Thursday, February 18, 2016

പ്രപഞ്ചപഠനത്തിന് പുതിയ ജാലകം

പ്രപഞ്ചപഠനത്തിന് പുതിയ  ജാലകം

ഡോ. എന്‍ ഷാജി @ ദേശാഭിമാനി കിളിവാതില്‍


എന്താണ്  ഗുരുത്വതരംഗം?

1916ലാണ് ഗുരുത്വ തരംഗങ്ങളെ സംബന്ധിച്ച് ഐന്‍സ്റ്റൈന്റെ ഗവേഷണപ്രബന്ധം പുറത്തുവന്നത്. തലേവര്‍ഷം, 1915ല്‍ അദ്ദേഹംതന്നെ പ്രസിദ്ധീകരിച്ച പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. ഗുരുത്വാകര്‍ഷണം സംബന്ധിച്ച് വിപ്ളവകരമായ കാല്‍വയ്പായിരുന്നു അത്. ഒരു പഴം മരത്തില്‍നിന്നു താഴെ വീഴുന്നതുമുതല്‍ ആകാശത്തിലെ ജ്യോതിര്‍ഗോളങ്ങളുടെ ചലനംവരെ കൃത്യമായി വിശദീകരിക്കാന്‍ ന്യൂട്ടന്റെ സിദ്ധാന്തമാണ് നമ്മള്‍ ഉപയോഗിക്കുക. അതേസമയംതന്നെ ഈ സിദ്ധാന്തം ആപേക്ഷികതാ സിദ്ധാന്തവുമായി യോജിച്ചുപോകുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു ദശാബ്ദം നടത്തിയ പഠനത്തിനൊടുവില്‍ ഐന്‍സ്റ്റൈന്‍ തന്റെ സിദ്ധാന്തമുണ്ടാക്കി. അത് ന്യൂട്ടന്റെ സിദ്ധാന്തത്തെ ഒഴിവാക്കിയായിരുന്നില്ല. മറിച്ച് അതിനെക്കൂടി ഉള്‍ക്കൊണ്ട് വളരെ സമര്‍ഥമായി, ഉണ്ടാക്കിയെടുത്ത സിദ്ധാന്തമായിരുന്നു അത്. ഉദാഹരണത്തിന് ഭൂമി സൂര്യനെ ചുറ്റുന്നത് 99.999999 ശതമാനം കൃത്യതയോടെ വിവരിക്കാന്‍ ന്യൂട്ടന്റെ നിയമങ്ങള്‍ മതി. എന്നാല്‍ അതിനപ്പുറം പോകാന്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തം പരിഗണിക്കണം. അതായത് ന്യൂട്ടന്റെ സിദ്ധാന്തം ഐന്‍സ്റ്റൈന്‍ സമവാക്യങ്ങളുടെ ഒരു നല്ല ഏകദേശനം (Approximation) ആകുന്നു.

എന്നാല്‍ ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിന്റെ അടിത്തറ ന്യൂട്ടന്റേതില്‍നിന്ന് വ്യത്യസ്തമാണ്. ന്യൂട്ടോണിയന്‍ സങ്കല്‍പ്പം അനുസരിച്ച് കണങ്ങളെല്ലാം ചലിക്കുന്നതും കൂടിച്ചേരുന്നതുമെല്ലാം സ്ഥലത്തിന്റെയും കാലത്തിന്റെയും (Space and time) പശ്ചാത്തലത്തിലാണ്. അതേസമയം ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് ദ്രവ്യത്തിന്റെയും ഊര്‍ജത്തിന്റെയും സാന്നിധ്യം സ്ഥലകാലത്തിന്റെ ജ്യാമിതിയെത്തന്നെ മാറ്റുന്നു. ഉദാഹരണമായി തീവ്രമായ ഗുരുത്വാകര്‍ഷണമുള്ള ഒരിടത്ത് ക്ളോക്കുകള്‍ കുറച്ചു സാവധാനമാണ് ചലിക്കുക. ക്ളോക്കുകളുടെ കുഴപ്പമല്ല. സമയംതന്നെ അങ്ങിനെയാകുന്നതാണ്. സ്ഥലത്തിന്റെ കാര്യത്തിലും ഇതു മാറ്റം സൃഷ്ടിക്കും. ഗുരുത്വാകര്‍ഷണമെന്നത് യഥാര്‍ഥത്തില്‍ സ്ഥലത്തിന്റെ വക്രത (Curvature) കൊണ്ടുണ്ടാകുന്ന ഒരു അനുഭവമാണെന്നാണ് ഐന്‍സ്റ്റൈന്റെ സിദ്ധാന്തം.

