Monday, January 11, 2016

The Martian (2015) - ശാസ്ത്ര കല്‍പ്പിത സിനിമ - ഒരു അവലോകനം

****************************************************************************
The Martian (2015) - ശാസ്ത്ര കല്‍പ്പിത സിനിമ 
- ഒരു അവലോകനം.
****************************************************************************


ചൊവ്വാ പര്യവേഷണത്തിനിടയില്‍ സംഭവിക്കുന്ന അപകടത്തില്‍ ടീം അംഗങ്ങളിലൊരാള്‍ ചൊവ്വാഗ്രഹത്തില്‍ ഒറ്റപ്പെടുന്നു. ഈ ആസ്ട്രോനട്ടിനെ രക്ഷപ്പെടുത്തുന്നതും ഗ്രഹാന്തരയാത്രയും പ്രതിപാദ്യമാകുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമയാണ് മാര്‍ട്ടിയന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 73-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ (Best motion picture, musical or comedy) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം കൂടിയാണിത്.
.
ആന്‍ഡ്രൂ വെയര്‍ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.
ഏലിയനും ഗ്ലാഡിയേറ്ററും പ്രോമിത്യൂസും സമ്മാനിച്ച റിഡ്‌ലെ സ്കോട്ട് ആണ് ഈ സിനിമയുടെ സംവിധായന്‍. സേവിംഗ് പ്രൈവറ്റ് റയാന്‍, ഓഷ്യന്‍സ് ഇലവന്‍ സീരിസ്, The Bourne സീരിസ്, ഇന്റര്‍‌സ്റ്റെല്ലാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച മാറ്റ് ഡാമണ്‍ ആണ് ഈ സിനിമയിലെ Mark Watney എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
.
2035ല്‍‍  മനുഷ്യരേയും വഹിച്ചു കൊണ്ടുള്ള നാസയുടെ ചൊവ്വാദൗത്യമായ അരിസ് III (Ares III manned mission to Mars) പര്യവേഷണ സംഘത്തിന് അവിടെ വച്ച് ശക്തമായ ഒരു പൊടിക്കാറ്റിനെ നേരിടേണ്ടി വരുന്നു. ചൊവ്വയില്‍ നിന്നും രക്ഷപ്പെട്ട് അവരുടെ കണ്‍ട്രോള്‍ വാഹനമായ ഹെര്‍മെസിലെത്തുന്നതിനിടയില്‍ പൊടിക്കാറ്റില്‍ പെട്ട് ഒരു ആസ്ട്രോനട്ടിനെ (Mark Watney) അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കമ്യൂണിക്കേഷനൊന്നും ലഭിക്കാത്തതിനാല്‍ അദ്ദേഹം മരിച്ചു കാണും എന്ന ധാരണയില്‍ ദുഖത്തോടെ മിഷന്‍ ഉപേക്ഷിച്ച് ടീം അംഗങ്ങള്‍ ഭൂമിയിലേക്കു തിരിച്ചു യാത്ര തുടങ്ങുന്നു.
.
എന്നാല്‍ മാര്‍ക്ക് വാട്ട്നി മരിച്ചിരുന്നില്ല. സ്യൂട്ടിന്റെ ആന്റിന ദേഹത്ത് തുളഞ്ഞു കയറുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തെങ്കിലും സ്യൂട്ടിലെ ദ്വാരത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍ ഓക്സിജന്‍ അളവ് കുറയാതെ ബാക്കിയുള്ളതിനാലും അദ്ദേഹം രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്ത മാര്‍ക്കിന് താന്‍ ചൊവ്വാ ഗ്രഹത്തില്‍ ഒറ്റപ്പെട്ടെന്ന് മനസ്സിലായി. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഏക മാര്‍ഗ്ഗം അടുത്ത ചൊവ്വാ ദൗത്യമായ Ares IVലെ അംഗങ്ങള്‍ ചൊവ്വയിലെത്തുകയാണ്. പക്ഷേ അതിനായി നാലു വര്‍ഷം കാത്തിരിക്കണം. മിഷന്‍ ഹാബ് പരിശോധിച്ച മാര്‍ക്ക് അടുത്ത 300 സോളുകള്‍ (Martian solar day, or "sol", is 24 hours, 39 minutes, and 35.244 seconds) കഴിഞ്ഞു കൂടാനുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കി. കൃഷി ചെയ്ത് ഭക്ഷണം ഉണ്ടാക്കാത്തിടത്തോളം അടുത്ത മിഷന്‍ വരേക്കും തള്ളി നീക്കാനാവില്ല. ചൊവ്വയിലെ മണ്ണ് ഹാബിനുള്ളില്‍ കൊണ്ടു വന്ന് മിഷന്‍ അംഗങ്ങളുടെ മനുഷ്യ വിസര്‍ജ്യം വളമാക്കി ഉപയോഗിച്ച് കുറച്ച് ഉരുളക്കിഴങ്ങുകള്‍ കൃഷി ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ വെള്ളം പ്രശ്നമാണ്. റോക്കറ്റ് ഫ്യൂവല്‍ സിലിണ്ടറിലെ ഹൈഡ്രജന്‍ ഓക്സിഡൈസ് ചെയ്ത് ജലം ഉദ്പാദിപ്പിക്കുന്നു. അതോടൊപ്പം Ares IV ഇറങ്ങുന്ന പ്രദേശത്തേക്ക് സഞ്ചരിക്കാനുള്ള റോവറിന്റെ നിര്‍മ്മാണവും ആരംഭിക്കുന്നു.
.
