Thursday, February 18, 2016

ഗുരുത്വതരംഗങ്ങള്‍ - നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം

ഗുരുത്വതരംഗങ്ങള്‍ - നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം

ടി ആര്‍ @ ദേശാഭിമാനി കിളിവാതില്‍

 

ഗലീലിയോ ടെലസ്കോപ്പ് കണ്ടുപിടിച്ചതിനെത്തുടര്‍ന്നുണ്ടായ വിപ്ളവം ഒന്ന് ആലോചിച്ചുനോക്കൂ. ഭൂമിയെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അതുവരെ ഉണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിച്ച ആ ടെലസ്കോപ്പിന്റെ പിന്‍ഗാമികളായി വന്ന ശക്തിയേറിയ ആധുനിക ടെലസ്കോപ്പുകള്‍ എത്ര സാധ്യതകളാണ് തുറന്നുവിട്ടത്. എന്തൊക്കെ കണ്ടെത്തലുകളാണ് നടത്തിയത്, ഇന്നും കണ്ടെത്തുന്നത്. പ്രകാശമായിരുന്നു അതിനൊക്കെ വഴികാട്ടിയായത്.

ഇപ്പോഴിതാ ഗരുത്വതരംഗങ്ങളെ കണ്ടെത്തിയ പരീക്ഷണവും ഒരു വലിയ കണ്ടുപിടിത്തത്തിലേക്കുള്ള തുടക്കമാണ്. ഗുരുത്വതരംഗങ്ങളെ പഠിക്കുന്നതിലൂടെ പ്രപഞ്ചോല്‍പ്പത്തി ഉള്‍പ്പെടെയുള്ള രഹസ്യങ്ങളിലേക്കു നീങ്ങാന്‍കഴിയുമെന്ന് ശാസ്ത്രം കരുതുന്നു.

ഇവിടെ പ്രകാശമല്ല വഴികാട്ടി; ഗുരുത്വതരംഗങ്ങളാണ്. തമോഗര്‍ത്തങ്ങള്‍ പ്രകാശം പുറപ്പെടുവിക്കുന്നില്ല; അതുകൊണ്ടുതന്നെ ഗുരുത്വതരംഗങ്ങളെയും കാണാനാവില്ലല്ലോ. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ രേഖപ്പെടുത്തുകയാണ്– പറയുന്നത് ഗുരുത്വതരംഗഗവേഷണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ലൈഗോയുടെ ഭാഗമായ മലയാളി ശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന്‍.

നൂറ്റിമുപ്പതുകോടി വര്‍ഷം മുമ്പുണ്ടായ തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയെ കഴിഞ്ഞ സെപ്തംബര്‍ 14ന് ലൈഗോയിലെ പരീക്ഷണശാലയിലെ ഉപകരണങ്ങളില്‍ അനുഭവപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്തപ്പോള്‍ ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടിത്തമായി അതു മാറിയതും അതുകൊണ്ടുതന്നെ.

ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ (ഐസിടിഎസ്) റീഡറും ശാസ്ത്രജ്ഞനുമായ അജിത് ഗവേഷണത്തെക്കുറിച്ചു പറയുന്നതിങ്ങനെ:
പ്രപഞ്ചം ഉണ്ടായതുതന്നെ 1300 കോടി വര്‍ഷംമുമ്പ് ഉണ്ടായ മഹാവിസ്ഫോടനത്തിന്റെ ഫലമാണെന്നാണ് ശാസ്ത്രനിഗമനം. ഈ വിസ്ഫോടനംമൂലം ഉണ്ടായ ഗുരുത്വതരംഗങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ പ്രപഞ്ചത്തിന്റെ ഒരു ആദ്യ ചിത്രം നമുക്കു ലഭിച്ചേക്കാം. ഇത്തരം അനന്തസാധ്യതകളിലേക്കാണ് പുതിയ കണ്ടെത്തല്‍ വാതില്‍ തുറന്നിടുന്നത്.
ഐന്‍സ്റ്റീന്‍ 1915ല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തി എന്നതിനൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള വാതായനമായി മാറുന്നു എന്നതും ഈ ഗവേഷണവിജയത്തെ നൂറ്റാണ്ടിന്റെ ഗവേഷണ നേട്ടമാക്കുന്നു.


