Thursday, October 31, 2013

ഐസോണ്‍ വാല്‍നക്ഷത്രം

ഐസോണ്‍ വാല്‍നക്ഷത്രം 



വാനനിരീക്ഷകര്‍ക്കായി ഒക്ടോബര്‍ അവസാനവാരം ഒരു അതിഥിയെ കാത്തുവയ്ക്കുന്നുണ്ട്- "ഐസോണ്‍" വാല്‍നക്ഷത്രം! ആകാശത്ത് ഒരു വാല്‍നക്ഷത്രത്തെ കാണാനാവുന്നത് ചെറിയ കാര്യമല്ല. ഒക്ടോബര്‍ അവസാനത്തോടെ ദൂരദര്‍ശിനിയിലൂടെയും അതിനുശേഷം നവംബര്‍ അവസാനവാരംമുതല്‍ ഡിസംബര്‍ ആദ്യ ആഴ്ചവരെ നഗ്നനേത്രംകൊണ്ടും ഈ ആകാശവിസ്മയത്തെ നേരില്‍ കാണാം. സൂര്യനെ ലക്ഷ്യമാക്കിയാണ് ഈ വാല്‍നക്ഷത്രം വരുന്നത്. 2012 സെപ്തംബര്‍ 21ന് രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരാണ് ഇങ്ങനെയൊരു വാല്‍നക്ഷത്രം സൂര്യനെ ലക്ഷ്യമാക്കി വരുന്നതായി കണ്ടെത്തിയത്. എന്നല്‍ അത് ഒരു വാല്‍നക്ഷത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍, എല്ലാ വാല്‍നക്ഷത്രങ്ങളും അവയെ കണ്ടുപിടിച്ച ആളുകളുടെ പേരില്‍ അറിയപ്പെടുന്ന പതിവ് "ഐസോണ്‍" വാല്‍നക്ഷത്രം തെറ്റിച്ചു. പിന്നീട് വാല്‍നക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അതിന്റെ കണ്ടെത്തലിന് അവസരമൊരുക്കിയ ദൂരദര്‍ശിനിയുടെ പേരിന്റെ ചുരുക്കരൂപമാണ് അതിനു നല്‍കപ്പെട്ടത്. അതായിരുന്നു "ഐസോണ്‍". ഇന്റര്‍നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് .

2012 സെപ്തംബര്‍ 21ന് ആദ്യം കണ്ടെത്തുമ്പോള്‍, "ഐസോണ്‍" വ്യാഴത്തിന്റെ ഭ്രമണപഥത്തിനും അപ്പുറമായിരുന്നു. വേഗം കൂടിക്കൂടി വരുന്നതരത്തിലാണ് സൂര്യന്റെ നേരെയുള്ള ഈ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരം. സൂര്യന്റെ ആകര്‍ഷണശക്തിക്ക് അടിപ്പെട്ടു സഞ്ചരിക്കുന്നതുകൊണ്ടാണ് വേഗം കൂടിവരുന്നത്. വേഗംകൂടുന്നതനുസരിച്ച് ചെറിയൊരു വാലും "ഐസോണി"ന് മുളച്ചിട്ടുണ്ട്. വളര്‍ന്നു നീളുന്ന തരത്തിലുള്ള ഈ വാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടതാവും. നീണ്ടത് എന്നുപറഞ്ഞാല്‍, അതിന്റെ നീളം അനേകം കോടി കിലോമീറ്റര്‍വരെയാവാം. ഈ ആഗസ്തില്‍ നടത്തിയ നിരീക്ഷണം അനുസരിച്ച്, ഈ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് 32 കോടി കിലോമീറ്റര്‍ അകലെയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അത് ചൊവ്വയുടെ അടുത്തുകൂടി കടന്നുപോയി. നവംബര്‍ 28നാണ് സൂര്യന് ഏറ്റവും അടുത്തെത്തുന്നത്- 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. സൂര്യനെ സമീപിക്കുന്നതോടെ വേഗം കുറയുന്ന "ഐസോണ്‍", കുറച്ചു മുന്നോട്ടുപോവുമെങ്കിലും സൂര്യനെ ചുറ്റി തിരിച്ചുവരും. ആ തിരിച്ചുവരവിന്റെ സമയത്താണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നത്. അടുത്തെത്തുന്നു എന്നു പറയാമെങ്കിലും ഇതത്ര അടുത്തുമല്ല. ഭൂമിയില്‍നിന്ന് ആറരക്കോടിയില്‍പ്പരം കിലോമീറ്റര്‍ അകലത്തുകൂടിയാകും "ഐസോണ്‍" കടന്നുപോവുന്നത്. ഡിസംബര്‍ 26നാവും ഇത്. എങ്കിലും ദൂരദര്‍ശിനി ഉപയോഗിച്ചാല്‍, ഒക്ടോബര്‍ അവസാനംമുതല്‍"ഐസോണി"നെ കാണാം.

"ഐസോണി"നെക്കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, അത് നിശാകാശത്തില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശത്തെക്കാള്‍ അധികരിച്ച് പ്രകാശിക്കുമെന്നാണ്! ഇക്കാരണത്താല്‍ "ഈ നൂറ്റാണ്ടിലെ വാല്‍നക്ഷത്രം" എന്ന് ചിലര്‍ "ഐസോണി"നെ വിശേഷിപ്പിക്കുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒന്നാമതായി സൂര്യനു സമീപമെത്തുമ്പോള്‍, വാല്‍നക്ഷത്രം അടക്കമുള്ള എന്തിന്റെയും തിളക്കം എത്രമാത്രമാകുമെന്ന് മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രകാശത്തിന്റെ "പുരോദിശാ വിസരണം" കാരണമാണ് തിളക്കത്തില്‍ മാറ്റം ഉണ്ടാവുന്നത്. എങ്കിലും, തിളക്കത്തിന്റെ അളവ് ("മാഗ്നിറ്റ്യൂഡ്" - എന്നാണ് ഇത് അറിയപ്പെടുന്നത്) -3 മുതല്‍ -5 വരെ ആകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

