ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Wednesday, December 26, 2012

ബുധനിലും ജലസാന്നിധ്യം

ബുധനിലും ജലസാന്നിധ്യം
ലേഖകന്‍ - സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി


സൗരകുടുംബത്തില്‍ സൂര്യന്റെ തൊട്ടടുത്തുള്ള ഗ്രഹമായ ബുധനില്‍ ജലസാന്നിധ്യം കണ്ടെത്തി. അതും കുറച്ചൊന്നുമല്ല, ഗ്രഹത്തിന്റെ ധ്രുവമേഖലകളിലുള്ള ഗര്‍ത്തങ്ങളില്‍ നാലു കിലോമീറ്റര്‍വരെ കട്ടിയിലാണ് ഉറച്ച ഹിമപാളികള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് ടണ്‍ ഭാരമുണ്ട് ഈ ഹിമപാളികള്‍ക്ക്. നാസയുടെ മെസഞ്ചര്‍ ബഹിരാകാശപേടകമാണ് അത്ഭുതകരമായ ഈ കണ്ടെത്തല്‍ നടത്തിയത്. ഇത്രയധികം സൗരസാമീപ്യമുള്ള ബുധനിലും ജലസാന്നിധ്യം തിരിച്ചറിഞ്ഞതോടെ സൗരയൂഥം ജലസമൃദ്ധമാണെന്ന സിദ്ധാന്തത്തിന് വിശ്വാസം ശക്തമാകുകയാണ്. ന്യൂട്രോണ്‍ സ്പെക്ട്രോഗ്രഫി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മെസഞ്ചര്‍, ഗ്രഹത്തിലെ ജലസാന്നിധ്യം കണ്ടെത്തിയത്. സൂക്ഷ്മകണങ്ങളായ ന്യൂട്രോണുകളും ജലത്തിന്റെ ഘടകമായ ഹൈഡ്രജന്‍ ആറ്റങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം അപഗ്രഥിക്കുകയാണ് ഈ സാങ്കേതികവിദ്യ.

വളരെ ലോലമായ അന്തരീക്ഷം മാത്രമുള്ള ബുധനിലെ താപനില പകല്‍ 430 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാറുണ്ട്. രാത്രിയില്‍ ഇത് -190 ഡിഗ്രി സെല്‍ഷ്യസ്വരെ താഴും. സൂര്യപ്രകാശം ഒരിക്കലും എത്താത്ത ധ്രുവപ്രദേശങ്ങളിലെ ഉല്‍ക്കാഗര്‍ത്തങ്ങളില്‍ കൊടുംതണുപ്പാകും. ഇത്തരം ഉല്‍ക്കാഗര്‍ത്തങ്ങളിലാണ് കട്ടികൂടിയ ഹിമപാളികള്‍ കണ്ടെത്തിയത്. ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ റേഡിയോ ദൂരദര്‍ശിനികള്‍ ബുധനിലെ ജലസാന്നിധ്യത്തിന്റെ സൂചന നല്‍കിയിരുന്നു. റേഡിയോ തരംഗങ്ങളുടെ പ്രതിപ്രവര്‍ത്തന തോത് അപഗ്രഥിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാല്‍ ഉല്‍ക്കാഗര്‍ത്തങ്ങളില്‍ സമൃദ്ധമായുള്ള സിലിക്കേറ്റ് സംയുക്തങ്ങളാവാം റേഡിയോതരംഗങ്ങളുടെ പ്രതിഫലനത്തിനു കാരണമാകുന്നതെന്ന് ചില ജ്യോതിശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ മെസഞ്ചര്‍ സ്പേസ് ക്രാഫ്റ്റിന്റെ പുതിയ കണ്ടെത്തല്‍ ബുധനിലെ ജലസാന്നിധ്യം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ, ധൂമകേതുക്കളുടെ ആക്രമണമാണ് ബുധനിലെയും ജലസാന്നിധ്യത്തിനു കാരണമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

മെസഞ്ചര്‍ ദൗത്യം

ബുധപര്യവേഷണത്തിന് 2004 ആഗസ്തില്‍ നാസ വിക്ഷേപിച്ച റോബോട്ട് നിയന്ത്രിത കൃത്രിമ ഉപഗ്രഹമാണ് മെസഞ്ചര്‍ 485 കിലോഗ്രാം ഭാരമുള്ള ഈ പേടകം ബുധന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചും മണ്ണിന്റെ ധാതുഘടനയെയുമാണ് പഠിക്കുന്നത്. ഭൗമഗ്രഹങ്ങളില്‍ ബുധനും ഭൂമിക്കും മാത്രമേ കാന്തിക ക്ഷേത്രങ്ങളുള്ളൂ. ശുക്രനും ചൊവ്വയ്ക്കും ഇത് നഷ്ടമായിക്കഴിഞ്ഞു. 2011 മാര്‍ച്ച് 18നാണ് മെസഞ്ചര്‍ ബുധന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതിനകം ഒരുലക്ഷത്തില്‍പ്പരം ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചിട്ടുണ്ട്. 2013 മാര്‍ച്ചില്‍ മെസഞ്ചര്‍ദൗത്യം അവസാനിക്കും.

ജീവന്റെ സൂചനയാകുമോ?

