ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Tuesday, September 29, 2015

ചൊവ്വയില്‍ ജീവജലം

ചൊവ്വയില്‍ ജീവജലം



വാഷിങ്ടണ്‍:- ചൊവ്വാഗ്രഹത്തില്‍ ജല സാന്നിധ്യം നാസ സ്ഥിരീകരിച്ചു. അതിനിര്‍ണായകമായ ഈ കണ്ടെത്തലോടെ, ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യതയേറി. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ചൊവ്വയുടെ വരണ്ട കുന്നിന്‍ചെരിവുകളിലൂടെ ലവണാംശമുള്ള ജലം ഊറി ഒഴുകിയതിന്റെ അടയാളങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാകുന്നതായി ഗവേഷകര്‍ അറിയിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചാണ് ശാസ്ത്രത്തിനു വന്‍ കുതിപ്പാകുന്ന കണ്ടെത്തല്‍ നാസ പുറത്തുവിട്ടത്.
വിടവുകളിലൂടെ ഒലിച്ചിറങ്ങിയ ഈ ദ്രാവകത്തിന് ലവണസ്വഭാവമാണ്. ജലപ്രവാഹത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ ബാഷ്പീകരിക്കപ്പെട്ട അവസ്ഥയിലോ ശീതീകരിക്കപ്പെട്ട് ഖരരൂപത്തിലോ ജലം ഉണ്ടാകാമെന്നാണ് നിഗമനം. ഉപരിതലത്തിനടിയില്‍ ഉപ്പുജലം ദ്രവ-വാതകരൂപത്തില്‍ സംഭരിക്കപ്പെട്ടിരിക്കാം. വെള്ളത്തെ ഉള്‍ക്കൊള്ളാനും അതിന് ചലിക്കാനും ഇടം നല്‍കുന്ന പാറക്കെട്ടുകള്‍ ഒരുപക്ഷേ ചൊവ്വയുടെ അന്തര്‍ഭാഗത്ത് ഉണ്ടാകാനും സാധ്യതയുണ്ട്. ചൊവ്വയുടെ ഇരുണ്ട മേഖലയുടെ ദൃശ്യം ഓര്‍ബിറ്ററിന് പകര്‍ത്താനായതാണ് ഗവേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ലവണാംശം ഇല്ലെങ്കില്‍ ചൊവ്വയിലെ കൊടുംതണുപ്പില്‍ ജലം തണുത്തുറഞ്ഞ് ഖരരൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. ലവണാംശം ഉള്ളതിനാല്‍ ദ്രവരൂപത്തില്‍ത്തന്നെ ജലം സംഭരിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. "ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതിനാല്‍ വാസയോഗ്യമായ പരിസ്ഥിതിയും അവിടെയുണ്ടാകുമെന്ന്' നാസയുടെ ചൊവ്വപര്യവേക്ഷണ പദ്ധതി മേധാവി മൈക്കല്‍ മേയേര്‍ പറഞ്ഞു. ഭൂമിക്കുപുറത്ത് ജലം തേടിയുള്ള ദശകങ്ങള്‍ നീണ്ട ബഹിരാകാശപരിശ്രമത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചത്. ചൊവ്വയില്‍ ജലം കണ്ടെത്തുന്നത് മനുഷ്യന്റെ ഗോളാന്തര സഞ്ചാരപദ്ധതികള്‍ക്ക് ഊര്‍ജ്ജംപകരും.
ചൊവ്വയില്‍ വരണ്ട നദികളുടെ സാന്നിധ്യമുള്ളതായി മുമ്പും നാസ സൂചനകള്‍ പുറത്തുവിട്ടിരുന്നു. ചൊവ്വയിലെ ജലത്തിന്റെ ഉറവിടത്തെക്കുറിച്ചാകും ഇനി ശാസ്ത്രലോകത്തിന്റെ അന്വേഷണം. ചൊവ്വയില്‍ ജലം സംഭരിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള മൂന്ന് പഠനങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വയിലെ വരയന്‍ പ്രതലം ജലം ഒഴുകിയതിന്റെ തെളിവാണെന്ന് 2011ല്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷകനും പ്രമുഖ ശാസ്ത്രഗ്രന്ഥകര്‍ത്താവുമായ ലുജേന്ദ്ര ഓജയാണ് ആദ്യമായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ചൊവ്വാ പേടകമായ മംഗള്‍യാനും ചൊവ്വയില്‍ ജലസാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നേരത്തെ അയച്ചിരുന്നു. ചൊവ്വയുടെ ഒരു പകുതി പൂര്‍ണമായും സമുദ്രമായിരുന്നുവെന്നും പിന്നീട്, ഇത് ഇല്ലാതാവുകയായിരുന്നുവെന്നും നാസ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
- See more at: http://www.deshabhimani.com/news-international-all-latest_news-504251.html#sthash.YASjHRA6.dpuf