ചന്ദ്രന്റെ അത്രത്തോളമില്ലെങ്കിലും, ഇത് ശുക്രന്റെ തിളക്കത്തോളമെത്തും. "ഐസോണി"ന്റെ മറ്റൊരു പ്രത്യേകത, അതിന് 1680ല്‍ വന്നെത്തിയ, തിളക്കത്തിലൂടെ ലോകപ്രശസ്തി നേടിയ മറ്റൊരു വാല്‍നക്ഷത്രവുമായുള്ള സാമ്യങ്ങളാണ്. തിളക്കം കൂടുതലായിരുന്നെങ്കിലും, 1680ലെ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരദിശയും ഐസോണിന്റെ സഞ്ചാരദിശയും ഒന്നായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നു. അതേസമയം, "ഐസോണ്‍" ഒരു "മരിക്കുന്ന വാല്‍നക്ഷത്ര"മാണെന്നു കരുതുന്നവരുമുണ്ട്. കാരണം 2013 ജനുവരിമുതല്‍ 2013 സെപ്തംബര്‍ അവസാനംവരെയുള്ള നിരീക്ഷണത്തിനിടയില്‍, ഒരിക്കലും "ഐസോണി"ന്റെ തിളക്കം കൂടിയിട്ടില്ല. അത് സ്ഥിരമായി നില്‍ക്കുകയാണ്. വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇത് പുതുമയാണ്. ഇതിനൊക്കെയും വിശദീകരണം കണ്ടെത്താന്‍ "ആളിങ്ങെത്തട്ടെ" എന്ന ആശ്വാസവചനവുമായി കാത്തിരിക്കുകയാണ് ലോകമെമ്പാടുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും.

എന്താണ് വാല്‍നക്ഷത്രം?

"നീണ്ട തലമുടിയുള്ള നക്ഷത്രം" എന്ന് അര്‍ഥംവരുന്ന ഗ്രീക്പദമായ "കോമെറ്റെസ്" എന്നതില്‍നിന്നുമാണ് ഇംഗ്ലീഷിലെ "കോമെറ്റ്" എന്ന വാക്കിന്റെ ഉത്ഭവം. ഇതിന്റെ മലയാള വിവര്‍ത്തനമാണ് "വാല്‍നക്ഷത്രം".വാല്‍നക്ഷത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. "തലയും" "വാലും". അടിസ്ഥാനപരമായി മഞ്ഞുകട്ടകളാണ് എല്ലാ വാല്‍നക്ഷത്രങ്ങളും. സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ ഈ മഞ്ഞ് ഉരുകിത്തുടങ്ങും. അതോടൊപ്പം സൂര്യനില്‍നിന്നു പുറപ്പെടുന്ന "സൗരവാത" ത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണുകള്‍ ജലതന്മാത്രയുമായി കൂട്ടിയിടിച്ച്, അവയിലെ ഹൈഡ്രജന്‍ ആറ്റങ്ങളെ തട്ടിക്കളയും. ഈ സ്വതന്ത്ര ഹൈഡ്രജനും ബാക്കിയാവുന്ന "ഹൈഡ്രോക്സില്‍" ആയോണും ജലബാഷ്പവും ചേര്‍ന്ന്, "വാല്‍നക്ഷത്ര"ത്തിന് ഒരു വലിയ "തല" രൂപപ്പെടും. ഇതാണ് "കോമ" ). ഇതിന്റെ ഒരംശം കാറ്റില്‍പറക്കുന്ന ഒരു പട്ടത്തിന്റെ വാലെന്നപോലെ പിന്നിലേക്കു നീളും. ഇതാണ് വാല്‍നക്ഷത്രത്തിന്റെ "വാല്‍" ആയി മാറുന്നത്. സൂര്യനോട് അടുക്കുന്തോറും തലയും വാലും വലുതായിവരും.

ചരിത്രത്തിലെ പ്രധാന വാല്‍നക്ഷത്രങ്ങള്‍

(1) ഹാലിയുടെ വാല്‍നക്ഷത്രം : 75 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുന്ന വാല്‍നക്ഷത്രമാണിത്. 2061ലാകും ഇത് വീണ്ടും ഭൂമിയുടെ അടുത്തെത്തുന്നത്.

(2) 1680ലെ വാല്‍നക്ഷത്രം : ഐസക് ന്യൂട്ടണ്‍, ഈ വാല്‍നക്ഷത്രത്തിന്റെ ചലനത്തെ അടിസ്ഥാനമാക്കിയാണ് കെപ്ലറുടെ ചലനനിയമങ്ങള്‍ ശരിയാണെന്നു തെളിയിച്ചത്.

(3) 1882ലെ "സെപ്തംബര്‍ വാല്‍നക്ഷത്രം" പകല്‍വെളിച്ചത്തില്‍ കാണാവുന്ന വാല്‍നക്ഷത്രം.

(4) 1910ലെ "വാല്‍നക്ഷത്രം" ): "ഹാലിയുടെ വാല്‍നക്ഷത്ര"മെന്നു തെറ്റിദ്ധരിക്കപ്പെട്ട വാല്‍നക്ഷത്രം.

(5) 1994ലെ "ഷൂമാക്കെര്‍ ലെവി" വാല്‍നക്ഷത്രം : വ്യാഴത്തില്‍ ഇടിച്ചതിലൂടെ ശ്രദ്ധേയമായിത്തീര്‍ന്ന വാല്‍നക്ഷത്രം.

(6) 2011ലെ "ലൗജോയ്" : പകല്‍സമയത്തും കാണാന്‍കഴിയുമായിരുന്ന വാല്‍നക്ഷത്രം. 2011 നവംബറില്‍ ദൃശ്യമായി.

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

മംഗല്‍യാന്‍ ചുവന്ന മണ്ണിലേക്ക്...

റിപ്പോര്‍ട്ട് കടപ്പാട് :  സാബു ജോസ്, ദേശാഭിമാനി കിളിവാതില്‍



ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം യാഥാര്‍ഥ്യമാവുകയാണ്. മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം നവംബറില്‍ വിക്ഷേപിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുന്ന ഉപഗ്രഹം ഗ്രഹോപരിതലത്തില്‍ ഇറങ്ങുന്നതിന് രൂപകല്‍പ്പനചെയ്ത വാഹനമല്ല. കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ചൊവ്വാ വാഹനം, ചൊവ്വാ പേടകം എന്നൊക്കെയാണ് മംഗല്‍യാന്‍ എന്ന വാക്കിന്റെ അര്‍ഥം. ചൊവ്വയുടെ ഭ്രമണപഥം ഭൂമിയെ അപേക്ഷിച്ച് കൂടുതല്‍ ദീര്‍ഘവൃത്തമാണ്. ഓരോ 26 മാസം കൂടുമ്പോഴും ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തുവരും. 2013, 2016, 2018 വര്‍ഷങ്ങളിലാണ് ഇനി ഈ പ്രതിഭാസം അരങ്ങേറുക. ശാസ്ത്രജ്ഞര്‍ 2013ലെ അവസരംതന്നെ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നാണ് മംഗല്‍യാന്‍- 1 വിക്ഷേപിക്കുന്നത്. വിക്ഷേപണ വാഹനം രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തമായ പിഎസ്എല്‍വി റോക്കറ്റും. മോണോ മീഥൈല്‍ ഹൈഡ്രാസിനും ഡൈ-നൈട്രജന്‍ ടെട്രോക്സൈഡുമാണ് റോക്കറ്റില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

