ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Wednesday, October 3, 2012

ചരിത്രമാകാന്‍ ഇ-എല്‍റ്റ്

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി കിളിവാതില്‍
ലേഖകന്‍ - സാബു ജോസ്

ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും ശക്തവും സംവേദനക്ഷമവുമായ ഒപ്ടിക്കല്‍ ടെലസ്കോപ്പ് (ദൃശ്യപ്രകാശം ആധാരമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനി) നിര്‍മിക്കാന്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി തയ്യാറെടുക്കുന്നു. കഴിഞ്ഞ ജൂണ്‍ 11ന് പാരീസില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ രാജ്യാന്തര കൗണ്‍സിലാണ് ഇതു തീരുമാനിച്ചത്. യൂറോപ്പിലെ 15 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഇ-എല്‍റ്റ് സ്ഥാപിക്കുന്നത് ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ സെറോ അര്‍മാസോണ്‍ പര്‍വതത്തിന്റെ മുകളിലാണ്. സമുദ്ര നിരപ്പില്‍നിന്ന് 3060 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിന് അറ്റക്കാമ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ തീര്‍ത്തും അനുയോജ്യമാണ്.

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെതന്നെ വെരിലാര്‍ജ് ടെലസ്കോപ്പിന് സമീപത്തുതന്നെയാണ് ഇ-എല്‍റ്റും നിര്‍മിക്കുന്നത്. വളരെ വലുതും സംവേദനക്ഷമത കൂടിയതുമായ ദൂരദര്‍ശിനികള്‍ പൊതുവെ ദൃശ്യപ്രകാശത്തെആധാരമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. ഭൗമാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍നിരീക്ഷണത്തെ തടസ്സപ്പെടുത്താമെന്നതുകൊണ്ട് അത്തരം ദൂരദര്‍ശിനികള്‍ സാധാരണ എക്സ്-റേ, ഇന്‍ഫ്രാറെഡ്,റേഡിയോ തരംഗദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്വയര്‍ കിലോമീറ്റര്‍ അറേയും അല്‍മ
യും ടിഎംടിയുമെല്ലാം അത്തരത്തിലുള്ള ഭീമന്‍ ദൂരദര്‍ശിനികളാണ്. എന്നാല്‍ അഡാപ്റ്റീവ് ഒപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യയില്‍പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഭൗമാന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഇ-എല്‍റ്റിനെ ബാധിക്കില്ല. 39.3 മീറ്ററാണ് ഈ ദൂരദര്‍ശിനിയുടെ പ്രൈമറി മീറ്ററിന്റെ വ്യാസം. നിലവിലുള്ള മറ്റേതു ദൂരദര്‍ശിനിയിലുള്ളതിലും വലിയ ദര്‍പ്പണമായിരിക്കുമിത്. ദര്‍പ്പണത്തിന്റെ വ്യാസം കൂടുന്നതിനുസരിച്ച് ദൂരദര്‍ശിനി സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവും വര്‍ധിക്കും. മനുഷ്യനേത്രം സ്വീകരിക്കുന്ന പ്രകാശത്തിന്റെ 10 കോടി മടങ്ങ് പ്രകാശ കണങ്ങളെ സ്വീകരിക്കാന്‍ ഇ-എല്‍റ്റിന്റെ കണ്ണുകള്‍ക്ക് കഴിയും. ഗലീലിയോയുടെ ആദ്യ ദൂരദര്‍ശിനിയെക്കാള്‍ 80 ലക്ഷം മടങ്ങ് ശക്തമാണ് ഇ-എല്‍റ്റ്. നിലവിലുള്ള ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്കോപ്പായ വിഎല്‍ടിയെക്കാള്‍ 26 മടങ്ങ് ശക്തമാകും ഈ ദൂരദര്‍ശിനി. 978 ച.മീറ്റര്‍ കലക്ടിങ് ഏരിയയുള്ള ഇ-എല്‍റ്റ് നല്‍കുന്ന ചിത്രങ്ങള്‍ ഹബിള്‍സ്പേസ് ടെലസ്കോപ്പില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ 15 മടങ്ങ് വ്യക്തതയും സൂക്ഷ്മതയും ഉള്ളതുമാകും. 135 കോടി ഡോളര്‍ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2012 ജൂലൈ അവസാനം ആരംഭിക്കും. 10 വര്‍ഷമെങ്കിലുംഎടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2022ല്‍ ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 