ഗുരുത്വാകര്‍ഷണബലത്തില്‍ ചലിക്കുന്ന വസ്തുക്കള്‍ അതിനുചുറ്റുമുള്ള സ്ഥലത്തിന്റെ ജ്യാമിതിയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തും. ആ ചലനങ്ങള്‍ക്ക് ഒരു തരംഗത്തിന്റെ രൂപമെടുത്ത് പ്രകാശത്തിന്റെ വേഗത്തില്‍ ചലിക്കാന്‍കഴിയുമെന്ന് ഐന്‍സ്റ്റൈന്‍ സിദ്ധാന്തിച്ചു. ഇതിനാണ് ഗുരുത്വതരംഗങ്ങള്‍ എന്ന പേരു നല്‍കിയിരിക്കുന്നത്.

ഇത്രയും വൈകാന്‍ കാരണം?

ഐന്‍സ്റ്റൈന്‍ 1916ല്‍ പ്രവചനം നടത്തിയെങ്കിലും ഇതു കണ്ടെത്താന്‍ ഇത്രയും വര്‍ഷമെടുത്തതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി സാധാരണഗതിയില്‍ ഇതിന്റെ തീവ്രത വളരെ കുറവാണ്. ഉദാഹരണത്തിന് ഭൂമി സൂര്യനെ പ്രദക്ഷിണംചെയ്യുക വഴി ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ ശക്തി കേവലം 200 വാട്ട് മാത്രമാണ്. ഇത് വളരെ നിസ്സാരമാണ്. നമുക്ക് നിരീക്ഷിക്കാവുന്ന വിധത്തിലുള്ള തരംഗങ്ങള്‍ ഉണ്ടാകണമെങ്കില്‍ പ്രപഞ്ചത്തെ പിടിച്ചുകുലുക്കുന്ന വലിയ സംഭവങ്ങള്‍ ഉണ്ടാകണം. നക്ഷത്രങ്ങള്‍ പൊട്ടിത്തകരുന്ന സൂപ്പര്‍നോവകള്‍പോലും വേണ്ടത്ര തീവ്രതയുള്ള തരംഗങ്ങളെ സൃഷ്ടിക്കുകയില്ല. ഇക്കാരണങ്ങളാല്‍ ഇതിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചില്ല.

ഇപ്പോള്‍ ഇതു സാധിച്ചത് അസാമാന്യമായ രണ്ടു കാര്യങ്ങള്‍ ഒത്തുവന്നതുകൊണ്ടാണ്. ആദ്യമായി ലോകത്തെ ആയിരത്തിലധികം ഒന്നാംകിട ശാസ്ത്രജ്ഞര്‍ അവരുടെ സഹകരണംവഴി വളരെ കൃത്യതയും സൂക്ഷ്മതയുമുള്ള ഗുരുത്വതരംഗ നിരീക്ഷണനിലയം ഉണ്ടാക്കി. ഗുരുത്വതരംഗങ്ങള്‍ കടന്നുപോകുമ്പോള്‍ അത് വഴിയിലുള്ള വസ്തുക്കളെയെല്ലാം പലവട്ടം ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഇത് ഒരു കോടികോടികോടിയുടെ ഒരംശമാണെങ്കില്‍പ്പോലും കണ്ടെത്താനുള്ള ഉപകരണങ്ങളാണ് അമേരിക്കയില്‍ 3000 കിലോമീറ്റര്‍ അകലെയായി രണ്ടിടങ്ങളില്‍ സ്ഥാപിച്ച ലൈഗോ (Laser Interference Gravitation waves Observatory LIGO) എന്ന കൂറ്റന്‍ ഉപകരണം. നാലു കിലോമീറ്റര്‍ നീളത്തിലുള്ള രണ്ടു ഭാഗങ്ങള്‍ 90 ഡിഗ്രിയില്‍ അതിശൂന്യതയുള്ള രണ്ടു കുഴലുകളില്‍ സ്ഥാപിച്ച് ദര്‍പ്പണങ്ങള്‍ക്കിടയില്‍ ലേസര്‍ പായിച്ച് അവ തമ്മിലുള്ള അകലങ്ങളില്‍ വരുന്ന നേര്‍ത്ത വ്യതിയാനം കണ്ടെത്തുകയാണ് ഇതില്‍ ചെയ്യുന്നത്.