മംഗല്‍യാന്‍ -1, പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 371 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ് പേടകത്തിന്റെ ഭ്രമണപഥമായി നിശ്ചയിച്ചിരിക്കുന്നത്. മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്. മംഗല്‍യാന്‍ പദ്ധതി വിജയംകണ്ടാല്‍ ഗ്രഹാന്തരയാത്രകള്‍ക്കു ശേഷിയുള്ള രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും അംഗമാവും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിന്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. 1350 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശപേടകത്തില്‍ 14.49 കിലോഗ്രാം ഭാരമുള്ള അഞ്ച് ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.

2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം. 3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്.

ചുവന്ന ഗ്രഹത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. ഭാരതത്തോടൊപ്പം ശാസ്ത്രസമൂഹവും കാത്തിരിക്കുകയാണ് മംഗല്‍യാന്‍ വിക്ഷേപണദിനത്തിനായി...

More,

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം

ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന് പുരസ്കാരം 

റിപ്പോര്‍ട്ട് കടപ്പാട് :  ഡോ. എന്‍ ഷാജി, ദേശാഭിമാനി കിളിവാതില്‍

2013ലെ ഊര്‍ജതന്ത്ര നൊബേല്‍ പുരസ്കാരം പ്രതീക്ഷിച്ചപോലെ ഹിഗ്ഗ്സ് കണത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു ലഭിച്ചു. നാശംപിടിച്ച കണം എന്ന കുപ്രസിദ്ധിയും "ദൈവകണ"മെന്ന പ്രസിദ്ധിയും നേടിയ ഈ കണത്തെ കണ്ടെത്തിയത് അരനൂറ്റാണ്ടായി നടത്തിയ ശ്രമത്തിനൊടുവിലാണ്. ഈ കണത്തിന്റെ അസ്തിത്വം 1964ല്‍ പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്സ് എന്ന ബ്രിട്ടീഷുകാരനും ഫ്രാന്‍സോ ആംഗ്ലെര്‍ എന്ന ബല്‍ജിയംകാരനും ഇത്തവണത്തെ നൊബേല്‍ പുരസ്കാരം വീതംവയ്ക്കുകയാണ്. പീറ്റര്‍ ഹിഗ്ഗ്സ് എഴുതിയ ഒന്നരപ്പേജ് മാത്രം വലുപ്പമുള്ള ഗവേഷണ പേപ്പറിലാണ് ഒരു പുതിയ കണത്തെ പ്രവചിച്ചിരുന്നത്. ഈ പേപ്പറിനെ അടിസ്ഥാനമാക്കി മൂവായിരത്തിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പിന്നീടു വന്നിട്ടുണ്ട്. ആംഗ്ലെറാകട്ടെ സുഹൃത്ത് റോബെര്‍ട്ട് ബ്രൗട്ടിനൊപ്പമാണ് ഈ ആശയം അവതരിപ്പിച്ചത്.

2011ല്‍ റോബെര്‍ട്ട് ബ്രൗട്ട് അന്തരിച്ചതിനാല്‍ നൊബേല്‍ പുരസ്കാരം ലഭിക്കാതെ പോയി. ഇവരുടെ ഗവേഷണ പേപ്പര്‍ രണ്ടരപ്പേജ് മാത്രം വലുപ്പമുള്ളതായിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഫിസിക്കല്‍ റിവ്യു ലെറ്റേഴ്സ് എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ട മഹാസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം ഏതാണ്ട് 1382 കോടി വര്‍ഷംമുമ്പ് ഉണ്ടായി. അതോടൊപ്പം ഉണ്ടായ ഏതാനും ഇനം മൗലികകണങ്ങളില്‍നിന്നാണ് ഈ പ്രപഞ്ചത്തില്‍ കാണുന്ന സകലമാന വസ്തുക്കളും ഉണ്ടായത്. ഇതിലെ ഘടകകണങ്ങള്‍ക്കെല്ലാം ദ്രവ്യമാനം (മാസ്, പിണ്ഡം) ലഭിക്കുന്നത് ആ കണങ്ങളും ഹിഗ്ഗ്സ് ഫീല്‍ഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനംവഴിയാണ്. ഇലക്ട്രിക് ഫീല്‍ഡ്, മാഗ്നറ്റിക് ഫീല്‍ഡ് എന്നൊക്കെ പറയുന്ന വിധത്തില്‍ പ്രപഞ്ചം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഫീല്‍ഡാണ് ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്തത്. അതിന് പിന്നീട് ഹിഗ്ഗ്സ് ഫീല്‍ഡ് എന്ന പേരു വീണു. അങ്ങനെയൊരു ഫീല്‍ഡ് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു കണംകൂടി ഉണ്ടാകണം. അത് ബോസോണ്‍ വിഭാഗത്തില്‍പ്പെടുന്ന കണമാകും എന്നവര്‍ പറഞ്ഞുവച്ചു. ഇന്ത്യക്കാരനായ സത്യേന്ദ്രനാഥ ബോസിന്റെ ചില സിദ്ധാന്തങ്ങള്‍ അനുസരിക്കുന്ന കണങ്ങളെയാണ് പൊതുവേ ബോസോണുകള്‍ എന്നു പറയുന്നത്. ഹിഗ്ഗ്സ് കണത്തെ അല്ലെങ്കില്‍ ഹിഗ്ഗ്സ് ബോസോണിനെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പാടുപെടാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി.

