സൗരയൂഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി സൂചന
സൗരയൂഥത്തില്‍ നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉള്ളതായി സൂചന. സൗരയൂഥത്തിന്റെ ബാഹ്യവിദൂരമേഖലയില്‍ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ ഭ്രമണപഥത്തിന്റെ സവിശേഷതകള്‍ പഠിച്ച യൂറോപ്യന്‍ ഗവേഷകരാണ് ഇക്കാര്യം പറയുന്നത്.
സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തുനിന്ന് നെപ്ട്യൂണിനിപ്പുറത്തേക്ക് ഇടയ്ക്ക് അതിര്‍ത്തി ലംഘിച്ചെത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങളുടെ ചെരിവ് പഠിച്ചപ്പോഴാണ്, രണ്ടോ അതിലധികമോ വലിയ ഗ്രഹങ്ങള്‍ സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍ ഉണ്ടാകാമെന്ന് സൂചന ലഭിച്ചത്.
മാഡ്രിഡ് കംപ്ലൂട്ടന്‍സ് സര്‍വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷകസംഘത്തിന്റെ നിഗമനങ്ങള്‍ രണ്ട് വ്യത്യസ്ത പേപ്പറുകളായി ( പേപ്പര്‍ 1, പേപ്പര്‍ 2 ) 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ലറ്റേഴ്‌സി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.
സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറം പ്ലൂട്ടോ സ്ഥിതിചെയ്യുന്ന മേഖലയില്‍ മാത്രം മഞ്ഞുകട്ടകള്‍ നിറഞ്ഞ 1500 ലേറെ ചെറുവസ്തുക്കള്‍ ഉള്ളതായി ഗവേഷകര്‍ക്കറിയാം. എന്നാല്‍, ഇരുളും ശൈത്യവും നിറഞ്ഞ ബാഹ്യമേഖലയില്‍ വലിയ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന് ഇതുവരെ സൂചന ലഭിച്ചിരുന്നില്ല.
രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി ഉണ്ടെന്ന് വന്നാല്‍, സൗരയൂഥത്തിന്റെ ഘടന തന്നെ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് ഗവേഷകര്‍ കരുതുന്നു.
നെപ്ട്യൂണിന്റെ പരിക്രമണപഥം കടന്നെത്തുന്ന വസ്തുക്കളെ ( extreme trans-Neptunian objects - ETNO ) സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തം പറയുന്നത്, അത്തരം വസ്തുക്കള്‍ 150 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ( AU ) അകലെ വരെയുള്ള ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും, അവ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥതലത്തില്‍ തന്നെയാകും സ്ഥിതിചെയ്യുക എന്നുമാണ്.
എന്നാല്‍, അത്തരം വസ്തുക്കളുടെ ഭ്രമണപഥങ്ങള്‍ പരിശോധിച്ചപ്പോള്‍ അവയുടെ ചായ്‌വ് പ്രതീക്ഷിച്ചതിലും 20 ഡിഗ്രി വ്യത്യാസപ്പെടുന്നതായി ഗവേഷകര്‍ കണ്ടു. 'ആ വസ്തുക്കളുടെ ഭ്രമണപഥത്തിലെ വ്യത്യാസം സൂചിപ്പിക്കുന്നത്, അദൃശ്യമായ ഏതോ വസ്തുക്കളുടെ ആര്‍ഷണം അവയ്ക്ക് മേല്‍ എല്‍ക്കുന്നുണ്ടെന്നാണ്' -ഗവേഷണസംഘത്തിലെ കാര്‍ലോസ് ഡി ലാ ഫ്യുവെന്റെ മാര്‍കോസ് പറഞ്ഞു.
'നെപ്ട്യൂണിനും പ്ലൂട്ടോയ്ക്കും അപ്പുറം നമ്മള്‍ ഇനിയും കണ്ടെത്താത്ത വലിയ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട് എന്നതാണ് ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം' - മാര്‍കോസ് അറിയിച്ചു. എത്ര വലിയ ഗ്രഹങ്ങള്‍ ഉണ്ടാകാം എന്ന് വ്യക്തമല്ല. എന്നാല്‍, ലഭ്യമായ ഡേറ്റ പ്രകാരം 'കുറഞ്ഞത് രണ്ട് വലിയ ഗ്രഹങ്ങള്‍കൂടി, ഒരുപക്ഷേ അതില്‍ കൂടുതല്‍ എണ്ണം, സൗരയൂഥത്തില്‍ ഉണ്ടാകാം'-അദ്ദേഹം അറിയിച്ചു.
പക്ഷേ, തങ്ങളുടെ നിഗമനങ്ങളെ ചോദ്യം ചെയ്യുന്ന രണ്ട് സംഗതികള്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സൗരയൂഥത്തിന്റെ രൂപീകരണം സംബന്ധിച്ച് നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് പുതിയ നിഗമനം. നെപ്ട്യൂണിനപ്പുറം വാര്‍ത്തുള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഒരു ഗ്രഹവും ഉണ്ടാകില്ല എന്നണ് നിലവിലുള്ള സിദ്ധാന്തം പറയുന്നത്.
എന്നാല്‍, എച്ച്.എല്‍.ടൗറി എന്ന നക്ഷത്രത്തില്‍നിന്ന് 100 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് അകലെ ഗ്രഹരൂപീകരണം നടക്കുന്നത് അടുത്തയിടെ അല്‍മ ( ALMA ) റേഡിയോ ടെലസ്‌കോപ്പ് കണ്ടെത്തിയിരുന്നു. ഒരു ഗ്രഹസംവിധാനത്തില്‍ മാതൃനക്ഷത്രത്തില്‍നിന്ന് വളരെ അകലെ ഗ്രഹങ്ങള്‍ രൂപപ്പെടാമെന്നതിന് തെളിവായി ഗവേഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
പുതിയ നിഗമനത്തിന് വെല്ലുവിളിയാകുന്ന രണ്ടാമത്തെ ഘടകം, ചെറിയ തോതിലുള്ള ഡേറ്റയുടെ സഹായത്തോടെയുള്ളതാണ് ആ നിഗമനം എന്നതാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടക്കുന്നതോടെ ആ പരിമിതി മറികടക്കാമെന്ന് ഗവേഷകര്‍ കരുതുന്നു.
'ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ച് അത് തികച്ചും വിപ്ലവകരമായിരിക്കും' - മാര്‍കോസ് പറഞ്ഞു (ചിത്രം കടപ്പാട്: NASA/JPL-Caltech).
http://www.mathrubhumi.com/technology/science/astronomy-science-solar-system-planets-trans-neptunian-objects-515807/