണം വിജയിക്കുന്നതോടെ, ചൊവ്വാദൗത്യം നടത്തുന്ന ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ മൂന്നാമത്തെയും രാജ്യമാകും ഇന്ത്യ. ഇതിനുമുമ്പ് റഷ്യയും അമേരിക്കയും മാത്രമാണ് വിജയകരമായി ചൊവ്വാ പര്യവേക്ഷണം നടത്തിയിട്ടുള്ളത്. 500 കിലോഗ്രാം ഭാരമുള്ള പേടകം 300 ഭൗമദിനങ്ങള്‍ ചൊവ്വയ്ക്കുചുറ്റും സഞ്ചരിച്ച് പര്യവേക്ഷണം നടത്തും. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ചൊവ്വാഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത് 2013 നവംബറിലായതുകൊണ്ടാണ് ഉപഗ്രഹവിക്ഷേപണം നവംബറിലേക്ക് നിശ്ചയിക്കപ്പെട്ടത്. 26 മാസത്തിനിടയില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. അതുകൊണ്ടുതന്നെ എല്ലാ ചൊവ്വാദൗത്യങ്ങള്‍ക്കും ഈ കാലയളവ് പൊതുവെ സ്വീകരിക്കാറുണ്ട്.

2013നുശേഷമുള്ള ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങള്‍ 2016ലും 2018ലും ആകാനുള്ള കാരണവും ഇതുതന്നെയാണ്. ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്കും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രകള്‍ക്കും അരങ്ങൊരുക്കുകയാണ് മംഗല്‍യാന്‍ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ. ഏഴ് ശാസ്ത്രീയ ഉപകരണങ്ങളും പേടകത്തിലുണ്ട്. ദ്രാവക ഇന്ധനം ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. വളരെ വിസ്തൃതമായൊരു ദീര്‍ഘവൃത്ത പഥമാണ് (Elliptical Orbit) മംഗല്‍യാനുവേണ്ടി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരിക്കുന്നത്. 500 കിലോമീറ്റര്‍മുതല്‍ 80,000 കിലോമീറ്റര്‍വരെയാകും പേടകവും ചൊവ്വാഗ്രഹവുമായുള്ള അകലം. 2012 ആഗസ്ത് മൂന്നിനാണ് മംഗല്‍യാന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നത്.

മവെനും ഈ വര്‍ഷം
 

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്തുന്നതിനുവേണ്ടി പ്രത്യേകമായി രൂപകല്‍പ്പന നിര്‍വഹിച്ച നാസയുടെ ബഹിരാകാശപേടകം മവെന്‍ (Mars Atmosphere and Volatile Evolution- MAVEN) പുറപ്പെടുന്നു. 2013 നവംബര്‍ 18നും ഡിസംബര്‍ ഏഴിനും ഇടയ്ക്കാകും വിക്ഷേപണം. 2014 സെപ്തംബര്‍ 22ന് മവെന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഒരു ഭൗമവര്‍ഷമാണ് പര്യവേക്ഷണ കാലാവധി. പാത്ത്ഫൈന്‍ഡര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിട്ട്, ക്യൂരിയോസിറ്റി ദൗത്യങ്ങളെല്ലാം ചൊവ്വയുടെ ഉപരിതലവും മണ്ണിന്റെ ഘടനയുമെല്ലാം അപഗ്രഥിക്കുകയാണ് ചെയ്തത്. എന്നാല്‍, ചൊവ്വയുടെ അന്തരീക്ഷഘടനയെക്കുറിച്ച് പഠനം നടത്തുന്ന ആദ്യ കൃത്രിമ ഉപഗ്രഹമെന്ന പദവി മാവെന് ലഭിക്കും.

റോക്കി പര്‍വതനിരയുടെ താഴ്വാരത്ത് പ്രത്യേകം സജ്ജീകരിച്ച ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ നിര്‍മാണശാലയില്‍ പേടകത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 11.3 മീറ്റര്‍ നീളവും 903 കിലോഗ്രാം ഭാരവുമുണ്ട് മവെന്. 450 ഗാലണ്‍ ഇന്ധനം (Hydrazine propellant) നിറയ്ക്കാന്‍ കഴിയുന്ന വലിയ ഇന്ധനടാങ്കും വലിയ സോളാര്‍പാനലുകളുമുള്ള പേടകത്തെ എയ്റോ ബ്രേക്കിങ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിശ്ചിത ഭ്രമണപഥത്തില്‍ (Science Orbit) നിലനിര്‍ത്തുന്നത്.