ഇതിനിടെ, ഹിഗ്ഗ്സിന്റെ ആശയത്തെ കടംകൊണ്ട് ഗ്ലാഷോ, വെയ്ന്‍ബെര്‍ഗ്, സലാം എന്നീ ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന ഏകീകൃത ഫീല്‍ഡ് സിദ്ധാന്തം പൊതുവെ അംഗീകരിക്കപ്പെട്ടു. ആ സിദ്ധാന്തം പ്രവചിച്ച മൂന്നിനം കണങ്ങളെ റബ്ബിയ, സൈമണ്‍ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി കണ്ടെത്തുകയും ചെയ്തു. ഈ അഞ്ചുപേര്‍ക്കും 1979ലും 1984ലുമായി നൊബേല്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴൊന്നും ഹിഗ്ഗ്സ് കണത്തെ കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കൂട്ടായ യത്നംവഴി യൂറോപ്പിലെ ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ പരീക്ഷണസംവിധാനം ഒരുങ്ങിയതോടെ ഹിഗ്ഗ്സ് കണത്തെ കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നു. ഒടുവില്‍ 2012 ജൂലൈ നാലിന് ഒരു പുതിയ കണത്തെ സംബന്ധിച്ച വാര്‍ത്ത ലോകമെമ്പാടും പ്രതീക്ഷ ഉണര്‍ത്തി. ഒടുവില്‍ 2013 ജനുവരിയില്‍ അത് ഹിഗ്ഗ്സ് കണംതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഒടുവിലിതാ നൊബേല്‍ പുരസ്കാരവും തേടിയെത്തി. 

(എറണാകുളം മഹാരാജാസ് കോളേജ് ഫിസിക്സ് പ്രൊഫസറാണ് ലേഖകന്‍)

ഗയ ജീവന്‍ തെരയുന്നു, നക്ഷത്രങ്ങളില്‍...

ഗയ ജീവന്‍ തെരയുന്നു, നക്ഷത്രങ്ങളില്‍...

റിപ്പോര്‍ട്ട് കടപ്പാട് :  സാബു ജോസ്, ദേശാഭിമാനി കിളിവാതില്‍



ഗയ അടുത്തുതന്നെ യാത്രതിരിക്കുന്നു, ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവയ്ക്ക് ചുറ്റുമുള്ള ഗ്രഹകുടുംബങ്ങളെയും തേടിയാണ് യാത്ര.

ഗയ യാത്രയ്ക്കൊരുങ്ങുകയാണ്. ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള ഉപഗ്രഹ വിക്ഷേപണത്തറയില്‍നിന്ന് സോയൂസ് എസ്ടി-ബി റോക്കറ്റിന്റെ ചിറികിലേറി ഗയ പറക്കുമ്പോള്‍ ആ യാത്ര ചരിത്രത്തിലെ നാഴികക്കല്ലാകും. യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഡിസ്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഗയ (Global Astrometric Interferometer for Astrophysics-GAIA) സ്പേസ് ക്രാഫ്റ്റ് യാത്രതിരിക്കുന്നത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവയ്ക്കുചുറ്റുമുള്ള ഗ്രഹകുടുംബങ്ങളെയും തേടിയാണ്. അതിനര്‍ഥം ക്ഷീരപഥത്തിന്റെ ഒരുശതമാനം ഭാഗം ഗയയുടെ നിരീക്ഷണപരിധിയില്‍ വരുമെന്നാണ്! എന്നാല്‍ ഗയയുടെ ദൗത്യം അവിടെ തീരുന്നില്ല. ഈ 100 കോടി നക്ഷത്രങ്ങളുടെയും അഞ്ചുലക്ഷത്തില്‍ പ്പരം ക്വാസാറുകളുടെയും (Quasi Stellar Radio Objects) ത്രിമാന ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഗയയിലെ ഇരട്ടദൂരദര്‍ശിനികളും അനുബന്ധ ഉപകരണങ്ങളും ചേര്‍ന്ന് നക്ഷത്രങ്ങളുടെ ജനനവും പരിണാമവും അവയുടെ താപ-രാസ ഘടനയുമെല്ലാം കൃത്യമായി അപഗ്രഥിക്കും.

നൂറുകോടി പിക്സല്‍ റസല്യൂഷനുള്ള ഗയയിലെ ക്യാമറ ഇന്നുവരെ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറയാകും. ഭൂമിയുടെയും സൂര്യന്റെയും ഗുതുത്വാകര്‍ഷണബലം പരസ്പരം നിര്‍വീര്യമാക്കുന്ന രണ്ടാമത്തെ ലെഗ്രാന്‍ജിയന്‍ പോയിന്റിലാണ് (എല്‍ 2) ഗയക്കായി സ്ഥലമൊരുക്കിയിട്ടുള്ളത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. ആറുവര്‍ഷമാണ് ഗയ ആകാശസെന്‍സസ് നടത്തുന്നത്.

ഗയ എങ്ങോട്ടാണ് നോക്കുന്നത്?

* ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അവ തമ്മിലുള്ള അകലവും അവയുടെ വാര്‍ഷിക ചലനങ്ങളും 20 മൈക്രോ സെക്കന്‍ഡ് സൂക്ഷമതയില്‍ അളക്കുന്നു

* പതിനായിരക്കണക്കിന് അന്യഗ്രഹങ്ങളുടെ അന്തരീക്ഷ ഘടനയും രാസ-ഭൗതിക ഗുണങ്ങളും നിരീക്ഷിക്കുന്നു.

* ഭൂമിക്കും സൂര്യനും ഇടയില്‍ സഞ്ചരിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെ തെരഞ്ഞുപിടിക്കുന്നു. ഒരു ഭൂസ്ഥിര ദൂരദര്‍ശിനിക്ക് ഇത് അപ്രാപ്യമാണ്.

* അഞ്ചുലക്ഷത്തില്‍പ്പരം ക്വാസാറുകളുടെ ദുരൂഹതകള്‍ അനാവരണംചെയ്യുന്നു.

* ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികത ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കുന്നു.

ദൂരദര്‍ശിനിയുടെ നിരീക്ഷണപരിധിയിലുള്ള 100 കോടി നക്ഷത്രങ്ങളുടെ ത്രിമാന ചിത്രമാണ് ഗയ നിര്‍മിക്കുന്നത്. നക്ഷത്രങ്ങളുടെ ഉത്ഭവ പരിണാമങ്ങളുടെ സമ്പൂര്‍ണ വിവരണം നല്‍കാന്‍ ഇതുകൊണ്ടു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പ്രസ്തുത നക്ഷത്രങ്ങളുടെ ശോഭയും താപനിലയും ഗുരുത്വബലവും ഭൗതിക-രാസ ഘടനയുമെല്ലാം ഗയയിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ അളന്നെടുക്കും. ഗാലക്സി രൂപീകരണത്തെക്കുറിച്ചുള്ള സമഗ്ര ചിത്രമാകും ഇതിലൂടെ ഗയ നിര്‍മിക്കുന്നത്. അതിനുപുറമെ ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും ദുരൂഹ പ്രതിഭാസങ്ങളിലൊന്നായ പ്രപഞ്ചത്തിലെ പവര്‍ഹൗസുകള്‍ എന്നു വിളിക്കുന്ന ക്വാസാറുകള്‍ എന്ന നക്ഷത്ര സദൃശ്യ ദ്രവ്യപിണ്ഡങ്ങളെ ക്കുറിച്ചുള്ള പഠനത്തിന് ഗയ പ്രാധാന്യം നല്‍കുന്നുണ്ട്. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം (Doppler shifting) പ്രദര്‍ശിപ്പിക്കുന്ന ക്വാസാറുളെക്കുറിച്ചുള്ള പഠനത്തിലും അതിനു പുറമെ ഭൗമേതര ജീവന്റെ വേട്ടയിലും ഗയ ഒരുകൈ നോക്കും.