Monday, September 28, 2015

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

അസ്ട്രോസാറ്റ് - ഇന്ത്യയുടെ ഹബിള്‍

(എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍)



അസ്ട്രോസാറ്റ് (ASTROSAT), ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 28നാണ് അസ്ട്രോസാറ്റിന്റെ വിക്ഷേപണം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ ഒരു ചെറിയ പതിപ്പാണ് അസ്ട്രോസാറ്റ്. അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റെയും സംയുക്ത സംരംഭമായിരുന്നു ഹബിള്‍. ഹബിളിനെക്കൂടാതെ രണ്ടു രാജ്യങ്ങള്‍ക്കു മാത്രമേ നിലവില്‍ ബഹിരാകാശ ദൂരദര്‍ശിനികള്‍ സ്വന്തമായുള്ളൂ: സോവിയറ്റ് റഷ്യക്കും ജപ്പാനും. സ്പേക്ടര്‍ ആര്‍ (Spektr R) എന്നാണ് റഷ്യന്‍ ദൂരദര്‍ശിനിയുടെ പേര്. ജപ്പാന്റേതിന് സുസാക്കു (Suzaku) എന്നും.
2005ലാണ് അസ്ട്രോസാറ്റ് വിക്ഷേപിക്കാനിരുന്നത്. പിന്നീടത് 2010ലേക്ക് മാറ്റിയെങ്കിലും നടന്നില്ല. ദൂരദര്‍ശിനിയില്‍ ഘടിപ്പിക്കേണ്ടുന്ന നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണവും വികസനവും പൂര്‍ത്തിയാകാതിരുന്നതാണ് വിക്ഷേപണം ഇത്രയ്ക്കും നീണ്ടുപോവാനിടയാക്കിയത്. ദ്യശ്യപ്രകാശം മാത്രമല്ല, അള്‍ട്രാവയലറ്റ്മുതല്‍ എക്സ്റേവരെയുള്ള തംരംഗദൈര്‍ഘ്യപരിധിയില്‍പ്പെടുന്ന വിദ്യുത്കാന്തികതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചികവസ്തുക്കളെയേതിനെയും നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. 
ഹബിള്‍ ടെലിസ്കോപ്പില്‍പ്പോലും ഇതിനുള്ള സംവിധാനങ്ങളില്ല. ഇതിലൂടെ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, ക്വാസാറുകള്‍, വെള്ളക്കുള്ളന്‍മാര്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയവയെ ഒരേസമയം നിരീക്ഷിക്കാന്‍ അസ്ട്രോസാറ്റിനു കഴിയും. ഈ കഴിവുകള്‍ക്കു പകരംവയ്ക്കാന്‍ നാസയുടെ കൈവശം പോലും ഹബിളിന്റെ പിന്‍ഗാമിയായി 2018ല്‍ വിക്ഷേപിക്കാനിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് മാത്രമേയുള്ളൂ.
ആറ് നിരീക്ഷണോപകരണങ്ങള്‍ അസ്ട്രോസാറ്റിലുണ്ട്. ഇന്ത്യയിലെ വിവിധ ഗവേഷണസ്ഥാപനങ്ങളാണ് ഇവ നിര്‍മിച്ചത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതില്‍ പങ്കെടുത്തത്. ഇവകൂടാതെ, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണവിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഇതിനായുള്ള ഗവേഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