സൗരകുടുംബത്തിനുവെളിയില്‍ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യമേഖലയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ് ഇ-എല്‍റ്റിന്റെ പ്രഥമ ദൗത്യം. ഭൂമിക്കു വെളിയിലുള്ള എക്സോപ്ലാനറ്റുകളില്‍ ജീവന്‍ കണ്ടെത്തുന്നതിന് നേരിട്ടുള്ള നിരീക്ഷണത്തിന് ശക്തമാണ് ഈ ദൂരദര്‍ശിനി. അതുകൂടാതെ ഗ്രഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അപഗ്രഥിക്കുകയും നക്ഷത്രാന്തര സ്പേസിലെ ജലബാഷ്പത്തെക്കുറിച്ചും ജൈവഘടകങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യും.

എല്‍എസ്എസ്ടി - ആകാശസര്‍വേയിലെ അവസാന വാക്ക്

ജ്യോതിശാസ്ത്ര പര്യവേക്ഷണങ്ങളുടെ ഗുണനിലവാരം വാനോളം ഉയര്‍ത്തുന്ന പദ്ധതിക്ക് അംഗീകാരമായി. ഉത്തര ചിലിയിലെ ഭസെറോ പാക്കണ്‍; പര്‍വതനിരകളിലെ എല്‍ പെനോണ്‍; കൊടുമുടിയില്‍ സമുദ്രനിരപ്പില്‍നിന്ന് 2663 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന എല്‍എസ്എസ്ടി ജ്യോതിശാസ്ത്ര പര്യവേക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാവുകയാണ്. 2012 ആഗസ്തില്‍ അംഗീകരിച്ച എല്‍എസ്എസ്ടി പദ്ധതി ഈ ദശാബ്ദത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും. 2014ല്‍ ദൂരദര്‍ശിനി ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരൂഹ പ്രതിഭാസങ്ങളായ ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍, കുയ്പര്‍ ബെല്‍റ്റിലെ ധൂമകേതുക്കള്‍, ഭൂമിക്കു സമീപത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങള്‍, നോവാ, സൂപ്പര്‍ നോവാ സ്ഫോടനങ്ങള്‍, ട്രാന്‍സിയന്‍സ് എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന എല്‍എസ്എസ്ടി ക്ഷീരപഥത്തിന്റെ സമ്പൂര്‍ണ മാപിങ്ങും ആകാശത്തിന്റെ സമഗ്ര സര്‍വേയുമാണ് ലക്ഷ്യമിടുന്നത്.