1.45 മീറ്റര്‍ വ്യാസമുള്ള പ്രാഥമിക ദര്‍പ്പണമുള്ള ഇരട്ടദൂരദര്‍ശിനിയാണ് ഗയയിലുള്ളത്. ദൃശ്യപ്രകാശത്തിലാണ് (Optical wavelength) ദൂരദര്‍ശിനി പ്രവര്‍ത്തിക്കുന്നത്. നിരീക്ഷണപരിധിയില്‍ വരുന്ന ഖഗോള പ്രതിഭാസങ്ങളെ ശരാശരി 70 തവണ ദൂരദര്‍ശിനി നിരീക്ഷിക്കും. തുടര്‍ന്ന് അവയുടെ ദൂരവും കാന്തികമാനവും ചുമപ്പുനീക്കവും കൃത്യമായി അളക്കും. 2030 കിലോഗ്രാമാണ് ഗയയുടെ ഭാരം.

മൂന്ന് അനുബന്ധ ഉപകരണങ്ങള്‍ ഗയയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

1. നക്ഷത്രങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഒരു അസ്ട്രോമെട്രി ഉപകരണം (ASTRO).

2. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും താപനിലയും പിണ്ഡവും അവയുടെ പ്രായവും രാസമൂലകങ്ങളുടെ വിതരണവും കണ്ടെത്തുന്നതിനുള്ള ഒരു ഫോട്ടോമെട്രിക് ഉപകരണം.

3. ഖഗോള പ്രതിഭാസങ്ങളുടെ ചുമപ്പുനീക്കം കൃത്യമായി കണക്കു കൂട്ടി അവയുടെ പിന്‍വാങ്ങല്‍ പ്രവേഗം കണ്ടുപിടിക്കുന്നതിനുള്ള ഒരു റേഡിയല്‍ വെലോസിറ്റി സ്പെക്ട്രോമീറ്റര്‍ (RVS). ദിവസവും എട്ടുമണിക്കൂര്‍വീതം സെക്കന്‍ഡില്‍ 50 Mbits ഡാറ്റകളാണ് ഗയ ഭൂമിയിലേക്കയക്കുന്നത്. സ്പെയിനിലും ഓസ്ട്രേലിയയിലുമുള്ള ഗ്രൗണ്ട് സ്റ്റേഷനുകളിലാണ് ഗയയില്‍നിന്നു ലഭിക്കുന്ന സന്ദേശങ്ങള്‍ സമാഹരിക്കുന്നതും അപഗ്രഥിക്കുന്നതും. ഗയ നോക്കുന്നത് ജീവനിലേക്കാണ്. ഭൗമേതര ജീവനിലേക്ക്...

More ,

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

വോയേജര്‍ : ജീവന്‍ തെരയുന്നു; സൗരയൂഥത്തിനുമപ്പുറം

റിപ്പോര്‍ട്ട് കടപ്പാട് : സാബു ജോസ്,  ദേശാഭിമാനി കിളിവാതില്‍



മനുഷ്യവംശം ആര്‍ജിച്ച സാങ്കേതികവിദ്യയുടെ ഏറ്റവും ഉന്നതമായ മുഹൂര്‍ത്തത്തിന് ഈ തലമുറ സാക്ഷ്യംവഹിക്കുകയാണ്. ആദ്യമായി ഒരു മനുഷ്യനിര്‍മിത വാഹനം സൗരയൂഥത്തിന്റെ അതിരുകടന്ന് നക്ഷത്രാന്തര സ്പേസിലേക്ക് പ്രവേശിച്ചു. നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളിലൊന്നായ വോയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തിയായ സൂര്യന്റെ ഗുരുത്വബലം നേര്‍ത്തുനേര്‍ത്ത് അവസാനിക്കുന്ന "ഹീലിയോപോസ്" കടന്നുപോവുകയാണ്. 2004ല്‍തന്നെ സൗരയൂഥത്തിനു ചുറ്റുമുള്ള, ചാര്‍ജിത കണങ്ങളുടെ ഭീമന്‍ കുമിളയായ "ഹീലിയോസ്ഫിയറില്‍" പ്രവേശിച്ച പേടകം ഇപ്പോള്‍ അതില്‍നിന്ന് പറുത്തെത്തിയിരിക്കുകയാണ്. നക്ഷത്രാന്തര ബഹിരാകാശത്തില്‍ നിന്ന് പ്രവഹിക്കുന്ന കോസ്മിക് കിരണങ്ങളില്‍നിന്ന് സൗരകുടുംബാംഗങ്ങളെ സംരക്ഷിക്കുന്നത് ഹീലിയോസ്ഫിയറാണ്.

വോയേജര്‍ - 1 ഇപ്പോള്‍ ഭൂമിയില്‍നിന്ന് 1900 കോടി കിലോമീറ്റര്‍ അകലെയാണെന്നാണ് നാസ അറിയിക്കുന്നത്. ഇനിയുള്ള യാത്ര നക്ഷത്രാന്തര സ്പേസിലെ ശൂന്യമായ ഇരുട്ടിലൂടെയാണ്. 2025വരെ യാത്ര തുടരുന്നതിനുള്ള ഊര്‍ജം പേടകത്തിലുള്ള പ്ലൂട്ടോണിയം ബാറ്ററികള്‍ക്കുണ്ട്. 1977ല്‍ ആരംഭിച്ച വോയേജറിന്റെ യാത്ര 35 വര്‍ഷങ്ങളായി തടസമൊന്നുമില്ലാതെ തുടരുകയാണ്. അതും സെക്കന്റില്‍ 17 കിലോമീറ്ററെന്ന അതിവേഗതയില്‍. സൗരകുടുംബത്തിലെ ഭീമന്‍ വാതകഗോളങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ 48 ഉപഗ്രഹങ്ങളും ഈ യാത്രയ്ക്കിടയില്‍ വോയേജര്‍-1 സന്ദര്‍ശിച്ചിട്ടുണ്ട്. അവയില്‍നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും ഭൂമിയിലെത്തിച്ച വോയേജര്‍-1ന് ഈ ഭീമന്‍ ഗ്രഹങ്ങളുടെ ഗുരുത്വബലത്തില്‍നിന്ന് കടമെടുത്ത അധികപ്രവേഗം (ഗ്രാവിറ്റി അസിസ്റ്റ് ട്രാക്കിങ്) കൊണ്ട് ഇരട്ടകളിലൊന്നായ വോയേജര്‍-2നേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ കഴിഞ്ഞു.