രണ്ട് വിദേശരാജ്യങ്ങളില്‍നിന്നുള്ള നിരീക്ഷണോപകരണങ്ങളും അസ്ട്രോസാറ്റിലുണ്ട്: കനേഡിയന്‍ സ്പെയ്സ് സെന്ററില്‍നിന്നുള്ള ഒരെണ്ണവും ബ്രിട്ടനിലെ ലെയ്സെസ്റ്റര്‍ സര്‍വകലാശാല നിര്‍മിച്ച മറ്റൊരെണ്ണവും. അസ്ട്രോസാറ്റിനൊപ്പം വിദേശരാജ്യങ്ങളുടേതായ ആറ് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ വിക്ഷേപണത്തിന് എത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇന്തോനേഷ്യയില്‍നിന്നും മറ്റൊരെണ്ണം കനഡയില്‍നിന്നും ബാക്കി നാലെണ്ണം അമേരിക്കയില്‍ നിന്നുമാണ്. ഇതാദ്യമായാണ് ഉപഗ്രഹ വിക്ഷേപണത്തിനായി അമേരിക്ക ഇന്ത്യയെ ആശ്രയിക്കുന്നത്. അതേസമയം, അമേരിക്കയുടേതായ നിരീക്ഷണോപകരണങ്ങളൊന്നും അസ്ട്രേസാറ്റിലല്ലെന്നതും ശ്രദ്ധേയമാണ്.
178 കോടിയാണ് അസ്ട്രോസാറ്റിന്റെ മൊത്തം നിര്‍മാണച്ചെലവ്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കി (പിഎസ്എല്‍വി സി 34)ളാണ് ഉപഗ്രഹവിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഭഭൂമിയോട് താരതമ്യേന അടുത്തുള്ള ഭ്രമണപഥത്തിലേക്കാകും അസ്ട്രോസാറ്റ് അവരോധിക്കപ്പെടുന്നത്, 650കിലോമീറ്റര്‍ ഉയരത്തില്‍. 2016 സെപ്തംബര്‍മുതല്‍ക്കേ അസ്ട്രോസാറ്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവൂ.
എന്തുകൊണ്ട് അസ്ട്രോസാറ്റ്ചിലതരം പ്രാപഞ്ചികവസ്തുക്കളില്‍നിന്നുള്ള വിദ്യുത്കാന്തികതരംഗങ്ങള്‍ ഉയര്‍ന്ന ഊര്‍ജവാഹികളാണ്. എന്നാല്‍ ഇവയ്ക്ക് തരംഗദൈര്‍ഘ്യം വളരെ കുറവാണ്. ഇതുകാരണം ഇവയ്ക്ക് ഭൗമാന്തരീക്ഷത്തിന്റേതായ കട്ടിയേറിയ കരിമ്പടത്തെ മുറിച്ചുകടന്ന് ഭൂമിയിലെത്താന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് നോക്കുന്ന ഒരാള്‍ക്ക് ഇവ എവിടെ നിന്നുവരുന്നു എന്ന് തിരിച്ചറിയാനാവില്ല. അതായത് അവയുടെ സ്രോതസ്സുകളെയൊന്നും ഭൂമിയില്‍നിന്നു നോക്കുന്ന ഒരാള്‍ കാണുകയില്ലെന്ന് സാരം. അതുകൊണ്ടാണ്, ഭൗമാന്തരീക്ഷത്തിന് പുറത്ത് ഭ്രമണംചെയ്യുന്ന ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ച ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരുന്നത്.
എന്നാല്‍, പ്രപഞ്ചത്തില്‍ റേഡിയോതരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഖഗോളവസ്തുക്കളുമുണ്ട്. തരംഗദൈര്‍ഘ്യം കൂടുതലുള്ള ഇവ ഭൗമാന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ ശേഷിയുള്ളവയാണ്. ഭഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഏറ്റവും കാര്യക്ഷമതയേറിയ (ശക്തിയേറിയ) ദൂരദര്‍ശിനികളെല്ലാം റേഡിയോ ടെലിസ്കോപ്പുകളാവുന്നതും ഇതുകൊണ്ടാണ്.
- See more at: http://deshabhimani.com/news-special-kilivathil-latest_news-502923.html#sthash.RvTT2qwy.dpuf