ഗുരുത്വതരംഗം രേഖപ്പെടുത്തുന്നതിന്റെ കംപ്യൂട്ടര്‍ മാതൃക 

ഇതിന്റെ കൃത്യത ആരെയും അമ്പരപ്പിക്കുന്നതാണ്. നാലു കിലോമീറ്റര്‍ ദൂരത്തിലുള്ള കണ്ണാടികള്‍ തമ്മിലുള്ള അകലം ഒരു ആറ്റത്തിന്റെ കോടിയിലൊരു അംശത്തില്‍ കുറവ് മാറിയാല്‍പ്പോലും അതു കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു. ഈ നിരീക്ഷണത്തെ വളരെ സഹായിച്ച മറ്റൊരു കാര്യം പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ 100 കോടി വര്‍ഷംമുമ്പ് ഉണ്ടായ അസാമാന്യമായ ഒരു സംഭവമാണ്. സൂര്യന്റെ ഏകദേശം 29ഉം 36ഉം ഇരട്ടി മാസ് ഉള്ള രണ്ട് തമോദ്വാരങ്ങള്‍ ആകര്‍ഷണത്താല്‍ പരസ്പരം ചുറ്റിത്തിരിഞ്ഞ് ഒന്നായിത്തീര്‍ന്നു. ഈ മരണനൃത്തം ഒരു സെക്കന്‍ഡിന്റെ അഞ്ചിലൊന്നു ഭാഗമാണ് നീണ്ടുനിന്നത്. ഒടുവില്‍ ആ രണ്ട് തമോദ്വാരങ്ങളും ചേര്‍ന്ന് സൂര്യന്റെ 62 മടങ്ങ് മാസ് ഉള്ള ഒരു തമോദ്വാരമായി മാറി. ബാക്കി മാസ് (സൂര്യന്റെ മൂന്നു മടങ്ങ്) ഗുരുത്വതരംഗമായി പ്രവഹിച്ചു. ആ കുറച്ചു നേരത്തേക്ക് ആ ഊര്‍ജപ്രവാഹം ദൃശ്യപ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളും ചേര്‍ന്ന് പുറത്തുവിടുന്ന ഊര്‍ജത്തെക്കാളും അധികമായിരുന്നു. ആ ഊര്‍ജത്തിന്റെ ഒരുഭാഗം ശതകോടിയിലധികം വര്‍ഷം സഞ്ചരിച്ച് കഴിഞ്ഞ സെപ്തംബര്‍ 14ന് ഇന്ത്യന്‍സമയം പകല്‍ 3.20:45 കഴിഞ്ഞപ്പോള്‍ അമേരിക്കയിലെ രണ്ടു ലൈഗോ ഒബ്സര്‍വേറ്ററികളിലും ഏതാണ്ട് ഒരേസമയം എത്തിച്ചേര്‍ന്നു. അതിലുണ്ടായ സിഗ്നലുകള്‍ മാസങ്ങളോളമായി ശാസ്ത്രജ്ഞര്‍ വിശദമായ പഠനത്തിനു വിധേയമാക്കിയപ്പോള്‍ അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് ഏകദേശ ധാരണ കിട്ടി. അങ്ങിനെ ഗുരുത്വതരംഗങ്ങളുടെയും ഉയര്‍ന്ന മാസ് ഉള്ള തമോദ്വാരങ്ങളുടെയും അസ്തിത്വത്തിന് അത് തെളിവായി. ഇത് പ്രപഞ്ചപഠനത്തിന് ഒരു പുതിയ ജാലകം തുറന്നിരിക്കുകയാണ്.

ഇന്ത്യയില്‍ ഇതേ തരത്തിലുള്ള മൂന്നാമത്തെ ഒബ്സര്‍വേറ്ററി സ്ഥാപിക്കാന്‍ ശാസ്ത്രജ്ഞര്‍ തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ മൂന്ന് ഒബ്സര്‍വേറ്ററികളും ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച് കൃത്യതയോടെ പഠനങ്ങള്‍ നടത്താന്‍കഴിയും. ഈ സംരംഭങ്ങളിലെല്ലാം മലയാളി ശാസ്ത്രജ്ഞരും ഉണ്ടെന്നത് നമുക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്.

http://www.deshabhimani.com/special/news-kilivathilspecial-18-02-2016/539692

ഗുരുത്വതരംഗങ്ങള്‍ - നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം

ഗുരുത്വതരംഗങ്ങള്‍ - നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം

ടി ആര്‍ @ ദേശാഭിമാനി കിളിവാതില്‍

 