വോയേജര്‍-2 ഇപ്പോള്‍ വോയേജര്‍ ഒന്നിനേക്കാള്‍ 400 കോടി കിലോമീറ്റര്‍ പിന്നിലാണ്. അല്ലെങ്കില്‍ വോയേജര്‍-2 ഭൂമിയില്‍ നിന്ന് 1500 കോടി കിലോമീറ്റര്‍ അകലെയാണെന്നു പറയാം. കരവാഹനങ്ങളില്‍നിന്ന് ആകാശനൗകകളിലേക്കും ഭൗമാന്തരീക്ഷത്തിന്റെ അതിരുകള്‍ കടന്ന് ബഹിരാകാശ പേടകങ്ങളിലേക്കും നീണ്ട മനുഷ്യന്റെ യാത്ര ഇപ്പോള്‍ സൗരയൂഥമെന്ന വലിയ ലോകത്തിന്റെ അതിര്‍ത്തിയും ഭേദിച്ച് ക്ഷീരപഥത്തിന്റെ അപാരതയിലേക്കു നീളുകയാണ്. മനുഷ്യവംശം ആര്‍ജിച്ച ഏറ്റവും വലിയ സാങ്കേതിക നേട്ടമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ മഹാസംഭവത്തെ വിശേഷിപ്പിക്കുന്നത്.

സൗരകുടുംബത്തിലെ വാതകഭീമന്മാരായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യണ്‍ എന്നീ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ധൂമകേതുക്കളുടെ ജന്മഗൃഹമായ കുയ്പര്‍ ബെല്‍റ്റും ഊര്‍ട്ട് മേഘങ്ങളും ഉള്‍പ്പെടുന്ന "ഔട്ടര്‍ സോളാര്‍ സിസ്റ്റവും" സൗരയൂഥത്തിനു വെളിയിലെ നക്ഷത്രാന്തര മാധ്യമത്തിന്റെ സവിശേഷതകളും പഠിക്കുന്നതിനുവേണ്ടി 1977ല്‍ നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളാണ് വോയേജര്‍ - 1ഉം വോയേജര്‍ - 2ഉം. 722 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ഭാരം. നാസയുടെ തന്നെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് വോയേജര്‍ നിര്‍മിച്ചത്. 3.7 മീറ്റര്‍ വ്യാസമുള്ള ഡിഷ് ആന്റിന വഴി ഭൂമിയിലേക്ക് റേഡിയോ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്ന പേടകത്തില്‍ 62500 കെബി സംഭരണശേഷിയുള്ള ഒരു ഡിജിറ്റല്‍ ടേപ്പ് റിക്കാഡും സജ്ജീകരിച്ചിട്ടുണ്ട്. പേടകത്തിന്റെ യാത്രയ്ക്കാവശ്യമായ ഊര്‍ജം പകരുന്നത് അതിലുള്ള മൂന്ന് വലിയ ജനറേറ്ററുകളാണ്.

റേഡിയോ ഐസോടോപ്പായ പ്ലൂട്ടോണിയം-238ന്റെ 24 ഗോളങ്ങളാണ് ജനറേറ്ററുകളില്‍ ഊര്‍ജോല്‍പ്പാദനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ജനറേറ്ററുകളും കൂടി 470 വാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. 2025 വരെ ഈ ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. വോയേജറിലെ ശാസ്ത്രീയ ഉപകരണങ്ങളോടൊപ്പം സജ്ജീകരിച്ചിട്ടുള്ള സ്വര്‍ണംപൂശിയ ഓഡിയോ - വിഷ്വല്‍ ഡിസ്ക് കൗതുകകരമാണ്. ഈ ഡിസ്കില്‍ ഭൂമിയിലെ ഏതാനും ജന്തുക്കളുടെയും മനുഷ്യന്റെയും (സ്ത്രീയും പുരുഷനും) ചിത്രങ്ങളും, ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയുടെ ഒരു സംക്ഷിപ്ത ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ, ഭൂമിയിലെ ചില ശബ്ദങ്ങളും (തിമിംഗലത്തിന്റെ ശബ്ദം, മനുഷ്യശിശുവിന്റെ കരച്ചില്‍, തിരമാലകളുടെ ശബ്ദം, മൊസാര്‍ട്ടിന്റെ സിംഫണി, ചക്ബെറിയുടെ ഗാനം, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍, അമേരിക്കന്‍ പ്രസിഡണ്ട് എന്നിവരുടെ ശബ്ദസന്ദേശങ്ങള്‍) റെക്കോഡ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ നക്ഷത്രാന്തര സ്പേസിലൂടെ സഞ്ചരിക്കുന്ന പേടകത്തെ സൗരയൂഥത്തിനു വെളിയിലുള്ള ഏതെങ്കിലുമൊരു ഗ്രഹത്തിലുള്ള സാങ്കേതികവിദ്യ വികാസംപ്രാപിച്ച നാഗരികത കണ്ടെത്തുമെന്നും ഈ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഭൂമിയുമായി ബന്ധപ്പെടാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഈ ഉദ്യമത്തിനു പിന്നിലുള്ളത്.

വോയേജര്‍ പുതിയ ലോകങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ്. കോസ്മിക് കിരണങ്ങളുടെ ആക്രമണവും മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിക്കുന്ന നക്ഷത്രാന്തര വാതകങ്ങളെയും അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇനിയുമൊരു വ്യാഴവട്ടം ആ യാത്ര നീളും. ഈ സ്പേസിന്റെ വിശാലകതകളിലെവിടെയെങ്കിലുമുള്ള ജീവന്‍ ഇവിടെ, ഇങ്ങകലെ ഈ ഭൂമിയില്‍ മനുഷ്യനെന്നു പേരുവിളിക്കുന്ന ഒരു ജീവിയുണ്ടെന്ന സന്ദേശം തിരിച്ചറിയുമെന്ന പ്രതീക്ഷയാണ് ഈ യാത്രയുടെ പിന്നിലുള്ള ഊര്‍ജം.

