Friday, March 18, 2011

Super Moon?

 "അറിഞ്ഞില്ലേ ഒരു മഹാ ദുരന്തം വരാന്‍ പോകുന്നു... വരുന്ന 19 നു ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് വരുന്നു. അപ്പോള്‍ ചന്ദ്രന്റെ ആകര്‍ഷണം കാരണം ഇവിടെ ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം, വെള്ളപ്പൊക്കം അങ്ങനെ ദുരന്തങ്ങളുടെ പരമ്പര തന്നെ ഉണ്ടാവുമത്രേ. ജപ്പാനിലെ ദുരന്തം ഒരു തുടക്കം മാത്രം..."

കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ കേള്‍ക്കുന്ന കഥകളുടെ ചുരുക്കമാണ് മേല്‍ എഴുതിയത്. ആളുകള്‍ക്ക് പറഞ്ഞു ബഹളം വെക്കാന്‍ മറ്റൊരു വിഷയം. പക്ഷെ പല അടിസ്ഥാന ശാസ്ത്ര സത്യങ്ങളെയും കുറിച്ച് പോതുജനത്തിനുള്ള അറിവില്ലായ്മയുടെ തെളിവ് കൂടിയാണ് ഇത്തരം കഥകളുടെ പ്രചരണം.

ഇനി ഈ കഥയുടെ പിന്നിലെ സത്യം അറിയാന്‍ ശ്രമിക്കാം...

ചന്ദ്രന്‍ ഭൂമിയുടെ ഒരു ഉപഗ്രഹം എന്ന നിലയില്‍ ഭൂമിയെ വലം വെക്കാന്‍ വിധിക്കപ്പെട്ട ആളാണല്ലോ. ചന്ദ്രന്റെ പരിക്രമണ പഥം അഥവാ ഓര്‍ബിറ്റ് ദീര്‍ഘ വൃത്തമാണ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം മാറിക്കൊണ്ടിരിക്കും.
Moon's orbit








ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം perigee എന്നും ഏറ്റവും അകലെ പോകുന്ന സ്ഥാനം apogee എന്നും അറിയപ്പെടുന്നു(ചിത്രം)

ചന്ദ്രന്‍ ഭൂമിയെ ഒരുതവണ വലം വെക്കാന്‍ 27.32 ദിവസം എടുക്കുന്നുണ്ട്. അതായത് 27.32 ദിവസത്തില്‍ ഒരിക്കല്‍ വീതം ചന്ദ്രന്‍ പെരിഗീയിലൂടെ കടന്നു പോകുന്നുണ്ട്. perigee യില്‍ എത്തുമ്പോള്‍ ചന്ദ്രന്‍ ഭൂമിയില്‍ ചെലുത്തുന്ന ആകര്‍ഷണബലം apogee നിന്നും ചെലുതുന്നതിനേക്കാള്‍ ഏകദേശം 20 ശതമാനം കൂടുതലായിരിക്കും എന്നത് സത്യമാണ്. പക്ഷെ വേലിയേറ്റങ്ങളുടെ ശക്തി കൂടുന്നതുപോലുള്ള ചില ചെറിയ മാറ്റങ്ങള്‍ക്ക് അപ്പുറം ഒന്നും ചെയ്യാന്‍ ഇത് പര്യാപ്തമല്ല.