അതേസമയം ഭൂമിയില്‍ നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ ഡയറക്ടര്‍ വിന്‍സന്റ് കപൂറിന്റെ (Chiwetel Ejiofor) നേതൃത്വത്തിലുള്ള സംഘം ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍  Ares III സൈറ്റില്‍ സോളാര്‍ പാനലുകളുടെ സ്ഥാനമാറ്റം ശ്രദ്ധിക്കുന്നു. മാര്‍ക്ക് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം ഉടലെടുക്കുന്നു. തുടര്‍ന്ന് മാര്‍ക്കുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. അതേസമയം ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് ബന്ധപ്പെടാന്‍ മാര്‍ഗ്ഗം തേടുന്ന മാര്‍ക്ക് 1997 ല്‍ മണലില്‍ പൂണ്ടു പോയി പ്രവര്‍ത്തനം നിലച്ച നാസയുടെ പാത്ത്ഫൈന്‍ഡര്‍ (Mars Pathfinder / MESUR Pathfinder) റോവര്‍ വീണ്ടെടുക്കുന്നു. ഇതിലെ തിരിയുന്ന ക്യാമറ ഉപയോഗിച്ച് ഭൂമിയിലേക്ക് സന്ദേശമയക്കുന്നു. മാര്‍ക്ക് ജീവിച്ചിരിക്കുന്നുണ്ടെന്ന് ഉറപ്പിച്ച നാസ അദ്ദേഹത്തെ എത്രയും വേഗം തിരികെ കൊണ്ടു വരാനായി ശ്രമമാരംഭിക്കുന്നു. പാത്ത്ഫൈന്‍ഡറും മാര്‍ക്കിന്റെ റോവറും തമ്മില്‍ ബന്ധപ്പെടുത്തി പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തി ടൈപ്പ് ചെയ്ത് പരസ്പരം വിവരങ്ങള്‍ അയക്കുന്ന സംവിധാനം സജ്ജീകരിക്കാനായി.
.
ഭൂമിയിലേക്കു തിരിച്ചു യാത്ര നടത്തുന്ന മറ്റ് മിഷന്‍ അംഗങ്ങളെ മാര്‍ക്ക് വാട്നി ജീവിച്ചിരിപ്പുണ്ടെന്ന വിവരം നാസ ഡയറക്ടര്‍ക്ക് അറിയിക്കേണ്ടി വരുന്നു. മെല്ലിസ ലൂയിസിന്റെ (Jessica Chastain) നേതൃത്വത്തിലുള്ള ടീം ചൊവ്വയിലേക്ക് തിരിച്ച് പോകുന്നതും നാസയും ചൈനായുടെ ബഹിരാകാശ ഏജന്‍സിയും (CNSA - China National Space Administration) ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിലൂടെ മാര്‍ക്കിനെ രക്ഷപ്പെടുത്തുന്നതുമാണ് തുടര്‍ന്നുള്ള കഥ.
.
Harry Gregson-Williams ന്റെ സംഗീതം സന്ദര്‍ഭങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. മെല്ലിസ ലൂയിസിന്റെ കളക്ഷനിലുള്ള നിരവധി ഡിസ്കോ സിഡികള്‍ മാര്‍ക്ക് ഒഴിവു സമയങ്ങളിലും യാത്രകളിലും കേള്‍ക്കുന്നുണ്ട്. 1970 കളിലെ "Turn the Beat Around", "Hot Stuff" തുടങ്ങിയ ഹിറ്റുകള്‍ അവയില്‍പ്പെടുന്നു. 2015 സപ്തംബര്‍ 19 ന് ഈ സിനിമയുടെ പ്രദര്‍ശനം ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ വച്ച് നടത്തുകയുണ്ടായി.
.
സ്പേസ് യാത്രകളില്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ച് (Effect of spaceflight on the human body) ശാസ്ത്രീയമായ ധാരണകള്‍ ഈ സിനിമയില്‍ പുലര്‍ത്തുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. എന്നിരുന്നാലും ഗ്രാവിറ്റിയും ഇന്റര്‍സ്റ്റെല്ലാറും പകര്‍ന്നു തന്ന സയന്‍സ് ഫിക്ഷന്‍ അനുഭവം മാര്‍ട്ടിയനും നല്‍കും തീര്‍ച്ച. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിനു മുമ്പ് ഇറങ്ങിയ ശാസ്ത്ര കല്‍പ്പിത സിനിമയായിരുന്നല്ലോ 2001: A Space Odyssey (1968). അതിനും മുമ്പും ശേഷവും ഉള്ള സയന്‍സ് ഫിക്ഷന്‍ കഥകളും സിനിമകളും പലതും ഇതിനോടകം തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.  ശാസ്ത്രവളര്‍ച്ചയെ പിന്നോട്ടു വലിക്കുന്ന കാലഹരണപ്പെട്ട ആശയങ്ങളുമായി ഇന്നും നടക്കുന്നവരും എല്ലാത്തിനേയും തരണം ചെയ്ത് ശാസ്ത്രം മുന്നേറും എന്ന് വിശ്വസിക്കുന്ന ശാസ്ത്രകുതുകികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് മാര്‍ട്ടിയന്‍. ആശയങ്ങള്‍ ജനിക്കുന്നതിനും തിരുത്തിയെഴുതപ്പെടുന്നതിനും അത് ആവശ്യമാണ്, എന്നാലേ നാം ഈ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാകൂ....
.
(ചിത്രം കടപ്പാട് - വിക്കിമീഡിയ, റഫറന്‍സ് - ഇംഗ്ലീഷ് വിക്കിപീഡിയ)

************************
ബ്രിജേഷ് പൂക്കോട്ടൂര്‍
************************

No comments:

Post a Comment