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം!

ചൊവ്വയില്‍ച്ചെന്ന് രാപ്പാര്‍ക്കാം! 


2022ല്‍, തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ചുയരുന്ന ഒരു റോക്കറ്റില ഒരുകൂട്ടം മനുഷ്യര്‍ ഭൂമിയില്‍നിന്നു ചൊവ്വാഗ്രഹത്തിലേക്ക് യാത്രയാകും. ഒമ്പതുമാസത്തെ ബഹിരാകാശയാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോള്‍, അവര്‍ക്ക് ശിഷ്ടജീവിതം കഴിക്കാനുള്ളതെല്ലാം അവിടെ ഒരുക്കിവച്ചിട്ടുണ്ടാവുമെന്നാണ് യാത്രയുടെ സംഘാടകരുടെ അവകാശവാദം. മാനംമുട്ടുന്ന വലിയ മകുടങ്ങള്‍ മുകളിലേക്ക് തള്ളിയുയര്‍ന്ന നില്‍ക്കുന്ന വിശാലമായ വലിയ കെട്ടിടങ്ങളിലേക്കാണ് അവര്‍ എത്തിച്ചേരുകയത്രെ. നെതര്‍ലന്‍ഡ് ആസ്ഥാനമായ "മാര്‍സ് വണ്‍" എന്ന കമ്പനിയാണ് ചൊവ്വയെ മനുഷ്യവാസത്തിനായി പരുവപ്പെടുത്തുന്നതിനും അവിടേക്ക് ആളെ അയക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയായാണ് "മാര്‍സ് വണ്‍" അതിന്റെ നീക്കുപോക്കുകള്‍ നടത്തിവരുന്നത്. ഡച്ച് ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന "മാര്‍സ് വണി"ന് ഇക്കാര്യത്തില്‍ ലാഭേച്ഛയില്ലെന്നാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന അതിന്റെ നിയമാവലികള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തെ ബൃഹദ്പദ്ധതിയാണ് ചൊവ്വയില്‍ മനുഷ്യവാസം യാഥാര്‍ഥ്യമാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നതത്രെ.

2013 ആഗസ്ത് 13 വരെയുള്ള കണക്കനുസരിച്ച് 1,65,000 പേര്‍ ചൊവ്വാവാസികളാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അംഗത്വമെടുത്തതായാണ് "മാര്‍സ് വണി"ന്റെ വെബ്സൈറ്റ് സൂചിപ്പിക്കുന്നത്. അംഗത്വത്തിനായി അപേക്ഷിക്കുന്നവര്‍ ഏതു രാജ്യക്കാരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അംഗത്വഫീസ് നിശ്ചയിച്ചിട്ടുള്ളത്. ചൊവ്വാഗ്രഹത്തിലെ മനുഷ്യവാസത്തിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാന്‍ 2016ല്‍ ആദ്യ റോക്കറ്റ്, നിര്‍മാണസാമഗ്രികളുമായി ഭൂമിയില്‍നിന്ന് ചൊവ്വയിലേക്ക് യാത്രതിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 2021നകം നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് പരിപാടി. 2022ല്‍, ചൊവ്വാവാസികളാവാനുള്ളവരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കും. അവസാനത്തെ സംഘം 2033ലും. "സ്പെയ്സ് - എക്സ്" എന്ന സ്വകാര്യകമ്പനിയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പരമ്പരയില്‍പ്പെട്ട "ഫാല്‍ക്കണ്‍ ഹെവി" റോക്കറ്റുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാം സാങ്കേതിക പരിമിതികള്‍ ഏറെയില്ലേ എന്ന ചോദ്യത്തിന് 2022വരെ കാത്തിരിക്കൂ എന്നാണ് "മാര്‍സ്വണി"ന്റെ വക്താക്കള്‍ പറയുന്നത്.

ഭൗമജീവന്‍ ചൊവ്വയിലോ?

ഭൗമജീവന്‍ ചൊവ്വയിലോ?

റിപ്പോര്‍ട്ട് കടപ്പാട്: സാബുജോസ്,  ദേശാഭിമാനി കിളിവാതില്‍

ഭൂമിയില്‍ ജീവന്റെ വിത്തു പാകിയത് ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണത്രെ! ഭൗമജീവന്റെ ഉത്ഭവം ചൊവ്വയില്‍നിന്നാണെന്നതിന്റെ തെളിവു ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് അമേരിക്കയിലെ വെസ്റ്റ് ഹെയ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജിയോകെമിസ്റ്റ് പ്രൊഫ. സ്റ്റീവന്‍ബെന്നറാണ്. ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ആഗസ്ത് അവസാനവാരം നടന്ന ഗോള്‍ഡ്ഷ്മിറ്റ് 2013 സമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ഉല്‍ക്കാശിലകളില്‍ കണ്ടെത്തിയ മോളിബ്ഡിനം മൂലകത്തിന്റെ ഓക്സീകരിക്കപ്പെട്ട ധാതുരൂപമാണ് ഇതിനു തെളിവായി പ്രൊഫ. ബെന്നര്‍ അവതരിപ്പിക്കുന്നത്. ഓര്‍ഗാനിക് സംയുക്തങ്ങള്‍ പിന്നീട് ജീവകോശങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ചത് ഈ ധാതുവാണത്രെ. 300 കോടി വര്‍ഷം മുമ്പാണിത്. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ആ കാലത്ത് ഭൗമാന്തരീക്ഷത്തിലെയും മണ്ണിലെയും ഓക്സിജന്റെ അളവ് നാമമാത്രമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഓക്സീകരിക്കപ്പെട്ട മോളിബ്ഡിനം ധാതു ഭൂമിയിലുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ ചൊവ്വയിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഓക്സിജന്‍ സമൃദ്ധമായ, കട്ടിയുള്ള അന്തരീക്ഷം ചൊവ്വയ്ക്കു ചുറ്റും നിലനിന്നിരുന്നു. ഗ്രഹത്തിന്റെ വലുപ്പക്കുറവും ഭൂമിക്കുള്ളതുപോലെയുള്ള കാന്തികക്ഷേത്രത്തിന്റെ അഭാവവും കാരണം ചൊവ്വയുടെ അന്തരീക്ഷം ക്രമേണ നഷ്ടപ്പെടുകയാണുണ്ടായത്.