വരുന്ന മാര്‍ച്ച്‌ 19 നു സംഭവിക്കുന്നത് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസമാണ്. പതിവിലും വലിപ്പം കൂടിയതായി ചന്ദ്രബിംബം കാണപ്പെടുന്ന അവസ്ഥ ആയതുകൊണ്ടാണ്‌ ആ പേര്‍ അതിനു കൈവന്നത്. ചന്ദ്രന്‍ പെരിഗീയില്‍ വരുന്ന എല്ലാ അവസരങ്ങളിലും ഇത് സംഭവിക്കാറില്ല. അതിനു ചന്ദ്രന്റെ പെരിഗീയില്‍ എത്തലും പൂര്‍ണ ചന്ദ്രനും ഒരുമിച്ച് സംഭവിക്കണം. ചന്ദ്രന്റെ വൃദ്ധി -ക്ഷയങ്ങള്‍ (ചന്ദ്രക്കലമുതല്‍ പൂര്‍ണചന്ദ്രന്‍ വരെയുള്ള ചന്ദ്രന്റെ രൂപമാറ്റങ്ങള്‍) യഥാര്‍ഥത്തില്‍ സൂര്യനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ചന്ദ്രന്റെ ഭാഗം, ഭൂമിയെ അപേക്ഷിച്ച് അതിന്റെ സ്ഥാനം മാറുന്നതിനാല്‍ പല അളവുകളില്‍ നമുക്ക് ദ്രിശ്യമാകുന്നതാണ്.










ചിത്രം കാണുക. അതില്‍ ചന്ദ്രന്റെ സ്ഥാനവും അതാതു സ്ഥാനങ്ങളില്‍ ചന്ദ്രന്‍ ഭൂമിയില്‍ എങ്ങനെ കാണപ്പെടും എന്നുമാണ് കാണിച്ചിരിക്കുന്നത്. ചന്ദ്രന്‍ കൃത്യമായി സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സമയം ചന്ദ്രന്റെ പ്രകാശിതമായ ഭാഗം നമുക്ക് കാണാന്‍ കഴിയില്ല. അതാണ്‌ അമാവാസി. അതുപോലെ ഭൂമി കൃത്യം സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍ പൌര്‍ണമി സംഭവിക്കും എന്ന് കാണാന്‍ പ്രയാസമില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍, സൂര്യന്റെ സ്ഥാനം കൂടി അനുയോജ്യമായിരുന്നാല്‍ മാത്രമേ 'സൂപ്പര്‍ മൂണ്‍' സംഭവിക്കൂ. ചന്ദ്രന്‍ പെരിഗീയില്‍ ആയിരിക്കുകയും, ഭൂമിയും സൂര്യനുമായി നേര്‍രേഖയില്‍ ആയിരിക്കുകയും ചെയ്യുമ്പോള്‍ സൂര്യന്റെ ആകര്‍ഷണം കാരണം ചന്ദ്രന്റെ ഓര്‍ബിറ്റ് നു അല്പം 'വലിവ്' സംഭവിക്കുകയും തുടര്‍ന്ന് ചന്ദ്രന്‍ ഒരല്പം കൂടി ഭൂമിയോട് അടുത്തു വരുകയും ചെയ്യും. അതാണ്‌ ഈ മാര്‍ച്ച്‌ 19 നു സംഭവിക്കാന്‍ പോകുന്നത്. അന്ന് നമ്മുടെ അമ്പിളിമാമന്‍ കാണാന്‍ കൂടുതല്‍ സുന്ദരനായിരിക്കും...

ഭൂമിയില്‍ ഇതിനു മുന്‍പ് ഉണ്ടായതിലും അപ്പുറം വലിയ ദുരന്തങ്ങളൊന്നും സൃഷ്ട്ടിക്കാന്‍ ഈ പ്രതിഭാസത്തിനു കഴിവില്ല. പിന്നെ ഇത്തരം ലോകാവസാന കഥകള്‍ പ്രച്ചരിപ്പിക്കുന്നതുകൊന്ദ് കുറെ പേരെങ്കിലും ഇതിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കും... പിന്നെ എന്നെ പോലുള്ളവര്‍ക്ക് ഇങ്ങനെ ചില പ്രചാരവേലകള്‍ കൂടി നടത്തുകയും ആവാമല്ലോ...

അതിനാല്‍ കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്...

Vaisakhan Thampi D S, AASTRO Kerala

റിപ്പോര്ട്ട് കടപ്പാട്-http://www.aastro.org/

No comments:

Post a Comment