ഗലീലിയോ ടെലസ്കോപ്പ് കണ്ടുപിടിച്ചതിനെത്തുടര്‍ന്നുണ്ടായ വിപ്ളവം ഒന്ന് ആലോചിച്ചുനോക്കൂ. ഭൂമിയെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അതുവരെ ഉണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിച്ച ആ ടെലസ്കോപ്പിന്റെ പിന്‍ഗാമികളായി വന്ന ശക്തിയേറിയ ആധുനിക ടെലസ്കോപ്പുകള്‍ എത്ര സാധ്യതകളാണ് തുറന്നുവിട്ടത്. എന്തൊക്കെ കണ്ടെത്തലുകളാണ് നടത്തിയത്, ഇന്നും കണ്ടെത്തുന്നത്. പ്രകാശമായിരുന്നു അതിനൊക്കെ വഴികാട്ടിയായത്.

ഇപ്പോഴിതാ ഗരുത്വതരംഗങ്ങളെ കണ്ടെത്തിയ പരീക്ഷണവും ഒരു വലിയ കണ്ടുപിടിത്തത്തിലേക്കുള്ള തുടക്കമാണ്. ഗുരുത്വതരംഗങ്ങളെ പഠിക്കുന്നതിലൂടെ പ്രപഞ്ചോല്‍പ്പത്തി ഉള്‍പ്പെടെയുള്ള രഹസ്യങ്ങളിലേക്കു നീങ്ങാന്‍കഴിയുമെന്ന് ശാസ്ത്രം കരുതുന്നു.

ഇവിടെ പ്രകാശമല്ല വഴികാട്ടി; ഗുരുത്വതരംഗങ്ങളാണ്. തമോഗര്‍ത്തങ്ങള്‍ പ്രകാശം പുറപ്പെടുവിക്കുന്നില്ല; അതുകൊണ്ടുതന്നെ ഗുരുത്വതരംഗങ്ങളെയും കാണാനാവില്ലല്ലോ. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ രേഖപ്പെടുത്തുകയാണ്– പറയുന്നത് ഗുരുത്വതരംഗഗവേഷണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ലൈഗോയുടെ ഭാഗമായ മലയാളി ശാസ്ത്രജ്ഞന്‍ അജിത് പരമേശ്വരന്‍.

നൂറ്റിമുപ്പതുകോടി വര്‍ഷം മുമ്പുണ്ടായ തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയെ കഴിഞ്ഞ സെപ്തംബര്‍ 14ന് ലൈഗോയിലെ പരീക്ഷണശാലയിലെ ഉപകരണങ്ങളില്‍ അനുഭവപ്പെടുകയും രേഖപ്പെടുത്തുകയും ചെയ്തപ്പോള്‍ ഈ നൂറ്റാണ്ടിലെ വലിയ കണ്ടുപിടിത്തമായി അതു മാറിയതും അതുകൊണ്ടുതന്നെ.

ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസില്‍ (ഐസിടിഎസ്) റീഡറും ശാസ്ത്രജ്ഞനുമായ അജിത് ഗവേഷണത്തെക്കുറിച്ചു പറയുന്നതിങ്ങനെ:
പ്രപഞ്ചം ഉണ്ടായതുതന്നെ 1300 കോടി വര്‍ഷംമുമ്പ് ഉണ്ടായ മഹാവിസ്ഫോടനത്തിന്റെ ഫലമാണെന്നാണ് ശാസ്ത്രനിഗമനം. ഈ വിസ്ഫോടനംമൂലം ഉണ്ടായ ഗുരുത്വതരംഗങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ പ്രപഞ്ചത്തിന്റെ ഒരു ആദ്യ ചിത്രം നമുക്കു ലഭിച്ചേക്കാം. ഇത്തരം അനന്തസാധ്യതകളിലേക്കാണ് പുതിയ കണ്ടെത്തല്‍ വാതില്‍ തുറന്നിടുന്നത്.
ഐന്‍സ്റ്റീന്‍ 1915ല്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തി എന്നതിനൊപ്പം പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള വാതായനമായി മാറുന്നു എന്നതും ഈ ഗവേഷണവിജയത്തെ നൂറ്റാണ്ടിന്റെ ഗവേഷണ നേട്ടമാക്കുന്നു.