300 കോടി വര്‍ഷം മുമ്പ് ഓക്സിജന്‍ സമ്പന്നമായ ചൊവ്വയില്‍നിന്നു പുറപ്പെട്ട ഒരു ഉല്‍ക്കാശിലയാണ് ഭൂമിയില്‍ ജീവന്റെ വിത്തു പാകിയതെന്നാണ് പ്രൊഫ. ബെന്നര്‍ വാദിക്കുന്നത്. ജീവന്റെ എല്ലാ രൂപങ്ങളും ഉത്ഭവിച്ചത് ഓര്‍ഗാനിക് സംയുക്തങ്ങളില്‍നിന്നാണ്. എന്നാല്‍ ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് ഊര്‍ജം പ്രവഹിക്കുമ്പോള്‍ അവ നേരിട്ട് ജീവനായി പരിവര്‍ത്തനം ചെയ്യുകയല്ല, മറിച്ച് ടാര്‍, അസ്ഫാള്‍ട്ട്പോലെയുള്ള സങ്കീര്‍ണ ഘടനയുള്ള സംയുക്തങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്ന ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നത് ബോറോണ്‍, മോളിബിഡിനം തുടങ്ങിയ മൂലകങ്ങളാണ്. ചൊവ്വയിലെ ഉല്‍ക്കാശിലകളില്‍ ധാരാളമായി ബോറോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ മോളിബ്ഡിനവും കണ്ടെത്തിയതായാണ് പ്രൊഫ. ബെന്നര്‍ അവകാശപ്പെടുന്നത്. ജീവന്‍ ഒരു കൊച്ചു കല്ലില്‍ ചൊവ്വയില്‍നിന്ന് ഭൂമിയില്‍ പറന്നിറങ്ങിയാതാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം!

ഇതിനിടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തിനു കീഴെ 400 കോടി വര്‍ഷം മുമ്പുണ്ടായിരുന്ന സമുദ്രത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. 400 കോടി വര്‍ഷം മുമ്പ് ചൊവ്വാഗ്രഹത്തിന്റെ താപനില ഇന്നത്തെക്കാള്‍ ഉയര്‍ന്നതും ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തവുമായിരുന്നു. അതുകൂടാതെ, 300 കോടി വര്‍ഷം മുമ്പ് ഒരു വലിയ ധൂമകേതു പതിച്ചതുവഴി ഉണ്ടായ ഒരു കൊച്ചുസമുദ്രത്തിന്റെ അടയാളങ്ങളും ചൊവ്വയില്‍ കണ്ടെത്തിക്കഴിഞ്ഞു. ധൂമകേതുവിന്റെ ആക്രമണം ധ്രുവമേഖലയിലെ മഞ്ഞുരുകാന്‍ ഇടയാക്കിയതാണ് ഈ കൊച്ചുസമുദ്രത്തിന്റെ പിറവിക്കു കാരണമായത്. മാര്‍സ് പ്രോബില്‍ ഘടിപ്പിച്ചിട്ടുള്ള മാര്‍സിസ് റഡാറാണ് ഈ പ്രാചീന സമുദ്രത്തിന്റെ അടയാളങ്ങള്‍ ഒപ്പിയെടുത്തത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി ചൊവ്വാഗ്രഹത്തിന്റെ വടക്കന്‍ സമതലത്തില്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഈ കണ്ടെത്തല്‍.

ഈ പ്രദേശത്തെ മണ്ണിന്റെ താഴ്ന്ന സാന്ദ്രതയാണ് ശാസ്ത്രജ്ഞരെ ആകര്‍ഷിച്ചത്. 2011 ഡിസബറില്‍ ഓസ്ട്രേലിയയില്‍ നടത്തിയ അസ്ട്രോബയോളജിസ്റ്റുകളുടെ സമ്മേളനം ചൊവ്വാഗ്രഹത്തിന്റെ മൂന്നുശതമാനം ഭാഗം വാസയോഗ്യമേഖല യാണെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, ഈ മേഖല ഗ്രഹോപരിതലത്തിനടിയിലാണെന്നതാണ് ഏറെ കൗതുകം. ഈ മേഖലയില്‍ ഏകകോശ ജീവികള്‍മുതല്‍ മൂട്ടകള്‍വരെയുള്ള ജീവികളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭൂമിക്കുള്ളതുപോലെ ശക്തമായ കാന്തികക്ഷേത്രം ചൊവ്വയ്ക്കു ചുറ്റും ഇല്ലാത്തതുകൊണ്ട് സൗരവികിരണങ്ങളുടെ ആക്രമണത്തില്‍നിന്ന് ഗ്രഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഗ്രഹോപരിതലം വാസയോഗ്യവുമല്ല. സൂര്യനില്‍നിന്ന് ഏകദേശം 22.5 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതല താപനില ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്താന്‍ പര്യാപ്തമല്ലെങ്കിലും ഉപരിതലത്തിനടിയിലെ ഉയര്‍ന്ന മര്‍ദവും അതുണ്ടാക്കുന്ന കൂടിയ ചൂടും ഒഴുകുന്ന ജലത്തെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലാണുള്ളത്. ഗ്രഹകേന്ദ്രത്തില്‍നിന്നു പുറപ്പെടുന്ന താപം ബാക്ടീരിയങ്ങള്‍പോലെയുള്ള സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. നാസയുടെ ന്യൂക്ലിയര്‍ സ്പേസ് പ്രോബും മാര്‍സ് സയന്‍സ് ലബോറട്ടറിയും ക്യൂരിയോസിറ്റി റോവറുമെല്ലാം ചൊവ്വയിലെ ജീവനെത്തന്നെയാണ് തെരയുന്നത്.

ഉപരിതലം കുഴിച്ചു പരിശോധിക്കുന്നതിലൂടെ സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. 2009ല്‍ത്തന്നെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേയിന്‍ ബാഷ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. മീഥേയിന്‍ സാന്നിധ്യം വിരല്‍ചൂണ്ടുന്നത് ജൈവമണ്ഡലത്തിന്റെ സാധ്യതയിലേക്കാണ്. ഉപരിതല പാളികള്‍ക്കിടയില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്ന സൂക്ഷ്മജീവികളിലേക്കാണ്. ഒരുകാര്യം വ്യക്തമാണ്. ഭൂമിയെപ്പോലെത്തന്നെ ചൊവ്വയും അതിന്റെ മാതൃനക്ഷത്രമായ സൂര്യന്റെ വാസയോഗ്യമേഖലയില്‍ത്തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ജീവന്റെ നിര്‍വചനം എത്ര വിചിത്രമാണെങ്കിലും!