ഇന്ത്യക്കും അഭിമാനിക്കാം

  
ലൈഗോയിലെ ഗവേഷണത്തിന്റെ ഭാഗമായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘംലൈഗോയിലെ ഗവേഷണത്തിന്റെ ഭാഗമായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം 

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായി 24 വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ചതാണ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി (ലൈഗോ). ലോകമാകെയുള്ള 90 ഗവേഷണകേന്ദ്രങ്ങളുള്‍പ്പെട്ട സംവിധാനമാണ് ലൈഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാല്‍ടെക്) ഗവേഷകനായ ഡേവിഡ് റീറ്റ്സാണ്  1000 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഗവേഷണസംഘത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍.

മാക്സ് പ്ളാങ്ക്ഇന്‍സ്റ്റിറ്റ്യൂട്ട്, ലേബ്നിസ് , ഗ്ളാസ്ഗോ, കാര്‍ഡിഫ്, ബിര്‍മിങ്ഹാം സര്‍വകലാശാലകള്‍ എന്നിവയും പങ്കാളികളാണ്.
ഇന്ത്യയില്‍നിന്ന് എട്ട് സ്ഥാപനങ്ങള്‍ ഈ പരീക്ഷണത്തില്‍ പങ്കാളികളാണ്. 60 ശാസ്ത്രജ്ഞരും ഇന്ത്യയില്‍നിന്നുണ്ട്.  ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ഐസിടിഎസ്), ടിഐഎഫ്ആര്‍–മുംബൈ, ഐസര്‍–തിരുവനന്തപുരം, ഐസര്‍–കൊല്‍ക്കത്ത, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അയൂക്ക (ഐയുസിഎഎ) പുണെ, ആര്‍ആര്‍സിഎടി ഇന്‍ഡോര്‍, ഐഐടി ഗാന്ധിനഗര്‍ എന്നിവയാണ് ഇന്ത്യയില്‍നിന്നുള്ള പങ്കാളികള്‍.

ഐസിടിഎസിലെ ബാല അയ്യര്‍, പുണെയിലെ അയൂക്കയിലെ ശാസ്ത്രജ്ഞന്‍ സജീവ് ഥുരന്‍ധര്‍, ഐഐടി ഗാന്ധിനഗറിലെ ആനന്ദ് സെന്‍ഗുപ്ത, തിരുവനന്തപുരം ഐസറിലെ അര്‍ച്ചന പൈ എന്നിവരും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘത്തില്‍ മുന്‍നിരയിലുണ്ട്.

ഇന്ത്യന്‍സംഘത്തിലെ മലയാളി ശാസ്ത്രജ്ഞരില്‍ അജിത് പരമേശ്വരന്‍ (ഐസിടിഎസ്), കെ ജി അരുണ്‍ (ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), സി എസ് ഉണ്ണികൃഷ്ണന്‍ (ടിഐഎഫ്ആര്‍ മുംബൈ),  എ ഗോപകുമാര്‍  (ടിഐഎഫ്ആര്‍ മുംബൈ) എന്നിവര്‍ സീനിയര്‍ സയന്റിസ്റ്റുകളാണ്.
ഗവേഷണത്തെക്കുറിച്ചുള്ള വിവരത്തിന് വെബ്സൈറ്റ്  സന്ദര്‍ശിക്കുക - www.ic.re.in


നൂറ്റാണ്ടുമുമ്പ് പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ (Gravitational waves) നേരിട്ടു നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍ പ്രപഞ്ചപഠനത്തില്‍ പുതിയൊരു മുന്നേറ്റത്തിനുള്ള സാധ്യത തുറന്നിരിക്കുന്നു. 1000 പേരടങ്ങിയ അന്താരാഷ്ട്ര ശാസ്ത്രസംഘം കഴിഞ്ഞ ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം ഈ രംഗത്ത് പുതിയ അലകള്‍ സൃഷ്ടിക്കുകയാണ്. ആ സംഘത്തില്‍ മൂന്നു ഡസനിലധികം ഇന്ത്യക്കാരുണ്ടെന്നതും അവര്‍ക്ക് നേതൃത്വം കൊടുത്തതില്‍ ഏഴുപേര്‍ മലയാളി ശാസ്ത്രജ്ഞരാണെന്നും നമുക്ക് അഭിമാനം തരുന്നു.


 അജിത് പരമേശ്വരന്‍

http://www.deshabhimani.com/special/news-kilivathilspecial-18-02-2016/539692

No comments:

Post a Comment