അതുകൂടാതെ ആദ്യമായി ആകാശപ്രതിഭാസങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍ ആറു വര്‍ണങ്ങളില്‍ അവതരിപ്പിക്കുന്ന പ്രപഞ്ച ചലച്ചിത്രവും എല്‍എസ്എസ്ടി നിര്‍മിക്കും. എല്‍എസ്എസ്ടിയുടെ സവിശേഷതകള്‍ അവിടെ തീരുന്നില്ല. ഏറ്റവും വലുതും ശക്തവുമായ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്ന ടെലസ്കോപ്പ്, ത്രിതീയ ദര്‍പ്പണം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിഫലന ദൂരദര്‍ശിനി, ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍, സൂപ്പര്‍ കംപ്യൂട്ടറുകളുടെ പിന്തുണ, ലോകമെമ്പാടും വ്യാപിച്ച ഇന്റര്‍നെറ്റ് ശൃംഖലയുടെ സഹായം എന്നിങ്ങനെ എല്‍എസ്എസ്ടിയുടെ വിശേഷണങ്ങള്‍ നിരവധിയാണ്. ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനു ചുക്കാന്‍പിടിക്കുന്നത് അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനാണ്. ചാള്‍സ് സൈമണ്‍യി, ബില്‍ഗേറ്റ്സ് എന്നിവരുടെ സാമ്പത്തിക സഹകരണവും ഈ പദ്ധതിക്കുണ്ട്. ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലക്ടിങ് ഏരിയയുള്ള ഒപ്ടിക്കല്‍ (ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നത്) ദൂരദര്‍ശിനിയാണ് ലാര്‍ജ് സിനൊപ്ടിക് സര്‍വേ ടെലസ്കോപ്പ് . ഈ റിഫ്ളക്ടിങ് ടെലസ്കോപ്പിന്റെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം 8.4 മീറ്ററാണ്. അതുമാത്രമല്ല, എല്‍എസ്എസ്ടിയുടെ പ്രത്യേകത. ഇതില്‍ ഉപയോഗിക്കുന്ന 3200 മെഗാ പിക്സല്‍ ഡിജിറ്റല്‍ ക്യാമറ ലോകത്തിന് ഇന്നുവരെ ദൂരദര്‍ശിനികളില്‍ ഉപയോഗിച്ചിട്ടുള്ള ക്യാമറകളില്‍ ഏറ്റവും വലുതാണ്. സാധാരണ ഒപ്ടിക്കല്‍ ദൂരദര്‍ശനികളില്‍ രണ്ടു ദര്‍പ്പണങ്ങള്‍ പ്രതിഫലകങ്ങളായി ഉപയോഗിക്കുമ്പോള്‍ എല്‍എസ്എസ്ടിയില്‍ അഞ്ചു മീറ്റര്‍ വ്യാസമുള്ള ഒരു ത്രിതീയ ദര്‍പ്പണംകൂടി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണമേഖലയുടെ സൂക്ഷ്മതയ്ക്കും വളരെ മങ്ങിയ പ്രകാശസ്രോതസ്സുകളെ കണ്ടെത്തുന്നതിനുമാണിത്. 30 ടെറാബൈറ്റ് ഡാറ്റകളാണ് ഓരോ രാത്രിയിലും എല്‍എസ്എസ്ടി നല്‍കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ സ്കൈയും വേള്‍ഡ് വൈഡ് ടെലസ്കോപ്പും ചെയ്യുന്നതുപോലെ എല്‍എസ്എസ്ടി തയ്യാറാക്കുന്ന ഗവേഷണ പ്രോജക്ടുകള്‍ ക്ലാസ് മുറികളിലും വീടുകളിലും ലഭ്യമാക്കുന്നതുകൂടാതെ ശാസ്ത്രമ്യൂസിയങ്ങളില്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍കഴിയും. എല്‍എസ്എസ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ നാലു മാനങ്ങളിലുള്ള സ്ഥല-കാല ചിത്രീകരണത്തിലൂടെ ആറു വര്‍ണങ്ങളിലുള്ള വീഡിയോചിത്രങ്ങളായി പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാള്‍ക്കും ആവേശംപകരും. ഭൂതല ദൂരദര്‍ശിനികളെ അപേക്ഷിച്ച് ബഹിരാകാശ ദൂരദര്‍ശിനികളുടെ കലക്ടിങ് ഏരിയ ചെറുതാണ്. എല്‍എസ്എസ്ടിപോലെ വിശാലമായ കലക്ടിങ് ഏരിയയും ഡീപ്-ഫാസ്റ്റ് സര്‍വേയും നടത്താന്‍കഴിയുന്ന ഒരു ബഹിരാകാശ ദൂരദര്‍ശിനിയുടെ വലുപ്പം വളരെ വലുതായിരിക്കും. ഇത്തരമൊരു ഭീമന്‍ ദൂരദര്‍ശിനി സ്പേസിലെത്തിക്കുന്നതിനും അതിന്റെ നടത്തിപ്പിനും ആവശ്യമായ സാമ്പത്തികച്ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും വളരെ വലുതാകും. ട്രാന്‍സിയന്‍സ്പോലെയുള്ള പ്രതിഭാസങ്ങള്‍ കണ്ടെത്തുന്നതിന് ഭൂതല ദൂരദര്‍ശിനികളാണ് പൊതുവെ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ എല്‍എസ്എസ്ടി സംഘം പരിഗണിക്കുന്നതാണ്.

No comments:

Post a Comment