ചൊവ്വയുടെ അന്തരീക്ഷത്തിന്റെ നേര്‍ത്ത ഘര്‍ഷണം സമര്‍ഥമായി ഉപയോഗിക്കുന്ന രീതിയാണ് എയ്റോ ബ്രേക്കിങ്കൊണ്ട് ഉദ്ദേശിക്കുന്നത്. 67 കോടി ഡോളറാണ് പദ്ധതിയുടെ മുതല്‍മുടക്ക്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്ന രണ്ടു പദ്ധതികള്‍ ഉപേക്ഷിച്ചിട്ടാണ് നാസ മാവെന്‍ ദൗത്യവുമായി മുന്നോട്ടുപോകുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് വാതകങ്ങള്‍ നഷ്ടമാകുന്നതിന്റെ തോത് കണ്ടെത്തിയാല്‍ ഗ്രഹത്തിന്റെ ഭൂതകാലം അനാവരണംചെയ്യുന്നതിനും ഭാവിയില്‍ ഭൂമിക്കും ഇത്തരമൊരു സ്ഥിതിവിശേഷം അഭിമുഖീകരിക്കേണ്ടിവരുമോയെന്നു പരിശോധിക്കാനും ഈ ദൗത്യത്തിലൂടെ ശാസ്ത്രജ്ഞര്‍ക്കു കഴിയും. ഒമ്പത് ശാസ്ത്രീയ ഉപകരണങ്ങള്‍ ഈ പേടകത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
ചുവന്ന ഗ്രഹം

വ്യാസം : 6878 കിലോമീറ്റര്‍

ഭാരം : ഭൂമിയുടെ 11 ശതമാനം

ഗുരുത്വബലം : ഭൂമിയുടെ 38%

സൂര്യനില്‍ നിന്നുള്ള ശരാശരി അകലം : 22.8 കോടി കിലോമീറ്റര്‍

ഭ്രമണകാലം : 24 മണിക്കൂര്‍ 39 മിനിറ്റ്

പരിക്രമണകാലം (ചൊവ്വാവര്‍ഷം) : 687 ഭൗമദിനങ്ങള്‍

ശരാശരി താപനില: -55 ഡിഗ്രി സെല്‍ഷ്യസ്

ഉപഗ്രഹങ്ങള്‍ : ഫോബോസ്, ഡെയ്മോസ്

കൂടിയ താപനില : 80 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില : -199 ഡിഗ്രി സെല്‍ഷ്യസ്

അന്തരീക്ഷ ഘടകങ്ങള്‍ : കാര്‍ബണ്‍ ഡയോക് സൈഡ്, നൈട്രജന്‍, ആര്‍ഗണ്‍

സൂര്യനില്‍നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ മണ്ണില്‍ ഇരുമ്പിന്റെ സംയുക്തങ്ങള്‍ (ഫെറിക് ഓക്സൈഡ്) സമൃദ്ധമായുള്ളതുകൊണ്ടാണ് ഗ്രഹം ചുവപ്പുനിറത്തില്‍ കാണപ്പെടുന്നത്. വളരെ നേര്‍ത്ത അന്തരീക്ഷമാണ് ചൊവ്വയ്ക്കുള്ളത്. ഭൂമിക്കുചുറ്റും ഇതുപോലെയുള്ള ഒരു കാന്തികക്ഷേത്രം ചൊവ്വയ്ക്കില്ല. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമായ ഒളിമ്പസ് മോണ്‍സ്; ചൊവ്വയിലാണ്. എവറസ്റ്റ് കൊടുമുടിയുടെ മൂന്നിരട്ടി ഉയരമുണ്ടിതിന്. ചൊവ്വയുടെ ധ്രുവമേഖലകളിലുള്ള കട്ടികൂടിയ ഹിമാവരണം ഇതിനു മുമ്പു നടത്തിയ പര്യവേക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങളുള്ള ഗ്രഹവും ചൊവ്വതന്നെയാണ്.

No comments:

Post a Comment