ബുധന്‍ സൗരകുടുംബത്തിലെ എട്ടു ഗ്രഹങ്ങളില്‍ ഏറ്റവും ചെറുതാണ്. സൂര്യന്റെ ഏറ്റവും അടുത്തുള്ളപ്പോള്‍ സൂര്യനില്‍നിന്ന് ബുധനിലേക്കുള്ള ദൂരം നാലുകോടി 60 ലക്ഷം കിലോമീറ്ററാണ്. അകലെയിരിക്കുമ്പോള്‍ ഇത് ഏഴുകോടി കിലോമീറ്റര്‍ വരും. വളരെ വിസ്തൃതമായ ദീര്‍ഘവൃത്ത പാതയിലാണ് ബുധന്‍ സൂര്യനുചുറ്റും സഞ്ചരിക്കുന്നത്. സൂര്യന്റെ ശക്തമായ ഗുരുത്വാകര്‍ഷണ ബലമാണ് ഇതിനു കാരണം. ഒരുകാലത്ത് ഐസക് ന്യൂട്ടന്റെ ഗുരുത്വനിയമങ്ങളെ വെല്ലുവിളിച്ചിരുന്നു ബുധന്റെ സൂര്യനു ചുറ്റുമുള്ള സഞ്ചാരപാത. പിന്നീട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തമാണ് ബുധനെ പിടിച്ചുകെട്ടിയത്. 581/2 ഭൗമദിനങ്ങള്‍ വേണം ബുധന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബുധനിലെ ഒരുദിവസം 581/2 ഭൗമദിനങ്ങള്‍ക്കു തുല്യമാണ്. ഇതിനു കാരണവും സൗരസാമീപ്യം സൃഷ്ടിക്കുന്ന ശക്തമായ ഗുരുത്വവലിവുതന്നെ. 88 ദിനംകൊണ്ട് ബുധന്‍ ഒരുപ്രാവശ്യം സൂര്യനെ വലംവയ്ക്കും. അതായത് 88 ഭൗമദിനങ്ങളാണ് ബുധനിലെ ഒരുവര്‍ഷം.

4880 കിലോമീറ്റര്‍ വ്യാസമുള്ള ബുധന് സ്വാഭാവിക ഉപഗ്രഹങ്ങള്‍ ഒന്നുമില്ല. 3.3022 ഃ 1023 കിലോഗ്രാം പിണ്ഡമുള്ള ഗ്രഹത്തിന്റെ ഭാരത്തിന്റെ 60 ശതമാനവും പ്രധാനംചെയ്യുന്നത് ഗ്രഹകേന്ദ്രത്തിന്റെ ഖരാവസ്ഥയിലുള്ള ഇരുമ്പാണ്. 3600 കിലോമീറ്റര്‍ വ്യാസമുണ്ട് ഗ്രഹത്തിന്റെ ഇരുമ്പുകോറിന്. ഇത്രയധികം ലോഹസാന്നിധ്യമുള്ള മറ്റൊരു ഗ്രഹവും സൗരകുടുംബത്തിലില്ല. ഭൂമിയുടെ 38 ശതമാനം ഗുരുത്വാകര്‍ഷണ ശക്തിയുള്ള ബുധന്റെ സാന്ദ്രത 5.427g/Cm3 ആണ്. ഇത് ഭൂമിയുടെ സാന്ദ്രതയുടെ തൊട്ടടുത്തുവരും. (ഭൂമിയുടെ സാന്ദ്രത 5.515 g/Cm3 ആണ്.) സെക്കന്‍ഡില്‍ 48 കിലോമീറ്റര്‍ വേഗത്തിലാണ് ബുധന്‍ സൂര്യനുചുറ്റും സഞ്ചരിക്കുന്നത്- ഒരു വെടിയുണ്ടയുടെ 10 മടങ്ങിലധികം വേഗത്തില്‍! വളരെ നേര്‍ത്ത അന്തരീക്ഷമാണ് ബുധനുള്ളത്. ഗ്രഹത്തിന്റെ വലുപ്പക്കുറവും സൗരസാമീപ്യവുമാണ് ബുധന്റെ അന്തരീക്ഷം നഷ്ടപ്പെടാന്‍ കാരണമാകുന്നത്. വളരെ ചെറിയ തോതില്‍ ഓക്സിജന്‍, സോഡിയം, ഹൈഡ്രജന്‍, ഹീലിയം, പൊട്ടാസ്യം, ആര്‍ഗണ്‍, നൈട്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ്, ജലബാഷ്പം, ക്സീനോണ്‍, നിയോണ്‍ എന്നിവയാണ് അന്തരീക്ഷത്തിലുള്ളത്. പകല്‍ 430 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരുന്ന താപനില രാത്രിയില്‍ -190 വരെ താഴും. അന്തരീക്ഷം ഇല്ലാത്തതുതന്നെയാണ് താപനിലയിലുള്ള ഈ അജഗജ വ്യത്യാസത്തിനു കാരണം. ബുധനില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ഗ്രഹത്തിലെ ജലസാന്നിധ്യം ആ ധാരണ പുനഃപരിശോധിക്കാന്‍ ജ്യോതിശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയാണ്.

No comments:

Post a Comment