ഇന്ത്യക്കും അഭിമാനിക്കാം

  
ലൈഗോയിലെ ഗവേഷണത്തിന്റെ ഭാഗമായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘംലൈഗോയിലെ ഗവേഷണത്തിന്റെ ഭാഗമായ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘം 

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്താനായി 24 വര്‍ഷം മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ചതാണ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി (ലൈഗോ). ലോകമാകെയുള്ള 90 ഗവേഷണകേന്ദ്രങ്ങളുള്‍പ്പെട്ട സംവിധാനമാണ് ലൈഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാല്‍ടെക്) ഗവേഷകനായ ഡേവിഡ് റീറ്റ്സാണ്  1000 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഗവേഷണസംഘത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍.

മാക്സ് പ്ളാങ്ക്ഇന്‍സ്റ്റിറ്റ്യൂട്ട്, ലേബ്നിസ് , ഗ്ളാസ്ഗോ, കാര്‍ഡിഫ്, ബിര്‍മിങ്ഹാം സര്‍വകലാശാലകള്‍ എന്നിവയും പങ്കാളികളാണ്.
ഇന്ത്യയില്‍നിന്ന് എട്ട് സ്ഥാപനങ്ങള്‍ ഈ പരീക്ഷണത്തില്‍ പങ്കാളികളാണ്. 60 ശാസ്ത്രജ്ഞരും ഇന്ത്യയില്‍നിന്നുണ്ട്.  ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് (ഐസിടിഎസ്), ടിഐഎഫ്ആര്‍–മുംബൈ, ഐസര്‍–തിരുവനന്തപുരം, ഐസര്‍–കൊല്‍ക്കത്ത, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അയൂക്ക (ഐയുസിഎഎ) പുണെ, ആര്‍ആര്‍സിഎടി ഇന്‍ഡോര്‍, ഐഐടി ഗാന്ധിനഗര്‍ എന്നിവയാണ് ഇന്ത്യയില്‍നിന്നുള്ള പങ്കാളികള്‍.

ഐസിടിഎസിലെ ബാല അയ്യര്‍, പുണെയിലെ അയൂക്കയിലെ ശാസ്ത്രജ്ഞന്‍ സജീവ് ഥുരന്‍ധര്‍, ഐഐടി ഗാന്ധിനഗറിലെ ആനന്ദ് സെന്‍ഗുപ്ത, തിരുവനന്തപുരം ഐസറിലെ അര്‍ച്ചന പൈ എന്നിവരും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘത്തില്‍ മുന്‍നിരയിലുണ്ട്.

ഇന്ത്യന്‍സംഘത്തിലെ മലയാളി ശാസ്ത്രജ്ഞരില്‍ അജിത് പരമേശ്വരന്‍ (ഐസിടിഎസ്), കെ ജി അരുണ്‍ (ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), സി എസ് ഉണ്ണികൃഷ്ണന്‍ (ടിഐഎഫ്ആര്‍ മുംബൈ),  എ ഗോപകുമാര്‍  (ടിഐഎഫ്ആര്‍ മുംബൈ) എന്നിവര്‍ സീനിയര്‍ സയന്റിസ്റ്റുകളാണ്.
ഗവേഷണത്തെക്കുറിച്ചുള്ള വിവരത്തിന് വെബ്സൈറ്റ്  സന്ദര്‍ശിക്കുക - www.ic.re.in


നൂറ്റാണ്ടുമുമ്പ് പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ (Gravitational waves) നേരിട്ടു നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍ പ്രപഞ്ചപഠനത്തില്‍ പുതിയൊരു മുന്നേറ്റത്തിനുള്ള സാധ്യത തുറന്നിരിക്കുന്നു. 1000 പേരടങ്ങിയ അന്താരാഷ്ട്ര ശാസ്ത്രസംഘം കഴിഞ്ഞ ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം ഈ രംഗത്ത് പുതിയ അലകള്‍ സൃഷ്ടിക്കുകയാണ്. ആ സംഘത്തില്‍ മൂന്നു ഡസനിലധികം ഇന്ത്യക്കാരുണ്ടെന്നതും അവര്‍ക്ക് നേതൃത്വം കൊടുത്തതില്‍ ഏഴുപേര്‍ മലയാളി ശാസ്ത്രജ്ഞരാണെന്നും നമുക്ക് അഭിമാനം തരുന്നു.


 അജിത് പരമേശ്വരന്‍

http://www.deshabhimani.com/special/news-kilivathilspecial-18-02-2016/539692

Wednesday, February 3, 2016

ഗ്രഹസംഗമം



ദേശാഭിമാനി ദിനപത്രം 03.02.2016